ആണറിയുമോ ഈ പെണ്‍നോവുകള്‍...?
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശില്‍പ. 'ആ ദിവസങ്ങളില്‍' സ്‌കൂളില്‍ പോകാന്‍ അവള്‍ക്ക് തീരെ ഇഷ്ടമില്ല. ദിവസം മുഴുവന്‍ ക്ലാസിലിരിക്കേണ്ടി വരുന്ന അസ്വസ്ഥതകളല്ല അതിനു കാരണം; സ്‌കൂളിലേക്കും തിരിച്ചുമുള്ള ബസ് യാത്രകളാണ്. സിറ്റിയിലെ സ്‌കൂളിലാണവള്‍ പഠിക്കുന്നത്. വീടും സ്‌കൂളും തമ്മില്‍ പതിനഞ്ച് കിലോമീറ്ററിലധികം ദൂരമുണ്ട്. അത്രയും ദൂരം നിന്നുകൊണ്ടുള്ള ബസ്സ്‌യാത്ര ആ ദിവസങ്ങളില്‍ അവള്‍ക്ക് അസഹനീയമാണ്. കണ്‍സഷന്‍ ടിക്കറ്റ് ആയതുകൊണ്ട് സീറ്റുണ്ടെങ്കിലും ഇരിക്കാന്‍ പാടില്ല. അതാണ് ബസ്സിലെ നിയമം. ഇരുന്നാല്‍ കണ്ടക്ടറുടെ തെറിയഭിഷേകം ഉറപ്പ്. നിന്നാലോ, നല്ല ശരീരവേദന കൂടിയുള്ള സമയമായതിനാല്‍ അയാളുടെ ബസ്സിലൂടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍, സ്ഥാനത്തും അസ്ഥാനത്തുമുള്ള ഡ്രൈവറുടെ ബ്രെയ്ക്ക് പിടിക്കലുകള്‍, വളവുതിരിവുകളിലെ അനാവശ്യ വളയ്ക്കലുകള്‍... തോളിലെ ബാഗ്... ഒരുവഴിയ്ക്കായിട്ടുണ്ടാകും ബസ്സില്‍ നിന്നിറങ്ങുമ്പോഴേക്കും. ഇതൊന്നും സഹിക്കാന്‍ വയ്യ, ലീവെടുക്കാനും വയ്യ എന്ന അവസ്ഥയിലാവും ഫുള്‍ടിക്കറ്റ് എടുക്കാമെന്ന് മനസ്സില്ലാമനസ്സോടെ തീരുമാനിക്കുന്നത്. എന്നാല്‍ പിന്നെ ഇരുന്നു യാത്ര ചെയ്യാമല്ലോ. അതും നാട്ടുകാര്‍ക്ക് പ്രശ്‌നമാണ്. കണ്‍സഷന്‍ ഉണ്ടായിട്ടും ഫുള്‍ ചാര്‍ജ്ജും കൊടുത്ത് സീറ്റിലിരിക്കുന്നത് എന്തോ വലിയ അപരാധമായാണ് നാട്ടുകാര്‍ കാണുന്നത്. 'പൈസക്കൊന്നും മക്കള്‍ക്ക് ഒരു വിലയുമില്ല', 'വീട്ടുകാരെ പറഞ്ഞാല്‍ മതി', 'അല്ലെങ്കിലും വീട്ടിലെ ബുദ്ധിമുട്ടൊന്നും മക്കള്‍ക്കറിയണ്ടല്ലോ' ഇങ്ങനെ പോകും ബസിനുള്ളിലെ കുശുകുശുക്കലുകള്‍... ഇതൊന്നും കാര്യമാക്കാതെ, തളര്‍ച്ചയില്‍ സീറ്റിലങ്ങനെ ഇരിക്കുമ്പോഴായിരിക്കും കുട്ടിയെയുമെടുത്ത് ആരെങ്കിലും കയറുന്നത്, അല്ലെങ്കില്‍ ഏതെങ്കിലും അമ്മൂമ്മ കയറുന്നത്, അതുമല്ലെങ്കില്‍ 'മോളെ കാലു വേദന ഒന്നു നീങ്ങിയിരിക്കുമോ' എന്ന് ഏതെങ്കിലും ആന്റിയുടെ ചോദ്യം. വിദ്യാര്‍ത്ഥിനി ആയിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് എഴുന്നേറ്റ് കൊടുക്കേണ്ടത് പലപ്പോഴും അവളുടെ ഉത്തരവാദിത്വമാവും. എഴുന്നേറ്റു കൊടുക്കാന്‍ അല്‍പം നേരം വൈകിയാല്‍ പിറകിലിരിക്കുന്ന അങ്കിളുമാരുടെ പലതരത്തിലുള്ള ഡയലോഗൂകള്‍ ഉയരും. പലപ്പോഴും തിരിഞ്ഞു നിന്ന് പറയാന്‍ തോന്നിയിട്ടുണ്ട്, 'മാസത്തിലെ എല്ലാ ദിവസവും പെണ്‍കുട്ടികള്‍ക്ക് ഒരുപോലെയല്ല അങ്കിളേ' എന്ന്.
***** *****
ഉറ്റ സുഹൃത്തുക്കളാണ് ദീപ്തിയും നസീമയും ജിബിയും. ഒരുമിച്ചു പഠിച്ച്, ഒരുമിച്ച് ജോലിക്ക് കയറിയവര്‍. കുറേക്കാലമായി നസീമയ്ക്ക് വിവാഹലോചനകള്‍ തുടങ്ങിയിട്ട് ഇതുവരെ ഒന്നും ശരിയായിട്ടില്ല. പഠിച്ച കുട്ടിയെ മതി എന്നു പറഞ്ഞാണ് ആലോചന വരികയെങ്കിലും മലബാറുകാരന്‍ ചെക്കന്മാര്‍ക്കെല്ലാം വെളുത്ത സുന്ദരിയായ പതിനാറുകാരിയെ മതി. പണിയുണ്ടെന്നതും പഠിപ്പുണ്ടെന്നതും അപ്പോള്‍ അവര്‍ മറക്കും. അല്ലെങ്കില്‍ പിന്നെ തൊലിവെളുപ്പ് വേണം... ഇട്ടുമൂടാന്‍ സ്വത്തുവേണം... കാറുവേണം... ഇതൊന്നും കണ്ടില്ലെങ്കില്‍ വരുന്നവര്‍ ഓരോ കാരണം പറയും. നീളം കൂടിപ്പോയി, തടികുറഞ്ഞുപോയി, വീട്ടിലേക്ക് കാറു കയറില്ല, ആങ്ങളമാരില്ല.... അങ്ങനെയങ്ങനെ കാരണങ്ങള്‍ പറയാന്‍ പലതാണ്. ആയിടയ്ക്ക് ദീപ്തിയുടെ വിവാഹം പെട്ടെന്ന് ശരിയായി. നസീമയ്ക്ക് ഇടയ്ക്കിടയ്ക്ക് ഓരോരോ അസുഖങ്ങള്‍. ഉറ്റ സുഹൃത്തായ ജിബിക്കോ അവളുടെ വീട്ടുകാര്‍ക്കോ എന്തിന് മെഡിക്കല്‍ സയന്‍സിനു പോലും അവളുടെ അസുഖത്തിന്റെ കാരണം കണ്ടുപിടിക്കാന്‍ കഴിയില്ല. ദീപ്തിയുടെ ജീവിതത്തിനുപോലും കൂട്ടായി, താനിപ്പോഴും ഒറ്റയ്ക്ക് എന്ന തന്റെ ചിന്തയായിരുന്നു അവളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ജീവിതത്തിന്റെ ഒരു ഘട്ടമെത്തുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും കാണുന്ന സ്വപ്നങ്ങളെ അവള്‍ക്കുമുണ്ടായിരുന്നുള്ളൂ. പഠിക്കുക, ജോലി നേടുക, തന്നെ മനസ്സിലാക്കുന്ന, ഉള്‍ക്കൊള്ളുന്ന നല്ലൊരു പങ്കാളിയെ കൂട്ടിനു കിട്ടുക... പക്ഷേ, കമ്പനിയിലും വീട്ടിലും പാര്‍ക്കിലും വഴിയരികിലും എല്ലാം കാത്തുനിന്ന് പെണ്ണുകണ്ടു പോയവരാരും അവള്‍ക്കൊരു വ്യക്തിത്വമുണ്ടെന്നോ, ഇഷ്ടമായില്ലെന്ന വാക്കിലൂടെ തങ്ങള്‍ ആ പെണ്‍കുട്ടിയെ അപമാനിക്കുകയാണെ ന്നോ തിരിച്ചറിഞ്ഞില്ല. ജീവിതത്തെ സമചിത്തതയോടെ നേരിടാനുള്ള പക്വതയാണ് ജീവിതപങ്കാളിക്കുണ്ടാവേണ്ടത് എന്ന് എന്നാണ് നമ്മുടെ യുവതലമുറ തിരിച്ചറിയുക. ജീവിതകാലം മുഴുവന്‍ ഒരുമിച്ച് കഴിയേണ്ട ആള്‍, ആ ആളെ ഇഷ്ടപ്പെട്ടുതന്നെ വേണം കൂടെ കൂട്ടാന്‍, പക്ഷേ അതിന്റെ മാനദണ്ഡം സൗന്ദര്യമായത് എന്നുമുതലാണ്? ജീവിതത്തിനു ഒരു കൂട്ടുവേണമെന്ന ഒരു പെണ്‍കുട്ടിയുടെ മോഹത്തെ എന്തിനാണ് സമൂഹം ഇങ്ങനെ ചവിട്ടിയരച്ചുകളയുന്നത്? ജീവിതപങ്കാളിക്ക് സൗന്ദര്യം വേണമെന്ന് വാശിപിടിക്കുന്ന ഇവരെപ്പോലെയുള്ളവര്‍ തന്നെയല്ലേ, മൂന്നുവയസ്സുകാരിയുടെ പിഞ്ചുമേനിയിലേക്ക് തങ്ങളുടെ കാമത്തെ ആഴ്ത്തിയിറക്കിയത്?
**** **** ****
ഈ രണ്ട് കഥകളും സാങ്കല്‍പികമല്ല. സമൂഹത്തില്‍ പുരുഷന്‍ അറിയാതെ പോകുന്ന പെണ്‍നോവുകളുടെ നേരനുഭവങ്ങളാണ്. പുരുഷന്റെ വാരിയെല്ലില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവളാണ് സ്ത്രീയെന്നാണ് മതങ്ങളെല്ലാം പറയുന്നത്. വിവാഹാലോചന സമയത്ത് നഷ്ടപ്പെട്ട തന്റെ വാരിയെല്ലിനെയാണ് പുരുഷന്‍ തിരയുന്നത്. അത് തിരഞ്ഞ് കണ്ടുപിടിക്കുന്നത് പുരുഷനായാലും, തന്റെ വേരായ പുരുഷശരീരത്തെ തിരഞ്ഞു കണ്ടുപിടിക്കുന്നത് സ്ത്രീയായാലും ഒരു കൂടിച്ചേരല്‍ അനിവാര്യതയാണ്. മഴയത്ത് ഒരു ചെടി ഒന്നു ചായുന്നതുപോലെ, വേനലില്‍ ഒന്നു വാടുന്നതുപോലെ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ സ്വാഭാവികമാണ്. എന്നാലും പൂര്‍വാധികം ശക്തിയോടെ അത് വീണ്ടും തളിര്‍ത്തുവിരിഞ്ഞുനില്‍ക്കും.
പക്ഷേ, ഒരു ജീവിതം മുഴുവന്‍ ഒന്നിച്ചു ജീവിച്ചാലും 'എനിക്കു നിന്നെ മനസ്സിലാകുന്നില്ല' എന്നാവും ഭര്‍ത്താവിന്റെ പരാതി. 'എനിക്കു നിങ്ങളെ കൃത്യമായി അറിയാം' എന്നായിരിക്കും എന്നായിരിക്കും ഭാര്യയുടെ പരാതി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? 'ഒരു നിമിഷം തരൂ നിന്നിലലിയാന്‍, ഒരു യുഗം തരൂ നിന്നെയറിയാന്‍' എന്നാണല്ലോ കവി പോലും പാടിയത്. ഒരു സ്ത്രീയെ മനസ്സിലാക്കുക എന്നത് ശ്രമകരമായ ഒരുദ്യമമാണെന്ന് പണ്ടേ ആരോ പറഞ്ഞുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയെ മനസ്സിലാക്കാന്‍ മറ്റൊരു സ്ത്രീക്കും കഴിയാത്തതും അതുകൊണ്ടാണ്. എത്ര ഉറ്റ കൂട്ടുകാരികളാണെങ്കിലും, എത്ര ആത്മബന്ധമുള്ള അമ്മയും മകളുമായാലും 'എനിക്കു നിന്നെ മനസ്സിലാകുന്നില്ലെന്ന്', അല്ലെങ്കില്‍ 'ഞാന്‍ പറയുന്നത് എന്താ നിനക്ക് മനസ്സിലാകാത്തത്' എന്നൊക്കെ അവര്‍ തമ്മില്‍ പറയുന്നത് അതുകൊണ്ടാണ്.
മകള്‍, സുഹൃത്ത്, സഹോദരി, കാമുകി, ഭാര്യ, അമ്മ, അമ്മായിയമ്മ, മരുമകള്‍, അമ്മായി, അമ്മൂമ്മ..... തുടങ്ങി സ്ത്രീയുടെ ജീവിതത്തിലെ പകര്‍ന്നാട്ടങ്ങള്‍ ഏറെയാണ്. പുരുഷനുമുണ്ട് ജീവിതനാടകത്തില്‍ പലവിധത്തിലുള്ള വേഷംകെട്ടലുകള്‍. ഒരച്ഛനെന്ന നിലയില്‍, സഹോദരനെന്ന നിലയില്‍... സുഹൃത്തായി, കാമുകനായി, ഭര്‍ത്താവായി എല്ലാം അവന്‍ അവളുടെ കൂടെയുണ്ട്. അവളുടെ വേദനയില്‍ താന്‍ പങ്കുചേരുന്നു എന്നവന്‍ എപ്പോഴും പറയുന്നുമുണ്ട്. എന്നാല്‍, അവളുടെ വേദനകളെപ്പറ്റി, നോവുകളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സങ്കല്‍പങ്ങളെപ്പറ്റി എത്രമാത്രം അവന്‍ അറിയുന്നുണ്ട്. പല പുരുഷന്മാരും അതിനായി ശ്രമിക്കുന്നുണ്ട്... പക്ഷേ അതിനവന് സാധിക്കുന്നുണ്ടോ എന്നതാണ് അവന്റെ പോലും സംശയം.
ജന്മസിദ്ധമായ പ്രത്യേകതകളെ പരിഗണിച്ചുകൊണ്ടല്ലാതെ ആര്‍ക്കും സ്ത്രീയെ മനസ്സിലാക്കാന്‍ സാധ്യമല്ല. താന്‍ ആരാണെന്നോ. തന്റെ പ്രത്യേകതകള്‍ എന്താണെന്നോ സ്ത്രീക്കുതന്നെ അറിയില്ല. അതുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടുകളിലെ പാതിരിമാര്‍ സ്ത്രീക്ക് ആത്മാവുണ്ടോ എന്ന വിഷയത്തില്‍ ഗവേഷണം പോലും നടത്തിയത്. കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്കുള്ള അവളുടെ പിണക്കങ്ങള്‍, കുഞ്ഞുങ്ങളെ പോലെയുള്ള കരച്ചിലുകള്‍.... വലിയ വലിയ പ്രശ്‌നങ്ങളെ പക്വതയോടെ നേരിടാനുള്ള കഴിവ്, കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍.... ഇതിനിടയില്‍ എവിടെയോയാണ് അവള്‍ എന്ന് നിങ്ങള്‍ക്കെപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ?
എല്ലാ ദിവസവും ഉച്ചയ്ക്ക് അവള്‍ തനിച്ചാണ് ഭക്ഷണം കഴിക്കുന്നത്. അതിനവള്‍ക്ക് പരാതിയില്ല. പക്ഷേ, ഒരു പെരുന്നാളിന് പെരുന്നാള്‍ ചോറുണ്ണാന്‍ എന്തെങ്കിലും കാരണത്തിന് എത്താന്‍ പറ്റിയില്ലെങ്കില്‍ അവളുടെ പിണക്കം ഒരാഴ്ച തികയും. അനുഭവിച്ചിട്ടില്ലേ പല ഭര്‍ത്താക്കന്മാരും ഇത്തരം സന്ദര്‍ഭങ്ങള്‍. സാധാരണ ഞാനുണ്ടായിട്ടാണോ എന്നും നീ ഉച്ചയ്ക്ക് ചോറുതിന്നുന്നത് എന്ന ചോദ്യത്തിനൊന്നും അവിടെ പ്രസക്തിയില്ല. ആ ദിവസം വിശേഷപ്പെട്ട പലതും തയ്യാറാക്കി ഒരുമിച്ച് കഴിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു, അത് നടന്നില്ല. അതുമതിയായിരുന്നു അവളുടെ സങ്കടത്തിന് അറുതിയില്ലാതെയാകാന്‍. അതെ, സ്‌നേഹിക്കപ്പെടാനും പ്രശംസിക്കപ്പെടാനുമാണ് അവള്‍ ആഗ്രഹിക്കുന്നത്. താന്‍ വെച്ചുണ്ടാക്കിയത് തനിക്കൊപ്പമിരുന്ന് കഴിക്കുമ്പോള്‍ അതിന്റെ രുചിയെ തന്റെ പ്രിയപ്പെട്ടവന്‍ പുകഴ്ത്തണമെന്ന് അവള്‍ ആഗ്രഹിച്ചു പോയി. തന്നെ, തന്റെ വസ്ത്രത്തെ, തന്റെ പാചകത്തെ പുകഴ്ത്തുന്ന ഭര്‍ത്താവ് തന്നെ അംഗീകരിക്കുയാണെന്ന് അവള്‍ വിശ്വസിക്കുന്നു. ആ വിശ്വാസം അവള്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അതൊന്നും സംഭവിക്കാതെ പിണക്കത്തിലേക്കുപോയ ആ ദിവസം അവള്‍ക്കു നല്‍കിയതോ അവളോടു തന്നെയുള്ള വെറുപ്പും. താന്‍ പരിഗണിക്കപ്പെടുന്നില്ല, പ്രശംസിക്കപ്പെടുന്നില്ല, അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നല്‍, താന്‍ വെറുക്കപ്പെടുന്നു എന്ന ചിന്തയിലേക്കാണ് അവളെ കൊണ്ടുചെന്നെത്തിക്കുന്നത്. താന്‍ ചെയ്യുന്ന എന്തിനും ഏതിനും ഭര്‍ത്താവ് കുറ്റം പറയുമ്പോള്‍, ആ സങ്കടത്തിനിടയിലും അവള്‍ ചിന്തിക്കുക, കുറ്റം പറയാതെ അങ്ങനെ ചെയ്‌തെങ്കില്‍ എത്ര നന്നായിരുന്നു എന്നൊന്ന് തന്റെ പ്രിയപ്പെട്ടവന് മാറ്റിപ്പറഞ്ഞൂടെ എന്നാവും. അവള്‍ക്ക് പറയാനുള്ളത് അവള്‍ പറയാന്‍ ശ്രമിച്ചാലോ, എന്തിനും മേതിനും നിനക്ക് ന്യായം പറയാനുണ്ടാകും. എനിക്ക് കേള്‍ക്കണ്ട എന്നാവും പങ്കാളിയുടെ മറുപടി. എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരുന്നാല്‍ താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത സ്ത്രീയില്‍ വളരും. ഈ സ്ത്രീ ഭാര്യ തന്നെ ആയിരിക്കണമെന്നില്ല, അവള്‍ മകളാവാം സഹോദരിയാകാം മറ്റു വല്ലവരുമാവാം. വീട്ടില്‍ സന്ദര്‍ശകര്‍ ആരെങ്കിലും വന്നാല്‍ അവരുടെ മുമ്പിലേക്ക് മകന് പ്രവേശനമുണ്ട്. എന്നാല്‍ മകളുടെ നിഴലോ മറ്റോ ആ ഭാഗത്തെവിടെയെങ്കിലും കണ്ടാല്‍ നമ്മള്‍ വഴക്കുപറഞ്ഞ് വീടിന്റെ അകത്തളങ്ങളിലേക്ക് ഓടിക്കാറില്ലേ. അത് അവളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ എത്രയധികമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
കുടുംബത്തിന്റെ ഐശ്വര്യത്തിനായി വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിയ സ്ത്രീയാണെങ്കിലും ഉദ്യോഗസ്ഥയായി കുടുംബത്തിന്റെ സാമ്പത്തികഭദ്രതകൂടി ഉറപ്പുവരുത്തുന്ന സ്ത്രീയാണെങ്കിലും അവളുടെ ഉള്ളിലെ ഇത്തരം ചിന്തകള്‍ക്കൊന്നും മാറ്റമില്ല. സ്ത്രീകള്‍ പ്രശംസയാഗ്രഹിക്കുന്നവരാണെന്ന പൊതുതത്വം മനസ്സിലാക്കി പരിചയമുള്ള പല സ്ത്രീകളെയും സ്ഥാനത്തും അസ്ഥാനത്തും പ്രശംസിക്കുന്നവരാണ് പല പുരുഷന്മാരും. അത് സ്ത്രീയില്‍ സൃഷ്ടിക്കുന്നത് അസ്വസ്ഥതയാണ്; ആത്മവിശ്വാസമല്ലെന്നും മനസ്സിലാക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

.jpg)