പീഡനകാലം സൃഷ്ടിക്കുന്ന അയിത്തങ്ങള്‍











വൈകീട്ട് എട്ടുമണിക്ക് കയറിയാല്‍, ഷിഫ്റ്റ് കഴിയുക പുലര്‍ച്ചെ നാലുമണിക്ക്. പിക്ക് ചെയ്യാനും ട്രോപ്പ് ചെയ്യാനും കമ്പനി വക ട്രാവലര്‍. ഒരു പേടിയും ഇതുവരെ തോന്നിയിരുന്നില്ല നയനയ്ക്ക്. രാത്രി ഏറെ വൈകി കിടന്ന്, രാവിലെ ഏറെ വൈകി എഴുന്നേല്‍ക്കുന്നതാണ് അല്ലെങ്കിലും അവള്‍ക്കിഷ്ടം. ഇപ്പോള്‍ രാത്രിയിലെ ജോലിയും ട്രാവലര്‍ യാത്രയും ആലോചിക്കുമ്പോള്‍ തന്നെ ജോലിക്ക് പോകാന്‍ മടിയാണ്. സഹപ്രവര്‍ത്തകരില്‍ ഏറെയും പുരുഷന്മാര്‍. സുഹൃത്ത് ഹിബ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറിപ്പോയി... ലയയുടെ വിവാഹമായതിനാല്‍ അവളും ലീവിലാണ്. ഇരുപതോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ആ ട്രാവലറില്‍ അവള്‍ മാത്രമാണ് ഏക പെണ്‍കുട്ടി. ജോലി സ്ഥലത്തും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ. ഏതു നിമിഷവും താന്‍ ആക്രമിക്കപ്പെട്ടേക്കുമോ എന്ന ചിന്ത അവളുടെ ജോലിയുടെയും ഉറക്കത്തിന്റെയും സൗഹൃദത്തിന്റെയും താളം തെറ്റിച്ചിരിക്കുന്നു. നയനയുടെ പെരുമാറ്റത്തിലെ അരക്ഷിതാവസ്ഥ അവളുടെ സഹപ്രവര്‍ത്തകരെയും അസ്വസ്ഥതപ്പെടുത്തുന്നു...


*** *** ***

രണ്ടാംക്ലാസ്സുകാരി തന്‍ഹ സ്‌കൂള്‍ വിട്ടുവരാന്‍ അല്‍പം വൈകിയാല്‍ തലകറങ്ങുന്ന പോലെയാണ് തസ്‌ലീനയ്ക്ക്. ആരായിരിക്കും, എവിടെ തിരഞ്ഞാലായിരിക്കും, എന്തായിരിക്കും എന്നൊക്കെ ആലോചിച്ചാലോചിച്ച് അവള്‍ക്ക് ഭ്രാന്തുവരും. ദാമ്പത്യജീവിതത്തിലെ ആ നല്ല നിമിഷങ്ങളെ അത്രമേല്‍ മനോഹരമാക്കുന്നത് പലപ്പോഴും സലീമിക്കായുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റമാണ്. അപ്പോള്‍, ജീവനും മാനത്തിനും വേണ്ടി ചെറുത്തുനില്‍ക്കുന്ന ഓരോ പെണ്‍മേനിയിലേക്കും എത്ര ക്രൂരമായും മൃഗീയമായും കാടത്തപരമായും ആയിട്ടായിരിക്കും തന്റെ പൗരുഷത്തെ അവന്‍' ആഴ്ത്തിയിറക്കുന്നുണ്ടാകുക? ആറുവയസ്സുകാരിയുടെ സ്ത്രീത്വത്തിലേക്ക്, ആറുമാസക്കാരിയുടെ വിരിഞ്ഞുപോലും തുടങ്ങിയിട്ടില്ലാത്ത സ്ത്രീത്വത്തിലേക്ക് എത്രമാത്രം ദയയില്ലാതെയായിരിക്കും ആ നരാധമന്മാര്‍ തങ്ങളുടെ പൗരുഷത്തെ ആഴ്ത്തിയിറക്കിക്കൊണ്ടിരിക്കുന്നത്? കഴിഞ്ഞ കുറേ ദിവസങ്ങളായി സലീമിക്കയെ പോലും വിശ്വാസമില്ലാതെയായിരിക്കുന്നു. തന്‍ഹ മോളെ, ഇക്ക കുളിപ്പിക്കുമ്പോള്‍, രാത്രിയില്‍ മോളെ മാറത്ത് കിടത്തി ഉറക്കുമ്പോള്‍ അറിയാതെ താന്‍ ഒളിഞ്ഞുനോക്കിപ്പോകുന്നു. അവള്‍ക്കാണെങ്കില്‍ എന്തിനുമേതിനും പപ്പയെ മതി. തനിക്കെന്താണ് സംഭവിച്ചത് എന്നോര്‍ത്ത് ഇപ്പോള്‍ ആഹാരവും ഉറക്കവും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു തസ്‌ലീന. അവളെ ഒരുനല്ല സൈക്കോളജിസ്റ്റിനെ കാണിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു ഇന്ന് സലീം.

**** ***** ****

നയനയും തസ്‌ലീനയുമെല്ലാം സമൂഹത്തിലെ പെണ്‍മനസ്സിന്റെ പ്രതിനിധികള്‍.... മനസ്സില്‍ ഒരു തുരുത്തുകെട്ടി ഒറ്റയ്ക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍... ചോര പൈതലിന്റെ മേനിയില്‍ വരെ കാമം തീര്‍ക്കാന്‍ ആണൊരുങ്ങുമ്പോള്‍, പിറന്നുവീഴുന്ന ഓരോ ആണ്‍കുട്ടിയെ 'ഭയക്കുന്നിടത്തേക്ക് പെണ്‍സമൂഹവം എത്തിയിരിക്കുന്നു. പെണ്ണിനെ പുരുഷന്‍ വെറുമൊരു ലൈംഗിക ഉപകരണമായി മാത്രം കാണുമ്പോള്‍, പെണ്ണിനെ സംബന്ധിച്ചിടത്തോളം പുരുഷന്‍, പേടിക്കേണ്ട, അകന്നുമാറി നില്‍ക്കേണ്ട, അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു ഭീകരസത്വമായി മാറിയിരിക്കുന്നു.
പണ്ട് ജാതിവ്യവസ്ഥ ഏതവസ്ഥയിലാണോ തൊട്ടുകൂടായ്മയും അയിത്തവും ആചരിച്ച് സമൂഹത്തെ വിഭജിച്ച് നിര്‍ത്തിയത്, അതേ അവസ്ഥയിലേക്കാണ് പീഡന വാര്‍ത്തകള്‍ സമൂഹത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. വ്യത്യസ്ത ജാതിക്കാര്‍ക്കിടയിലായിരുന്ന അയിത്തവും തൊട്ടുകൂടായ്മയും ഇന്ന്, ആണിനും പെണ്ണിനുമിടയില്‍ എന്നായി മാറിയിരിക്കുന്നു. പരസ്പരമുള്ള വിശ്വാസം ആണിനും പെണ്ണിനുമിടയില്‍ ഇല്ലാതായി. വീടിനകത്ത്, പഠനസ്ഥത്ത്, ജോലിയിടങ്ങളില്‍, പൊതു ഇടങ്ങളില്‍- താന്‍ കാണുന്ന ഓരോ ആണിനെയും അവള്‍ സംശയത്തോടെ നോക്കുന്നു. വീട്ടില്‍ അച്ഛനോ ആങ്ങളയ്‌ക്കോ ഒപ്പം തനിച്ചാകുന്ന പെണ്‍കുട്ടിയുടെ ഉള്ള് ആളുന്നു. പ്രായപൂര്‍ത്തിയായ മകനൊപ്പം തനിച്ചായിപ്പോകുന്ന അമ്മയുടെ നെഞ്ചിലെ ആളലിന്റെ തീവ്രതയും തെല്ലും കുറവല്ല. ചിലപ്പോള്‍ അമ്മയെപ്പോലും അവള്‍ സംശയിക്കുന്നു. എപ്പോള്‍, ആര്‍, എങ്ങനെ.... അവളുടെ മനസ്സ് ചോദിച്ചു കൊണ്ടേയിരിക്കുന്നു.

പെണ്ണെന്നാല്‍ പുരുഷന് വെറും ശരീരമായി മാറിയ കാലത്ത് തന്നെത്തന്നെ അവള്‍ വെറുത്തു തുടങ്ങുന്നു. എന്നിട്ടും അവള്‍ക്കു ചുറ്റുമുള്ള വേലിക്കെട്ടുകളുടെ വീതി വീണ്ടും വീണ്ടും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ലക്ഷ്മണരേഖകള്‍ മാറ്റിവരയ്ക്കപ്പെടുന്നു. പത്തു തലയുള്ള ഒരു രാവണന് പകരം, ഒരായിരം രാവണന്മാര്‍ ആ ലക്ഷ്മണരേഖ കടന്ന് അവളുടെ ജനനേന്ദ്രിയത്തിലേക്ക് കയറ്റാനുള്ള ഇരുമ്പുകമ്പിയുമായ പറന്നുവരുന്നു... എന്നിട്ടും സദാചാരത്തിന്റെ മൂര്‍ച്ചയുള്ള ഒരായിരം കുന്തമുനകള്‍ രാവണക്കോട്ടയുടെ രക്ഷാകവചം തീര്‍ക്കുന്നത് ഈ രാവണന്മാര്‍ക്കാകുന്നു എന്നത് വിരോധാഭാസം.
നിയമങ്ങളും പദ്ധതികളും ഒരുപാടുണ്ട് അവളുടെ സുരക്ഷയ്ക്കായി. ഇനിയും വരും ഒരുപാടൊരുപാട്... പക്ഷേ, ഇനിയും കേള്‍ക്കാം ഇത്തരം വാര്‍ത്തകള്‍ ഒരുപാടൊരുപാട്.... അതിനനുസരിച്ച് പേരറിയാത്ത മാനസികരോഗങ്ങളും കണ്ടുപിടിച്ചെന്നുവരാം. അവയ്‌ക്കെല്ലാം വായില്‍ക്കൊള്ളാത്ത പല പേരുകളും ശാസ്ത്രം നല്‍കിയെന്നും വരാം... സമൂഹത്തിന്റെ ഈ രോഗത്തിനുള്ള മരുന്നോ പ്രതിവിധിയോ മാത്രം കണ്ടുപിടിക്കപ്പെടുന്നില്ലെന്നു മാത്രം.

ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത്


ഇത് ഒരു നിര്‍മ്മാതാവിന്റെ ജീവിത കഥ... പത്തൊമ്പത് വയസ്സില്‍ സിനിമാനിര്‍മ്മാതാവായ ഒരാളുടെ ജീവിതാനുഭവങ്ങളുടെ കഥ.... ഇക്കാലയളവില്‍ അയാള്‍ ആകെ ചെയ്തത് രണ്ട് സിനിമകള്‍. രണ്ടും മലയാള സിനിമയിലെ ക്ലാസിക് സൃഷ്ടികള്‍. നീലത്താമരയും നവംബറിന്റെ നഷ്ടവും. കാലങ്ങള്‍ ശേഷം പറയാന്‍ ബാക്കി വെച്ചതുമായി അയാള്‍ തിരിച്ചുവരുന്നു.... താന്‍ ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത് അബ്ബാസ് മലയില്‍ Saj Mediaയയുമായി പങ്കുവെക്കുന്നു...
 
കയ്യിലല്‍പ്പം കുറുമ്പും കൂട്ടിന് പാര്‍ട്ടിപ്രവര്‍ത്തനവുമുള്ള പതിനഞ്ച് വയസ്സുകാരന്‍... കുറുമ്പല്‍പ്പം കടന്നുപോയപ്പോള്‍ ബസ്സിന്റെ ചില്ലെറിഞ്ഞു പൊട്ടിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. പിന്നെ വീട്ടുകാര്‍ക്ക് അവനെ കടലുകടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.... അങ്ങനെ ചരഷ്മ വീട്ടിലെ അബ്ബാസെന്ന കൗമാരക്കാരന്‍ കടലുകടന്നു... എഴുപതുകളാണ് കാലം. അതുകൊണ്ടുതന്നെ യാത്ര കപ്പലില്‍.... ജീവിതം തേടി കപ്പലില്‍ മറുകര താണ്ടിയ തലമൂറ ഇന്നീ കേരളത്തിലെ കാണാക്കാഴ്ചയായിരിക്കുന്നു... ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത് അബ്ബാസ് പറഞ്ഞു തുടങ്ങുമ്പോള്‍ അത് കപ്പല്‍യാത്രാവിശേഷങ്ങളീലൂടെയായത് വെറും യാദൃശ്ചികമായിരുന്നു. 
 

'പത്താംക്ലാസ് തോറ്റു നില്‍ക്കുന്ന സമയം. ഒന്നൂകൂടി എഴുത് പാസ്സാകണം എന്നൊക്കെ വിചാരിച്ചു നില്‍ക്കുമ്പോഴാണ് നാട്ടില്‍ ചില പ്രശ്‌നങ്ങളില്‍ പെടുന്നത്. പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രായമൊന്നുമായിട്ടില്ല. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വന്ന പോലീസുകാരന് തെങ്ങിന്മേല്‍ കയറി കരിക്കിട്ട് കൊടുത്തത് ഞാന്‍ തന്നെയാണ്. അന്ന് കൈക്കൂലി അങ്ങനൊക്കെയാണ്. കൈമടക്കൊന്ന്ുമല്ല. എന്തായാലും ഞാന്‍ ഗള്‍ഫില്‍ പോകാന്‍ തയ്യാറായി. കപ്പലിലാണ് യാത്ര. ഏതോ തെറ്റിന് ശിക്ഷിക്കപ്പെട്ട് ജയിലിടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു ആ യാത്രയ്ക്ക്. ഭക്ഷണത്തിന് ഓരോരുത്തര്‍ക്കും ഒരോ പാത്രം തരും. അതുമായി വരി നില്‍ക്കണം. മുകളില്‍ കയറി നില്‍ക്കുമ്പോള്‍ ദൂരെ എവിടെയെങ്കിലും ഒരു വെളിച്ചത്തിന്റെ കീറ് കണ്ടാല്‍ സന്തോഷിക്കും. ദുബായ് എത്തി എന്ന് എല്ലാവരും കൂടി ആര്‍ത്തുവിളിക്കും. ആ വെളിച്ചം അടുത്തെത്തി മറ്റൊരു കപ്പലായി കടന്നു പോകും. ഉപ്പുകാറ്റേറ്റ് പലര്‍ക്കും ശര്‍ദ്ദി തുടങ്ങി. പത്തു ദിവസമെടുത്തു എന്നാണ് ഓര്‍മ.'

പത്തൊമ്പത് വയസ്സുകാരന്‍ ഒരു സിനിമയുടെ നിര്‍മ്മാതാവാകുക എന്നത് എഴുപതുകളില്‍ മാത്രമല്ല, ഇന്നും കേട്ടാല്‍ ആര്‍ക്കും അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമാണ്. 'നീലത്താമര' അബ്ബാസിനു മുമ്പില്‍ വിടരുന്നത് എങ്ങനെയാണ്?

1979 ലാണ് നീലത്താമര ഇറങ്ങുന്നത്. അക്കാലത്തെ മനസ്സിലെ സിനിമാ മോഹം എന്നാല്‍ നടീനടന്മാരെ ഒന്നു നേരില്‍ കാണുക എന്നതുമാത്രമായിരുന്നു. ഗള്‍ഫിലെ ഒരു സുഹൃത്ത് ഹംസ, യൂസഫലി കേച്ചേരിയുടെ ബന്ധുവാണ്. നാട്ടില്‍ വന്നപ്പോള്‍ ഹംസ തന്നുവിട്ട കത്തു കൊടുക്കാനായി ഞാന്‍ യൂസഫ്ക്കാനെ കാണാന്‍ പോയിരുന്നു. ആ കൂടിക്കാഴ്ചയില്‍ സിനിമയെക്കുറിച്ചൊക്കെ യൂസഫ്ക്ക സംസാരിച്ചു. കേള്‍ക്കാനുള്ള എന്റെ താത്പര്യം കണ്ടപ്പോള്‍ അദ്ദേഹം ഇങ്ങോട്ടു ചോദിക്കുകയായിരുന്നു, 'എന്താ, നിനക്ക് സിനിമ എടുക്കാന്‍ താത്പര്യമുണ്ടോ'യെന്ന്. ആളുകള്‍ ഇഷ്ടപ്പെടുന്ന, ഒരു നല്ല സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു എന്റെ മറുപടി. ആ സമയത്ത് അദ്ദേഹം എം.ടിയുമായി ഒരു സിനിമയുടെ ചര്‍ച്ചയിലായിരുന്നു. വീട്ടുജോലിക്ക് പെണ്‍കുട്ടികളെ അയയ്ക്കാന്‍ വീട്ടുകാര്‍ മടിക്കുന്ന കാലമാണ്. അങ്ങനെയൊരു കഥ എം.ടി തനിക്ക് വേണ്ടി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയങ്ങനെ ഞങ്ങള്‍ രണ്ടുപേരും ആ സിനിമയെ കുറിച്ചൊക്കെ ഒരുപാട് ചര്‍ച്ച ചെയ്തു. നായികയുടെ വേഷം ജയഭാരതിയെ ഏല്‍പ്പിക്കാമെന്നായിരുന്നു ആദ്യത്തെ തീരുമാനം. പിന്നെ തോന്നി പുതിയ ആര്‍ട്ടിസ്റ്റാണ് നല്ലതെന്ന്. കവീയൂര്‍ പൊന്നമ്മയാണ് പറഞ്ഞത് അംബികയെ കുറിച്ച്. സിനിമ ഇറങ്ങിയതിനുശേഷം അക്കാലത്തൊക്കെ അംബിക അറിയപ്പെട്ടത് തന്നെ നീലത്താമര നടി എന്നാണ്.

നിര്‍മാതാവിന്റെ ആധിപത്യം അവസാനിക്കുന്ന കാലമായിട്ടില്ല താങ്കള്‍ നിര്‍മാതാവാകുമ്പോള്‍. എങ്ങനെ ആസ്വദിച്ചു ആ ഒരു അവസ്ഥ?

അത് ശരിയാ, അന്നത്തെ അപ്പച്ചന്‍, ചെറുപുഷ്പം, കുഞ്ചാക്കോ ബോബന്‍ എന്നീ നിര്‍മാതാക്കളുടെ അടുത്ത് അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയ പ്രേംനസീര്‍ പോലും ഇരിക്കില്ല. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് കാലം മാറി. മമ്മുട്ടിയുടെയൊക്കെ മുമ്പില്‍ ഇന്ന് ചില നിര്‍മ്മാതാക്കള്‍ ഇരിക്കില്ല. മറിച്ചുമുണ്ട്. മമ്മുട്ടി പോലും വളരെയധികം ബഹുമാനിക്കുന്ന നിര്‍മ്മാതാക്കളും ഇന്നുണ്ട്. ഞാനെന്ത് ഒരു പയ്യന്‍ പ്രൊഡ്യൂസര്‍. ഷൂട്ടീംഗ് ലോക്കേഷനിലെത്തിയ പലര്‍ക്കും എന്നെ പലരും പരിചയപ്പെടുത്തി. 'ഇത് നീലത്താമരയുടെ പ്രൊഡ്യൂസര്‍, അബ്ബാസ്.' എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. കൊമ്പന്‍ മീശയൊക്കെയുള്ള മറ്റൊരു അബ്ബാസ് എന്ന് സിനിമാഫീല്‍ഡില്‍ ഉണ്ടായിരുന്നു. പേരു കേട്ടപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ അങ്ങനൊരു രൂപമായിരുന്നു.

ലാല്‍ജോസ് പറഞ്ഞത് പഴയ നീലത്താമര താന്‍ കണ്ടിട്ടില്ല എന്നാണ്. അബ്ബാസ് പുതിയ നീലത്താമര കണ്ടോ?

ലാല്‍ജോസ് പറഞ്ഞത് കളവാണ്. അയാള്‍ എന്റെ സിനിമ കണ്ടിട്ടുണ്ട്. ആദ്യത്തെ പടം തന്നെയാണ് നല്ലത്. അങ്ങനെയാണ് സിനിമ കണ്ട ഉടനെ വിളിച്ചവരും പറഞ്ഞത്. ആകെ ആ പാട്ടുമാത്രമേ ഉള്ളൂ കൊള്ളാവുന്നത്. ഫഌഷ്ബാക്കിലും മറ്റുമായി കഥ പറഞ്ഞ് ആകെക്കൂടി ഒന്നും മനസ്സിലാകാത്ത അവസ്ഥയുണ്ട് പുതിയ സിനിമയ്ക്ക്. പിന്നെ എം.ടിയുടെ തിരക്കഥയ്ക്ക് ഒരു സംവിധായകന്റെ ആവശ്യമില്ല. ആര്‍ട്ടിസ്റ്റ് എവിടെ നില്‍ക്കണം, ഫ്രെയിം എവിടെ വെക്കണം എന്നെല്ലാം തിരക്കഥയിലുണ്ടാകും. ഫ്രെയിം ടു ഫ്രെയിം. ഒരു സാധാരണ ചെറിയ കുട്ടിക്കുവരെ എം.ടിയുടെ തിരക്കഥ കിട്ടിയാല്‍ സംവിധാനം ചെയ്യാം. അത്ര പെര്‍ഫക്ട് ആയിരിക്കും.

പുതിയ നീലത്താമര വിരിയുന്നത് എങ്ങനെയാണ്?

ലാല്‍ജോസ് കുറെക്കാലമായി എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. 'നിനക്കങ്ങനെയൊരു താത്പര്യമുണ്ടെങ്കില്‍ പുതിയതൊന്നുമില്ല. പഴയത്, വന്നത് ഒന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ അതൊന്ന് രണ്ടാമത് എടുത്തോ' എന്നായിരുന്നു എം.ടിയുടെ മറുപടി. 'എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ്. പക്ഷേ, ഇതിന്റെ ക്രെഡിറ്റ്‌സ് മുഴുവനും അബ്ബാസിനാണ്' എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഏതൊക്കെയോ വഴികളിലൂടെ ലാല്‍ജോസ് എന്റെ നമ്പര്‍ തപ്പിപ്പിടിച്ച് എന്നെ വിളിച്ചു.

'അബ്ബാസ് സാറല്ലേ?' എന്നാണ് ലാല്‍ജോസ് ആദ്യം ചോദിച്ചത്.
'ഞാന്‍ ലാല്‍ജോസാണ്' എന്നും പറഞ്ഞു. എനിക്ക് എന്തു പ്രായം ഉണ്ടാകും, എന്ത് വിളിക്കണം, എന്തു ചോദിക്കണം എന്നൊരു ആശയകുഴപ്പം ലാല്‍ജോസിന്റെ ശബ്ദത്തിലുണ്ടായിരുന്നു. പിന്നെ, 'അബ്ബാസ്‌ക്ക എവിടെയാണ്. എം.ടി പറഞ്ഞതാണ് സാറിനെ വിളിക്കാന്‍. നീലത്താമര വീണ്ടും എടുക്കാന്‍ ആഗ്രഹിക്കുന്നു. സമ്മതം തരണം. എന്താണെന്നു വെച്ചാല്‍ ചെയ്യാം. സുരേഷ് (മേനകസുരേഷ്) ആണ് നിര്‍മ്മാതാവ്. സുരേഷുമായി സംസാരിച്ചിട്ട് തിരിച്ചുവിളിക്കാം' എന്നൊക്കെ പറഞ്ഞ് അന്ന് ഫോണ്‍ വെച്ചു. അടുത്ത ദിവസം തന്നെ ലാല്‍ജോസ് എന്നെ വിളിച്ചു. പുതിയ പടത്തിന്റെ പൂജയ്ക്ക് പഴയ സിനിമ ക്രൂവിനെ ആദരിക്കുന്നുണ്ട്. പരിപാടിക്ക് വരണമെന്നു പറയാന്‍ കൂടിയായിരുന്നു അത്. ഞാന്‍ എത്താമെന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു, 'നമുക്ക് എന്താണ് എന്നുവെച്ചാല്‍ ചെയ്യാമെന്ന്.' ഞാന്‍ പിന്നെ അതിനെകുറിച്ചൊന്നും സംസാരിക്കാന്‍ പോയില്ല. അവര്‍ ടിക്കറ്റ് ബുക്കു ചെയ്തു. എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. അന്നാണ് ഞാന്‍ ലാല്‍ജോസിനെ നേരില്‍ പരിചയപ്പെടുന്നത്. പുതിയ ആളുകള്‍ പഴയ ക്രൂവില്‍ നിന്നും ദക്ഷിണ വാങ്ങിക്കുന്ന പരിപാടിയൊക്കെ ആയിരുന്നു അന്ന്. പഴയ ആളുകളൊക്കെ അന്നു വന്നിരുന്നു. ഭവാനി ഒഴിച്ച്. എം.ടിയുണ്ടായിരുന്നു. യൂസഫ്ക്കായെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ എത്തുമെന്നാണ് പറഞ്ഞത് എന്നായിരുന്നു ലാല്‍ജോസിന്റെ മറുപടി. കാലങ്ങള്‍ക്കുശേഷമാണ് പലരേയും കാണുന്നത്. അന്നും ഇന്നും സത്താര്‍ എനിക്ക് ഒരു സിനിമ നടനല്ല, അടുത്ത കുടുംബ സുഹൃത്താണ്. വരുന്നതിന് മുമ്പ് അതുകൊണ്ട് തന്നെ ആകെ വിളിച്ചത് സത്താറിനെ മാത്രമാണ്. മുമ്പ് മദ്രാസില്‍ പോകുമ്പോള്‍ സത്താറിന്റെയും ജയഭാരതിയുടെയും കൂടെയാണ് ഞങ്ങള്‍ താമസിച്ചിരുന്നതൊക്കെ. ലാല്‍ജോസുമായുണ്ടായ എന്തോ പഴയ ഉടക്കിന്റെ പേരിലാണ് യൂസഫ്ക്ക പൂജയ്ക്ക് വരാതിരുന്നത് എന്ന് പിന്നെയാണ് അറിഞ്ഞത്. കുറച്ചുകാലത്തേക്ക് യൂസഫ്ക്കായ്ക്ക് ഇതിന്റെ പേരില്‍ എന്നോട് പരിഭവമായിരുന്നു. 'എന്നോട് പറയാതെ അബ്ബാസ് ഫങ്ഷന് പോയില്ലേ' എന്നൊക്കെ പറഞ്ഞ്. അന്ന് വൈകീട്ടത്തെ ഫ്‌ളൈറ്റിന് തന്നെ ഞാന്‍ തിരിച്ചു പോകുകയും ചെയ്തു.

നമ്മള്‍ കുറെ വര്‍ഷം മുന്നോട്ടു വന്നുപോയി. ഒന്നു തിരിച്ചു പോകാം നവംബറിന്റെ നഷ്ടത്തിലേക്ക്?

നവംബറിന്റെ നഷ്ടം സംഭവിക്കുന്നത് 1984 ലാണ്. പത്മരാജനെ കോഴിക്കോട് കല്‍പ്പക ടൂറിസ്റ്റ് ഹോമില്‍വെച്ച് യാദൃശ്ചികമായി കാണുകയായിരുന്നു. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒന്നുകില്‍ പത്മരാജനൊപ്പം അല്ലെങ്കില്‍ ഭരതനൊപ്പം എന്നൊരു മോഹവും മനസ്സിലുണ്ടായിരുന്നു. പത്മരാജനെ കണ്ടു. സംസാരിച്ചു. എനിക്ക് ഒരു പടം ചെയ്യണമെന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. എനിക്കു വേണ്ടി അദ്ദേഹം ഒരു പടം സംവിധാനം ചെയ്യാമെന്നേറ്റപ്പോള്‍തന്നെ അമ്പരപ്പായിരുന്നു മനസ്സില്‍. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ എനിക്ക് അത്ഭുതമായിരുന്നു. അന്നും ഞാന്‍ ചെറുപ്പമാണല്ലോ! എനിക്ക് പറയാനുള്ളതൊക്കെ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ഒരു തിരക്കും കാണിച്ചില്ല. ഞാന്‍ പറയുന്നതിന് ഇടയ്ക്കു കയറി പറഞ്ഞില്ല. അത്രയും അദ്ദേഹം എന്നെ പരിഗണിച്ചു. പിന്നെ സിനിമയുടെ ഷൂട്ടിംഗ് ഒക്കെ നടക്കുമ്പോള്‍, അദ്ദേഹവുമായി അല്‍പം കൂടി അടുത്തപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, 'എനിക്കു വേണ്ടി ഒരുപടം ചെയ്യുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്താണ് പെട്ടെന്ന് സമ്മതിച്ചതെ'ന്ന്. 'അബ്ബാസ് ചെയ്ത പടം ചെറിയ പടമൊന്നുമല്ലല്ലോ? സാധാരണ ഒരാള്‍ ചെയ്യുന്ന പടവുമല്ല. എം.ടി വാസുദേവന്‍ നായര്‍ എന്നു പറഞ്ഞാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഞാന്‍ വായിക്കുന്ന, ആരാധിക്കുന്ന ഒരാള്‍. എംടിയുടെ പടം ചെയ്ത പ്രൊഡ്യൂസറെ എനിക്ക പടം ചെയ്യാന്‍ കിട്ടുക എന്നു വെച്ചാല്‍ അതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ആ മറുപടി. കെ.എസ് ചിത്ര ആദ്യമായി പാടിയത് നവംബറിന്റെ നഷ്ടത്തിനുവേണ്ടിയായിരുന്നു. അവര്‍ ഈ അടുത്ത് ഒരഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അത് ഓര്‍ക്കുന്നത് തന്നെ. 22 ഫീമെയില്‍ കോട്ടയം ഇറങ്ങിയപ്പോള്‍ അത് നവംബറിന്റെ നഷ്ടത്തിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചിരുന്നു. ശരിയാണ്, നവംബറിന്റെ നഷ്ടത്തിന്റെ കഥ തന്നെ പ്രതികാരമാണ്. പ്രതാപ് പോത്തനെ കൊല്ലുന്ന രംഗം പോലും 22 ഫീമെയില്‍ കോട്ടയം അനുകരിക്കുകയായിരുന്നു. രണ്ടിലും ആ സീനില്‍ വരുന്നത് പ്രതാപ് പോത്തനുമാണ്.

നവംബറിന്റെ നഷ്ടം ഒരു നഷ്ടമായിരുന്നോ?

ലാഭമായിരുന്നില്ല എന്ന് പറയാം. പതിനാലു ലക്ഷത്തോളം രൂപയാണ് അന്ന് പ്രൊഡക്ഷന്‍ കോസ്റ്റ് വന്നത്. നാലു വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ സമ്പാദ്യമാണ് നീലത്താമരയ്ക്കു വേണ്ടി ചെലവഴിച്ചത്. അന്ന് ആ പടത്തിന് മുഴുവന്‍ ചെലവായ തുകയിലധികം കൊടുക്കണം ഇന്നത്തെ ഒരു നടന്. സൂപ്പര്‍സ്റ്റാറുകളുടെ കഥയല്ല. സ്വഭാവ വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക്. പ്രൊഡക്ഷന്‍ കോസ്റ്റ് അത്രയ്ക്കും കുറവായിരുന്നു. അഞ്ചുലക്ഷത്തില്‍ താഴെ മാത്രമേ നീലത്താമരയ്ക്ക് മുടയ്ക്കു മുതല്‍ വേണ്ടി വന്നുള്ളൂ.

ഇപ്പോള്‍ ഒന്നരക്കോടി മുടക്കുമുതലിലാണ് പറയാന്‍ ബാക്കിവെച്ചതുമായി വരുന്നത്?

നവംബറിന്റെ നഷ്ടത്തിനുശേഷം പത്മരാജന്റെ സംവിധാനത്തില്‍ ഒരു മമ്മുട്ടിച്ചിത്രം പ്ലാന്‍ ചെയ്തിരുന്നു. മമ്മുട്ടിക്ക് അഡ്വാന്‍സും കൊടുത്തു. പക്ഷേ, സിനിമ നടന്നില്ല. അപ്പോഴേക്കും പത്മരാജനും മരിച്ചു. പിന്നെ കുറക്കാലം കുടുംബസമേതം ഗള്‍ഫിലായിരുന്നു. ബിസിനസ്സിന്റെ തിരക്കുകളില്‍ അങ്ങനെ മുന്നോട്ടുപോയി. പുതിയ നീലത്താമരയുടെ പൂജയ്ക്ക് എത്തിയതാണ് സിനിമയിലേക്ക് രണ്ടാംവരവിന് നിമിത്തമായതെന്നും വേണമെങ്കില്‍ പറയാം. നാട്ടിലെത്തി സെറ്റില്‍ഡായത് ആറുമാസത്തിനു മുമ്പാണ്. പുതിയ സിനിമയെ കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. നാട്ടിലെത്തിയതറിഞ്ഞ് പലരും കഥ പറയാനൊക്കെ വന്നു. കരീം അങ്ങനെ വന്നതാണ്. മൂന്ന് പടം ചെയ്തിട്ടുണ്ട്. ഒരു വലിയ ഗ്യാപ്പിനുശേഷമാണ് കരീം സംവിധായകനാകുന്നത്. ഭരതനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന എന്റെ ആഗ്രഹം നടന്നില്ല. ഭരതന്റെ ശിഷ്യനിലൂടെ ആ ആഗ്രഹം പൂര്‍ത്തികരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. തിരക്കഥാകൃത്ത് സതീഷ്, പത്മരാജന്റെ ബന്ധുവാണ്. സിനിമ കൂടുതല്‍ നന്നാകണമെന്ന എന്റെ ആഗ്രഹമാണ് ക്യാമറ മധു അമ്പാട്ടിന്റെ കൈകളിലെത്തിച്ചത്. നല്ല ക്യാമറാമാന്‍ ഉണ്ടാവുക എന്നതും സിനിമയുടെ വിജയമാണ്. നവംബറിന്റെ നഷ്ടത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചത് ഛായാഗ്രഹണത്തിനാണ്. രണ്ടു സിനിമകളിലൂം പുതുമുഖത്തെ കൊണ്ടുവന്നിരുന്നു. നീലത്താമരയിലൂടെ അംബികയെയും, നവംബറിന്റെ നഷ്ടത്തിലൂടെ രാമചന്ദ്രനെയും. പറയാന്‍ ബാക്കി വെച്ചതിലും പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്. മഖ്ഭൂല്‍ സല്‍മാനാണ് ചിത്രത്തിന്റെ നായകന്‍.

അവസ്ഥാനം



ഉറ്റ സുഹൃത്ത് സമീര്‍ ബാബു പേങ്ങാട്ടിന്റെ 'അവസ്ഥാനം' ത്തിന് നിദാനമായത് എന്റെ രണ്ടു കുഞ്ഞിക്കവിതകളാണെന്ന് സംവിധായകനായ അവന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡയറിയില്‍ കുറിച്ചിട്ട ഉടനെ അവന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഫോണിലൂടെതന്നെ വായിച്ചു കേള്‍പ്പിച്ച രണ്ടു കുഞ്ഞിക്കവിതകള്‍.. അതില്‍ ഒളിഞ്ഞിരുന്ന ദൃശ്യത്തെ കണ്ടുപിടിച്ച് തിരക്കഥ ഒരുക്കിയത് അവനിലെ സംവിധായക മനസ്സ്. എന്നാലും അഭിമാനം തോന്നുന്നു.. കവിതകളിലൊന്ന് - 'പെണ്‍കുട്ടിയുടെ മുറി' പിന്നീട് ഗള്‍ഫില്‍ നിന്നിറങ്ങിയ ഒരു സുവനീറില്‍ പ്രസിദ്ധീകരിച്ചു വന്നു. 'കണ്ണാടിപ്രണയം' ഇപ്പോഴും ഡയറിത്താളുകളില്‍ വിശ്രമിക്കുന്നു. സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട് ഖാസിദ കലാമെന്ന് ഫിലിമിന്റെ ക്രെഡിറ്റ്‌സില്‍ കണ്ടപ്പോള്‍ പലരും കവിത വായിക്കാന്‍ താത്പര്യപ്പെട്ടു. അവര്‍ക്കാണിത്....


പെണ്‍കുട്ടിയുടെ മുറി*


ചെത്തിതേച്ചിട്ടില്ല-
നിലം ചാണകം മെഴുകിയിട്ടുമില്ല.
പാതിപൊളിഞ്ഞ വാതില്‍,
കാറ്റ് കടക്കാന്‍
നാലുപാളി മരജനാലയുമുണ്ട് കൂട്ടിന്.
അതിന്മേല്‍ പല്ലുകൊഴിഞ്ഞ ഒരു ചീര്‍പ്പ്,
ഒരു കുട്ടിക്കൂറ പൗഡര്‍ടിന്ന്,
ഒരു കണ്‍മഷിപ്പെട്ടി.
ചുമരില്‍ പൊട്ടിയ കണ്ണാടിച്ചീള്
ഒരുഭാഗത്ത് പുകയുന്ന അടുപ്പ്
മറുഭാഗത്ത് ഒരു പായക്കട്ടില്‍,
പഴന്തുണിക്കെട്ടുകള്‍.

വേനലവധിയെ വരവേല്‍ക്കാനായി
എട്ടാംക്ലാസിലെ പാഠപുസ്തകങ്ങള്‍
പെട്ടിയില്‍ അടുക്കി വെക്കുമ്പോള്‍
ചിതല്‍ തിന്നു തുടങ്ങിയ
മേല്‍ക്കുരയെ നോക്കി
പെണ്‍കുട്ടി ചിന്തിച്ചു.
'ഇവിടെ എവിടെയാ തൊട്ടിലുകെട്ട്വാ?'

*ഒരു ബലാത്സംഗഇരയുടെ ഓര്‍മയ്ക്ക്

കണ്ണാടിപ്രണയം


പ്രണയം മനസ്സില്‍ നിറയുമ്പോള്‍
പെണ്‍കുട്ടികള്‍
നിന്നെ കൂടുതലായി സ്‌നേഹിച്ചു തുടങ്ങും
കാമുകനോടെന്ന പോലെ നിന്നോട് സംസാരിക്കും
ഗോഷ്ഠി കാണിക്കും,
ഒളിപ്പിച്ചു നിര്‍ത്തും
ഇടയ്ക്കിടയ്ക്ക് വന്നൊന്ന് പാളിനോക്കും
മുടിയൊന്ന് കോതി, ചാഞ്ഞു ചിരിക്കും
താടിക്ക് കൈ കൊടുത്ത്
ചുമ്മാ കണ്ണിറുക്കി കാണിക്കും

അവളുടെ തലോടലുകളും
ചുടുചുംബനങ്ങളും
നിറഞ്ഞ മാറിന്‍ സ്പര്‍ശനങ്ങളും
ഏറ്റുവാങ്ങി...
ഒരു കള്ളച്ചിരിയോടെ
നീ അങ്ങനെ നില്‍ക്കും
അവസാനം
എറിഞ്ഞുടയ്ക്കപ്പെടും വരെ.

അവസ്ഥാനം സംവിധായകന്റെ വാക്കുകളില്‍:

സ്ത്രീയവസ്ഥകള്‍ വ്യവസ്ഥകള്‍ക്കപ്പുറം ഒറ്റപ്പെട്ടതാണ്. കാലാനുഗതമായ അവളുടെ അത്തരം അനുഭവങ്ങളെ നിഴലും വെളിച്ചവും ചേര്‍ത്ത് പ്രതീകാത്മക ദൃശ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'അവസ്ഥാനം'.
പട്ടുപാവാട നിവര്‍ത്തിയിടുന്ന ഉത്സാഹഭരിതമായ കൗമാരവും അണിഞ്ഞൊരുങ്ങുന്ന യൗവനവും അവള്‍ക്ക് സ്വപ്‌നാത്മാകമായ അനുഭവമാകുന്നു.
കണ്ണാടിയും സ്ത്രീയും പരസ്പരം ഉടല്‍ പങ്കിടുമ്പോള്‍ തീര്‍ത്തും സ്വകാര്യമായ മനഃതൃപ്തി അവളറിയുന്നു.
യൗവനത്തിന്റെ ഭാവഭേതങ്ങളില്‍ മാതൃത്വത്തിന്റെ മനസ്സ് അവളിലെത്തുന്നു.
സൗന്ദര്യാത്മകതയുടെ സ്വകാര്യാസ്വാദനത്തിന്റെ ഇടക്ക് വെച്ചാണ് അവളിലേക്ക് വെളിച്ചത്തിലൂടെ ആരോ കയറി വന്നത്.
അപരിചിതത്വത്തിന്റെ നിഴല്‍ അവളിലെത്തുമ്പോള്‍ സ്വപ്‌നവും സൗഹൃദവും പങ്കുവെച്ച കണ്ണാടി വീണുടയുന്നു.
ചിതറി വീണ കണ്ണാടിചില്ലിലൂടെ പരുത്ത ജീവിതാവസ്ഥയിലേക്ക് അവള്‍ നടന്നു നീങ്ങുന്നു.
വിധേയത്തിന്റെ ഭാവതലങ്ങളില്‍ നടുനിവര്‍ത്താനാകാത്ത അവളുടെ തീര്‍ത്തും സ്വകാര്യമായ പെണ്‍വേദനകള്‍ മാതൃത്വത്തിന്റെ കൂടി നൊമ്പരമാകുന്നു.
കണ്ണാടിച്ചില്ലുകള്‍ക്കൊപ്പം നിറമുള്ള വളപ്പൊട്ടുകളും മാലമുത്തുകളും കൂടി അവശേഷിക്കുന്നു.
പട്ടുപാവാടയില്‍ നിന്ന് അടിപ്പാവാടയിലേക്ക് വളരുന്ന നിഴലും വെളിച്ചവും പകരുന്ന പെണ്ണവസ്ഥകള്‍ വീണ്ടും സങ്കീര്‍ണ്ണതയുടെ അടയാളങ്ങളായി തുടരുന്നു.

മാമുക്കോയനെ പോലീസ് അറസ്റ്റുചെയ്യോ?


രണ്ടു ദെവസായിട്ട് മ്മളെ നടന്‍ മാമുക്കോയ തീവ്രവാദിന്റെ ബാപ്പാണ്. എന്താത് പ്പം കഥാന്നല്ലേ? മൂപ്പര് ഇങ്ങനൊക്കെ അഭിനയിക്കാന്‍ പോയാല് പിന്നെ മൂപ്പരെ പോലീസ് പിടിക്കൂലേ? എന്താ മൂപ്പര്ക്ക് ആ പേടി ഇല്ലാത്തത്?
മ്മളെ നാറ്റീവ് ബാപ്പന്റെ കാര്യന്നെ പറയ്ണത്.... മാപ്പിള ആയിപ്പോയതിന്റെ പേരില്, മുസ്‌ലീം പേര് ആയിപ്പോയതിന്റെ പേരീല് ബല്ല്യബെല്ല്യ ആള്‍ക്കാരെയൊക്കെത്തന്നെ പോലീസ് പിടിക്ക്ണ കാലാ... എയര്‍പോര്‍ട്ടിന്റെ അടുത്തൂക്കൂടൊന്നും പോകാന്‍ തന്നെ പറ്റൂല. മ്മളെ ഇന്ത്യാലേന്നല്ല, ഒരു നാട്ടിലും പറ്റൂല... അങ്ങനത്തെ ഇക്കാലത്ത് എന്തുകണ്ട്ട്ട ഈ ആണ്‍കുട്ടോള് ഇമ്മാതിരി ധൈര്യം കാട്ടീതെന്നാ മനസ്സിലാകാത്തത്..... അതും അവരുടെ സ്വന്തം പേരീല്.... മുസ്‌ലീം പേരീല്..... എന്തെങ്കിലും ഹിന്ദുപേര് സ്വീകരിച്ച് കള്ളപ്പേരില്‍ ഇറക്ക്യാപോരായിരുന്നോ അവര്‍ക്ക് ഈ വീഡിയോ? അക്കുട്ട്യേളേം ഇനി പോലീസ് പിടിക്കൂലേ?
നിയമവിരുദ്ധ പ്രവര്‍ത്ത നിരോധന നിയമബില്ല് എന്ന പേരില് ഒരു നിയമൊക്കെ ഉണ്ടുപോലും. അതില് പുതിയ ഭേദഗതിയൊക്കെ വന്ന സമയാണ്. ഒന്നുകൂടി ഭേദഗതിയൊക്കെ വരുത്തി ഇമ്മാതിരി വീഡിയോ എടുക്കണതും ഇമ്മാതിരി കവിത എഴുതുന്നതുമൊക്കെ ആ നിയമത്തിന്റെ പരിധിയില്‍ വരാണെങ്കില്‍ മാമുക്കോയനെം മൂഹ്‌സിനെന്ന സംവിധായകനെയും ഒക്കെ തൂക്കിക്കൊല്ലോ? കുറ്റം രാജ്യദ്രോഹാണെന്ന് പറഞ്ഞാല്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ പറ്റൂം പോലും....
അടുത്ത വീട്ടിലെ റഹീംകാക്കയ്ക്ക് ചെരുപ്പിന്റെ കച്ചോടാ. മൂപ്പര് ബോംബെന്നാണ് ചരക്ക് എടുക്കാറ്. ഇന്നാള് ശരിക്കും ഒരു ഉമ്മ പറഞ്ഞില്ലോ, 'രാജ്യദ്രോഹ്യാണെങ്കില്‍ മോന്റെ മയ്യത്ത് ഇനിക്ക് കാണണ്ടാന്ന്', ആ അതിനുശേഷം മൂപ്പര് ബോംബേ പോയി ചരക്ക് എടുത്ത് മൂപ്പരെ അഡ്രസ്സില്‍ അയച്ചാല്‍ ഭയങ്കര പ്രശ്‌നായീന്ന്. എപ്പളും ആ പെട്ടി പൊട്ടിച്ചിട്ടാ കിട്ടുന്നേന്ന്. പോരാത്തതിന് കസ്റ്റംസും പോലീസും ഒക്കെക്കൂടി ഒരുമാതിരി വല്ലാത്ത ചോദ്യം ചെയ്യലും. ഇപ്പം കടേല് സെയില്‍സിന് ഒരു ചെക്കന്‍ വന്നിട്ടുണ്ട്. 'രവി' ഓന്റെ പേരിലാണത്രെ ഇപ്പോ ചരക്ക് അയക്കാറ്. ഒരു ചോദ്യോം ഇല്ല ഉത്തരോം ഇല്ല. പെട്ടി പൊട്ടിക്കലും ഇല്ല. പെട്ടി കൃത്യമായി കടയിലെ അഡ്രസ്സില്‍ എത്തും. സമാധാനവും തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം രാത്രി പൊരേല് വന്നപ്പോ റഹീം ക്ക ഉപ്പനോട് പറയണത് ഞാന്‍ കേട്ടതാ.. ഇങ്ങനൊക്കെ മനുഷ്യന്മാര് ഇവ്‌ടെ പേടിച്ച് കഴിയണ കാലത്ത് കുറച്ച് ചെറുപ്പക്കാര്‍ ഇമ്മാതിരി വീഡിയോ ആയൊക്കെ വന്നാല്... അവര്ക്ക് എപ്പം പണികിട്ടി ന്ന് ചോയിച്ചാ പോരെ?....
ന്നാലും വല്ലാത്തൊരു ധൈര്യം തന്ന്യായിപ്പോയി ആ കുട്ട്യോള് കാണിച്ചത്. അതും മാമുക്കോയന്റെം അയില് അഭിനയിച്ചിരിക്കണ മറ്റു കുട്ട്യോളേം പിറകിലുള്ള ചുമരിലുള്ളത് ആരുടെ ഫോട്ടാന്നറിയോ? മ്മളെ മഅ്ദനീന്റെ. ഇനിപ്പോ മാമുക്കോയെം മാമുക്കോയന്റെ കൂടെ അഭിനയിച്ചവരും സംവിധായകനും ഒക്കെക്കൂടി എപ്പളാ ബംഗ്ലൂരു ജയിലില്‍ പോകാ?  മഅ്ദനിനെ കാണാന്‍? മിക്കവാറൂം ഓലായിട്ട് പോകലായിരിക്കില്ല. കംപ്ലീറ്റ് പോലീസ് പ്രൊട്ടക്ഷനില്‍ കൂട്ടിക്കൊണ്ടോവാന്‍ വരൂലേ ഇനി പ്പോ പട്ടാളോം പോലീസും ഒക്കെക്കൂടി. ആലോചിച്ചിട്ട് തന്നെ പേടിയാവൂന്നു... ന്നാലൂം വല്ലാത്തൊരു ധൈര്യം തന്നെ ആ ആങ്കുട്ട്യോള് കാണിച്ചത്.
അല്ല, ഇനി പ്പോ ഇതൊക്കെ എയുതിപ്പോയതിന്റെ പേരില് ന്നെംം പോലീസ് പിടിച്ച് കൊണ്ടു പോകോ?.... ആ ആര്‍ക്കറിയാം?


http://www.youtube.com/watch?v=qy-IT6mMxr4

കൂടുകള്‍ അപ്രത്യക്ഷമാകുന്ന കാലം




നാട്ടിലെ മരച്ചില്ലകളില്‍ കിളികള്‍ കൂടുകൂട്ടാതെയാകുന്നുണ്ടോ എന്നൊരു സംശയം.... സ്ഥായിയല്ലാത്ത കൂട്.... കഷ്ടപ്പെട്ട് കമ്പും ചില്ലയും പഞ്ഞികളും സ്വരൂക്കൂട്ടീ, പെറുക്കിക്കൊണ്ടുവന്ന് കൂടാക്കി, വീടാക്കി എടുത്തിട്ട് എന്തുകാര്യമെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇര തേടി കൂട്ടില്‍ നിന്ന് പറന്നാല്‍,  അന്തിമയങ്ങി തിരിച്ചെത്തിയാല്‍ കൂടുപോയിട്ട് കൂടിരുന്ന മരം പോലും ഇല്ലാത്ത അവസ്ഥ.
കുറച്ചുകാലം മുമ്പുവരെ തിരക്കേറിയ ജങ്ഷനുകളില്‍, ബസ്‌റ്റോപ്പുകളില്‍ എല്ലാം ഒരു വലിയ തണല്‍മരം ഉണ്ടായിരുന്നു... ധാരാളം ചില്ലകള്‍ ഉള്ളത്.... ചില്ല നിറച്ചും കൂടുള്ളത്... കൂടുനിറച്ചും കുഞ്ഞു കുഞ്ഞു കിളിമുട്ടകളുള്ളത്... കുഞ്ഞു കൊക്കുള്ള കുഞ്ഞിക്കിളികളുള്ളത്.... . ചിറകുവിരിയാത്ത.... കൊക്കു തുറക്കാത്ത... കണ്ണു പൂക്കാത്ത കുഞ്ഞിക്കിളികള്‍... താഴെ നില്‍ക്കുന്ന നമ്മള്‍ മനുഷ്യര്‍ ഏതു നിമിഷവും മുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള ഒരു ബോംബും പ്രതീക്ഷിച്ച് ഇടയ്ക്ക് മുകളിലേക്ക് നോക്കിനോക്കി അങ്ങനെ നിന്നിരുന്ന കാലം....
ഒരു മരം വെട്ടുമ്പോള്‍.... ഒരു മരം മുറിയുമ്പോള്‍ ഒരു തേങ്ങല്‍ കേട്ടുവോ നിങ്ങള്‍... എന്ന ചോദ്യവുമായി മുറിച്ചുവീഴ്ത്തിയ മരച്ചില്ലകളുടെയും മുറിഞ്ഞുവീണ കിളിക്കൂടുകളുടെയും ഫോട്ടോയുമായി പത്ര-ചാനല്‍ കാമറകള്‍  തുറക്കുകയും അടയ്ക്കുകയും ചെയ്തു.... ആ കാമറയ്ക്കുള്ളില്‍ പതിഞ്ഞ കരളുരുകുന്ന ദീനദയനീയമുഖം കണ്ട് നമ്മളെല്ലാം സങ്കടപ്പെട്ടു. 'പാവം...'  'കഷ്ടം...' എന്നെല്ലാം പറഞ്ഞ് റിമോര്‍ട്ടില്‍ വിരല്‍ പതുക്കെ ഒന്നമര്‍ത്തും. ചിലപ്പോള്‍ അടുത്തുള്ള ആരെയെങ്കിലും ഒന്നു വിളിച്ച് 'നോക്ക് കഷ്ടം തന്നെ ലേ' എന്നൊന്ന് പറഞ്ഞെന്ന് വരാം. ചിലപ്പോള്‍ റിമോട്ടില്‍ വിരലമര്‍ത്തുന്നതിന് പകരം പത്രത്തിന്റെ പേജ് മറയ്ക്കുകയാകാം. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് മുമ്പ് ഒരു ലൈക്ക്, ഷെയര്‍.... ചിലപ്പോള്‍ ഒരു സാഡ് കമന്റ്... കഴിഞ്ഞു ലേ നമ്മുടെ പ്രകൃതി-പക്ഷി-ജന്തുസ്‌നേഹം. വര്‍ഗസ്‌നേഹം പോലും ഇല്ലാത്തവനാണ് മനുഷ്യന്‍. എന്നിട്ടല്ലേ, പക്ഷി സ്‌നേഹം?
കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെട്ട തണല്‍മരങ്ങളിലൊന്നും ഒരൊറ്റ കിളിക്കൂടു പോലും കണ്ടില്ല. എന്തേ അങ്ങനെ എന്നു ചിന്തിച്ചുപോകുന്നു... സന്ധ്യ മയങ്ങിയ നേരം... കിളികള്‍ ചേക്കേറുന്ന സമയം. അവരെല്ലാം ചില്ലകളിലേക്ക് ചേക്കേറിയിരിക്കുന്നു. കൂടൊന്നുമില്ലാത്ത മരച്ചില്ലകളില്‍ ചേക്കേറാനെത്തിയ ഒരു പറ്റം കിളികള്‍. വ്യത്യസ്ത ജാതിയിലുള്ളവര്‍, മതത്തിലുള്ളവര്‍, പ്രായത്തിലുള്ളവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍... അവരുടെ ഇടയിലും ബലാത്സംഗങ്ങളൊക്കെ ഉണ്ടോ ആവോ?
വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലലയുന്നവരെപ്പോലെ.... സ്വന്തമായി വീടില്ലാത്തതിന്റെ പേരില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവരെപ്പോലെ, ഒരു പറ്റം കിളികള്‍..... അല്ല, അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കഷ്ടപ്പെട്ട് കൂടുക്കൂട്ടുന്നത് വികസനത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് മുറിച്ചുമാറ്റാനാണെന്ന്. കൂടുണ്ടെങ്കിലല്ലേ കൂടുനഷ്ടപ്പെട്ടവന്റെ സങ്കടം പേറേണ്ടതുള്ളൂവെന്ന്.... കൂടില്ലാതെ... കൂട്ടില്ലാതെ..... ആകാശവും ഭൂമിയും തൊടാതെ പാറീപ്പറക്കാന്‍ ആരുടെയും വികസനം വഴിമുടക്കില്ലല്ലോ എന്ന്. ചിറകു കുഴയുമ്പോള്‍ പറന്ന് തളര്‍ന്ന വാടിവീഴാന്‍ ആരുടെയും അനുവാദം ആവശ്യമില്ലല്ലോയെന്ന്............