അയാളും ഞാനും തമ്മില്‍



അയാളും ഞാനും തമ്മില്‍ - പേരു കേട്ടപ്പോഴെ തോന്നിയിരുന്നു ഒരാള്‍ക്ക് മറ്റൊരാളോടുള്ള ആത്മബന്ധമാകാം സിനിമയുടെ കഥയെന്ന്.... അത് എന്തായാലും പ്രണയമാകാന്‍ വഴിയില്ല എന്നും മനസ്സു പറഞ്ഞു... സിനിമ കുറച്ചെല്ലാം നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. എവിടെയൊക്കെയോ ക്ലാസ്‌മേറ്റ്‌സിന്റെ പ്രേതം ലാല്‍ ജോസിനെ വിട്ടു പോകാത്ത പോലെ... തട്ടത്തിന്‍ മറയത്തിന്റെ ഫ്രെയിമുകള്‍ ജോമോന്‍ ടി ജോണിനെയും വിട്ടുമാറിയിട്ടില്ല. ചിലപ്പോള്‍, ചില സീനുകള്‍ ബോറടിപ്പിച്ചെങ്കിലും കണ്ടിരിക്കാം. പ്രത്യേകിച്ച്, കലാഭവന്‍ മണിയുടെ മകള്‍ക്ക് ചികിത്സ നിഷേധിച്ച രവി തരകനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, എന്നെ ഒന്നു പിടിച്ചോണെ അല്ലെങ്കില്‍ ഞാനിപ്പോ ഇടപെട്ടു കളയും എന്ന നിലയിലുള്ള സുപ്രിയ(രമ്യ നമ്പീശന്‍) യുടെ നില്‍പും, കാമുകിയെ നഷ്ടപ്പെട്ട സങ്കടത്തില്‍ രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ വെച്ചുള്ള നായകന്റെ കരച്ചിലും. പക്ഷേ, ആരെങ്കിലും കഥ ചോദിച്ചാലോ? കുടുങ്ങിയതുതന്നെ. സീന്‍ ബൈ സീനായി കഥ പറഞ്ഞു തരണമെന്ന് പറഞ്ഞാല്‍ പെട്ടുപോകുകയോ ഉള്ളൂ... ഫഌഷ്ബാക്കിനുള്ളില്‍ ഫഌഷ്ബാക്കായി, ഒരു കാലഘട്ടത്തില്‍ നിന്ന് പെട്ടെന്ന് അടുത്ത സീനില്‍ മറ്റൊരു കാലഘട്ടത്തിലേക്ക് മാറി ആകെ പാടെ കഥ പറഞ്ഞ രീതി കൊള്ളാം... ഏസിയുടെ തണുപ്പില്‍ മൂന്നാറിന്റെ സൗന്ദര്യം പകരുന്ന മാസ്മരികത മറ്റൊരു അനുഭവമായി...
മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകള്‍ തുറന്നു പറയുന്നുണ്ട് സിനിമയില്‍. അധികൃതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിര്‍ബന്ധ ഗ്രാമീണസേവന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതിനെ ആരോ സിനിമയുടെ റിവ്യൂവില്‍ പരാമര്‍ശിച്ചു കണ്ടു. അതിലും വലിയ പ്രശ്‌നമായിരുന്നു എക്‌സ്‌പെയറി ഡേറ്റു കഴിഞ്ഞ മരുന്നുകള്‍ സ്വകാര്യ ആശുപത്രികള്‍ പര്‍ച്ചേസ് ചെയ്യുന്നതും അത്തരം മരുന്നും ഉപകരണങ്ങളും ഉപയോഗിക്കുന്നതുമൂലം രോഗികള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും. അത്തരം രംഗങ്ങള്‍ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാതെ വയ്യ.
  ഒരു നടന്‍ നല്ല നടനാകുന്നത് ഒരു സംവിധായകന്‍ എങ്ങനെ അയാളെ ഉപയോഗപ്പെടുത്തി അയാളുടെ കഴിവുകള്‍ പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും...  ജേര്‍ണലിസം പഠനകാലങ്ങളിലൊന്നില്‍ (?!!) ക്ലാസ്‌മേറ്റിന്റെ ലൊക്കേഷനില്‍ പോകാന്‍ ഒരവസരം കിട്ടിയിരുന്നു. സിനിമയുടെ കാമറമാന്‍ രാജീവ് രവിയുമായുള്ള ഞങ്ങളുടെ അധ്യാപകന്റെ സൗഹൃദമാണ് അതിന് വഴി വെച്ചത്. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ലാബില്‍ തനിച്ചാകുന്ന നായകനും നായികയും... കാത്തിരുന്ന പെണ്ണല്ലേ എന്ന ഗാനത്തിന്റെ തൊട്ടുമുമ്പുള്ള സീന്‍... കാവ്യ മാധവന്റെ മേക്കപ്പ് തുടങ്ങിയിട്ടേയുള്ളൂ. കാവ്യയുടെ ചുണ്ട് അടിപിടിയില്‍ പൊട്ടിയിരിക്കുന്നു. ചുണ്ടില്‍ പറ്റിയ ചോര തുടയ്ക്കണം. മരുന്നു വെക്കണം. പൃഥ്വിരാജിനു മുമ്പില്‍ കാവ്യയ്ക്കു പകരം കാമറ. സജഷന്‍ ഷോട്ട്. പൃഥ്വിരാജ് കാമറയില്‍ നോക്കി ശ്രദ്ധാപൂര്‍വം തന്റെ കൈ കാമറയ്ക്കു നേരെ.. പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. മുഖത്തുള്ള ഭാവം പേടിയാണ് എന്നു വേണമെങ്കില്‍ പറയാം. ഉടനെ വന്നു ലാല്‍ജോസിന്റെ പ്രതികരണം,'' എടാ, നീ തൊടുന്നത് സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചുണ്ടിലാണ്. ആ ഒരു വികാരം ഒന്നും വരണമെന്നില്ല... എന്നാലും'' - ആ ഒരൊറ്റ വാക്ക് മതിയായിരുന്നു, സംവിധായകന് ആവശ്യമുള്ള കൃത്യമായ ഭാവം നടന്റെ മുഖത്ത് വരാന്‍.... സിനിമ കണ്ടിറങ്ങുമ്പോള്‍ നടീനടന്മാര്‍ മോശമാക്കിയില്ല എന്നൊരു അഭിപ്രായം മനസ്സില്‍ പറഞ്ഞു.
ന്യൂ ജനറേഷന്‍ സിനിമയുടെ തട്ടകത്തിലേക്ക് ലാല്‍ജോസും മാറിയോ എന്ന സംശയം ഡയമണ്ട് നെക്ലേസ് നല്‍കിയിരുന്നു... ആ സംശയം പൂര്‍ണമായി ഇല്ലാതാക്കുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍ എന്നൊന്നും പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. പൃഥ്വിരാജിന് ഫാന്‍സ് കുറവാണ് എന്ന് തീയേറ്ററിലെ അവസ്ഥ കണ്ടപ്പോള്‍ ഏറെക്കുറെ ഉറപ്പായി. അധികവും സ്ത്രീകളും കുട്ടികളും. ന്യൂ ജനറേഷന്‍ സിനിമകളിലെ തെറി അഭിഷേകങ്ങള്‍ക്കിടയില്‍  കുടുംബസമേതം കാണാന്‍ പറ്റിയ ഒരു സിനിമ ഇറങ്ങിയ സന്തോഷം തീയേറ്ററില്‍ കണ്ടു. പക്ഷേ, സിനിമ കാണാനായി കോഴിക്കോട് രാധ തീയേറ്ററില്‍ എത്തിയപ്പോഴേക്കും ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു. സിനിമ തുടങ്ങാന്‍ അരമണിക്കൂറിലധികം ഇനിയും. ബ്ലാക്കിന് ടിക്കറ്റ് കിട്ടി. തിയേറ്ററില്‍ കയറിയപ്പോള്‍ സീറ്റുകളിലേറെയും ഒഴിഞ്ഞു കിടക്കുന്നു. അപ്പോള്‍ ഫുള്‍ എന്ന ബോര്‍ഡ്?  എത്രയേറെ ടിക്കറ്റുകളാണ് ഓരോ ഷോയ്ക്കും കരിഞ്ചന്തയില്‍ വിറ്റു പോകുന്നത് എന്ന് ഓര്‍ത്തപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. തീയേറ്റര്‍ വ്യവസായം നഷ്ടത്തിലാണെന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ അവനെ ചവിട്ടണം.

അസ്തിത്വ ദുഃഖം പേറുന്ന കുഞ്ഞുങ്ങള്‍



''ശരിക്കും പറയാണെങ്കില്‍ ന്റെ ഇമ്മെം ഇപ്പേം ഡൈവേഴ്‌സ് ആണ്. ഞാന്‍ ഈ അനിയത്തി അനിയന്‍ന്നൊക്കെ പറയുന്നത് ഇപ്പേം ഇമ്മേം വേറെ കല്ല്യാണം  കഴിച്ചതിലുള്ളതാ''
പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായ എന്റെ കൂട്ടുകാരി ഇന്നലെയാണ് മനസ്സു തുറന്നത്. ഒന്നു നടുങ്ങിയെങ്കിലും ആ നടുക്കം അവളെ അറിയിക്കാതെ ഞാന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചു. ''അതു ശരിയാ.... മലപ്പുറത്ത് ഇങ്ങനെ ഒരുപാട് ആളുണ്ട്'' എന്നും പറഞ്ഞ് ഞാന്‍ അവളുടെ സങ്കടത്തെ പൊതുവത്കരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാകാം അവള്‍ കുറച്ചുകൂടി എനര്‍ജെറ്റിക് ആയി.
ചികിത്സ തേടി ഉപ്പ കോട്ടക്കല്‍ ആര്യവൈദ ആശുപത്രിയില്‍ കിടക്കുന്ന സമയം. സഹരോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഉപ്പ ഒരു അത്ഭുതമായിരുന്നു. പലരും തങ്ങളുടെ സംശയം നേരിട്ടു തന്നെ തീര്‍ത്തു. ''അല്ല. കലാംക്ക, ഇങ്ങക്ക് ഒരു ഭാര്യന്നെ ള്ളൂ...?  ചോദ്യത്തിലെ ആശയം ഉപ്പാക്ക് പെട്ടെന്ന് പിടികിട്ടിയില്ല. അതുകൊണ്ട്, ''എന്തേയ്'' എന്ന മറുചോദ്യമായിരുന്നു ഉപ്പാന്റെ ഉത്തരം. ''അതല്ല കലാംക്ക, ഇങ്ങള് ഒന്നെന്നെ കെട്ടീട്ടുള്ളൂ?''  ചോദ്യത്തിന്റെ ഗതി എങ്ങോട്ടാണ് എന്ന് ഉപ്പാക്ക് കൃത്യമായി പിടികിട്ടി. 'ഒന്നിനെ തന്നെ സഹിക്കാന്‍ പെടുന്ന പാട് ഇനിക്കേ അറിയൂ മോനെ''  എന്നു പറഞ്ഞ് ഒന്നു ചിരിച്ച് ഉപ്പ തഞ്ചത്തില്‍ മുങ്ങി.
വാര്‍ഡില്‍ പലരും മലപ്പുറം ജില്ലക്കാര്‍. മുസ്ലീം സമുദായക്കാര്‍. പലരും, ആണാവട്ടെ പെണ്ണാവട്ടെ ചെറുപ്രായത്തില്‍ വിവാഹിതരായവര്‍. മൊഴിച്ചൊല്ലിയവര്‍, ചൊല്ലപ്പെട്ടവര്‍... കുട്ടികള്‍ ഉള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ വീണ്ടും വിവാഹിതരായവര്‍., നിലവില്‍ ഭാര്യയുണ്ടായിരിക്കെ വീണ്ടും വീണ്ടും വിവാഹിതരായവര്‍...
സ്വരചേര്‍ച്ചയില്ലാത്തവര്‍ മരണം വരെ ഒരു കുരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിയേണ്ടി വന്നാല്‍ അതിനേക്കാള്‍ വലിയ ശിക്ഷയില്ല. നിലവില്‍ പെരുകി കൊണ്ടിരിക്കുന്ന വിവാഹമോചനത്തിന്റെ ഏറ്റവും വലിയ പോസിറ്റീവായി പലരും ഉയര്‍ത്തിക്കാട്ടുന്നതും ദാമ്പത്യത്തിന്റെ ഈ വശം തന്നെ. അങ്ങനെ നോക്കുമ്പോള്‍ ആരംഭകാലം മുതല്‍ തന്നെ മുസ്‌ലീം സമുദായം അഡ്‌വാന്‍സ്ഡ് ആണെന്നു പറയേണ്ടി വരും. ദാമ്പത്യത്തെ ദൃഢമാക്കുന്ന കുഞ്ഞുകുഞ്ഞു പിണക്കങ്ങളുടെ തുടക്കത്തില്‍ തന്നെ ഒന്നും രണ്ടും മൂന്നും ചൊല്ലി വേര്‍പിരിക്കലും പിരിയലും സാധാരണയായിരുന്നു. ശരാശരിയില്‍ കുറവ് വന്നിട്ടുണ്ടാകാമെങ്കിലും സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. അത്തരം ദാമ്പത്യത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ പല പ്രായത്തില്‍ ആണ്‍പെണ്‍ ഭേദമന്യേ തന്റെ അസ്തിത്വം തേടി നടക്കുന്നു.
പരസ്പരം വേര്‍പിരിഞ്ഞു കഴിഞ്ഞാലും ജീവിതം വിശാലമായി മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ആഗ്രഹിക്കാതെ ലഭിച്ച കുഞ്ഞ് പല ഉമ്മയ്ക്കും ഉപ്പയ്ക്കും ബാധ്യതയാകുന്നു...  മറ്റൊരു ബന്ധം തേടി പോകാന്‍ ഭാര്യയും മക്കളുമൊന്നും ഒരിക്കലും മുസ്ലീം സമുദായത്തിലെ പുരുഷന് തടസ്സമാവുന്നില്ല. ബന്ധുക്കള്‍ക്ക് സ്വയമൊരു ബാധ്യതയാകാതിരിക്കാന്‍ ഒരുപക്ഷേ, മധുരപതിനേഴ് പോലും പിന്നിട്ടിട്ടില്ലാത്ത ഉമ്മയ്ക്കും മറ്റൊരു ജീവിതം സ്വീകരിക്കേണ്ടി വന്നിരിക്കാം. ഉമ്മയുടെയോ ഉപ്പയുടെയോ ഹണിമൂണിന് ഈ കുഞ്ഞിളം പൈതല്‍ തടസ്സമാവരുതല്ലോ.. എന്തായാലും പിന്നെ ആ കുഞ്ഞു ജീവിതം ഉമ്മായുടെയോ ഉപ്പയുടെയോ വീട്ടുകാരുടെ, അല്ലെങ്കില്‍ ഏതെങ്കിലും യത്തീംഖാനയുടെ കാരുണ്യത്തില്‍...  ഇടയ്ക്ക് രണ്ടു വീട്ടുകളിലേക്കും വിരുന്നുപോക്ക്. കഴിഞ്ഞു,  ജീവിതത്തിലെ മാതാപിതാക്കളെന്ന അനുഗ്രഹം.
നമ്മുടെ നാട്ടിലെ യത്തീംഖാനകളിലെ അനാഥമക്കളില്‍ ഭൂരിഭാഗവും ബാപ്പയും ഉമ്മയും ജീവിച്ചിരിക്കെ യത്തീമായി ജീവിക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണവും മതത്തെ സ്വാര്‍ത്ഥതാത്പര്യത്തിന് കൂട്ട് പിടിക്കുന്ന ഇത്തരക്കാരുടെ പിടിവാശിയാണ്.
മനുഷ്യന്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതിന്റെ പഴി മതത്തിന്റെ പേരില്‍ കെട്ടിവെക്കുന്നതും അവന്‍ തന്നെ. വിരലിലെണ്ണിയാല്‍ തീരാത്ത മതസംഘടനകള്‍ നാട്ടിലുണ്ട്. കാക്കത്തൊള്ളായിരം തൊപ്പിക്കാരും താടിക്കാരും ഉണ്ട്. ഇവരൊക്കെ സമുദായ നവീകരണമെന്നു പറഞ്ഞ് ചെയ്യുന്നതെന്താണെന്ന സംശയം മാത്രം എപ്പോഴും മനസ്സില്‍ നിറയുന്നു. പരസ്പരം ചളി വാരിയെറിയുന്ന ചൊറിയുന്ന വര്‍ത്തമാനങ്ങള്‍ പറയാനല്ലാതെ, ഭൂമിക്ക് ഭാരമായി മതത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ പണിയുകയല്ലാതെ, സമുദായത്തിനും മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പടച്ചവനെ പേടിച്ച് ജീവിക്കുന്നവര്‍ക്കും എന്ത് ഉപകാരമാണ് ഇവര്‍ ചെയ്യുന്നത്? എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, രാഷ്ട്രീയക്കാരെപ്പോലെ അതിന് ചെലവാക്കുന്നതില്‍ കൂടുതല്‍ പബ്ലിസിറ്റിക്കായി പൊടിക്കുന്നുമുണ്ട്. ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാലോ, സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് പടച്ചവന്‍ ഞങ്ങളെയാ ഏല്‍പിച്ചിരിക്കുന്നത്, ഞങ്ങളോട് കളിക്കാന്‍ നില്‍ക്കണ്ട. സ്വര്‍ഗം കിട്ടില്ല എന്ന ഭീഷണിയും. പാവം വിശ്വാസി, പടച്ചവനെയും സ്വര്‍ഗത്തെയും വിട്ട് ഒരു കളിക്കും അവരില്ല. സ്വന്തം സമുദായത്തിലെ ഇത്തരം ജീര്‍ണതകളെന്നും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും കയ്യില്‍ പിടിച്ചു നില്‍ക്കുന്നവര്‍ കാണില്ല. മതേതരവാദികളും ഇതര സമുദായങ്ങളും മുസ്ലീം സമുദായത്തെ കുറ്റപ്പെടുത്താന്‍ പൊലിപ്പിച്ചു കാട്ടുന്ന ഭീകരസത്വമാണ് ഇതെല്ലാം എന്നു പറഞ്ഞ് അവര്‍ കൈ കഴുകും. ഇതര സമുദായക്കാരിലും അപവാദത്തിന് ചിലരുണ്ട്. പക്ഷേ, അവര്‍ക്ക് മതത്തിന്റെ പേരില്‍ ചാര്‍ത്താന്‍ സാധിക്കാത്തതിനാല്‍ പേര് മറ്റൊന്ന്- ലിവിംഗ് ടു ഗെദര്‍. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ സെറ്റപ്പ്!!
ചുറ്റുപാടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒരുപാട് പേരുടെ സമാന അനുഭവങ്ങള്‍ കേട്ടറി്ഞ്ഞിരുന്നു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ കൂടുതല്‍ അസ്തിത്വ ദുഃഖം പേറുന്നുണ്ടാകുക എന്ന് പലതവണ മനസ്സില്‍ കണക്കു കൂട്ടിയിരുന്നു. വ്യത്യസ്ത തലത്തില്‍ വ്യത്യസ്ത ദുഃഖങ്ങള്‍ എല്ലാവരും പേറുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ''ആണ്‍കുട്ടിയല്ലെ, പ്രശ്‌നമില്ല, അവനെങ്ങനെയെങ്കിലും വളര്‍ന്നോളും'' എന്ന് പറയും ചിലര്‍. അതെ, അവന്‍ വളരുന്നത് 'എങ്ങനെയെങ്കിലും' തന്നെയാണ്.. പക്ഷേ, വളര്‍ന്നു കഴിഞ്ഞാലാണ് പ്രശ്‌നം. ഉമ്മാക്കും ഉപ്പാക്കും തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ അവന്റെ സഹായം വേണം. അവന്‍ ചോര നീരാക്കി അധ്വാനിക്കുന്ന അവന്റെ വിയര്‍പ്പിന്റെ വില വേണം. പക്ഷേ, എല്ലാം ഒന്ന് ശാന്തമാക്കി, അവന്‍ ഒരു സ്വസ്ഥ ജീവിതം ആഗ്രഹിച്ചാലോ... കെട്ടികൊണ്ടു വരുന്ന പെണ്ണിനൊന്നിച്ച് അവന്‍ എവിടെ പൊറുക്കും? നാട്ടിലെ സമ്പ്രദായം അനുസരിച്ച് അച്ചി വീട്ടിലെ പൊറുതി നാണക്കേടാണ്...
ഇത് അവന്റെ അവസ്ഥ.. അവളോ...?  ''പെണ്‍കുട്ടീന്റെ കാര്യമാണ് കഷ്ടം. കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.'' ഇതാണ് അവളുടെ കാര്യത്തില്‍ നാട്ടുസംസാരം.. വളര്‍ച്ചയുടെ പല ഘട്ടത്തിലും പെണ്‍കുട്ടികള്‍ ഉമ്മയുടെ സാന്നിധ്യം ആഗ്രഹിക്കും.. പലതും അവള്‍ക്ക് ഉമ്മയോട് തുറന്നു പറയാനുണ്ടാകും. പക്ഷേ, പറയാന്‍ കഴിയാതെ അവളത് മനസ്സിലടക്കി തേങ്ങും... പറഞ്ഞാല്‍ ഉമ്മ അത് അവരുടെ ഭര്‍ത്താവിനോട് പറഞ്ഞാലോ? അയാള്‍ തന്നെപ്പറ്റി എന്തു വിചാരിക്കും... ഇങ്ങനെ പോകും അവളുടെ ചിന്തകള്‍...
എന്റെ കൂട്ടുകാരി അവളുടെ ബാക്കി കഥ കൂടി പറഞ്ഞു.  പത്താം ക്ലാസുകഴിഞ്ഞതോടെ വിവാഹത്തിന് പലഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം കൂടി. ഒരുവിധത്തിലാണ് പിടിച്ചുനിന്നത്. ജീവിതം നല്‍കിയ അനുഭവങ്ങള്‍ വിവാഹത്തില്‍ വിശ്വാസമില്ലാതാക്കിയിരുന്നു. പഠിക്കണം, ജോലി നേടണം. അല്ലാതെ കല്ല്യാണത്തിന് എന്നെയാരും നിര്‍ബന്ധിക്കണ്ട. തീര്‍ത്തു പറഞ്ഞു. ബി എഡ് നേടി. ഇപ്പോള്‍ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപിക.  ഉമ്മയിലുള്ള അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അവള്‍ക്ക് നല്‍കിയ സ്വര്‍ണത്തില്‍ ഒരുതരി പോലും ഇപ്പോള്‍ ബാക്കിയില്ലെന്ന് അവള്‍ ഒരു ചെറുചിരിയോടെ കൂട്ടിച്ചേര്‍ത്തു... സമാനദുഃഖിതനായ ഒരു സൗഹൃദം ഇപ്പോള്‍ പ്രണയത്തിന് വഴിമാറിയിട്ടുണ്ട്. ഉമ്മയിലും ഉപ്പയിലുമായി അര ടസണ്‍ പെങ്ങന്മാരുണ്ട് അവന്. അവരുടെ വിവാഹം കഴിയാതെ അവന് ഒരു ജീവിതം തുടങ്ങാന്‍ സാധിക്കുകയുമില്ല. ചിലപ്പോള്‍ തോന്നും പഴയ തീരുമാനമായിരുന്നു നല്ലതെന്ന്. മരണം വരെ തനിച്ച് മതിയെന്ന്. പക്ഷേ, ഒറ്റപ്പെടല്‍ വല്ലാതെയാകുമ്പോള്‍, അറിയാതെ അവന്റെ കൂട്ട് ആഗ്രഹിച്ചു പോകും...
ഇപ്പോള്‍ അവളുടെ താമസം ഉമ്മയുടെ ഉമ്മയുടെ കൂടെ. ''എനിക്ക് ജോലിയുണ്ടല്ലോ, അതുകൊണ്ട് അമ്മാവന്മാര്‍ക്ക് പോലും വല്യുമ്മയുടെ വിവരം അന്വേഷിക്കാന്‍ നേരമില്ലാതെയായി....'' അവളുടെ വാക്കുകളിലുളളത് വിലാപമല്ലായിരുന്നു.. ജീവിതത്തെ ഒറ്റയ്ക്ക് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്ന, എല്ലാവരുമുണ്ടായിട്ടും അനാഥയായി വളരേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ ഉറച്ച ശബ്ദമായിരുന്നു...
''പാഠം ഒന്ന്, ഒരു വിലാപം പറയാന്‍ ഒരു ആര്യാടന്‍ ഷൗക്കത്ത് എങ്കിലും ഉണ്ടായി മതസംഘടനകള്‍ അയാളെയും അയാളുടെ സിനിമയെയും അംഗീകരിച്ചില്ലെങ്കിലും. ഇവരുടെ മനസ്സിന്റെ വിലാപം കേള്‍ക്കാന്‍ ഇനിയെന്നെങ്കിലും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം.

ഇത്തിരി പൂവിന്റെ കൈക്കുമ്പിളില്‍




യ്യോ!! ദേ ഒരു എന്‍ഡോസള്‍ഫാന്‍!!
അറിയാതെയാണ് മനസ്സില്‍ അങ്ങനൊരു വാക്ക് വന്നു പോയത്. ബസ്സ് യാത്രയില്‍ കുട്ടിയെയുമെടുത്ത് കയറിയ ഒരമ്മക്ക് സീറ്റു ഒഴിഞ്ഞുകൊടുക്കാനുള്ള തീരുമാനത്തിനിടയില്‍ എപ്പോഴോ ഞാനങ്ങനെ ചിന്തിച്ചു. ആ ഒരു വാക്ക് മനസ്സില്‍ വന്ന നിമിഷത്തെ ഞാനിപ്പോഴും ശപിക്കുന്നു.
വികൃതമായിരിന്നു ആ രൂപം... കൈവിരലുകളുടെ സ്ഥാനത്ത് വിടവില്ലാതെ പരസ്പരം കൂടിച്ചേര്‍ന്ന നിലയിലാണ് രണ്ടു കൈകളും... വയ്യ, ഓര്‍ക്കാന്‍ കൂടി വയ്യ. തന്റെ കുഞ്ഞ് മറ്റുള്ളവര്‍ക്ക് ഒരു കാഴ്ച വസ്തുവാകുന്നുവെന്ന് ആ അമ്മ അറിയുന്നുണ്ട്. പക്ഷേ, ആ മുഖം നിറയെ തന്റെ കുഞ്ഞിനോടുള്ള വാത്സല്യം ഒന്നുമാത്രമാണ്. എനിക്ക് ആ കുഞ്ഞിനെ ഒന്നു നോക്കണമെന്നുണ്ട്.  മറ്റുള്ളവരുടെ തുറിച്ചുനോട്ടത്തെ മനസ്സില്‍ കുറ്റപ്പെടുത്തികൊണ്ടിരിക്കുന്ന എനിക്ക് അതിനെന്ത് അര്‍ഹത?!!
ബസ്സില്‍വെച്ചു കണ്ട പരിചയക്കാരിലാരോടോ, മകന്റെ സ്‌കൂളില്‍ പോകുകയാണെന്ന് ആ അമ്മ പറയുന്നതു കേട്ടു. മടിയിലെ മകന്റെ അനിയനോ മറ്റോ ആകാം ആ മകനെന്ന് ഞാനപ്പോള്‍ മനസ്സില്‍ ചിന്തിച്ചു. പത്തുവയസ്സിലേറെ പ്രായമുള്ള ആ 'കുഞ്ഞു വാവ' അമ്മയുടെ മടിയിലിരുന്ന് അപ്പോള്‍ തന്റെ കണ്ണുകള്‍ ഒന്നുകൂടി വിടര്‍ത്തി. എന്നെ മുഴുവന്‍ വിഴുങ്ങാന്‍ മാത്രം വലിപ്പമുണ്ടായിരുന്നു ആ കണ്ണുകള്‍ക്ക്....  ആ അമ്മയെ കുറിച്ചും കുഞ്ഞിനെ കുറിച്ചും ഞാന്‍ ഒരുപാട് കഥകള്‍ മെനഞ്ഞു.. അറിയാതെ ബസ്സിലെ തിരക്കില്‍- ആ ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചായി...
രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞ് വിജീഷിനെ തേടി ഞാന്‍ പോയത്. ചെന്നപ്പോള്‍ അവന്‍ വീട്ടിലുണ്ടായിരുന്നില്ല. തന്റെ കാലിപെറും കെട്ടി ചിന്നൂന്റെ വീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. പ്ലസ്ടുകാരിയായ ചിന്നു അവനിപ്പോഴും പഴയ മൂന്നു വയസ്സുകാരിയായിരുന്നു... കാരണം അവന്റെ മനസ്സിനു വളര്‍ച്ചയില്ലല്ലോ?!!  വിജീഷും ദൈവം അനുഗ്രഹിച്ച കുഞ്ഞാണ്. അവിടെയെത്തി അവന്റെ അമ്മയോട് സംസാരിച്ചപ്പോള്‍ അറിഞ്ഞു ഞങ്ങള്‍ സമപ്രായക്കാര്‍ ആണെന്ന്!!  അമ്മ അവനെ തിരിച്ചു വിളിച്ചതിന്റെ പിണക്കത്തിലായിരുന്നു കുറച്ചു നേരത്തേക്ക് അവന്‍... പിന്നെ കാലിപെര്‍ അഴിച്ചു വെച്ച് അവന്‍ മുട്ടിലിഴയുന്ന കുഞ്ഞായി... കാഴ്ചക്കുറവുള്ളതിനാല്‍ ഞാന്‍ വെച്ചു നീട്ടിയ ഫ്രൂട്ട്‌സ് അവന്‍ കണ്ടില്ല... അവന്‍ ഒരു വേദനയായി ഉള്ളില്‍ നിറയുമ്പോഴാണ്  ആ അമ്മ എന്നെ കാണാന്‍ ആഗ്രഹിച്ചതിന്റെ യാഥാര്‍ത്ഥ കാരണം പറഞ്ഞത്. സാമ്പത്തിക സഹായം ഒന്നും അവര്‍ക്കാവശ്യമല്ല... എന്തെങ്കിലും നാടന്‍ ജോലിക്കൊക്കെ പോയി അവരുടെ ആഹാരം അവര്‍ കണ്ടെത്തുന്നുണ്ട്... പിന്നെ....? എന്റെ മുഖം ഒരു വലിയ ചോദ്യം ചിഹ്നം പോലെ അവരുടെ മുമ്പില്‍ വളഞ്ഞു. മടിച്ചു മടിച്ചു അവര്‍ ആ കാര്യം പറഞ്ഞു.. '' അവനെ ഒരു വിവാഹം കഴിപ്പിക്കാന്‍ സാധിക്കുമോ? അതിനു പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിത്തരാമോ?... എനിക്കും അവനും ശേഷം ഞങ്ങളുടെ കുടുംബം നിലനിര്‍ത്താന്‍ ഒരു കണ്ണിയെ കിട്ടാന്‍... അതിനുവേണ്ടി മാത്രം.. ഈ കുടുംബം അന്യം നിന്നു പോകാതിരിക്കാന്‍...''
ഞാന്‍ ആകെ വല്ലാതെയായി.... പലതരം വിവാഹ ആലോചനകളിലൂടെ എന്റെ ജീവിതം കടന്നു പോകുന്ന സമയമാണത്.. ആര്... ആരാണതിന് തയ്യാറാകുക? ഇങ്ങനെയൊരു കാര്യത്തിന് ഏതെങ്കിലും ഒരു പെണ്‍കുട്ടി തയ്യാറാകുമോ? അവള്‍ ജീവിതത്തെക്കുറിച്ച് യാതൊരു പ്രതീക്ഷയുമില്ലാത്തവളാണെങ്കിലും... അറിയില്ല... ഒരു നിമിഷം... ഒരൊറ്റ നിമിഷം... ഞാനെന്നെ തന്നെ ആ സ്ഥാനത്ത് സങ്കല്‍പിച്ചു നോക്കി..... വയ്യ.... ചിന്തിക്കാന്‍ കൂടി വയ്യ... അതെ, നമ്മള്‍ മനുഷ്യര്‍ അങ്ങനെയാണ്.... സ്വന്തം കാര്യം വരുമ്പോള്‍ സ്വാര്‍ത്ഥരാകും... ഇത്തരക്കാരെ കാണുമ്പോള്‍ ആരെങ്കിലും ഇവര്‍ക്ക് ഒരു കൂട്ട് കൊടുത്തെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച് നമ്മള്‍ മനുഷ്യസ്‌നേഹിയാകും....
  എവിടെയോ ഒരു താരാട്ടു പാട്ട് കേള്‍ക്കുന്നു...
''ഇത്തിരിപ്പൂവിന്റെ ക്കൈക്കുമ്പിളില്‍ വീണ മുത്തേ മണി മുത്തേ''
  ബസ്സിലെ ആ അമ്മയുടെ ഫോണ്‍ റിംഗ് ചെയ്തതാണ്.... അറിയാതെ മനസ്സ് തേങ്ങി... അങ്ങനെ ഒരു പാട്ട് റിംഗ് ടോണായി സെലക്ട് ചെയ്തത് ആ അമ്മ മനപൂര്‍വ്വമായിരിക്കില്ല.... ഭാവിയിലെപ്പോഴോ എനിക്കായി പിറക്കാന്‍ പോകുന്ന കുഞ്ഞിനായി ഇപ്പോഴെ താരാട്ടു പാട്ടുകള്‍ ശേഖരിക്കുന്ന എന്നെപ്പോലെ.... അടിവയറില്‍ ആ കുഞ്ഞുകാലടികള്‍ താളം പിടിച്ചു തുടങ്ങിയപ്പോള്‍ ഈ പാട്ട് ആ അമ്മയും മനസ്സില്‍ മൂളിയിരിക്കാം... അറിയാതെ പാട്ടിനെ ഒരുപാട് ഇഷ്ടപ്പെട്ടിരിക്കാം... അതിലുമേറെ തന്റെ കണ്ണിലെ കൃഷ്ണമണിയായ കുഞ്ഞിനെ ഇഷ്ടപ്പെടുന്നു.... തന്റെ താരാട്ട് കേള്‍ക്കാതെ.... അറിയാതെ പോകുന്ന തന്റെ കണ്‍മണിയുടെ കാതും മനവും ഈ അമ്മയാകുന്നു. മകന്‍ കേള്‍ക്കാതെ പോകുന്ന താരാട്ട് അമ്മ കേള്‍ക്കുന്നു... അമ്മയുടെ മാറില്‍ നിന്ന് മകന്റെ കരളിലേക്ക് താരാട്ട് പ്രവഹിക്കാന്‍ അല്ലെങ്കിലും സംഗീതത്തിന്റെയും ശബ്ദത്തിന്റെയും ഒന്നും ആവശ്യമില്ലല്ലോ........

                                                                            ഖാസിദ കലാം