http://www.mediaonetv.in/news/33318/sat-07262014-1448
“ഞാന്‍ ആയയല്ല, വാവയെന്നെ വിളിക്കുന്നത് അമ്മച്ചിയെന്നാണ്. ദയവുചെയ്ത് ആയയെന്ന് എഴുതിയും പറഞ്ഞും നിങ്ങള്‍ ഞങ്ങളുടെ ബന്ധത്തില്‍ അകലം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്. ആയയ്ക്കും അമ്മയ്ക്കും വ്യത്യാസമുണ്ട്. ആയ താന്‍ ചെയ്യേണ്ട ജോലികള്‍ തീര്‍ത്ത് കുഞ്ഞിനടുത്ത് നിന്ന് മാറിനില്‍ക്കും, എന്നാല്‍ അമ്മ അങ്ങനെയല്ല, ഉണ്ണാതെ ഉറങ്ങാതെ തന്‍റെ കുഞ്ഞിനരികില്‍ പ്രാര്‍ത്ഥനയോടെ കണ്ണിമ ചിമ്മാതെ കാത്തിരിക്കും. കഴിഞ്ഞ ഒരു വര്‍ഷമായി എന്‍റെ വാവയ്ക്കൊപ്പം ഞാനുണ്ട്. എനിക്കൊപ്പം എന്‍റെ വാവയും. ഇനിയുള്ള കാലവും അത് അങ്ങനെ തന്നെയായിരിക്കണമെന്നാണ് പ്രാര്‍ത്ഥന. ഇനി ഞങ്ങളെ തമ്മില്‍ അകറ്റരുതെന്ന ഒറ്റ അപേക്ഷയേ എനിക്ക് എല്ലാവരോടുമുള്ളൂ’’— ശഫീഖിനെ സ്നേഹിക്കുന്ന ഓരോരുത്തരോടും രാഗിണിക്ക് പറയാനുള്ളത് ഇതാണ്.
പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനത്തെ തുടര്‍ന്ന് മരണത്തിന്‍റെ വാതില്‍ക്കലെത്തിയ ശഫീഖ് എന്ന അഞ്ചുവയസ്സുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന രാഗിണി, അവന് അമ്മയല്ലാതെ പിന്നെ ആരാണ്? പ്രസവിച്ച സ്ത്രീ ഉപേക്ഷിച്ചു പോയപ്പോള്‍, വളര്‍ത്തമ്മയായി വന്നവള്‍ ക്രൂരത കാണിച്ചപ്പോള്‍ ശഫീഖിനെ തോളിലെടുക്കാന്‍, മാതൃസ്നേഹം പകരാന്‍ സ്വയം തയ്യാറായി വന്നതാണ് ഇടുക്കി സ്വദേശിയായ രാഗിണി.
കുടുംബത്തിന് വേണ്ടിയല്ല, സമൂഹത്തിന് വേണ്ടിയുള്ളതാണ് തന്‍റെ ജീവിതമെന്ന് ഇടുക്കിയിലെ ആര്‍എസ്പി സജീവ പ്രവര്‍ത്തകനായ ഹരിഹരന്‍റെ ഇളയ മകള്‍ വിവാഹപ്രായമെത്തിയപ്പോള്‍തന്നെ തീരുമാനിച്ചിരുന്നു. മൂന്ന് ചേച്ചിമാരാണ് രാഗിണിക്ക്, ഒരു സഹോദരനും. 18 വയസ്സുമുതല്‍ അംഗനവാടി ആയയായി താത്ക്കാലികാടിസ്ഥാനത്തില്‍ ജോലി. ശമ്പളം കുറവായതുകൊണ്ടോ, പ്രസവം മറ്റ് ആവശ്യങ്ങള്‍ എന്നിവയൊക്കെയായോ പ്രദേശത്തെ അംഗനവാടികളിലെ ആര് ലീവായാലും പകരക്കാരിയായെത്തുക രാഗിണിയാണ്. 27 വയസ്സായപ്പോള്‍ ജോലി സ്ഥിരമായി.
അംഗനവാടിയിലെ കുട്ടികളെ നോക്കുന്നതില്‍ മാത്രം തന്‍റെ സാമൂഹ്യസേവനം ഒതുങ്ങിപ്പോകുന്നതില്‍ സങ്കടമുണ്ടായിരുന്നു രാഗിണിക്ക്. ആലുവയിലെ ഒരു ചാരിറ്റി സ്ഥാപനത്തിലേക്ക് കുട്ടികളെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞപ്പോള്‍ പോകാന്‍ തയ്യാറായതും അതുകൊണ്ടുതന്നെയായിരുന്നു. പക്ഷേ, വീടുമായുള്ള എല്ലാ ബന്ധവും ഒഴിവാക്കേണ്ടിവരുമെന്നതിനാല്‍ അമ്മയുടെയും അച്ഛന്‍റെയും സങ്കടം കണ്ട് തീരുമാനം മാറ്റി.
ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള രാഗിണിയുടെ നല്ല മനസ്സ് അറിയാമായിരുന്ന ഐസിഡിഎസ് ഓഫീസര്‍ ശോഭകുമാരിയാണ് ശഫീഖിന് വേണ്ടി രാഗിണിയുടെ പേര് നിര്‍ദേശിക്കുന്നത്. അപ്പോഴേക്കും ആദ്യഘട്ട ചികിത്സയ്ക്കായി ശഫീഖിനെ വെല്ലൂരിലേക്ക് കൊണ്ടുപോയിരുന്നു. ശഫീഖ് വെല്ലൂരിലെത്തിയതിന്‍റെ ഒമ്പതാം ദിവസമാണ് രാഗിണി വെല്ലൂരിലെത്തുന്നത്. കഴിഞ്ഞ ഓഗസ്ത് മാസത്തില്‍.
അതുവരെ ശഫീഖിന്‍റെ പിതാവിന്‍റെ ബന്ധു അബ്ദുല്‍ഖാദറും ഭാര്യയുമാണ് വെല്ലൂരിലുണ്ടായിരുന്നത്. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. സര്‍ക്കാര്‍ തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണവും അവര്‍ക്കുണ്ടായി. നാട്ടിലേക്ക് തിരിച്ചു വരികയാണെന്നും അറിയിച്ചു. അങ്ങനെയാണ് മറ്റൊരാളെ ശഫീഖിന്‍റെ സംരക്ഷണ ചുമതലയേല്‍പ്പിക്കാന്‍ സാമൂഹ്യ നീതി വകുപ്പ് തയ്യാറാകുന്നത്.
കണ്ണൊന്നും തുറക്കില്ല, അനങ്ങില്ല, ശരീരം മുഴുവന്‍ ചൊറിയും ചിരങ്ങും മര്‍ദ്ദനമേറ്റതിന്‍റെ പാടുകളും. ഒരുഭാഗത്ത് ചുരുണ്ടുകൂടി കിടക്കുന്ന കൊച്ച്. ആദ്യമായി കാണുമ്പോഴുള്ള വാവച്ചിയുടെ രൂപം ഇതായിരുന്നുവെന്ന് ഓര്‍ക്കുന്നു രാഗിണി. ആഗസ്ത് 17 നാണ് അവര്‍ വെല്ലൂരിലെത്തിയത്. അന്ന് ഐസിയുവിലായിരുന്നു കുട്ടി. 3 ദിവസം കൊണ്ട് ശഫീഖ് അവന്‍റെ അമ്മയെ തിരിച്ചറിഞ്ഞു.
‘’ഐസിയുവില്‍ കാവലിരിക്കുമ്പോള്‍, ‘വാവേ, അമ്മച്ചി കുളിച്ചിട്ടു വരാം’ എന്ന് അവന്‍റെ ചെവിയില്‍ പറഞ്ഞിട്ടാണ് പുറത്തിറങ്ങുക. പക്ഷേ, ഞാന്‍ പുറത്തിറങ്ങി കുറച്ച് കഴിയുമ്പോഴേക്ക് അവന്‍ കരയാന്‍ തുടങ്ങും. ആദ്യമാദ്യം ശബ്ദമൊന്നും പുറത്ത് കേള്‍ക്കില്ലായിരുന്നു. പിന്നെ ശബ്ദം കൂടാന്‍ തുടങ്ങി. അങ്ങനെ ഇനി പുറത്തിറങ്ങുമ്പോള്‍ വാവയോട് പറയാതെ പോയാല്‍ മതിയെന്നു പറഞ്ഞു നഴ്സുമാര്‍. 22 ആയപ്പോഴേക്കും വാവച്ചിയെ വാര്‍ഡിലേക്ക് മാറ്റി. പിന്നെ ഞാനും അവനും മാത്രമായി.’’
അവിടം മുതല്‍ ഒരമ്മയുടെ സ്നേഹം ശഫീഖ് അറിഞ്ഞു തുടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചിട്ടകളും മരുന്നും അണുവിട തെറ്റാതെ രാഗിണി പാലിച്ചു. അവനുവേണ്ടി അപമാനവും സങ്കടങ്ങളും സഹിച്ചു. അപമാനിക്കപ്പെട്ടപ്പോഴെല്ലാം തലതാഴ്ത്തി നിന്നു. താഴ്ന്നുനില്‍ക്കേണ്ടിടത്ത് താഴ്ന്നു നിന്നു. അവനുവേണ്ടി ആഹാരം പോലും ഉപേക്ഷിച്ചു. അവനെ സങ്കടപ്പെടുത്താതിരിക്കാന്‍ ഉള്ളമെത്ര പിടഞ്ഞിട്ടും കരയാതെ പിടിച്ചുനിന്നു. യാത്രകളില്‍ ഒരു കൈ മാറി കൊടുക്കാതെ സ്വന്തം ചൂടില്‍ തന്നെ സംരക്ഷിച്ചു. ഇപ്പോള്‍ ദാഗിയമ്മയെന്നും ദാഗിക്കുട്ടിയെന്നും ദാഗിണിദേവിയെന്നു വിളിച്ച് ഷഫീഖ് അമ്മയുടെ സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നു.
ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്‍, മന്ത്രി മുനീര്‍, ഐസിഡിഎസ് ഓഫീസര്‍ ശോഭകുമാരി തുടങ്ങി ഒരുപാട് പേര്‍ക്ക് നന്ദി പറയുന്നുണ്ട് രാഗിണി. ഇങ്ങനെയൊരു നിയോഗത്തിന് തന്നെ തിരഞ്ഞെടുത്തതിന്. വാവച്ചിയെ തനിക്ക് തന്നതിന്. എന്നേക്കാള്‍ മഹത്വം ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ ഉണ്ടാകാം. എനിക്കാണ് വാവയെ കിട്ടിയത്. അതിന് ദൈവത്തോട് ഞാന്‍ നന്ദി പറയുന്നു. വാവ സ്നേഹമുള്ളവനും ദൈവഭക്തിയുള്ളവനുമായി വളരണം. അപ്പോഴെ തന്‍റെ നിയോഗം പൂര്‍ത്തിയാവൂവെന്ന് വിശ്വസിക്കുന്നു ഈ അമ്മ.
‘’അസ്സലാമു അലൈക്കും, എല്ലാവര്‍ക്കും നന്ദി. ഞാന്‍ രാജാവാണ്’’ എന്ന് തന്നെ സ്വീകരിക്കാനെത്തിയ സദസ്സിനെ അഭിവാദ്യം ചെയ്യാന്‍ അവന് സാധിച്ചത് അവന്‍ അവന്‍റെ സ്നേഹമയിയായ അമ്മച്ചിയുടെ മടിയിലായതുകൊണ്ടാണ്.
അമ്മയാവാന്‍ പ്രസവിക്കണമെന്നോ, മുലയൂട്ടണമെന്നോ വിവാഹിതയാവണമെന്നോ ഇല്ലെന്ന് രാഗിണി ജീവിതം കൊണ്ട് നമുക്ക് കാണിച്ചു തരുന്നു. വെല്ലൂരില്‍ നിന്ന് ഇടുക്കി ചെറുതോണിയിലെ സ്വധര്‍ ഷെല്‍ട്ടര്‍ ഹോമിലെത്തിയപ്പോഴും ഷഫീഖിനൊപ്പം അവന്‍റെ അമ്മച്ചിയുണ്ടായിരുന്നു
ഇടയ്ക്ക് വല്ലപ്പോഴും തന്‍റെ വാവാച്ചിയെയും കൂട്ടി അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും കാണാന്‍ പോകാനുള്ള അനുവാദം നല്‍കണമെന്ന അപേക്ഷ മാത്രമേ രാഗിണിയ്ക്കുള്ളൂ. ശഫീഖ് തിരിച്ചറിഞ്ഞലും ഇല്ലെങ്കിലും അവന്‍റെ ജ്യേഷ്ഠനെ കാണിച്ചു കൊടുക്കണമെന്നും രാഗിണി പറയുന്നു
അല്‍ അസ്ഹര്‍ ആശുപത്രിയിലെ അമ്മത്താരാട്ടെന്ന മുറിയില്‍ കണ്ണും മനവും തുറന്നുവെച്ച് ഇപ്പോഴും വാവച്ചിയ്ക്കായി ഈ അമ്മച്ചി കൂട്ടിരിക്കുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ