ഹൈക്കു കവിതകളുടെ ഓട്ടോഗ്രാഫ്

ഹസ്തദാനം
ആകാശത്തിന് നല്‍കുന്ന
ഭൂമിയുടെ ഹസ്തദാനം
ഓരോ വൃക്ഷവും

ഒരു ജപ്പാനീസ് കാവ്യശാഖയാണ് ഹൈക്കു. മൂന്നുവരികളിലൂടെ അവ ലോകത്തെ വായിക്കുന്നു, അത് വായിക്കുന്ന വായനക്കാരനെ അനുഭവിപ്പിക്കുകയും ചെയ്യുന്നു... അഷിതയെന്ന കഥാകൃത്ത് എഴുത്തുനിര്‍ത്തിയിട്ട് കുറച്ചു കാലമായി.... എഴുതിയിരുന്നത് ആരും അറിയാതിരുന്നതുപോലെതന്നെ എഴുത്തുനിര്‍ത്തിയതും ആരും അറിഞ്ഞില്ല. പക്ഷേ, തന്‍റെ ജീവിതത്തില്‍ നിത്യചൈതന്യയതി സൃഷ്ടിച്ച സ്വാധീനംമൂലം അഷിതയ്ക്ക് അധികകാലം എഴുതാതിരിക്കാനായില്ല... യതി അവരിലുണ്ടാക്കീയ സ്വാധീനം അവരെ സെന്‍ ദര്‍ശനങ്ങളിലേക്കും അതുവഴി ഹൈക്കു കവിതകളിലേക്കും വഴിതിരിച്ചു നടത്തി. അഷിതയുടെ ഹൈക്കു കവിതകളുടെ പുസ്തകപ്രകാശനം അടുത്ത ദിവസം തിരുവനന്തപുരത്ത് നടന്നു... അഷിതയുടേതായിട്ട് നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് അഷിതയുടെ പുസ്തകം ഒരു പ്രകാശനചടങ്ങോടെ പുറത്തെത്തുന്നത്.
ഹൈക്കു എന്നത് ഹൃദയത്തിന്‍റെ ഒരു ചീന്താണ്. കഥയും ഹൈക്കുവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഞാന്‍ എന്നതില്‍ നിന്നും പുറത്തുകടക്കാനാണ് ഒരു കഥയെഴുതുന്നതെങ്കില്‍ പരിപൂര്‍ണമായും ഞാന്‍ ഇല്ലാതിരിക്കുന്ന ഒരു അവസ്ഥയിലാണ് ഹൈക്കു ഉദിക്കുന്നതെന്ന് പുസ്തകത്തില്‍ ഹൃദയപൂര്‍വം അഷിത പറഞ്ഞുവെക്കുന്നു...
പ്രകൃതിയും പ്രണയവും കുടുംബവും ഹൈക്കുവും

പ്രപഞ്ചശക്തിയോടുള്ള ആരാധനയും  എല്ലാം മൂന്നുവരികള്‍ക്കുള്ളില്‍ അഷിത കുറിച്ചിരിക്കുന്നു...
ദൈവത്തിന്‍റെ ഹൈക്കുകള്‍ എന്ന കവിതയിലൂടെ
മൂന്നടിയുമായി വാമനന്‍, മൂന്നുവരയുമായി അണ്ണാറന്
മൂന്നുവട്ടം കൂവലും മൂന്നുവട്ടം തള്ളലും മൂന്നാംദിനം ഉയിര്‍ക്കലും
-ദൈവമേ, നീ രചിച്ച ഹൈക്കു വിസ്മയങ്ങള്‍
എന്ന് മൂന്നിന്‍റെ അനന്തസാധ്യതകളെ മൂന്നുവരികളിലൂടെ വരച്ചിട്ടിരിക്കുന്നു അഷിത.
കാരുണ്യമെന്ന മറ്റൊരു കവിത ഇങ്ങനെ:
സങ്കടങ്ങള്‍ ഇടിവെട്ടിപ്പെയ്യും
കണ്ണീര്‍തോരാമഴരാത്രികളില്‍,
കൂണുപോല്‍ കുടനിവര്‍ത്തുന്നു, ഹൈക്കു!

അസുഖബാധിതയായതിനാല്‍ പുസ്തക പ്രകാശനചടങ്ങില്‍ അഷിതയ്ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. പക്ഷേ അഷിതയെഴുതിയ കുറിപ്പ് ചടങ്ങില്‍ വായിച്ചു. ‘‘ഒഴിച്ചുകൂടാനാവാത്ത ചിലവയുടെ ആകെത്തുകയാണല്ലോ ജീവിതം, അങ്ങനെയൊരു നിവര്‍ത്തികേടുകൊണ്ടുമാത്രമാണ് തനിക്ക് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നതെന്ന് ’’കുറിപ്പിന്‍റെ തുടക്കത്തില്‍ അഷിത പറയുന്നു.
‘‘ഹൈക്കു എന്നു പറയുമ്പോഴും ഇവയ്ക്ക് സെന്‍ കവിതകളോടാണ് ചായ് വ്. കുറേയെണ്ണം എഴുതിക്കഴിഞ്ഞ് ആര്‍ക്കൊക്കെയോ സമ്മാനിച്ചു നഷ്ടമായി. കുറേ എഴുതാന്‍ മറന്നു പോയിട്ട്, അങ്ങിനെയും നഷ്ടമായി. എഴുത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വളരെ കുറച്ചു വാക്കുകളില്‍ പറയാനുള്ളത് പറഞ്ഞു പോവുക എന്നതാണ്.
കേവലം മൂന്നു വരികളാണ് ഹൈക്കുവില്‍ കുറിക്കുന്നത്. പക്ഷെ മൂന്നു ചുവടുകള്‍ കൊണ്ട് സമസ്തവും ആളെന്നെടുക്കുന്ന വാമനനെപ്പോലെയാണ് ഹൈക്കു. അവസാനത്തെ വരിക്കു ചേക്കേറാന്‍ നിങ്ങളുടെ ഹൃദയമാണ്. നിങ്ങള്‍ നിശ്ശബ്ദം കാല്‍ക്കല്‍ സമര്‍പ്പിക്കുക.
'ഞാന്‍' എന്ന ബോധം ഇല്ലാതിരിക്കുന്ന അവസ്ഥയിലാണ് ഹൈക്കു തെളിയുന്നത്. ഓരോ ഹൈക്കുവും പ്രപഞ്ചത്തിനു നേര്‍ക്കു പിടിച്ച ഒരു ആറന്മുള കണ്ണാടിയാണ് നിങ്ങളുടെ ആന്തരികതയും സമാധാനവും ശാന്തിയും ഏകാത്മകതയും നിറയ്ക്കുന്ന എന്തോ ഒന്ന് അതിലുണ്ട്. ഹൈക്കു ഒരു വെണ്‍പിറാവിന്റെ ചിറകടിപോലെയാണ്. അതില്‍ ദൈവം പോലും അനുരാഗിയായിരിക്കും’’- തന്‍റെ ഉള്ളിലെ ഹൈക്കനുഭവങ്ങളെ അഷിത ഇങ്ങനെ പറഞ്ഞുവെക്കുന്നു.

വായനക്കാരില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഓട്ടോഗ്രാഫിന്‍റെ രൂപത്തില്‍ ഒരു കൊച്ചു പുസ്തകം. അതാണ് അഷിതയുടെ ഹൈക്കു കവിതകള്‍. അല്ലെങ്കിലും മൂന്നുവരിയില്‍ വലിയ കാര്യങ്ങള്‍ പറയുന്നു ഈ കുറുംകവിതകളുടെ സമാഹാരത്തിന് അനുയോജ്യമായ പാകം ഒരു ഓട്ടോഗ്രാഫ് ബുക്കിന്‍റെ വലിപ്പം തന്നെയാണ്. ഹൈക്കു എന്ന് ജപ്പാനീസ് ലിപിയില്‍ എഴുതിയതും കവറിന്‍റെ ആകര്‍ഷകത്വം കൂട്ടുന്നുണ്ട്. മീര രമേശിന്‍റെ ഹൈക്കുപോലെ മനോഹരമായ ചിത്രങ്ങളും പുസ്തകത്തിന്‍റെ പ്രത്യേകതയാണ്. പുസ്തക പ്രസാധക രംഗത്ത് പുതുമുഖമായ ഗ്രീന്‍ പെപ്പര്‍ പബ്ലിക്കയാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.

ഹരാകിരി
അര്‍ഥമില്ലാ വാക്കുകള്‍ക്കും
അര്‍ത്ഥഗര്‍ഭ മൌനത്തിനും ഇടയില്‍
ഹൈക്കുവില്‍ എന്‍റെ ഹരാകിരി
(ജപ്പാനീസ് സമ്പ്രദായത്തില്‍ വയറ്റില്‍ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്ന രീതി)


ആഹ്ലാദമുള്ള സമരങ്ങള്‍... ആഹ്ലാദത്തോടെയുള്ള ജീവിതം


ഒ ജെ ചിന്നമ്മയുമായുള്ള അഭിമുഖം, മഹിളാചന്ദ്രികയില്‍ വന്നത് 

ഒരു കണ്ടുമുട്ടലിനൊടുവിലുള്ള സൗഹൃദത്തിനിടയില്‍ അധ്യാപക ദമ്പതികളായ ടി എം രവീന്ദ്രനും ഒ ജെ ചിന്നമ്മയും വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ മദ്യനിരോധനത്തിനായി ഒരു കുടുംബം കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. കേരള ഗവണ്‍മെന്റിന്റെ മദ്യനിരോധനത്തെ കുറിച്ചും ബാറുകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തെ കുറിച്ചും സംസ്ഥാനത്ത് ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല, മദ്യനിരോധനത്തിനായുള്ള ഈ ദമ്പതികളുടെ പോരാട്ടവും.  മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ടി എം രവീന്ദ്രനാഥ്. ചിന്നമ്മ വനിതാവിഭാഗം അധ്യക്ഷയും. തങ്ങളുടെ സമരം ഫലപ്രദമായ ലക്ഷ്യം കാണുമെന്ന ആത്മവിശ്വാസത്തോടെ ചിന്നമ്മ സംസാരിച്ചു തുടങ്ങി...

കേരളം ഇപ്പോള്‍ സംസാരിക്കുന്നത് 418, 312 എന്നീ അക്കങ്ങളെ കുറിച്ചാണ്... എന്തു തോന്നുന്നു ടീച്ചര്‍ക്ക് ഈ ഭാഗികമായി വിജയത്തില്‍?

ബാറുകള്‍ അടച്ചു പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം തന്നെയാണ്. അതിനായി ഞങ്ങള്‍ നിരന്തരം നിരവധി സമരങ്ങള്‍ തന്നെ നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകളുടെ കണ്ണീരിന് അറുതി വരുത്തിയ ഒരു ആശാ കേന്ദ്രമായി മാറിയിരിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത്ര ധീരമായ നടപടി ഇതിന് മുമ്പ് ഒരു സര്‍ക്കാരും സ്വീകരിച്ചിട്ടില്ല. തീര്‍ച്ചയായും യുഡിഎഫ് സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. 
ഈ വിഷയത്തില്‍ പല നല്ല തീരുമാനങ്ങളും കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. ബാറിന്റെ പ്രവര്‍ത്ത സമയം കുറച്ചു, മദ്യം വാങ്ങുന്ന പ്രായപരിധി 18 ല്‍ നിന്ന് 21 ആക്കി, പാന്‍മസാല നിരോധിച്ചു, പാഠപുസ്തങ്ങളില്‍ ലഹരിവിരുദ്ധ പാഠഭാഗങ്ങള്‍ എഴുതി ചേര്‍ക്കാന്‍ തീരുമാനിച്ചു- തുടങ്ങി മറ്റ് ഒരു സര്‍ക്കാരും കാണിക്കാത്ത ധീരതയാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ചാരായ നിരോധനമടക്കം കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണ്. 
നിലവിലെ തീരുമാനങ്ങള്‍  നിലനിന്നു കിട്ടണം. കുറച്ചുമാത്രം ബാറുകള്‍ അടച്ചാല്‍ പോര. മദ്യം, സ്വദേശിയായാലും വിദേശിയായാലും കള്ളായാലും -കിട്ടുന്ന വഴി മുഴുവന്‍ ഇല്ലാതെയാകണം.  ബാറില്‍ പോയി കുടിച്ചിരുന്നവന്‍ സാധനം അവിടെ കിട്ടാതെയാകുമ്പോള്‍ അത് കിട്ടുന്നിടം തേടി പോകും. അനധികൃതമായ കച്ചവടങ്ങള്‍ ഇല്ലാതാകുകയും, കുടിയന്മാര്‍ക്ക് മദ്യം കിട്ടാത്ത അവസ്ഥ ഉണ്ടാകുകയും വേണം. സാധനം നാട്ടില്‍ കിട്ടാതെയാകണം. എങ്കിലെ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് അല്‍പമെങ്കിലും എത്താന്‍ പറ്റുകയുള്ളൂ. 
അപകടമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിന്റെ പേര് പറഞ്ഞ്് പോലീസ് യാത്രക്കാരെ നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിപ്പിക്കുന്നു. മദ്യപന്മാരുടെ ആരോഗ്യത്തിലെന്താ അധികാരികള്‍ക്ക് ശ്രദ്ധയില്ലേ..  വീട്ടിലിരുന്നായാലും പൊതുസ്ഥലത്തായാലും  ബാറിലായാലും മദ്യപിച്ചാല്‍ കേസെടുക്കണം.. കുടിയന്മാര്‍ക്ക് ചെറിയ പേടി നല്ലതാണ്. അതോടൊപ്പം ശക്തമായ ബോധവത്കരണവും വേണം.
അതിനായി പഞ്ചായത്ത് തലത്തില്‍ ജാഗ്രതാ കമ്മിറ്റികള്‍ വേണം. അതിന് കീഴില്‍ വാര്‍ഡുതല കമ്മിറ്റികള്‍... അതിന് കീഴില്‍ കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍.. എന്നാലേ ഓരോ വീട്ടിലേയും മദ്യവുമായി ബന്ധപ്പെട്ട വിപത്തുക്കള്‍ തിരിച്ചറിയാനും പരിഹാരം തേടാനും സാധിക്കുകയുള്ളൂ...

പക്ഷേ, ചാരായ നിരോധനത്തിന് ശേഷം ബാറുകളുടെയും വിദേശ മദ്യഷാപ്പുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണുണ്ടായത്. 

അത് ശരിയാണ്.. ആരോ പണ്ട് പറഞ്ഞിരുന്നു ആന്റണി ചാരായം നിരോധിച്ചു, പിന്നെ അത് നിറത്തിലാക്കിയെന്ന്. പക്ഷേ, ചാരായനിരോധനം നടപ്പിലാക്കി ആന്റണി ഭരണത്തിലിരുന്ന കുറച്ചു കാലം നല്ല മാറ്റമുണ്ടായിരുന്നു. ഞങ്ങള്‍ അന്ന് ഒരു സര്‍വെ നടത്തി. അക്കാലത്ത് ക്രിമിനല്‍ കുറ്റങ്ങള്‍ കുറഞ്ഞു, ജയിലില്‍ കുറ്റവാളികള്‍ കുറഞ്ഞു, കുടുംബങ്ങളില്‍ അക്രമങ്ങള്‍ കുറഞ്ഞു, പൊതുസ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞു, വാഹനാപകടങ്ങള്‍ കുറഞ്ഞു... ഇതൊക്കെ ആ സര്‍വെയിലൂടെ തെളിഞ്ഞതാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പോകുകയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്തു. ആന്റണിയുടെ ചാരായ നിരോധനം ഫലപ്രദമല്ലെന്ന് വരുത്തി തീര്‍ക്കാന#ുള്ള നടപടികളാണ് പിന്നെ വന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പോലീസിനെയും എക്‌സൈസിനെയും തളര്‍ത്തി. അങ്ങനെയാണ് അത് കൃത്യമായി നടപ്പില്‍ വരാതെ പോയത്. അതിന്റെ ഒരു തുടര്‍ച്ച അന്നേ ഉണ്ടായിരുന്നുവെങ്കില്‍ ഇതിനകം തന്നെ സംസ്ഥാനം ലക്ഷ്യത്തിലെത്തുമായിരുന്നു.

തൊഴിലില്ലാതെയാകുന്ന ബാര്‍ ജീവനക്കാരുടെ കുടുംബങ്ങളുടെ കണ്ണൂനീരും ദുരിതവും സമിതി പരിഗണിക്കാത്തതെന്താണ്?

ഞങ്ങള്‍ ബാര്‍ തൊഴിലാളികള്‍ക്ക് എതിരല്ല, ബാര്‍ ജീവനക്കാര്‍ തുച്ഛമാണ്, അവര്‍ മദ്യം ഒഴിച്ചു കൊടുക്കുന്ന മദ്യപന്മാരുടെ എണ്ണത്തേക്കാള്‍ എത്രയോ കുറവ്. അടച്ചുപൂട്ടുന്ന പല ബാറുകളും ഹോട്ടലായി നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. അവിടെ ഈ തൊഴിലാളികളെ പുനരധിവസിപ്പിക്കാം.   നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലിലേക്ക് ആളുകള്‍ വരില്ലേ... ഹോട്ടല്‍ അറ്റാച്ച്ഡ് ബാര്‍ ആക്കുന്നതിനേക്കാള്‍ നല്ലതല്ലെ, ഹോട്ടല്‍ മാത്രമാക്കുന്നത്.  ബാര്‍ ജീവനക്കാരുടെ ഭാര്യയെ പോലെയാണോ, ഒരു കുടിയന്റെ ഭാര്യ, അമ്മ, മക്കള്‍, സഹോദരി. ആ കണക്കെന്താ ഇവര്‍ എടുക്കാത്തത്. രണ്ട് സ്ത്രീകള്‍ക്കും സമൂഹം നല്‍കുന്ന പരിഗണന പോലും രണ്ടാണ്.  ആ സ്ത്രീകളുടെ വേദന ബാര്‍ ജീവനക്കാരന്റെ കൂടുംബത്തിനുണ്ടോ. ബാര്‍ ജീവനക്കാരന് ആരോഗ്യമില്ലേ, എന്ത് തൊഴിലും വേണമെങ്കിലും ചെയ്യാമല്ലോ. കേരളത്തില്‍ തൊഴിലില്ലാഞ്ഞിട്ടാണോ ഇത്രയധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്നിരിക്കുന്നത്? നീര പോലുള്ള പ്രൊജക്ടുകള്‍ വര്‍ധിപ്പിക്കാം. അവിടെ ഇവര്‍ക്ക് ജോലി കൊടുക്കാം. ഇവരുടെ തൊഴില്‍ നഷ്ടമാകും എന്ന ഒറ്റക്കാരണത്തിന് ബാറുകള്‍ തുറന്നാല്‍ ഒരു കുടിയന്‍ കാരണം എത്ര ആളുകളാണ് ദുരിതം അനുഭവിക്കുന്നത് ചിന്തിക്കണം.

ഘട്ടഘട്ടമായ മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. അപ്പോള്‍ നാട്ടിലുള്ള കള്ളുഷാപ്പുകളുടെ കാര്യമോ? 

കള്ളുഷാപ്പുകളില്‍ കള്ളില്ലെന്ന് നമ്മില്‍ എത്ര പേര്‍ക്കറിയാം? നമ്മുടെ നാട്ടില്‍ കള്ള് ചെത്തുന്ന തെങ്ങുകള്‍ എത്രയുണ്ട്? ഒരു ഷാപ്പിലേക്ക് ഇത്ര തെങ്ങ് വേണമെന്നും, ഇത്ര തെങ്ങുകയറ്റ തൊഴിലാളികള്‍ വേണമെന്നും ഉണ്ട്. പക്ഷേ അതിന്റെ 100 ല്‍ ഒരംശം പോലും ഇവിടെയില്ല. ചെത്തു തൊഴിലാളികള്‍ കുറഞ്ഞുവരുന്നു. ഈ തൊഴില്‍ ആരും ഇഷ്ടപ്പെടുന്നില്ല. കള്ളക്കള്ളാണ് നമ്മുടെ കള്ളുഷാപ്പുകളിലെ കുപ്പികളിലുള്ളത്.
സിയോണ്‍ പെയ്സ്റ്റ് എന്നൊരു മാരകവിഷമുണ്ട്. ഇത് വലിയ ഒരു ടാങ്കിന്റെ അടിയില്‍ പുരട്ടും.. എന്നിട്ട് അതിലേക്ക് ശക്തിയായി വെള്ളം ചീറ്റും. അപ്പോള്‍ അത് നന്നായി കലങ്ങും. അതിലേക്ക് കൂറച്ചോക്ക് പൊടിച്ച് ചേര്‍ക്കും, സ്പിരിറ്റും മറ്റുചില വിഷപദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നതോടെ കള്ളിന്റെ നിറവും മണവും വരും. ലഹരിയുമുണ്ടാകും.  ഇതാണ് കള്ളെന്ന് പറഞ്ഞ് നമ്മുടെ നാട്ടിലെ മനുഷ്യര്‍ കുടിക്കുന്നത്. എത്രമാത്രം മാരകമാണെന്നോ ആ വസ്തു. കാഴ്ചയെ, ഹൃദയത്തെ, കിഡ്‌നിയെ സ്പര്‍ശന ശേഷിയെ എല്ലാം  നശിപ്പിക്കാന്‍ തക്ക മാരകമാണത്. കേരളത്തിന്, കുടുംബത്തിന്, ഭാര്യയ്ക്ക്, മക്കള്‍ക്ക് ഭാരമായി ആ കള്ള് കുടിക്കുന്ന വ്യക്തി താമസിയാതെ മാറും.

ഇത്രയും രൂക്ഷമായ ഒരു പ്രശ്‌നത്തിന് എന്തുകൊണ്ടാണ് ഗാന്ധിയന്‍ സമരമാര്‍ഗം സ്വീകരിച്ചത്?

നമ്മള്‍ ശീലിച്ചത്, നേതാക്കള്‍ പഠിപ്പിച്ചത് അതാണ്. ചിലപ്പോഴൊക്കെ ഒരു അക്രമസമരത്തിന് തോന്നിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ചെയ്യുന്നത് അതാണല്ലോ... പക്ഷേ അങ്ങനെയായാല്‍ ഒരു ദിവസം കൊണ്ട് സമരം തീര്‍ന്ന് പോകും. ലക്ഷ്യത്തിലെത്തുകയുമില്ല. നമ്മുടെ രക്തത്തിലതില്ല താനും, നമ്മള്‍ ഗാന്ധിജിയുടെ അഹിംസയില്‍ അടിയുറച്ചുകൊണ്ട്, ഈശ്വരനെ മുറുകെ പിടിച്ചുകൊണ്ട് സമരം ചെയ്യുന്നു. അതുകൊണ്ടുതന്നെയാണ് ഫലമുണ്ടായത്. മറ്റുള്ളവരെ ഉപദ്രവിച്ചതുകൊണ്ട് എന്ത് കാര്യം. അതിന് നൂറായിരം കേസുകള്‍ വരും.. സമാധാന പരമായ സമരമായിട്ടുപോലും ഞങ്ങളുടെ പേരില്‍ കേസുണ്ട്. ആയിരക്കണക്കിന് രൂപയാണ് ആ ഇനത്തില്‍ നഷ്ടം. കൂടെ വരുന്നവരുടെ യാത്രക്കൂലി, ഭക്ഷണം, വക്കീല്‍ ഫീസ്. വരുമാനമാണെങ്കില്‍ ഇല്ലതാനും. നമ്മുടെ ശമ്പളം, പെന്‍ഷന്‍ ഇതെല്ലാം തന്നെ ഈ ലക്ഷ്യത്തിനായി ചെലവഴിക്കുകയാണ്. ഞങ്ങളുടെ രണ്ടാളുടെയും പെന്‍ഷന്‍ ഫണ്ടുകൊണ്ട് ഒരു ടെമ്പോ ട്രാവലര്‍ വാങ്ങി. അതുമായിട്ട് കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യത്തിനായി. മദ്യ, ലഹരി നിരോധനം, ബോധവത്കരണം, മാസിക പ്രചാരണം എല്ലാമായി എത്ര വെയിലാണ് ഞങ്ങള്‍ കൊണ്ടത് എന്നറിയുമോ? സമയം, ആരോഗ്യം, സമ്പത്ത് എല്ലാം ചെലവഴിച്ചു. വണ്ടിയുടെ ഡീസലിനായി മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടി ഇരന്നു.
എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു ബഹുമാനമൊക്കെയുണ്ട്. പക്ഷേ സേവനത്തിനായി വരുന്നവര്‍ കുറവാണ്, നാടു നന്നാക്കാന്‍ പോയാല്‍ വീട്ടിലേക്ക് എന്തെങ്കിലും കിട്ടുമോ എന്ന ചിന്തയാണ് എല്ലാവരുടെയും ഉള്ളില്‍.

പക്ഷേ ഇത്തരമൊരു പ്രസ്ഥാനത്തോട് സഹകരിക്കാന്‍ തയ്യാറായി കൂടുതല്‍ പേര്‍ വരുന്നില്ലെ?

നന്മയെ സ്‌നേഹിക്കുന്ന മതബോധമുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിം സംഘടനകള്‍ക്ക് ഞങ്ങളോട് മതിപ്പ് ആണ്. മുസ്ലിം ലീഗ് നല്ല നിലപാടാണ് എടുത്തത്. വളരെ സ്‌ട്രോംഗ് ആയി നിന്നു. കോണ്‍ഗ്രസ്സിനെ ശക്തമായി പിന്തുണച്ചു. ഞങ്ങളുടെ എല്ലാ സമരത്തിലും അവരും പങ്കാളികളായിരുന്നു. ഞങ്ങളുടെ സമരം ജനക്ഷേമപരമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ഞങ്ങള്‍ ചെയ്ത ദീര്‍ഘകാല സമരങ്ങളെല്ലാം തന്നെ മതനേതാക്കളുടെ മനസ്സില്‍ നല്ല ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുസ്ലീം ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെയിടയില്‍. ഹിന്ദുക്കള്‍ക്കാണ് ഇപ്പോഴും ഉലകം തിരിയാത്തത്. അവരുടെ സ്വാമിമാരൊക്കെ ഇപ്പഴാണ് അഭിപ്രായം പറഞ്ഞു തുടങ്ങിയത്.

മദ്യപന്മാരുടെ കുടുംബത്തിലെ സ്ത്രീകള്‍ എത്രമാത്രം സമരരംഗത്തേക്ക് വരുന്നുണ്ട്? സാമൂഹ്യസേവന സന്നദ്ധതയുള്ള, കുടുംബത്തിന്റെ പിന്തുണയുള്ള സ്ത്രീകളുടെ പ്രതിനിധ്യമാണ് സമരത്തിന് കൂടുതലായി കാണുന്നത്?

അത് ശരിയാണ്. കൂടുതലായും സമരരംഗത്തേക്ക് വരുന്നത് മറ്റെന്തെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമായ, കുടുംബത്തിന്റെ പിന്തുണ കൂടിയുള്ള സ്ത്രീകളാണ്. മദ്യപന്മാരുടെ കുടുംബത്തില്‍ നിന്ന് അവരെ വെല്ലുവിളിച്ചു കൊണ്ട് സമരരംഗത്തേക്ക് വരുന്ന സ്ത്രീകള്‍ കുറവാണ്. പക്ഷേ, ചില അമ്മമാര്‍, സഹോദരിമാര്‍ എല്ലാം നമ്മുടെ കൂടെയുണ്ട്. ഒരു അമ്മ പറഞ്ഞത് ഭര്‍ത്താവും മൂത്തമകനും നഷ്ടപ്പെട്ടു, ഇളയ മകനെയെങ്കിലും എനിക്കുവേണം. അതുകൊണ്ട് സമരത്തിന് ഞാനുണ്ടെന്നാണ്. ഒരിക്കല്‍ സമരത്തിന് വന്ന പതിനാറുകാരി പെണ്‍കുട്ടി ബോധം കെട്ടുവീണു. കാരണം തിരക്കിയപ്പോള്‍, മറുഭാഗത്ത് നിന്ന് ഞങ്ങളുടെ സമരത്തെ കൂവി തോല്‍പ്പിക്കാന്‍ നിന്നവരില്‍ രണ്ടുപേര്‍ അവളുടെ സഹോദരന്മാരായിരുന്നു. വീട്ടിലെത്തിയാലുള്ള മര്‍ദ്ദനം കൂടി ആലോചിച്ചപ്പോഴാണ് അവള്‍ ബോധം കെട്ട് വീണത്. പല ഭാര്യമാരും വീട്ടിലെത്തിയാലുള്ള മര്‍ദ്ദനം താങ്ങാന്‍ സാധിക്കാത്തതുകൊണ്ടാണ് ആഗ്രഹമുണ്ടായിട്ടും സമരത്തിന്റെ ഭാഗമാകാത്തത്. പിന്നെ വരുന്നവരില്‍ പലരും എന്നോടുള്ള സ്‌നേഹം കൊണ്ട് വരുന്നവരാണ്.

ഇത്തരമൊരു വേറിട്ട വഴിയിലൂടെയായിരിക്കും ജീവിതം എന്ന് ടീച്ചര്‍ നേരത്തെ തീരുമാനിച്ചിരുന്നോ?

കുട്ടിക്കാലത്ത് മലബാര്‍ മേഖലയില്‍ മദ്യ നിരോധനമുണ്ടായിരുന്നു. മലബാര്‍ അന്ന് മദ്രാസിന്റെ ഭാഗമായിരുന്നു. പിന്നെ ഐക്യകേരളം നിലവില്‍ വന്നപ്പോള്‍ ഇഎംഎസ് സര്‍ക്കാര്‍ തിരുവിതാംകൂറിലും തിരുകൊച്ചിയിലുമില്ലാത്ത ഒരു നിരോധനം മലബാറില്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് അമ്മ ഇനി എന്താകും നാടിന്റെ അവസ്ഥ അച്ഛനോട് സങ്കടം പറഞ്ഞത് ഓര്‍മയിലുണ്ട്. അന്നേ മനസ്സിലുണ്ടായിരുന്നു ഇതൊരു വിപത്താണെന്ന്. പിന്നെ വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കിട്ടിയ ആദ്യ സ്വീകരണം തലക്കുളത്തൂര്‍ മദ്യനിരോധനസമിതിയുടെ വകയായിരുന്നു. ഭര്‍ത്താവ് അന്നേ സജീവ പ്രവര്‍ത്തകന്‍.  അവിടെ വെച്ച് ഞാന്‍ അവര്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു ഞാനെന്നും സജീവമായി ഈ രംഗത്തുണ്ടാകുമെന്ന്... പിന്നെ ഭര്‍ത്താവിന്റെ അമ്മ, എം പി നാണിയമ്മ. അമ്മയാണ് ഈ രംഗത്ത് എന്റെ വഴികാട്ടി. അച്ഛന്റെ മദ്യപാനമാണ് അമ്മയെ ഈ രംഗത്ത് ശക്തയാക്കിയത്. മകനെ സജീവ പ്രവര്‍ത്തകനാക്കിയത്. അമ്മ അധ്യാപികയായിരുന്നു.

ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടി സംസ്‌കൃത അധ്യാപികയായി തീരുക... അതും വേറിട്ടൊരു ജീവിതമല്ലേ...

താമരശേരി മൈക്കാവ് ആണ് എന്റെ വീട്. കര്‍ഷക കുടുംബം. പത്താംക്ലാസ് കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയില്ല. അടുത്ത വീട്ടിലെ ആശാനോട് ഇടയ്ക്ക് സംസ്‌കൃത വാക്കുകളുടെ അര്‍ത്ഥമൊക്കെ ചോദിച്ചു മനസ്സിലാക്കാറുണ്ടായിരുന്നു. നല്ല മാര്‍ക്കുണ്ടായിട്ടും കോളജില്‍ ചേര്‍ന്നില്ല എന്നറിഞ്ഞ എന്റെ അധ്യാപകന്‍ അദ്ദേഹത്തിന്റെ സഹോദരി പഠിക്കുന്ന കോളജില്‍ എന്നെ കൊണ്ടുപോയി ചേര്‍ക്കുകയായിരുന്നു. കല്ല്യാണപ്രായമായ ചേച്ചിയുടെ സ്വര്‍ണമാല പണയം വെച്ചാണ് തൃശൂരിലെ സാഹിത്യ ദ്വീപിക സംസ്‌കൃത വിദ്യാപീഠത്തില്‍ സംസ്‌കൃത പഠനത്തിന് ചേരുന്നത്. പ്രീഡിഗ്രി, ഡിഗ്രി, ബി എഡ് അവിടെ കഴിഞ്ഞു. പന്തീരങ്കാവ് ഹൈസ്‌ക്കൂളില്‍ അധ്യാപികയായി ജോലിയും കിട്ടി. അതിനിടയില്‍ എം എ ആചാര്യ ബിരുദവുമെടുത്തു. ആയിടയ്ക്കാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒഴിവ് വരുന്നത്. തെരഞ്ഞെടുക്കപ്പെട്ടു. ഞാനും മാഷും ഒരു ദിവസമാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ആ പരിചയം വളര്‍ന്ന് വിവാഹത്തിലുമെത്തി....

പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികം കണ്ടെത്തുന്നത് ബാധ്യതയാകാറുണ്ടോ?

കാക്കാടം പൊയില്‍ എന്ന ഗ്രാമത്തെ ഞങ്ങള്‍ സമ്പൂര്‍ണ മദ്യനിരോധന ഗ്രാമമാക്കി മാറ്റിയത് ഒരു പിടി അരി കൊണ്ടായിരുന്നു. കുടിയന്മാരുടെ ഭാര്യമാര്‍ എന്നും ചോറിന് അരിയിടുമ്പോള്‍ ഒരു പിടി അരി മാറ്റിവെക്കും. അങ്ങനെ ഓരോ പിടി അരി വീതം ഓരോ വീട്ടില്‍ നിന്നും സ്വീകരിച്ച് അത് വാറ്റുകാര്‍ക്ക് കൊടുത്തു. അവരും അരി വാങ്ങാനാണല്ലോ ഇങ്ങനെ ചെയ്യുന്നത്. പിന്നെ ബംഗ്ലാദേശ് കോളനി, 20 കിലോ അരിയുടെ കഞ്ഞിയാണ് എല്ലാദിവസവും ഞങ്ങള്‍ അവിടെ വിതരണം ചെയ്തത്. കാരണം കേരളം ഞങ്ങള്‍ നശിപ്പിക്കും, കഞ്ചാവ് ഞങ്ങള്‍ വില്‍ക്കും, മദ്യം ഞങ്ങള്‍ ഒഴുക്കും, എക്‌സൈസ് കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ പോയിരുന്നുവരെ ഞങ്ങള്‍ കച്ചവടം ചെയ്യും. ഞങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ആദ്യമായി അവിടെ പോയപ്പോള്‍ എന്നെ അവര്‍ ഭീഷണിപ്പെടുത്തിയത്. നാലുദിവസത്തില്‍ കൂടുതല്‍ പട്ടിണി കിടക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ലെന്നാണ് കാരണമായി അവര്‍ പറഞ്ഞത്. ദിവസം ഒരു നേരത്തെ ഭക്ഷണമെങ്കിലും ഇവര്‍ക്ക് കൊടുത്തുനോക്കാമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. അവിടെ ഞങ്ങള്‍ ഒരു വര്‍ഷം കഞ്ഞികൊടുത്തു.  അതിന് ഞങ്ങളെ പലരും സഹായിച്ചു. മതസംഘടനകള്‍ പ്രത്യേകിച്ച്. ചെറുപയറും കടലയും കച്ചവടക്കാര്‍ തന്നു. കിട്ടാവുന്നിടത്തു നിന്നൊക്കെ കൈ നീട്ടി വാങ്ങി.  ജോലിക്ക് പോകേണ്ടതുകൊണ്ട് ഇരക്കാന്‍ പോകാന്‍ പോലും സമയം കിട്ടിയില്ല. കോളനിയില്‍ സര്‍വെ നടത്തി, ഉമ്മന്‍ചാണ്ടിയെ പോയികണ്ടു. ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ 18 കോടിയുടെ പദ്ധതിയാണ് അവിടെ നടപ്പാക്കിയത്. ശാന്തിനഗര്‍ കോളനിയാക്കിയമാറ്റി, വെളിച്ചം, വെള്ളം, തൊഴില്‍, വീട് എല്ലാമായി...
കുടിയന്മാരുടെ ഭാര്യമാരില്‍ നിന്ന് പത്തുരൂപ വീതം പിരിപ്പിച്ച് 11111 രൂപയുടെ യുധിഷ്ഠിര അവാര്‍ഡ് നല്‍കി ഈ ധീരമായ പോരാട്ടത്തിന് സുധീരനെ ഞങ്ങള്‍ അഭിനന്ദിച്ചു.  ആ തുക കുഞ്ഞാലിക്കുട്ടിയുടെ കാന്‍സര്‍ സെന്ററിനാണ് അദ്ദേഹം സംഭാവന ചെയ്തത്. മദ്യം വിധവകളാക്കിയ സ്ത്രീകള്‍ക്കും മക്കള്‍ക്കുമായി 4 വീടുകള്‍ വെച്ചു കൊടുക്കാന്‍ സാധിച്ചു. വീട് നിര്‍മ്മാണത്തിന് കോളജിലെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളും സഹായിച്ചു. ഒരു വീടാണ് ഉദ്ദേശിച്ചതെങ്കിലും ആളുകളുടെ അകമഴിഞ്ഞ സഹായം കൊണ്ട് എണ്ണം വര്‍ധിപ്പിക്കാനായി.

എന്നും ജനകീയ സമരങ്ങളുടെ കൂടെയുള്ള പ്രസ്ഥാനമാണ് ഇടതുപക്ഷം. പിന്നെ എന്തുകൊണ്ടാണ് മദ്യനിരോധനസമിതിയും ഇടതുപക്ഷവും പരസ്പരം സഹകരിക്കാതിരിക്കുന്നത്?

എല്‍ഡിഎഫിന് വോട്ടുബാങ്കാണ് ലക്ഷ്യം. മദ്യഷാപ്പുകളിലെ തൊഴിലാളികളുടെ ശമ്പളത്തിന്റെ ഇത്ര ശതമാനം പാര്‍ട്ടി ഫണ്ടിലേക്കുള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും അവര്‍ മദ്യനിരോധനത്തെ പ്രോത്സാഹിപ്പിക്കുകയില്ല.
ഞങ്ങള്‍ എന്നും പ്രതിപക്ഷത്താണ്, ആരു ഭരിക്കുമ്പോഴും ഞങ്ങള്‍ സമരം ചെയ്തിട്ടുണ്ട്. നന്മ കണ്ടപ്പോള്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, മാര്‍ക്‌സിറ്റുകാര്‍ വിമര്‍ശനത്തെ സഹിക്കില്ല. യുഡിഎഫ് ഞങ്ങള്‍ എത്ര ചീത്ത പറഞ്ഞാലും ഞങ്ങളെ കേട്ടിരിക്കാന്‍ ക്ഷമ കാണിച്ചിട്ടുണ്ട്. എന്റെ പഞ്ചായത്തോ, കോഴിക്കോട് കോര്‍പ്പറേഷനോ, കോഴിക്കോട്ടെ ഇടത് എംഎല്‍എമാരോ ഇതുവരെ ഞങ്ങളോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല. എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ ഞങ്ങള്‍ നൂറുകണക്കിന് സ്ത്രീകള്‍ മദ്യനിരോധനത്തിനായി ലക്ഷക്കണത്തിന് ഒപ്പു ശേഖരിച്ച് അച്യുതാന്ദനെ കാണാന്‍ പോയി. ഒന്നിരിക്കാന്‍ പോലും പറഞ്ഞില്ല. കാണാന്‍ പോലും കൂട്ടാക്കിയില്ല. നുഴഞ്ഞുകയറി കാണാന്‍ ശ്രമിച്ചപ്പോള്‍, അതില്‍ എഴുതിയിട്ടില്ലേ അവിടെ വെച്ചു പോയിക്കോന്ന് പറഞ്ഞ് അദ്ദേഹം പോയി.. അത് കേട്ട് അച്യുതാന്ദനെ അവിടെ കൂടിയിരുന്ന സ്ത്രീകള്‍ ശപിക്കാന്‍ തുടങ്ങി, അടുത്ത തവണ അധികാരത്തിലെത്താതെ പോകട്ടെയെന്നൊക്കെ പറഞ്ഞ്.. ഞാന്‍ അവരുടെ വായ് പൊത്തുകയായിരുന്നു. എന്നെ ഒരു പയ്യന്‍ ദേശാഭിമാനിക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്തു. ഞാന്‍ അവര്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ആളാണെന്ന് പറഞ്ഞ് അവരത് പ്രസിദ്ധീകരിച്ചില്ല. ഞാന്‍ അവര്‍ക്ക് എതിരല്ല. ഞാന്‍ ഒരു പാര്‍ട്ടിയിലും മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. അവര്‍ നല്ലതു ചെയ്താല്‍ ഞാന്‍ അവരുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകും.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങളും ചിന്നമ്മ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ടീച്ചര്‍ക്കായിരുന്നു. മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന അവാര്‍ഡി. കാമ്പസ് ഗ്രീനിങ്ങിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുരസ്‌കാരം, മനോരമ എയര്‍ഇന്ത്യ ബെസ്റ്റ് ടീച്ചര്‍ക്കുള്ള അവാര്‍ഡ്, മന്മഥന്‍  മാനവ സേവ പുരസ്‌കാരം, സിഎച്ച് പ്രതിഭ പുരസ്‌കാരം, സാമൂഹ്യക്ഷേമ വകുപ്പിന്റെ മഹിളാതിലകം പുരസ്‌കാരം തുടങ്ങി, ടീച്ചര്‍ക്ക് കിട്ടിയ അവാര്‍ഡുകളെല്ലാം പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം കൂടിയായി.
കം ടു ലൈറ്റ് എന്നൊരു ടെലിഫിലിം സംഘടനയുടേതായുണ്ട്. പ്രൊഹിബഷന്‍ എന്നൊരു മാസികയും മദ്യനിരോധന സമിതി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറക്കുന്നുണ്ട്.
രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്. അരുണും ആസിഫും. അരുണ്‍ വിവാഹിതനാണ്. പൊന്നമ്പിളിയാണ് ഭാര്യ, അല്‍മിക എന്നൊരു ചെറുമകളും ഇവര്‍ക്കുണ്ട്. 
സൗഹൃദത്തിനിടയിലുള്ള പ്രണയം ഇപ്പോഴും നിലനില്‍ക്കുന്നവെന്ന് തെളിയിച്ചുകൊണ്ട് ചിന്നമ്മയുടെ രവീന്ദ്രനും നല്ല ഒരു നാളെയെ പ്രതീക്ഷിച്ച് തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി എന്നും സജീവമാണ്.