പൊന്നിനേക്കാളും മൂല്യമുണ്ട് പുസ്തകങ്ങള്‍ക്ക്; സഹ്‍ല പറയുന്നു

മഹ്റായി 50 പുസ്തങ്ങള്‍ ചോദിച്ചുവാങ്ങിയതിനെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും സഹ്‍ല സംസാരിക്കുന്നു


അനീസിനെ വീട്ടുകാര്‍ കണ്ടെത്തിയതാണോ, സഹ്‍ല തന്നെ കണ്ടെത്തിയതാണോ?
വിവാഹം അറേഞ്ച്ഡ് തന്നെയാണ്. പക്ഷേ വീട്ടുകാര്‍ ഇങ്ങോട്ടുപറയുന്നതിന് പകരം ഞങ്ങള്‍ വീട്ടുകാരോട് അങ്ങോട്ടു പറഞ്ഞുവെന്നുമാത്രം. പ്രണയിച്ചു നടന്നു എന്നൊന്നും പറയാന്‍ കഴിയില്ല.. പരസ്പരം അറിയാമായിരുന്നു... എന്റെ പങ്കാളിയെ ഞാന്‍ തന്നെ കണ്ടെത്തട്ടെ എന്ന നിലപാടില്‍ തന്നെയായിരുന്നു വീട്ടുകാരും...
പെണ്ണായാല്‍ പൊന്നുവേണമെന്നാണ് നാട്ടുനടപ്പ്... അതിനെ പൊളിക്കണം എന്ന് തോന്നിയത് എപ്പോഴാണ്?‌
ഞാന്‍ ആദ്യമേ സ്വര്‍ണം ഉപയോഗിക്കുന്ന ആളല്ല. ഇപ്പോഴും ഇല്ല.. അത് സ്വര്‍ണത്തോട് ഭയങ്കര ദേഷ്യമുണ്ടായിട്ടൊന്നുമല്ല.. എല്ലാവര്‍ക്കും ഒരു വല്ലാത്ത ഭ്രമമാണ് സ്വര്‍ണമെന്ന വസ്തുവിനോട്. സ്വര്‍ണം ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു സെക്യൂരിറ്റിയാണ്.. പെട്ടെന്ന് ഒരു സാമ്പത്തിക ആവശ്യം വന്നാല്‍ അവള്‍ക്കും കുടുംബത്തിനും അത് സഹായവുമാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അതേ സ്വര്‍ണത്തിന്റെ പേരിലാണ് ഇന്ന് കുറേ പെണ്‍കുട്ടികള്‍ ദുരിതമനുഭവിക്കുന്നത്... ഇല്ലാതെ പോയതില്‍, കുറഞ്ഞുപോയതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ വരെയുണ്ട്..
നബി മഹ്‍ര്‍ കൊടുത്തത് മോതിരമല്ലേ എന്ന് നമ്മള്‍ ചോദിക്കും. നബി കൊടുത്തത് എന്നതിനേക്കാള്‍ ഞാന്‍ പ്രാധാന്യം കല്‍പിക്കുന്നത് നബിയുടെ ഭാര്യമാര്‍ അത് ആവശ്യപ്പെട്ടോ എന്നതിനാണ്. അതാണ് വിവാഹത്തില്‍ മഹ്‍ര്‍ എന്നതിന്റെ പ്രാധാന്യം.. മഹ്‍ര്‍ വേണമെന്നും എന്ത് വേണമെന്നും ഒരു പെണ്‍കുട്ടി ആവശ്യപ്പെടുക എന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്.. പെണ്ണ് ആവശ്യപ്പെടുക എന്നത്, പെണ്ണിന് അവിടെ ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട് എന്നതുതന്നെയാണ് വ്യക്തമാക്കുന്നത്. അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തന്നെ ഇന്നത്തെ കാലത്ത് ആരും അത് മുഖവിലയ്ക്കെടുക്കാന്‍ പോലും പോകുന്നില്ല. നേരത്തെചിലര്‍ക്കൊക്കെ സാധിച്ചിട്ടുണ്ട് അത്. സത്യം പറഞ്ഞാല്‍ എന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ശരിക്കും എതിര്‍പ്പ് നേരിടേണ്ടിവന്നത് അനീസിനാണ്.. എനിക്കൊപ്പം പിന്തുണ നല്‍കി എന്റെ കുടുംബം നിന്നു.


മഹ്‍റായി പുസ്തകങ്ങള്‍ എന്ന തീരുമാനത്തിന് പിന്നില്‍
മഹ്‍റായി സ്വര്‍ണം വേണ്ട എന്ന തീരുമാനം നേരത്തെ ഞാന്‍ എടുത്തതാണ്.. മഹ്‍ര്‍ ഞാന്‍ ആവശ്യപ്പെടും എന്നും ഉറപ്പിച്ചതാണ്. പൈസ ചോദിക്കാം എന്നായിരുന്നു ആദ്യം മനസ്സില്‍ കരുതിയത്. പക്ഷേ അതിനോടും ആളുകള്‍ക്ക് ഭ്രമമുണ്ട്... പൊന്നിനും പണത്തിനുമാണ് ഇന്നും ആളുകള്‍ മൂല്യം കല്‍പിക്കുന്നത്.. പണത്തിനും പൊന്നിനും മൂല്യമില്ല എന്ന് ഞാനും പറയുന്നില്ല.. കാരണം ജീവിക്കണമെങ്കില്‍ എനിക്കും പണത്തിന് ആവശ്യമുണ്ട്. പക്ഷേ അവയ്ക്ക് മൂല്യം കല്‍പ്പിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ക്ക് മൂല്യമില്ലെന്ന് ആളുകള്‍ തര്‍ക്കിക്കുന്നത് എന്തിനാണ്. അതിനെ പൊളിക്കണമായിരുന്നു എനിക്ക്.. 
50 പുസ്തകങ്ങളുടെ ലിസ്റ്റ് എങ്ങനെയാണ് സഹ്‍ല തയ്യാറാക്കിയത്?
പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെട്ട, ചര്‍ച്ച ചെയ്യപ്പെടുന്ന ചില പുസ്തകങ്ങളുടെ പേരുകള്‍ എഴുതിവെച്ചിരുന്നു. കയ്യില്‍ കാശുവരുമ്പോള്‍, ജോലി കിട്ടിയിട്ട് ഒക്കെ വാങ്ങാമെന്ന് മാത്രമായിരുന്നു അപ്പോള്‍ മനസ്സില്‍. ക്ലാസില്‍ പ്രൊഫസര്‍മാര്‍ റെക്കമന്‍റ് ചെയ്യുന്നത്, എവിടെയെങ്കിലും വായിക്കുമ്പോള്‍ കണ്ടെത്തുന്നത്..  നേരത്തെ എഴുതിവെച്ച പുസ്തകങ്ങളുടെ ആ ലിസ്റ്റാണ് ഞാന്‍ അനീസിന് കൊടുക്കുന്നത്. അത് 50 പുസ്തകങ്ങളുടേതായിരുന്നു എന്ന് മാത്രം. എല്ലാം ഇംഗ്ലീഷ് പുസ്തകങ്ങള്‍..  സാഹിത്യമുണ്ട്, രാഷ്ട്രീയമുണ്ട്, ഇസ്‍ലാമിക ഫെമിനിസമുണ്ട്, ഫെമിനിസമുണ്ട്... അങ്ങനെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍... വായിക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍ മാത്രമല്ല, നേരത്തെ വായിച്ച് സ്വന്തമാക്കാന്‍ ആഗ്രഹിച്ച പുസ്തകങ്ങള്‍ കൂടി ആ ലിസ്റ്റിലുണ്ടായിരുന്നു. ലിറ്ററേച്ചര്‍ പുസ്തകങ്ങളില്‍ അധികവും അങ്ങനെയുള്ളവയാണ്. 
പുസ്തകങ്ങള്‍ വാങ്ങി മ‍ഹ്റായി നല്‍കുക എന്നതിനപ്പുറം, അത് അനീസ് തന്റെ പ്രണയിനിക്കുള്ള സ്നേഹസമ്മാനമാക്കുന്നത് എങ്ങനെയാണ്?
ഈ പുസ്തകങ്ങളെ ഞങ്ങളുടേത് മാത്രമായ ഒരു ലൈബ്രറി കൂടിയായിട്ടാണ് അനീസ് കണ്ടത്. അതുകൊണ്ടുതന്നെ ലൈബ്രറിക്ക് ഒരു പേര് നിര്‍ദേശിക്കണം എന്ന് അനീസ് എന്നോട് പറഞ്ഞിരുന്നു. പുസ്തകക്കോട്ട എന്നര്‍ത്ഥത്തില്‍ ദ ബുക്ക് കാസ്റ്റില്‍ എന്ന പേരാണ് ഞാന്‍ നിര്‍ദേശിച്ചത്. I have always imagined that Paradise will be a kind of library എന്ന ജോര്‍ജ് ലൂയിസിന്റെ ഉദ്ധരണിയും പണ്ടൊരിക്കല്‍ ഞാന്‍ അവനോട് പങ്കുവെച്ചിരുന്നു. അതുവെച്ച് അവന്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു. എല്ലാ പുസ്തകങ്ങളിലും ആ പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. അതായിരുന്നു പുസ്തകത്തില്‍ അവന്‍ എനിക്കായി ഇട്ടുവെച്ച സിഗ്‍നേച്ചര്‍. 

എത്ര പവന്റെ പൈസ ഈ പുസ്തകത്തിന് വേണ്ടി അനീസ് ചെലവഴിച്ചിട്ടുണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ടാവില്ലേ?
പുസ്തകങ്ങള്‍ക്കെല്ലാംകൂടി വലിയൊരു തുകയായിട്ടുണ്ട്. പണത്തിന്റെ മൂല്യമാണ് ആളുകള്‍ അളക്കുന്നതെങ്കില്‍ ഒരു പവന്റെ പൈസപോലും ഈ പുസ്തകത്തിന് ചെലവായിട്ടുമുണ്ടാകില്ല. പക്ഷേ, 500 പവനേക്കാള്‍ മൂല്യമാണ് ഈ 50 പുസ്തകങ്ങള്‍ക്ക് ഞാന്‍ കല്‍പ്പിക്കുന്നത്. പുസ്തകങ്ങള്‍കൊണ്ട് ഉണ്ടാകുന്ന അറിവ് നമുക്ക് നല്‍കുന്ന വില അതിലേറെയാണ്. അതാണ് ഇനിയെങ്കിലും ആളുകള്‍ മനസ്സിലാക്കേണ്ടത്
എന്താണ് സമൂഹത്തോടും പെണ്‍കുട്ടികളോടും പറയാനുള്ളത്?
എനിക്ക് വേണ്ടി നിങ്ങള്‍ പൈസ ചെലവഴിക്കുന്നുവെങ്കില്‍ അത് എന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുകയെന്നാണ് എന്റെ രക്ഷിതാക്കളോട് ഞാന്‍ പറഞ്ഞത്. അതുതന്നെയാണ് എനിക്ക് എല്ലാ രക്ഷിതാക്കളോടും പറയാനുള്ളത്. അല്ലാതെ ജീവിതത്തിലെ ഉള്ള സമ്പാദ്യം മുഴുവനും ചെലവഴിച്ചും പിന്നെ കടം വാങ്ങിയും പെണ്‍മക്കളെ കെട്ടിച്ചയക്കുകയല്ല വേണ്ടത്.  വിവാഹം എന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്ന് മനസ്സിലാക്കുന്നതിന് പകരം, ജീവിതമേ വിവാഹം എന്നാണ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. വിവാഹം ഒരു ബാധ്യതയാവരുത്, ഒരു സാധ്യത മാത്രമാണത്. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതു മുതല്‍ എന്റെ സഹപാഠികളുടെ വിവാഹം നടക്കുന്നത് കണ്ട് അന്തം വിട്ടിട്ടുണ്ട് ഞാന്‍. അതേ അവസ്ഥയും സാഹചര്യവുമാണ് ഇന്ന് എന്‍റെ അനിയത്തികളും പങ്കുവെക്കുന്നത്. കൊല്ലവും കുട്ടികളും മാത്രമാണ് മാറുന്നത്. സാഹചര്യത്തിന് മാറ്റമൊന്നുമില്ല. ഇതെന്നെ ഭയങ്കരമായി ബാധിച്ചിട്ടുണ്ട്.. ഇതിനെതിരെയുള്ള എന്റെ സംസാരങ്ങളെ ആണ്‍വിരോധമായാണ് ആളുകള്‍ വിലയിരുത്തിയത്. കല്ല്യാണം കഴിഞ്ഞും പഠിക്കാലോ എന്ന് പറഞ്ഞ് പ്ലസ്ടുവിന് പഠിക്കുമ്പോള്‍ തന്നെ വിവാഹപന്തലിലേക്ക് ഇറക്കിവിടുന്നതിന്റെ കാപട്യമാണ് പെണ്‍കുട്ടികള്‍ തിരിച്ചറിയേണ്ടത്. അറിവില്ലാത്ത പ്രായം, ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിലുള്ള പക്വത കുറവ്.. പിന്നെ ഗര്‍ഭിണി, പ്രസവം, കുഞ്ഞു കുട്ടികള്‍ അവിടെ കഴിഞ്ഞു തുടര്‍പഠനവും ജോലിയുമൊക്കെ... വിവാഹത്തോടെ എന്തിനാണ് പെണ്‍കുട്ടികള്‍ തന്റെ സ്വപ്നങ്ങളെ വേണ്ടായെന്ന് വെക്കുന്നത്. ഇത് ആരോടാണ് അഡ്രസ് ചെയ്യേണ്ടത്, എവിടെയാ തുടങ്ങേണ്ടത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്. പുരുഷന്മാരെ പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം, സ്ത്രീകളാണ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.. അപ്പോള്‍ കുടുംബവും കൂടെ നില്‍ക്കും. എന്റെ അനുഭവം തന്നെ അതാണ്. അല്ലാതെ അത് ആണ്‍വിരോധമൊന്നുമല്ല. 

ഭാവി പരിപാടികള്‍
മീഡിയ ഫീല്‍ഡില്‍ ഇറങ്ങണം എന്നുതന്നെയാണ് ആഗ്രഹം. ചില അഭിമുഖങ്ങള്‍ കഴിഞ്ഞു.. ഇനിയും ചില അഭിമുഖങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ടിംഗ് ആണ് ഇപ്പോഴത്തെ ഡ്രീം
മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശിയാണ് സഹ്‍ല. ഫറൂഖ് കോളജില്‍ ബിഎ ഇംഗീഷ് പഠനത്തിന് ശേഷം ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയിരിക്കയാണ് ഇപ്പോള്‍. അധ്യാപകനായ ഷംസുദ്ദീന്റെയും റംലയുടെയും മകള്‍. രണ്ട് അനിയത്തിമാരാണ് സഹ്‍ലയ്‍ക്ക്. ഒരാള്‍ ഡിഗ്രി ഒന്നാംവര്‍ഷം, ഇളയ ആള്‍ ഏഴാം ക്ലാസില്‍.
മലപ്പുറം എംഐസി കോളജില്‍ അധ്യാപകനും ആര്‍ട്ട് ഡയറക്ടറുമാണ് ചേളാരി സ്വദേശിയായ അനീസ്.. ചടങ്ങിനെത്തിയ സുഹൃത്തുക്കള്‍ പകര്‍ത്തിയ ഫോട്ടോയും ആ ഫോട്ടോയ്ക്കൊപ്പം അവരിട്ട സ്റ്റാറ്റസും കൂടിയായപ്പോള്‍ നവമാധ്യമങ്ങളില്‍ താരങ്ങളായി മാറുകയയായിരുന്നു സഹ്‍ലയും അനീസും.


സഹ്‍ലയുടെ പുസ്തകങ്ങളുടെ ലിസ്റ്റ്

1. The second sex
2. Letters to Sartre- Simone De Beavour
3. Public intellectual in India- Romila Thapper
4. Veronica decides to die- Paulo Coelho
5. Twenty love poems- Pablo Neruda
6. The Bell Jar- Sylvia plath
7. Birthday Letters- Ted Hughes
8. Interpretation and Over Interpretation- Umbert0
Eco
9. Sources of Self- Charles Taylor
10. Margins of the state- Veena Das
11. Discipline and Punishment
12. The history of sexuality
13. Madness and Civilization- Foucault
14. Illustarated Rumi-A Treasury of Wisdom From the poet of the soul-Manuela M.Dunn
15. Subaltern studies (full volume)
16. Politics of piety- Saba Mahmood
17. Being a Muslim in the World- Hamid Dabashi
18. The Enlightenment Qur'an: The Politics of
Translation and the Construction of Islam- Ziad
Elmarsafy
19. Speaking in God's Name: Islamic Law, Authority
and Women - Khaled Abou El Fadl
20. A Lover's Discourse – Roland Barthes
21. Pedagogy of the Oppressed- Paulo Freire, Myra
Bergman Ramos
22. The Wretched of the Earth - Frantz Fanon
23. Love in the Time of Cholera
24. One Hundred Years of Solitude
25. Of Love and Other Demons
26. Chronicle of a Death Foretold - Gabriel Garcia Marquez
27. Existentialism Is a Humanism
28. Being and Nothingness - Jean-Paul Sartre
29. The Politics of Personal Law in South Asia: Identity, Nationalism and the Uniform Civil Code-Partha S. Ghosh
30. The Other Side of Silence- Urvashi Butalia
31. Disgrace- J.M Coetzee
32. Antony and Cleopatra
33. Hamlet
34. Julius Caesar
35. Romeo and Juliet -William Shakespeare
36. Do you remember Kunan Poshpora -
37. On Suicide bombing
38. Genealogies of religion: discipline and reasons of power in Christianity and Islam- Talal Asad
39. Why India vote - Mukulika Banarjee
40. Geethanjali - Rabindhranath Tagore
41.The Psychopath Test: A Journey Through the Madness Industry - Jon Ronson
42. The Death & Life of American Journalism- John Nichols & Robert McChesney
43. The Trust - Susan E. Tifft and Alex S. Jones
44. The Journalist and the Murderer (1990)- Janet Malcolm
45. Bird by Bird (1994)- Anne Lamott
46. Anatomy of Injustice: A Murder Case Gone Wrong - Ray Bonner
47. Fear and Loathing in Las Vegas - Hunter S. Thompson
48. Gujarat files: Anatomy of a cover up - Rana Ayyub
49. The lonely city : adventures in the art of being alone - Olivia Laing
50. Widows and half widows: Saga of Extra-Judicial arrests and killings in Kashmir - Afsana Rashid

88 വയസ്സിലും ഖദീജ മറന്നിട്ടില്ല, 1971 ലെ ആ ഹജ്ജ് യാത്ര



മാങ്കാവിനടുത്ത് കാളൂര്‍ റോഡില്‍ ലവ് ഡെയ്‌ലിലെ എം സി ബീരാനാജിയും ഭാര്യ ഖദീജയും 1971 ലാണ് ഹജ്ജിന് പോകുന്നത്. ബോംബെ വഴി... അന്നത്തെ തന്റെ ഹജ്ജ് യാത്രയുടെ ഓര്‍മകള്‍ 45 വര്‍ഷത്തിന് ശേഷം കദീജ ഉമ്മ ഓര്‍ത്തെടുക്കുകയാണ്..
ഇപ്പോള്‍ 88 വയസ്സായി ഖദീജയുമ്മയ്ക്ക്.. ഒമ്പതുവര്‍ഷം മുമ്പ് കാലിന് ചെറിയൊരു ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്.. ഒരുവര്‍ഷം മുമ്പുണ്ടായ ഇളയമകളുടെ വിയോഗം ഇപ്പോഴും മാനസികമായി അലട്ടുന്നുണ്ട് എന്നതൊഴിച്ചാല്‍ പറയത്ത ആരോഗ്യപ്രശ്‌നങ്ങളോ ഓര്‍മക്കുറവോ ഒന്നുമില്ല.. ആരോഗ്യത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ബിരിയാണിയും പത്തിരിയും ഇറച്ചിയും കോഴിക്കോടന്‍ പലഹാരങ്ങളുമെല്ലാം വെച്ചുവിളമ്പാന്‍ ഇഷ്ടമാണെങ്കിലും, കഴിക്കാന്‍ ഇഷ്ടം പച്ചക്കറിയാണെന്ന് മറുപടി.


ഉമ്മ എത്ര വയസ്സുള്ളപ്പോഴാണ് ആദ്യായിട്ട് ഹജ്ജിന് പോയതെന്ന് ഓര്‍മയുണ്ടോ?
അത് 71 ലാണ്.. ആ കൊല്ലാണ് ഞാന്‍ ആദ്യായിട്ട് ഹജ്ജിന് പോണത്.. അത് ബോംബെ വഴി. പിന്നെ പോയത് 95ലാണ്, മദ്രാസില്‍ നിന്നാ അന്ന് പോയത്.. 71 ല് പോകുമ്പോ ഇനിക്ക് 43 വയസ്സാണ്.. ഇളയ മോളെ വയറ്റിലും.. ആറുമാസം ആയിട്ടുണ്ടാകും..

ഉമ്മാന്റെ പാസ്‌പോര്‍ട്ട് പ്രകാരം ജനനവര്‍ഷം 1935 ആണല്ലോ.. അപ്പോ ഹജ്ജിന് പോകുമ്പോ 36 വയസ്സല്ലേ ഉണ്ടാവുകയുള്ളൂ..?
അത് പാസ്‌പോര്‍ട്ട് എടുക്കാന്‍ വേണ്ടി അന്ന് അങ്ങനെയൊക്കെയാ.. വയസ്സൊക്കെ തോന്നിയപോലെയാ ആള്‍ക്കാര് പറയുക.. 15 വയസ്സിലാ ഇന്റെ കല്യാണം കഴിഞ്ഞത്. ഹജ്ജിന് പോകുമ്പോ ഇളയ മോളെ എനിക്ക് വയറ്റിലാണെന്ന് പറഞ്ഞില്ലേ. അത് ഇന്റെ പതിനൊന്നാമത്തെ പ്രസവമായിരുന്നു. അതോണ്ട് ഇനിക്ക് വയസ്സ് തെറ്റില്ല.

ഹജ്ജിന് പോകുമ്പോ വയറ്റിലോ.. അതും ആ കാലത്ത്, അത്രയും ദൂരം... ഉമ്മ എങ്ങനെ പോയി?
പോയി.. പോണംന്നായിരുന്നു മനസ്സിലെ നിയ്യത്ത്. അതുവരെ പത്തു പ്രസവിച്ചിട്ടും രണ്ടാമത്തെ പ്രസവത്തിലുള്ള മകളെ മാത്രമേ എനിക്ക് ജീവനോടെ കിട്ടിയിരുന്നുള്ളൂ. ബാക്കിയുള്ള കുട്ടികളൊക്കെ ജനിക്കും, ഒരാഴ്ചയോ രണ്ടാഴ്ചയോ ജീവിക്കും.. മരിക്കും.. അതായിരുന്നു ഇന്റെ വിധി... ഇങ്ങനെ പള്ളേലാവലും കുട്ട്യോള് മരിക്കലും ഒക്കെ ആയതോണ്ട് അതുവരെ ഹജ്ജിന് പോകാന്‍ എനിക്ക് സാധിച്ചില്ല... ഈ കുട്ടിനെങ്കിലും ഇനിക്കും കിട്ടണം ന്റെ പടച്ചോനെ ന്ന്, ആ മണ്ണില് പോയി തേടാലോന്നായിരുന്നു അപ്പോ മനസ്സില്.

ഉമ്മാക്കൊപ്പം യാത്രയ്ക്ക് ആരൊക്കെയുണ്ടായിരുന്നു?
അതിന് മുമ്പ് കോഴിക്കോടിന് പുറത്ത് എവിടേയും പോയിട്ടില്ല ഞാന്‍. ആദ്യ യാത്രയാണ്. കൂടെ ഭര്‍ത്താവുണ്ട്. അപ്പോഴേക്കും മകളുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ട് മരുമകന്റെ ഉമ്മയും ഉപ്പയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. മംഗലാപുരത്ത് നിന്ന് വിമാനത്തില്‍ പോകാനായിരുന്നു വിചാരിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക്. പക്ഷേ അവിടെ എത്തിയപ്പോഴേക്കും നേരം വൈകി, വിമാനം പോയി. പിന്നെ മരുമോന്‍ കാറുമായി വന്നു. ആ കാറില് അവിടുന്ന് ബോംബെയ്ക്ക് പോകുകയായിരുന്നു. കുറച്ചുദിവസം ബോംബെയില്‍ നിന്നു. ബോംബെയില്‍ നിന്നാണ് വിമാനം കയറിയത്.

ബോംബെയില്‍ അത്രയും ദിവസം താമസിച്ചത് എവിടെയായിരുന്നു?
ബോംബെയില്‍ മരത്തിന്റെ കച്ചോടാണ് എളാപ്പാക്ക്- അന്‍സാരി ബ്രദേഴ്‌സ്. അന്ന് ബോംബെയിലെത്തുന്ന മലയാളികളുടെ ഒരു അത്താണിയാണ് അന്‍സാരി ബ്രദേഴ്‌സ്. ഹജ്ജ് സീസണായാല്‍ പ്രത്യേകിച്ചും. ഞങ്ങളുടെ താമസം അവിടെയായിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല...
ഹജ്ജിന് പോകുന്നവര്‍ക്ക് അന്ന്് ബോംബെയില്‍ വഖ്ഫ് ബോര്‍ഡിന്റെ സ്ഥലത്ത് ഒരു മുസാഫര്‍ ഖാന ഉണ്ടായിരുന്നു. അവിടെയായിരുന്നു അധികം പേരും അക്കാലത്ത് താമസിച്ചിരുന്നത്.. ഒരു സത്രം പോലെയുള്ള ഒരു സ്ഥലമാണ് അത്.

ആദ്യായിട്ട് വിമാനത്തിലും ട്രെയിനിലും ഒക്കെ കയറേണ്ടി വന്നപ്പോള്‍ പേടി തോന്നിയോ?
ഇനിക്കന്ന് ഭയങ്കര ധൈര്യാണ്.. പത്തുപെറ്റ് ഒമ്പതുകുട്ടികളെയും നഷ്ടായ ഒരു പെണ്ണ്. നേരത്തെ എനിക്ക് ടൈഫോയിഡ് വന്നിരുന്നു... അന്ന് മരിച്ചെന്ന് ഉറപ്പിച്ചതാ എല്ലാരും.. ടൈഫോയിഡ് വന്ന് മാറിയ എന്റെ മുലപ്പാല്‍ കുടിച്ചിട്ടാണ് കുട്ടികള്‍ മരിച്ചുപോകുന്നത് എന്നൊക്കെ പറഞ്ഞിരുന്നു എല്ലാരും.. അങ്ങനെയൊക്കെ ജീവിതത്തെ നേരിട്ട ഞാനെന്തിന് വിമാനത്തില്‍ കയറുമ്പോള്‍ പേടിക്കണം.. തീവണ്ടി അന്ന് കരിവണ്ടിയാണ്.. ആകെ കറുത്തുപോയി..(ചിരിക്കുന്നു).

അന്ന് എത്ര വന്നു യാത്രാചെലവ്?
അങ്ങോട്ടും ഇങ്ങോട്ടും കൂടിയുള്ള യാത്ര ചെലവ്, 40-45 ദിവസത്തെ അവിടുത്തെ താമസം എല്ലാം കൂടി ഞങ്ങള്‍ നാലുപേര്‍ക്കും കൂടി 10,000 രൂപയാണ് അന്ന് ആകെ ചെലവായത്. അതായത് ഒരാള്‍ക്ക് 2500 രൂപ. പിന്നെ  പത്തോ ഇരുന്നോറോ രൂപയ്ക്ക് എന്തോ വാങ്ങിയിട്ടുണ്ടാകും.

അവിടെയെത്തിയിട്ടുള്ള കാര്യങ്ങളൊക്കെ ഉമ്മാക്ക് ഓര്‍മയുണ്ടോ?
അവിടെ വിമാനം ഇറങ്ങിയ ഉടനെ ഞങ്ങളുടെ കെയര്‍ടേക്കര്‍ വന്നു. ഒരു ഫക്ക്ര്‍ ജമാല്‍.. ബസ്സില്‍ വേറെയും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഞങ്ങളെ നേരെ ത്വവാഫ് ചെയ്യാനാണ് കൊണ്ടുപോയത്. അതിന് ശേഷമാണ് പിന്നെ താമസസ്ഥലത്ത് എത്തിക്കുന്നത്.. മദീനയിലും പോയിരുന്നു.. മൂന്നുദിവസം അവിടെ താമസിച്ചു.

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വയറ്റിലായിരുന്നിട്ടും ഉമ്മാക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലേ..?
നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലും നമ്മളത് ആരോടും പറയാന്‍ പാടില്ല.. പറഞ്ഞാല്‍ ഹജ്ജിന്റെ ഫലം കിട്ടില്ലെന്നാണ് പറയുക... ഞാന്‍ ഗര്‍ഭിണി ആയതോണ്ട് കൂടെയുള്ളവര്‍ പറയും അതുചെയണ്ട, ഇത് ചെയ്യണ്ട, അങ്ങോട്ട് പോണ്ട, ഇവിടെ ഇരുന്നാല്‍ മതി എന്നൊക്കെ... ഞാനതൊന്നും കേട്ടിട്ടില്ല... കൂടെയുള്ളവര്‍ ചെയ്ത എല്ലാ കര്‍മ്മങ്ങളും ഞാനും ചെയ്തു...

വേറെ സ്ത്രീകള്‍ ആരെങ്കിലുമുണ്ടായതായി ഓര്‍ക്കുന്നുണ്ടോ?
കൂടെ മരുമകന്റെ ഉമ്മ ഉണ്ടായിരുന്നു.. പിന്നെ പുറക്കാട്ടിരിന്നോ മറ്റോ രണ്ട് പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു.. പിന്നെ ഏതൊക്കെയോ നാട്ടുകാര്, ഭാഷക്കാര്... അങ്ങനെ കുറേ പെണ്ണുങ്ങളൊക്കെ ഉണ്ടായിരുന്നു...

പോയിക്കഴിഞ്ഞ ശേഷം നാട്ടിലെ എന്തെങ്കിലും വിവരം അറിഞ്ഞിരുന്നോ... 
എന്ത് വിവരം അറിയാന്‍... എങ്ങനെ അറിയാന്‍... ആകെയുള്ള വഴി കത്ത് അയയ്ക്കുക എന്നതാണ്.. കത്ത് ഇവിടെ കിട്ടി, ഇവിടുന്നുള്ള മറുപടി അവിടെ എത്തുമ്പോഴേക്കും ഹജ്ജിന് പോയ ആള്‍ നാട്ടിലെത്തിയിട്ടുണ്ടാകും.. അങ്ങനത്തേത്, ഇപ്പോ ഹജ്ജ് ചെയ്യുന്നത് നാട്ടില്‍ മൊബൈലില്‍ കാണാം എന്നാണ് കുട്ടികളൊക്കെ പറയുന്നത്... കാലം അത്രയും മാറിയില്ലേ...

95 ല്‍ പിന്നെയും പോയില്ലേ, എന്തുമാറ്റമാണ് അപ്പോഴേക്കും അവിടെ വന്നത്?
ആദ്യം പോകാതെ പോയതല്ലേ ഞാന്‍.. അതിന്റെ ഭയങ്കര സന്തോഷമുണ്ടായിരുന്നു പോയപ്പോള്‍.. രണ്ടാമത്തെ തവണ പോയത് മദ്രാസില്‍ നിന്നാണ്.. അന്ന് അത്രയധികം ദിവസമൊന്നും നിന്നിട്ടില്ല.. ആദ്യത്തേതിലും തിരക്ക് കൂടി, അതുതന്നെ രണ്ടാം തവണ പോയപ്പോള്‍ തോന്നിയ മാറ്റം..  ഇപ്പം അതിലും തിരക്കാണെന്നാണ് മക്കളൊക്കെ പറയുന്നത്..

ഉമ്മാന്റെ കുട്ടിക്കാലത്തെപ്പറ്റി?
ഇനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഉപ്പ മരിക്കുന്നത്. മാഹിക്കാരനായിരുന്നു. പിന്നെ ഉമ്മയും ഞാനും ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു താമസിച്ചത്. മൂത്താപ്പക്ക് മരത്തിന്റെ കച്ചോടായിരുന്നു. അതില്‍ മൂത്താപ്പക്ക് സഹായത്തിന് ഒരാളുണ്ടായിരുന്നു.. മൂപ്പരാണ് പിന്നെ ഉമ്മാനെ കല്യാണം കഴിക്കുന്നത്. ഇനിക്കത്ത് ഏഴാം വയസ്സാണ്.. അതില്‍ എനിക്ക് മൂന്ന് അനിയന്മാരും ഒരു അനിയത്തിയുമുണ്ട്. മൂത്താപ്പന്റെ ആവശ്യത്തിന് അന്നേ എളാപ്പ ബോംബെയിലൊക്കെ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് പിന്നെ ബോംബെയില്‍ മരക്കച്ചവടം തുടങ്ങുന്നത്.. അന്‍സാരി ബ്രദേഴ്‌സിന്റെ തുടക്കം അങ്ങനെയാണ്.

അന്നത്തെ അഞ്ചാംക്ലാസ് വിദ്യാഭ്യാസം ഉണ്ട് എനിക്ക്. അന്നേയുണ്ട് പെണ്‍കുട്ടികളെ ചെറുപ്പത്തിലേ കെട്ടിക്കാന്‍ പാടില്ലാന്നുള്ള നിയമമൊക്കെ.. ബാപ്പല്യാത്ത കുട്ടിയായോണ്ട് ഇന്റെ കല്യാണസമയത്ത് അങ്ങനത്തെ എന്തൊക്കെയോ പുകിലും ഉണ്ടായിരുന്നു.. പിന്നെ ഉപ്പാന്റെ വീട്ടില് വെച്ച് 15 വയസ്സില് തന്നെയാ ഇന്റെ കല്യാണം കഴിഞ്ഞത്. ഉപ്പാന്റെ ജ്യേഷ്ഠനാണ് അന്ന് കൈ കൊടുത്തത്.
23 കൊല്ലായി ഇപ്പം ഭര്‍ത്താവ് മരിച്ചിട്ട്... മൂപ്പരിക്ക്് ഒരു ഹജ്ജേ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ... ഞാന്‍ രണ്ടെണ്ണം ചെയ്തു.. ഇനി പോകാന്‍ വിധിയുണ്ടോ എന്നറിയില്ല. പോകാന്‍ തന്നെയാണ് പൂതി... പറ്റാണെങ്കില്‍ ഒന്ന് ഉംറയ്‌ക്കെങ്കിലും പോകണം....

അടുക്കളയില്‍ എരിയുന്ന പ്രൊഫഷണലുകള്‍...


വരന്...
എനിക്ക് അജ്ഞാതനായവനെ....
എനിക്ക് മുന്തിരിത്തോപ്പുകളില്‍ ചെന്ന് രാപ്പാര്‍ക്കേണ്ട....
അങ്ങകലെ സ്വര്‍ഗത്തില്‍വച്ച്
നീയെന്നെ താലിയണിയിക്കുകയും വേണ്ട..
ഇതാ, ഇവിടെ ഈ പരുപരുത്ത ഭൂമിയിലാണ്
എനിക്ക് ജീവിക്കേണ്ടത്...
പട്ടുചേലയും പൊന്‍പണ്ടങ്ങളുമല്ല എനിക്ക് വേണ്ടത്......
ചിറകുകളാണ്....
കാടകങ്ങളും തെരുവിടങ്ങളും തേടി നമുക്ക് നടക്കാം...
നമുക്കൊരുമിച്ച് പറക്കാം...
എന്നെയെന്ന പോലെ നീയെന്റെ
സ്വപ്നങ്ങളെയും പ്രണയിക്കുക..
കാരണം,
പ്രിയമുള്ളവനെ... നീയറിയുക.....
മഴനൂലുകള്‍ പോലെ സുതാര്യമായ കിനാവുകള്‍ കൊണ്ട് നെയ്‌തെടുക്കപ്പെട്ടവളാണ് ഞാന്‍ ....

(കടപ്പാട്-ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി മഞ്ജുഷ തോട്ടുങ്കലിന്റെ എഫ്ബി പോസ്റ്റ്)

       
അതെ, മഴനൂലുകള്‍ പോലെ സുതാര്യമായ കിനാവുകള്‍ കൊണ്ട് നെയ്‌തെടുക്കപ്പെട്ടവളാണ് ഓരോ പെണ്‍കുട്ടിയും.... തന്റെ കിനാവുകള്‍ നഷ്ടപ്പെടുത്താനായി ഒരിക്കല്‍ ഒരു വരന്‍ വരുമെന്ന ഭീതി അവളുടെ ഉള്ളില്‍ അതുകൊണ്ടുതന്നെ വല്ലാതെ തിളച്ചുവേവുന്നുണ്ട്.

വിദ്യാഭ്യാസരംഗത്തെ പുരോഗതിയും തത്ഫലമായി വിവാഹരംഗത്തുണ്ടായ അധോഗതിയും പെണ്‍കുട്ടികളെ വീണ്ടും ശൈശവവിവാഹത്തിലേക്ക് കൈ പിടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞാലും പഠനം തുടരാലോ എന്ന ന്യായം പറച്ചില്‍, ന്യായം പറച്ചിലായി മാത്രം തുടരുകയും, ഗര്‍ഭം, പ്രസവം, കുഞ്ഞ്, വീണ്ടും ഗര്‍ഭം, പ്രസവം, അടുത്ത കുഞ്ഞ്,പിന്നെ മാതാപിതാക്കളുടെ ശ്രുശ്രൂഷ എന്നിങ്ങനെ അവള്‍ മറ്റ് ജോലിത്തിരക്കുകളിലായിപ്പോകുകയും പഠനവും ജോലിയും മറക്കുകയും ചെയ്യുന്നു.  വിദ്യാഭ്യാസം ഒരുനല്ല വിവാഹബന്ധത്തിനുള്ള മാര്‍ക്കറ്റ് ആവുകയും മറുവശത്ത് വിദ്യാഭ്യാസത്തിനൊപ്പം പെണ്ണിന് കൂടുന്ന പ്രായം അവളുടെ വിവാഹകമ്പോളത്തിലെ മാര്‍ക്കറ്റ് ഇടിക്കുകയും ചെയ്യുന്നു.

പലപ്പോഴും ഒരു ആണ്‍കുട്ടിയുടെ വിവാഹം നേരം വൈകുന്നതിന് കാരണമായി പറയുന്നത് അവന് പഠനം പൂര്‍ത്തിയാക്കണമെന്നും ജോലി വേണമെന്നും ഒരു കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പക്വത ഉണ്ടാവണമെന്നുമൊക്കെയാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ ഘടകങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല. ഫെയര്‍നെസ് ക്രീമിന്റെ പരസ്യം പോലെ പെര്‍ഫെക്ട് മാച്ച് ആകണമെങ്കില്‍ എല്ലാം ഈക്വല്‍ ആവട്ടെയെന്ന് ആരും ചിന്തിക്കുന്നില്ല..

ബിരുദ കോഴ്‌സുകളിലായാലും പ്രൊഫഷണല്‍ കോഴ്‌സുകളിലായാലും 90 ശതമാനവും ഇപ്പോള്‍ പെണ്‍കുട്ടികള്‍ കയ്യടക്കിക്കഴിഞ്ഞ സംസ്ഥാനത്തു നിന്നാണ് വിവാഹവും കുടുംബവും കരിയറില്‍ ഇന്നും പെണ്‍കുട്ടികള്‍ക്ക് തടസ്സം തന്നെയാണ് എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നത്. എംഎസ്‌സി ബിരുദധാരികള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ നിന്ന് ഒരു ശാസ്ത്രജ്ഞ ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്?... ബിടെക്കിന് പഠിക്കുന്ന മിടുക്കികളൊക്കെ നല്ല എഞ്ചിനീയര്‍മാര്‍ ആവുന്നതിന് പകരം കറതീര്‍ത്ത ഒന്നാതരം ബിടെക് കുക്കുകളായി മാറുന്നത് എന്തുകൊണ്ടാണ്?....

പെണ്ണ് അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ കാലത്തോളംതന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്കും. ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ അവസാനിക്കുകയും ചെയ്യുന്നു.

‘‘പഠിപ്പിക്കോ’’
‘‘ഓ പഠിപ്പിക്കും, അവിടെ പെങ്ങന്മാരൊക്കെ പഠിപ്പുള്ളവരാ...’’
‘‘ജോലിക്ക് പോണ കുട്ടിയാ... അവര്‍ക്ക് അതിനൊന്നും എതിര്‍പ്പുണ്ടാകില്ലാലോ ലേ...’’
‘‘ഏയ് അവര് അങ്ങനത്തെ ആള്‍ക്കാരൊന്നുമല്ല, അതൊക്കെ അവര്‍ക്ക് സമ്മതാവും...’’

ഇന്ന് ഒരു പെണ്‍കുട്ടിക്ക് കല്യാണം ആലോചിക്കുമ്പോള്‍ പെണ്‍വീട്ടുകാരുടെ ഭാഗത്ത് നിന്നുയരുന്ന ചോദ്യങ്ങളും അവയ്ക്ക് ചെറുക്കന്റെ വീട്ടുകാരോ ഇടനിലക്കാരോ നല്‍കുന്ന മറുപടിയുടെ പൊതുസ്വഭാവത്തെയും ഇങ്ങനെ ചുരുക്കി വിവരിക്കാം...

മറുപടി അനൂകൂലമാണല്ലോ എന്ന സമാധാനത്തില്‍ മകളെ കെട്ടിച്ചുവിടുന്ന വീട്ടുകാര്‍ ആദ്യത്തെ വിരുന്നിന് തന്നെ മകളോട് വിവരം തിരക്കും...

‘‘അല്ല മോളെ, അവര് നിന്നെ ജോലിക്ക് പറഞ്ഞയക്കുന്ന കാര്യം എന്തെങ്കിലും പറഞ്ഞോ?...’’

അപ്പോഴേക്കും എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഇനി ജോലിക്ക് പോകുന്നില്ലായെന്ന് സ്വയം തീരുമാനിക്കുന്ന അവസ്ഥയിലേക്ക് അവള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകും. പിന്നെ അമ്മയുടെ മുഖത്ത് നോക്കാതെ പറയും-

‘‘ഏട്ടത്തിയമ്മ വീട്ടിലില്ലേ അമ്മേ... അവരും പിജിയൊക്കെ കഴിഞ്ഞതാണത്രെ... അവരെ ജോലിക്ക് വിടാന്‍ ഏട്ടന് ഇഷ്ടമില്ലായിരുന്നു... ഇനി ഇപ്പോ ഞാനായിട്ട് ജോലിക്ക് പോയാല്‍ ഏട്ടത്തിക്ക് വിഷമാവൂലേ ന്നാ അവിടുത്തെ അമ്മ ചോദിക്കുന്നത്... അമ്മക്ക് മക്കളും മരുമക്കളും ഒക്കെ ഒരുപോലെയല്ലേന്ന്... ചേച്ചി ഇത്രയും കാലം അവിടുത്തെ പണിയൊക്കെ ഒറ്റക്ക് എടുത്ത് തളര്‍ന്നിട്ടുണ്ട് പോലും.. അനിയന്റെ കല്യാണം കഴിഞ്ഞാല്‍ ഒരാളൂടെ വരൂലോ എന്ന് സമാധാനിച്ചു നില്‍ക്കുമ്പോ ഞാന്‍ ജോലിക്ക് പോയാല്‍ ഏടത്തി തെറ്റോന്നാ ചേട്ടനും പേടി... ഇത്രയും കാലം ചേട്ടന്റെ കാര്യമൊക്കെ നോക്കിയത് അവരല്ലേ....’’

അടുത്തിടെ കല്യാണം കഴിഞ്ഞ അയല്‍വാസി പെണ്‍കുട്ടിയോട്-
‘‘എന്തൊക്കെയുണ്ട് സുഖമാണോ... അമ്മായിഅമ്മപ്പോരും നാത്തൂന്‍പോരും ഒക്കെയുണ്ടോ’’ എന്ന് ചോദിച്ചപ്പോള്‍ വിഷാദത്തില്‍ ചാലിച്ച ചിരിയായിരുന്നു മറുപടി.... ‘‘ജോലിക്ക് പോയിത്തുടങ്ങിയോ’’ എന്ന് ചോദ്യത്തിന് ‘‘നിര്‍ത്തി’’ എന്ന് അവള്‍ പറഞ്ഞത് ചുണ്ടനക്കത്തില്‍ നിന്ന് മനസ്സിലാക്കുകയായിരുന്നു... സങ്കടത്താല്‍ അവളുടെ ശബ്ദം പുറത്തേക്ക് വന്നതേയില്ല.... ‘‘എന്തേ’’ എന്ന് തെല്ലൊരു നടുക്കത്തോടെയാണ് ചോദിച്ചത്...

‘‘എന്തായാലും ജോലിക്ക് പോകണം ഇത്ത, എന്നാലേ എന്റെ കല്യാണത്തിന്റെ കടം വീട്ടാന്‍ ഉപ്പയെ സഹായിക്കാന്‍ പറ്റൂ’’ -എന്നായിരുന്നു അവള്‍ കല്യാണത്തിന്റെ തലേന്ന് പോലും ആര്‍ജ്ജവത്തോടെ പറഞ്ഞത്...

ഇവിടെ വില്ലനായത്, അവളുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനായിരുന്നു... തന്റെ ഭാര്യ ഇവിടെ പണിയെടുത്ത് കഷ്ടപ്പെടുമ്പോള്‍ അനിയന്റെ ഭാര്യ അങ്ങനെ ജോലിക്ക് പോയി സുഖിക്കേണ്ട എന്ന് അയാള്‍ ഉത്തരവിട്ടു... ഇക്ക പറഞ്ഞാല്‍ മറുവാക്കില്ലാത്ത അനിയന്‍ അത് അനുസരിച്ചു.

*** *** *** ***

പഠനകാലത്ത് തന്നെ പാര്‍ട് ടൈം ആയി പ്രവര്‍ത്തിച്ച് മാധ്യമ പ്രവര്‍ത്തകയെന്ന പേര് സ്വന്തമാക്കിയ കൂട്ടുകാരിയെ നീണ്ടമൗനത്തിന് ശേഷം കണ്ടുമുട്ടിയത് പാരലല്‍ കോളജില്‍ സോഷ്യോളജി ട്യൂട്ടറായി...

‘‘ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സുണ്ടായിട്ടും എന്തേ നീ ചാനല്‍ വിട്ടു’’വെന്ന് നേരിട്ടുകണ്ടപ്പോള്‍ ചോദിച്ചുപോയി...

‘‘മോളായി.... അവളെ വളര്‍ത്തുന്നതിന്റെ പേരില്‍ ഞങ്ങള്‍ സ്ഥിരം വഴക്കായി...’’

കുട്ടികളായാല്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ചു വീട്ടിലിരിക്കല്‍ സാധാരണയാണ് എന്ന പക്ഷക്കാരന്‍ തന്നെയായിരുന്നു അവളുടെ ഭര്‍ത്താവായ മാധ്യമപ്രവര്‍ത്തകനും...

‘‘ഉപേക്ഷിച്ചു.... വീട്ടിലിരുന്നു.... ഇപ്പോള്‍ മോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി... അവള്‍ കൂടി വീട്ടിലില്ലാതെ ഇനിയും വീടടച്ചിട്ടിരുന്നാല്‍ ഇനി എന്നെ എനിക്ക് തിരിച്ചു കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ ഇറങ്ങി...  ചാനല്‍ജോലിക്ക് ഇനി പോയാല്‍ മകള്‍ സ്‌കൂള്‍ വിട്ട് എത്തുമുമ്പ് തിരിച്ചെത്തില്ലെന്ന് ബോധ്യമുള്ളതിനാല്‍ പാരലല്‍ കോളേജ് എങ്കില്‍ പാരലല്‍ കോളേജ് എന്ന് തീരുമാനിച്ചു... ഇത്ര ദിവസവും പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞതിനാല്‍ ഒട്ടും അപ്റ്റുഡേറ്റ് അല്ല ഞാന്‍... അതുകൊണ്ടുതന്നെ ഇനി ചാനലില്‍ ട്രൈ ചെയ്യാന്‍ ധൈര്യവുമില്ലെനിക്ക്....’’ അവള്‍ കൂട്ടിച്ചേര്‍ത്തു.

അവാര്‍ഡുകള്‍ വരെ നേടിയ നിരവധി റിപ്പോര്‍ട്ടുകളുടെ അമരക്കാരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ നിസംഗമായി ഇങ്ങനെ സംസാരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞുപോയി....

*** *** *** ***

നാലുപെണ്‍കുട്ടികളും ഒരു മകനുമാണ് സക്കീന-ഉസ്മാന്‍ ദമ്പതികള്‍ക്ക്. മകനെ പഠിപ്പിച്ച് എംബിഎക്കാരിയാക്കി. മൂത്തമകള്‍ പിജിക്കാരി, രണ്ടാമത്തെയാള്‍ ബിടെക്, മൂന്നാമത്തെ പെണ്‍കുട്ടി സിഎ, നാലാമത്തവള്‍ ഇപ്പോള്‍ ബിഫാമിന് പഠിക്കുന്നു.... മൂന്നു പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു...

‘‘മൂത്തവള്‍ ഇപ്പോള്‍ വീട് അടി-തുടയില്‍ ഗവേഷണം നടത്തുന്നു... രണ്ടാമത്തവള്‍ ബിടെക് കുക്കായി എന്നോ ജോലിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു.. മൂന്നാമത്തവള്‍ അടുക്കള ബജറ്റിന്റെ കാണാപ്പുറങ്ങളെ ഒരു ചാര്‍ട്ടേട് അക്കൗണ്ടിന്റെ പാടവത്തോടെ വിശകലനം ചെയ്യുന്നു... ഇനിയിപ്പോള്‍ ഒരാളും കൂടിയുണ്ട്... അവളും വിവാഹം കഴിഞ്ഞാല്‍ കുട്ടികള്‍ക്കും ഭര്‍ത്താവിനും മാത്രം മരുന്നുകളൊക്കെ കൊടുത്ത് അങ്ങനെ ജീവിക്കും....’’

-ഉസ്മാന്‍ ഇടയ്ക്ക് തന്റെ കൂട്ടുകാരോട് തമാശയായി പറയും... വളരെ പ്രതീക്ഷയോടെ പെണ്‍മക്കളെ പഠിപ്പിച്ച് വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുന്ന പിതാക്കന്മാരുടെ പ്രതിനിധിയാണ് അയാള്‍....

*** *** *** ***

ജോലിക്ക് പോകാന്‍ താത്പര്യമില്ലാത്ത ഭാര്യയെ കുറിച്ചാണ് ഹേമന്തിന് പറയാനുണ്ടായിരുന്നത്....

‘‘എസ്എസ്എല്‍സി മുതല്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയാണ് തുടര്‍ന്നുള്ള പരീക്ഷകളെല്ലാം അവള്‍ വിജയിച്ചത്. ഫിസിക്‌സിലായിരുന്നു പിജി... പിജി കഴിഞ്ഞയുടനെ വിവാഹം. വിവാഹം ഉറപ്പിക്കുമ്പോള്‍ ജോലിക്ക് പറഞ്ഞയക്കണമെന്ന ആഗ്രഹം അവളുടെ അച്ഛനുമമ്മയും പറഞ്ഞിരുന്നതുമാണ്. അതില്‍ രണ്ടാമതൊരു അഭിപ്രായം എന്റെ അച്ഛനുമമ്മയ്ക്കും ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഗര്‍ഭിണിയായി, അപ്പോള്‍ അവള്‍ തന്നെയാണ് പറഞ്ഞത് ഇനി പ്രസവം കഴിഞ്ഞിട്ട് പോകാമെന്ന്... പ്രസവം കഴിഞ്ഞപ്പോള്‍, തന്റെ അമ്മ ആവുന്നതും പറഞ്ഞതാണ്, ആറുമാസമായാല്‍ മറ്റ് ഭക്ഷണമൊക്കെ കൊടുത്തു തുടങ്ങാം... നീ ജോലിക്ക് പോയിക്കോ, കുഞ്ഞിനെ ഞാന്‍ നോക്കാം എന്ന്... കുഞ്ഞിനെ തനിച്ചാക്കി പോകാന്‍ മനസ്സുവരുന്നില്ലെന്നും കുറച്ചുകൂടെ വലുതാകട്ടെ എന്നും പറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറി... എനിക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അവളെയും കുട്ടിയേയും വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടുവന്നു... അവിടെ വെച്ച് രണ്ടാമത്തെ കുട്ടിയെയും ഗര്‍ഭം ധരിച്ചു... തിരിച്ച് നാട്ടിലെത്തിയെങ്കിലും അവളുടെ ഡിമാന്റ് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവിടെ ഗള്‍ഫില്‍ നിന്നാല്‍ മതിയെന്നാണ്... എങ്കില്‍പിന്നെ ഗള്‍ഫില്‍ എന്തെങ്കിലും ജോലി ശരിയാക്കി കൊടുക്കാമെന്നു കരുതി അതിനും ശ്രമിച്ചു.. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവള്‍ അതില്‍ നിന്നും ഊരിപ്പോന്നു... അവള്‍ ജോലിക്കൊന്നും ശ്രമിക്കാത്തതില്‍ അമ്മയ്ക്കാണ് വിഷമം... ഇത്രയും മാര്‍ക്ക് വാങ്ങി പഠിച്ച പെണ്‍കുട്ടിയെ കെട്ടിക്കൊണ്ടുവന്ന് വീട്ടിലിരുത്തിയാല്‍ നാട്ടുകാര്‍ അമ്മയെ അല്ലേ കുറ്റം പറയുക എന്ന വിഷമമാണ് അമ്മയ്ക്ക്...’’ ഹേമന്ത് പറയുന്നു..
.
‘‘ഇപ്പോള്‍ മക്കളൊക്കെ മുതിര്‍ന്നില്ലേ... സ്‌കൂളില്‍ പോകാനായില്ലേ... ഇനിയെങ്കിലും നീ എന്തെങ്കിലും ശ്രമിക്ക്... പി എസ്‌സിയെങ്കിലും ഒന്ന് എഴുത്... അല്ലെങ്കില്‍ കോച്ചിംഗിന് പോ.... എന്നൊക്കെ പറഞ്ഞു നോക്കി... അപ്പോള്‍ പറയുന്നത്.... നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്... മക്കളെ രണ്ടാളെയും സ്‌കൂളില്‍ വിടാനും... വിട്ടുവന്നാല്‍ പഠിപ്പിക്കാനും അവരുടെ കാര്യം നോക്കാനും തന്നെ സമയം തികയുന്നില്ല... അപ്പോഴാണ് ഇനി ഞാന്‍ ജോലിക്ക് പോകുന്നത് എന്ന്....

ഇനി നിര്‍ത്തി... ഇനി ഒരു ജോലിയൊക്കെ കിട്ടാനുള്ള പ്രായമൊക്കെ കഴിഞ്ഞു... ഒരു ജോലി എന്നൊക്കെ പറഞ്ഞാല്‍ ഒന്നുകില്‍ ഫ്രെഷേഴ്‌സ് ആവണം... അല്ലെങ്കില്‍ എക്‌സ്പീരിയന്‍സ് വേണം... ഇതും രണ്ടും അല്ലാതെ വെറുതെ വീട്ടിലിരുന്ന് സമയം കളഞ്ഞവരെ ആര് ജോലിക്കെടുക്കാനാണ്...’’

ഹേമന്തിന്റെ വാക്കുകളില്‍ അമര്‍ഷം പുകയുന്നു....

*** *** *** ***

ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇഷ തനിക്ക്  തന്റെ ഉപ്പയെ ഒട്ടും ഇഷ്ടമില്ലെന്ന് എപ്പോഴും പറയും... 24 വര്‍ഷം മുമ്പുള്ള പിജിക്കാരിയായ തന്റെ ഉമ്മയെ ജോലിക്കൊന്നും പറഞ്ഞയക്കാതെ വീട്ടിലിരുത്തിയതിന്റെ അമര്‍ഷമാണ് അവള്‍ക്ക് ഉപ്പയോട്.. കഴിഞ്ഞില്ല, നാലു പെണ്‍മക്കളാണ് എന്ന കാരണം പറഞ്ഞ് മൂത്ത ഇത്താത്തയെ പത്താംക്ലാസ് കഴിഞ്ഞ ഉടനെ കെട്ടിക്കുകയും ചെയ്തു. എസ്എസ്എല്‍സിക്ക് 80 ശതമാനത്തിലധികം മാര്‍ക്കുണ്ടായപ്പോഴാണ് ഉപ്പ ഇത്താത്തയോട് ഈ കണ്ണില്‍ച്ചോരയില്ലായ്മ ചെയ്തത്.

‘‘എന്റെ വീട്ടില്‍ ഉമ്മാക്ക് സഹായത്തിന് വരുന്ന റംലത്താത്ത എപ്പോഴും പറയും, കെട്ടിയോന് സുഖമില്ലാതായതുകൊണ്ടാ മോളെ ഞാന്‍ ഈ പണിക്ക് ഇറങ്ങേണ്ടി വന്നതെന്ന്... പഠിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നല്ല പണി കിട്ടില്ലായിരുന്നോന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്.. എന്റെ പെണ്‍മക്കളെ എന്തായാലും പഠിപ്പിക്കാതെ ഞാന്‍ കെട്ടിക്കില്ല.... അവരുടെ ഭാവി എന്താവും എന്ന് അറിയില്ലാലോ.... ഭാവിയില്‍ ഒരു ജോലിക്ക് പോകേണ്ട അവസ്ഥ വന്നാല്‍ പഠിപ്പുണ്ടായാല്‍ എന്റെ മക്കള്‍ക്ക് വീട്ടുജോലിക്ക് ഇറങ്ങേണ്ടിവരില്ലല്ലോ...’’

റംലത്താത്തയ്ക്കുള്ള ബുദ്ധിപോലും ഇക്കാര്യത്തില്‍ എന്റെ ഉപ്പയ്ക്കില്ലാതെ പോയല്ലോ എന്ന സങ്കടമാണ് തനിക്കെന്നാണ് ഇഷ പറയുന്നത്.

*** *** *** ***

വിഷ്ണു ജി  രാഘവന്‍ എന്ന സംവിധാനം ചെയ്ത ഓപ്പണ്‍ യുവര്‍മൈന്റ് എന്ന ചിത്രം ഒരുപടികൂടി കടന്ന് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നുണ്ട്.

താന്‍ കഷ്ടപ്പെട്ട് എംബിബിഎസ് പഠിച്ച് ഡോക്ടറായത് തന്റെ ഭര്‍ത്താവിന് അമേരിക്കയില്‍ചെന്ന് പൈനാപ്പിള്‍ പുളിശ്ശേരിവെച്ചു കൊടുക്കാന്‍ മാത്രമാണെന്ന് തിരിച്ചറിയുന്ന നിമിഷം, തന്റെ പഠനത്തിനായി അച്ഛന്‍ ചെലവഴിച്ച തുക സ്ത്രീധനത്തില്‍ നിന്ന് കുറയ്ക്കാന്‍ സന്മനസ്സുണ്ടാകണമെന്നും, ഭര്‍ത്താവിന് പുളിശ്ശേരിയൊക്കെ വെച്ചുകൊടുക്കുന്ന വേലക്കാരിക്ക് കൊടുക്കേണ്ടിവരുന്ന അത്ര കാശ് വേണ്ടെങ്കിലും 25000 രൂപ മാസം തരണമെന്നും വരന്റെ അമ്മയുടെ മുഖത്ത് നോക്കി പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നവളാണ് ഇതിലെ നായിക.


വിദ്യാഭ്യാസം ഒരിക്കലും വിവരത്തിന്റെ മാനദണ്ഡമല്ല. വ്യക്തിത്വമുള്ള, പരിഗണിക്കാന്‍ മനസ്സുള്ള ഒരു പുരുഷനെ അംഗീകരിക്കാന്‍ അവനേക്കാള്‍ വിദ്യാസമ്പയായ സ്ത്രീകള്‍ക്ക് മടിയുണ്ടാകില്ല. തിരിച്ച് ഭാര്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസയോഗ്യതയുണ്ട് എന്നത് ഇഗോയും കോംപ്ലക്‌സും മനസ്സില്‍ നിറയ്ക്കുന്നതിന് പകരം അത് അഭിമാനമായികാണുന്ന ഒരു മനസ്സ് പുരുഷന് ഉണ്ടാകണം. എങ്കില്‍ വിദ്യ നേടിയിട്ടും ഒരു ജോലിയെന്ന സ്വപ്‌നം അടിച്ചമര്‍ത്തേണ്ടിവരുന്ന ഒരുപാട് പെണ്‍മനസ്സുകള്‍ക്ക് അത് ആശ്വാസമാകും..
അവളായിട്ട് എന്തും വേണ്ടെന്ന് വെക്കും.... പക്ഷേ, മറ്റൊരാളുടെ നിര്‍ബന്ധത്തിന് വേണ്ടി അവളുടെ സ്വപ്‌നങ്ങളെ കുഴിച്ചുമൂടിയാല്‍ അത് ഇടയ്ക്ക് മണ്ണുമാന്തി തനിയെ പുറത്തുവന്ന് ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടേയിരിക്കും....

വിദ്യയ്ക്കും വരനുമൊപ്പം വേലകൂടിയുണ്ടെങ്കില്‍ മാത്രമേ പെണ്ണേ നിനക്ക് വിലയുണ്ടാകൂ എന്ന് തിരിച്ചറിയുക.... പൊട്ടിനും പൊന്നിനും വാശിപിടിക്കുന്നതിന് പകരം, വിദ്യയ്ക്കും ജോലിക്കും വേണ്ടി വാശിപിടിക്കുക... അത് നേടിയെടുക്കുംവരെ കലഹിക്കുക...