ഇന്ത്യാരാജ്യത്ത് കേന്ദ്രത്തിലും സംസ്ഥാനത്തിലും അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ ഓരോരോ സര്‍ക്കാരുകള്‍ ഭരണത്തിലേറാറുണ്ട്. പ്രതിവര്‍ഷം ബജറ്റ് തുകയില്‍ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തുകയും യഥാസമയം അവ പൂര്‍ത്തിയാക്കാറുമുണ്ട്. പക്ഷേ, എന്നും വാഗ്ദാനങ്ങളിലും കടലാസുകളിലും മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ് പ്രവാസി ക്ഷേമം. പ്രവാസികള്‍ക്കായി പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കും എന്നത് ഗള്‍ഫിലെത്തുമ്പോള്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇക്കാലം വരെ അത് വെള്ളത്തില്‍ വരച്ച വരയായി മാത്രം നിലനില്‍ക്കുകയാണ്.
കയ്യില്‍ സമ്പാദ്യമുള്ളവന് പുനരധിവാസപദ്ധതിയുണ്ട് എന്നാണ് നിലവിലെ അവസ്ഥ. അല്ലെങ്കില്‍ വിദേശത്തുള്ള പ്രവാസികളെല്ലാം സമ്പന്നരാണെന്നാണ് സര്‍ക്കാര്‍ ധാരണ. പാരമ്പര്യമായി ഗള്‍ഫുകാര്‍ ആയവരും കഠിന്വാധ്വാനവും ഭാഗ്യവും ഒരുപോലെ തുണച്ചവരും ചിലപ്പോള്‍ ആ ഗണത്തില്‍പെട്ടിട്ടുണ്ടാകാം. എന്നാല്‍ അങ്ങനെയല്ലാത്ത ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇപ്പോഴും അവിടെയും ഇവിടെയുമായി ജീവിച്ചും ജീവച്ഛവങ്ങളായും ഉണ്ടെന്നത് പലപ്പോഴും സര്‍ക്കാരുകളുടെ പരിഗണനാവിഷയമാകുന്നേയില്ല. പദ്ധതികള്‍ ഒരുപാട് പ്രഖ്യാപിക്കപ്പെടുന്നുണ്ടെങ്കിലും അതൊന്നും അര്‍ഹരിലേക്ക് എത്തുന്നില്ലെന്നര്‍ത്ഥം.
2009 ലാണ് പ്രവാസികള്‍ക്കായി കേരള പ്രവാസി ക്ഷേമബോര്‍ഡ് നിലവില്‍ വരുന്നത്. കേരള പ്രവാസി ക്ഷേമനിധിയില്‍ 55 വയസ്സിനുമുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിയമം. 5 വര്‍ഷമെങ്കിലും അംശാദായം അടച്ചാല്‍ 60 വയസ്സിനുശേഷം മാസം 1000 രൂപ പെന്‍ഷന്‍ ലഭിക്കും. അംശാദായം കേരളത്തിലെ എസ്ബിടി കൗണ്ടറുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ അടയ്ക്കാം. ഗള്‍ഫില്‍ നിന്ന് അടയ്ക്കാനുള്ള സംവിധാനം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് അറിയുന്നത്.
പലരും ജീവിതചെലവിനുതന്നെ ബുദ്ധിമുട്ടുന്നവര്‍. അസുഖവും കടവും തളര്‍ത്തുന്നവര്‍. ക്ഷേമനിധിയില്‍ മാസാമാസം നിശ്ചിത തുക അടയ്ക്കാന്‍തക്ക വരുമാനമില്ലാത്തവര്‍. 5 വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നതിന് ഒരു ഉറപ്പുമില്ലാത്തവര്‍. ഇവരുടെ കൂടി കണ്ണീരും അധ്വാനവും സഹനവുമാണ് കേരളത്തിന്റെ അടിത്തറ മെച്ചപ്പെടുത്തിയത് എന്ന ബോധം എന്നാണ് നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ടാകുക. കാലങ്ങളായി പ്രായപരിധി 60 വയസ്സാക്കി ഉയര്‍ത്തുമെന്ന് പറയാന്‍ തുടങ്ങിയിട്ട്. ഇതിനുള്ള നിയമഭേദഗതി അവസാന ഘട്ടത്തിലാണെന്നാണ് കാലങ്ങളായി നോര്‍ക്കമന്ത്രി പറയുന്നത്. ഇങ്ങനെയൊരു ക്ഷേമനിധി ഉണ്ടെന്ന് ഈ അടുത്ത കാലത്ത് അറിഞ്ഞുതുടങ്ങിയവരാണ് അവിദഗ്ധമേഖലയിലെ തൊഴിലാളികളില്‍ പലരും. പ്രത്യേകിച്ച് വീട്ടുജോലിക്കാരായ സ്ത്രീകള്‍. അവരില്‍ പലരും 80കളില്‍ കടലുകടന്നവരാണ്. ഇപ്പോള്‍ 55 വയസ്സ് കഴിഞ്ഞവരും. പ്രായപരിധി കടന്നുപോയി എന്നതുകൊണ്ട് അംഗമാകാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക സഹായനിധി രൂപീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതും ഇപ്പോഴും വാഗ്ദാനം മാത്രമായി ഒതുങ്ങുന്നു എന്നുമാത്രം.
ഏറ്റവും പുതിയ സംസ്ഥാന ബജറ്റില്‍ പ്രവാസികളുടെ പുനരധിവാസത്തിനായി നീക്കിവെച്ചത് 2.97 കോടി രൂപ. 2012-13 ലെ ബജറ്റില്‍ 2 കോടി രൂപയും ഇതേ ആവശ്യത്തിനായി നീക്കിവെച്ചു. തിരികെയെത്തിയ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് സ്വയം തൊഴില്‍സംരംഭം ആരംഭിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ആവശ്യമായ ധനസഹായവും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ തുക എന്നാണ് സര്‍ക്കാര്‍ നേരത്ത പറഞ്ഞത്. എന്നാല്‍ ഇതിനായി പ്രവര്‍ത്തിച്ച് വിജയകരമായി നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് മൂലധന/പലിശ സബ്‌സിഡി വഴി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനായി കെഎഫ്‌സി, സിഡ്‌കോ, എസ്ബിറ്റി മറ്റു പൊതുമേഖലാ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങള്‍ മുഖേന പ്രവാസി പുനരധിവാസ പദ്ധതി നടപ്പില്‍ വരുത്താനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. പരമാവധി 20 ലക്ഷം വരെയുള്ള പ്രോജക്ടുകള്‍ക്ക് പരമാവധി 10% മൂലധന സബ്‌സിഡിയാണ് നല്‍കാന്‍ തയ്യാറായിട്ടുള്ളത്. ഈ തുക അനുവദിച്ചു കിട്ടാനായി പ്രവാസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി കഴിഞ്ഞ ജൂണ്‍ 1 മുതല്‍ 30 വരെ ആയിരുന്നു. പക്ഷേ, രണ്ടു ബജറ്റിലുമായി നീക്കിവെച്ചതില്‍ നിന്ന് ഒറ്റ പൈസയും ഇതുവരെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നുമാത്രം. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതികള്‍ രൂപീകരിക്കാന്‍ ഒരു ക്യാബിനറ്റ് സബ്കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ഈ വകുപ്പിലെ മറ്റൊരു നാടകം.
പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഇനിയും ഒരുപാടുണ്ട്. ഇവയൊക്കെ നടപ്പില്‍ വരുന്നിടത്താണ് പ്രായോഗിക ബുദ്ധിമുട്ടുകള്‍. വിദേശരാജ്യങ്ങളില്‍ ജയില്‍മോചിതരാകുന്ന നിര്‍ധനരായ പ്രവാസി മലയാളികള്‍ക്ക് സൗജന്യവിമാനടിക്കറ്റ് നല്‍കന്ന സ്വപ്ന സാഫല്യം പദ്ധതി, ദുരിതമനുഭവിക്കുന്ന പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി തുടങ്ങിയവയൊക്കെ അവയില്‍ ചിലതുമാത്രം.
സംസ്ഥാനത്ത് നിക്ഷേപം നടത്താനും തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ബന്ധപ്പെട്ട ലൈസന്‍സിംഗ് ഉള്‍പ്പെടെ സഹായം നല്‍കുന്നതിന് വേണ്ടി നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തില്‍ ഒരു സെന്റര്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനും സര്‍ക്കാരിന് ആലോചനയുണ്ടെന്നറിയുന്നു. ഇതിനായി 2012-13 ബജറ്റില്‍ 50 ലക്ഷം രൂപയും, 2013-14 ബജറ്റില്‍ 1 കോടി രൂപയും വകയിരുത്തിയിട്ടുമുണ്ട്. എല്ലാം ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണെന്നുമാത്രം.
പ്രവാസികള്‍ക്കായുള്ള ലീഗല്‍ എയ്ഡ്‌സെല്ലാണ് മറ്റൊന്ന്. വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ തന്റേതല്ലാത്ത കാരണങ്ങളാല്‍ ശിക്ഷ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ എയ്ഡ്‌സെല്‍ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. 2012-13 ബജറ്റില്‍ 3.90 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബജറ്റും പ്രഖ്യാപിക്കപ്പെട്ടതിനുശേഷമാണ് സര്‍ക്കാര്‍ അംഗീകരിച്ച് പദ്ധതിക്ക് ഭരണാനുമതിയായത് എന്നുമാത്രം. പക്ഷെ, പദ്ധതി രൂപരേഖ സംബന്ധിച്ച് എംബസികളുമായി ധാരണയിലാകാത്തതിനാല്‍ ഇതിനകം ആര്‍ക്കും നിയമസഹായവും ലഭ്യമാക്കിയിട്ടില്ല. പദ്ധതിയില്‍ ലീഗല്‍ അവയര്‍നെസ്സ് കാമ്പയിനായി 17 ലക്ഷം രൂപയും പബ്ലിസിറ്റി കാമ്പയിനായി 40 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ എത്ര മലയാളികള്‍ ഉണ്ട് എന്നതിന്റെ കണക്കുകള്‍ തങ്ങളുടെ കയ്യിലില്ലെന്ന് നിയമസഭാ ചോദ്യോത്തരങ്ങളില്‍ സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. ബന്ധപ്പെട്ട രാജ്യങ്ങള്‍ ഈ വിവരം സംസ്ഥാന സര്‍ക്കാരിന് കൈമാറാത്തതാണത്രെ ഇതിന് കാരണം. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യില്‍ ഏതൊക്കെ നാടുകളില്‍ എത്ര ഇന്ത്യക്കാര്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളുണ്ട്. എന്നാല്‍ മലയാളികള്‍ എത്ര പേരുണ്ട് എന്നത് അവര്‍ക്കും അറിയില്ല. കുടുംബാംഗങ്ങളോ നാട്ടുകാരോ ഇടപെട്ട് വിവരം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ ആ വിവരം എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തി വേണ്ട നടപടികള്‍ക്ക് ശ്രമിക്കാറുണ്ടെന്നാണ് ഇക്കാര്യത്തില്‍ കേരളഗവണ്‍മെന്റിന് പറയാനുള്ളത്. യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ എത്ര പ്രവാസി മലയാളികള്‍ നാട്ടിലെത്തി എന്നതിന്റെ കണക്കും സര്‍ക്കാരിനില്ല. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇസ്മയില്‍ റാവുത്തറിനെ സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കയാണെന്ന മറുപടിയാണ് സര്‍ക്കാരിനുള്ളത്.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ ഗള്‍ഫ് മലയാളികളുടെ ക്ഷേമത്തിനായി ഒരു ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ് സമര്‍പ്പിച്ചിരുന്നുപോലും. പക്ഷേ അതുമായി ബന്ധപ്പെട്ട ഒരു രേഖയും പ്രവാസികാര്യവകുപ്പില്‍ ഇല്ല എന്നാണ് ഈ സര്‍ക്കാര്‍ പറയുന്നത്.
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 1996 ഡിസംബര്‍ 6 ന് നോണ്‍റെസിഡണ്ട് കേരളൈറ്റ് അഫയേഴ്‌സ് (നോര്‍ക്ക) എന്ന ഏജന്‍സി തുടങ്ങുന്നത് പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ജന്മനാട്ടില്‍ തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുക എന്നിവയൊക്കെയാണ് നോര്‍ക്കയുടെ ലക്ഷ്യങ്ങള്‍. നോര്‍ക്കയെ തുടര്‍ന്നാണ് സര്‍ക്കാരിനും പ്രവാസികള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി 2002 ല്‍ നോര്‍ക്കാ റൂട്ട്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്. ലോകത്തുതന്നെ ഇത്തരമൊരു സംവിധാനം ആദ്യം കേരളത്തിലാണ് ആരംഭിക്കുന്നത്. ഈ വര്‍ഷം നോര്‍ക്ക വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയിനത്തില്‍ 20.15 കോടി രൂപയും, പദ്ധതിയേതര ഇനത്തില്‍ 7,41,000 രൂപയും വകയിരുത്തി. ഈ തുകയില്‍ മടങ്ങിവന്നവരുടെ പുനരധിവാസത്തിനാണ് 2, 97,00,000 രൂപ. പ്രവാസികള്‍ക്കായുള്ള ക്ഷേമനിധിക്ക് 1,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്. പ്രവാസികളെ ബോധവത്കരിക്കാന്‍ നോര്‍ക്കയ്ക്ക് കഴിഞ്ഞ വര്‍ഷം ചെലവ് വന്നത് 44 ലക്ഷമാണ്. അതിനാല്‍ ഈ വര്‍ഷത്തെ ബോധവത്കരണത്തിന് നീക്കിവെച്ചിരിക്കുന്നത് 50 ലക്ഷമാണ്.
ക്ഷേമ- പുനരധിവാസ പദ്ധതികള്‍ ഒന്നുംനടക്കുന്നില്ലെങ്കിലും കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്ക് മുന്നോട്ടാണ്. രൂപയുടെ വിലയിടിവും ഈ ഒഴുക്കിന് ആക്കം കൂട്ടി. 2012 ല്‍ കേരളത്തിലെ കൊമേഴ്‌സ്യല്‍ ബാങ്കുകളിലുണ്ടായ മൊത്തം നിക്ഷേപം 2,20,489 രൂപയാണ്. ഇതില്‍ 62, 708 കോടി രൂപ പ്രവാസി മലയാളികളുടേതും. പോയവര്‍ഷം ഇത് 45,937 കോടിയായിരുന്നു. ഈ വര്‍ധനവ് പോലും പ്രവാസി സമൂഹത്തോടുള്ള കേരളത്തിന്റെ ഉത്തരവാദിത്വം കൂട്ടുന്നില്ല എന്നതിലാണ് സങ്കടം.
പ്രവാസി അയയ്ക്കുന്ന പണങ്ങള്‍ പ്രത്യുത്പ്പാദനപരമായ മേഖലകളിലേക്ക് വിനിയോഗിച്ച് അവനും കുടുംബത്തിനും വരുമാനോപാധി നല്‍കുന്ന സംരംഭങ്ങളിലേക്ക് തിരിച്ചുവിടാന്‍ ഇനിയും നമുക്കായിട്ടില്ല. ഗള്‍ഫ് പണത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ഇവിടെ സംഘടനകളും പദ്ധതികളുമില്ല. എന്തിന് ജില്ലകള്‍ തോറും ഇതിനായി ഒരു ഗൈഡന്‍സ് സെന്റര്‍ പോലുമില്ല. പ്രവാസികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ, വിദ്യാഭ്യാസ വ്യവസായ സംബന്ധമായ പദ്ധതികള്‍, പെന്‍ഷന്‍, ക്ഷേമനിധി, നിയമസഹായം എല്ലാ വിവരങ്ങളും അറിയാന്‍ ഒരു ഗൈഡന്‍സ് സെന്റര്‍- അതാത് പഞ്ചായത്തുകളില്‍ ഇനി എന്ന് നിലവില്‍ വരാന്‍.
കേരളത്തിലെ പഠനകേന്ദ്രങ്ങളുടെ നിലവാര തകര്‍ച്ചയും പലരും ചര്‍ച്ച ചെയ്തുകഴിഞ്ഞതാണ്. വിദേശ നാടുകളിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി, അവിടുത്തെ തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ച് അതിന് പറ്റിയ തൊഴിലാളികളെ വാര്‍ത്തെടുത്ത് വേണം ഗള്‍ഫുനാടുകളിലേക്ക് പറഞ്ഞയക്കേണ്ടത് എന്നത് കാലങ്ങളായി പല പ്രവാസി സംഘടനകളുടെയും ആവര്‍ത്തിച്ചുള്ള ആവശ്യമാണ്. അതുപോലെ തിരിച്ചുവരുന്നവരുടെ ഒരു കണക്കുമില്ലാത്തതുകൊണ്ടാണ് അവരെ നാടിനുപയോഗപ്പെടുത്താന്‍ സാധിക്കാത്തതും. ഇവരുടെ കഴിവും പരിചയവും യോഗ്യതയും വിലയിരുത്താനുള്ള സംവിധാനമോ, ഡേറ്റാ ബാങ്കോ പ്രവാസി വകുപ്പിലോ നോര്‍ക്കയിലോ ഉണ്ടാവണം. അതിനുള്ള ഒരുക്കവും ഇപ്പോഴും കടലാസില്‍ തന്നെ.
ഒരുകാലത്ത് പ്രവാസിയായിരുന്നു എന്ന ഓര്‍മകളില്‍ ജീവിക്കുന്ന അസുഖവും കടവും തളര്‍ത്തുന്ന ജീവിതങ്ങള്‍ക്ക് തുടര്‍ജീവിതത്തിന് എന്തുവഴി തുറന്നുകൊടുക്കാനാണ് നമുക്ക് സാധിക്കുക? സര്‍ക്കാരിന് സാധിക്കുക? എല്ലാവര്‍ക്കും ബിസിനസ്സ് തുടങ്ങാന്‍ തക്ക പലിശരഹിതവായ്പ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുമോ? അങ്ങനെ സാധിച്ചാല്‍ തന്നെ ബിസിനസ്സ് നടത്തി വിജയിപ്പിക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമോ? വിജയിപ്പിക്കാന്‍ സാധിച്ചാല്‍ തന്നെ ഇക്കണ്ട ആളുകള്‍ക്കെല്ലാം ചെയ്യാന്‍ പറ്റുന്ന എന്തൊക്കെ ബിസിനസ്സുകളുണ്ട് നമ്മുടെ നാട്ടില്‍? അല്ലെങ്കില്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി കൊടുക്കാന്‍ പറ്റുമോ? എല്ലാവര്‍ക്കും മാസാമാസം പെന്‍ഷന്‍ കൊടുക്കാന്‍ പറ്റുമോ?
പക്ഷെ ഇതെല്ലാം പകുത്ത് നല്‍കാന്‍ സര്‍ക്കാരിന് സാധിക്കില്ലേ? ബിസിനസ്സ് നടത്തി വിജയിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുള്ളവന് അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി നല്‍കിക്കൂടെ? അതിനുള്ള അവന്റെ ശ്രമങ്ങളെ ലഘൂകരിച്ചു നല്‍കിക്കൂടെ? പലിശയില്ലാത്ത വായ്പകള്‍ നല്‍കാം. സബ്‌സിഡികള്‍ നല്‍കാം. വ്യത്യസ്തമായ തൊഴിലവസരങ്ങള്‍ കണ്ടെത്താം. കഴിവും പരിചയവുമുള്ളവരെ അതാത് മേഖലകളിലേക്ക് തിരിക്കാം. പ്രൈവറ്റ് ആയാലും പബ്ലിക് സെക്ടര്‍ ആയാലും. പെന്‍ഷന് അര്‍ഹതയുള്ളവര്‍ക്ക്, ജോലി ചെയ്യാന്‍ ആവതില്ലാത്തവര്‍ക്ക് മാസം നിശ്ചിതതുക പെന്‍ഷനായി അനുവദിക്കണം. അവര്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളല്ലെങ്കില്‍ കൂടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അര്‍ഹരായ വ്യക്തികളെ കണ്ടെത്താനും ബുദ്ധിമുട്ടുണ്ടാവില്ല. അംഗനവാടി വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും ഇതിനായി നിയോഗിക്കാവുന്നതുമാണ്.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ പ്രവാസി പുനരധിവാസത്തിനായി മറ്റൊരു വഴിയും സ്വീകരിക്കാവുന്നതാണ്. നാട്ടില്‍ തിരിച്ചെത്തിയവനായാലും ഗള്‍ഫുകാരനായാലും പ്രവാസികളെ കൂട്ടിച്ചേര്‍ത്ത് വാര്‍ഡുതലത്തില്‍ ഓരോ ഗ്രൂപ്പുകള്‍ രൂപീകരിക്കുക. പ്രവാസികളിലെ ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ അതില്‍ അംഗങ്ങളാകണം. ഉള്ളവന്റെ കയ്യില്‍ നിന്ന് ഇല്ലാത്തവന്റെ കയ്യിലേക്ക് സമ്പത്തിനെ വിഭജിക്കണമെന്നല്ല, അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല എന്ന മഹദ് വചനത്തെ അനുസരിച്ചു ജീവിക്കുന്നവനാകുക ഓരോ ഉള്ളവനും. ഉള്ളവന്‍ തന്നാലാവുന്നത് ദാനം ചെയ്യുക, ദാനം ചെയ്യുന്നവന് ദാനം ചെയ്യുന്നത് ആര്‍ക്കെന്ന് അറിയരുത്. വാങ്ങുന്നവന് തനിക്ക് ദാനം തരുന്നത് ആരെന്ന് അറിയരുത്. അങ്ങനെ അറിയുകയാണെങ്കില്‍ അത് ഒരു അടിമ ഉടമ ബന്ധത്തിലേക്ക് വഴിമാറും. അതിനനുവദിക്കാതെ സകാത്ത് നല്‍കാന്‍ നോമ്പുകാലം വരെ കാത്തിരിക്കാതെ തന്റെ സമ്പാദ്യത്തിന്റെ ഒരുപങ്ക് ദാനം ചെയ്യാന്‍ ഓരോ പ്രവാസിയും തയ്യാറായാല്‍, മണലാരണ്യത്തില്‍ നമ്മുടെ കണ്‍മുമ്പില്‍ ചോര വറ്റി പണിയെടുത്ത് തളര്‍ന്ന ജീവിതങ്ങളെയും അവരുടെ ആശ്രിതരെയും പുനരധിവാസത്തിന്റെ പാതയിലെത്തിക്കാന്‍ നമുക്ക് സാധിക്കും.
(പ്രവാസധാര, സെപ്തംബര്‍ ലക്കം)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ