ഓര്‍മ്മകളുടെ വലിയങ്ങാടി


ഷോപ്പിംഗ് മാളുകളും വന്‍കച്ചവട ഭീമന്മാരും തങ്ങളുടെ ഉല്‍പ്പന്നങ്ങളുമായി കടലും കരയും താണ്ടി ഏതുദേശത്തും വേരുറപ്പിക്കുന്ന ഈ കാലത്ത്, ഉല്‍പ്പന്നത്തെ തേടി, കച്ചവടക്കാരെ തേടി കടലും കരയും കടന്ന് മറുനാട്ടുകാരും വിദേശികളുമായ കച്ചവടക്കാര്‍ വന്ന ചരിത്രം പറയാനുണ്ടാകുക കോഴിക്കോട്ടെ ‘ബിഗ്ബസാറി’ന് മാത്രം. ബിഗ്ബസാറെന്ന് കേള്‍ക്കുമ്പോള്‍ ബഹുനിലമാളികകളിലെ കണ്ണാടിക്കൂട്ടില്‍ മൃദുലസംഗീതത്തിന്റെ അകമ്പടിയോടെ നനുത്ത തണുപ്പില്‍ ട്രോളിയുന്തി, നിലകള്‍ മാറിമാറിക്കയറി ട്രോളി നിറയ്ക്കുന്നതിനെ കുറിച്ചോര്‍ക്കുന്നവരുടെ മനസ്സിലേക്ക് നിറം മങ്ങി ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രത്തിന്റെ അവസ്ഥയിലേക്ക് വഴിമാറിസഞ്ചരിച്ചുകൊണ്ടിരിക്കുന്ന വലിയങ്ങാടി കടന്നു വരണമെന്നില്ല. തദ്ദേശ്ശീയരായ കച്ചവടക്കാര്‍ക്കൊപ്പം അറബികളും പേര്‍ഷ്യക്കാരും ചൈനക്കാരും ബര്‍മ്മക്കാരും പാര്‍സികളും ഡച്ചുകാരും ബഡ്ക്കല്‍ക്കാരും ബോറകളും ഗുജറാത്തികളുമായ കച്ചവടക്കാര്‍, ഭക്ഷ്യവിളകളും നാണ്യവിളകളും പലവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളും സ്വര്‍ണ്ണവും രത്‌നവും പട്ടുവസ്ത്രങ്ങളും വാങ്ങാനും വില്‍ക്കാനുമായെത്തുന്ന വിദേശികളായ ലോകസഞ്ചാരികളും കച്ചവടക്കാരും, അരിയുടെയും ധാന്യങ്ങളുടെയും സാമ്പിളുകള്‍ പിടിച്ച് കൈക്ക് മുകളില്‍ ടവ്വലോ തോര്‍ത്തുമുണ്ടോ വെച്ച് വിരല്‍പിടിച്ച് വിലപറയുന്ന ദല്ലാളിമാര്‍, മൂപ്പന്മാരുടെയും കമ്മാലികളുടെയും തിരച്ചില്‍ക്കാരുടെയും അടിച്ചൂട്ടുകാരൂടെയും കലപില ബഹളങ്ങള്‍- സമൃദ്ധിയുടെ ഈ ആര്‍പ്പും വിളികളും അപ്രത്യക്ഷ്യമായിട്ട് കാലങ്ങള്‍ ഏറെയായി. ഒരുമുറികിട്ടണമെങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ടിയിരുന്ന, ലക്ഷങ്ങളുടെ വ്യാപാരം നടന്നിരുന്ന, കുതിരവണ്ടികളുടെയും കാളവണ്ടികളുടെയും മണികള്‍ കിലുങ്ങുന്ന പഴയ വലിയങ്ങാടിയെ നേരിട്ടറിയുന്നവര്‍ പലരും കാലത്തിന്റെ യാത്രയില്‍ വിട പറഞ്ഞു. പട്ടില്ലാത്ത പട്ടുതെരുവ്, ഹലുവയില്ലാത്ത? ഹലുവാബസാര്‍, ഇടഭിത്തികെട്ടി ചെറുതാക്കിയിരിക്കുന്ന പഴയ പീടികമുറികള്‍, നിരനിരയായും അടുക്കും ചിട്ടയുമില്ലാതെയും നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളും മറ്റുവാഹനങ്ങളും, ഗതാഗതക്കുരുക്കുമൂലം ലോഡിംഗിനും അണ്‍ലോഡിംഗിനും വരുന്ന കാലതാമസം, പൊട്ടിപ്പൊളിഞ്ഞ റോഡുകളും മാലിന്യം നിറഞ്ഞ ഓവുചാലും മഴയും മൂലം ചെളിമയം-ഇതൊക്കെയാണ് ഇന്ന് വലിയങ്ങാടി. സ്ഥാപിതം 1897 എന്ന് ബോര്‍ഡില്‍തന്ന സൂചിപ്പിച്ചിരിക്കുന്നതുകൊണ്ട് മലബാറിലെ തന്നെ അരിക്കച്ചവടത്തില്‍ പ്രമുഖരായ കെ.ടി.കെ.എം ഗുപ്തന്‍ നമ്പൂതിരിപ്പാട് എന്ന ബിസിനസ്സ് കുടുംബത്തിന്റെ പ്രായം കണക്കാക്കാന്‍ വിഷമമില്ല. അതല്ല മറ്റുപല കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ. വലിയങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്റെ ഇപ്പോഴത്തെ സെക്രട്ടറി ശ്യാം സുന്ദര്‍ ഏറാടിയുടെ കയ്യിലാണ് ഈ ബിസിനസ്സ് ഗ്രൂപ്പ് ഇപ്പോള്‍. ഹാജി പി.കെ മൊയ്തു, മേക്കുന്നത്ത് അപ്പുട്ടി, പൊറ്റങ്ങാടി ബലരാമന്‍ തുടങ്ങയവരായിരുന്നു അരിവ്യാപാരരംഗത്തെ മറ്റു പ്രമുഖര്‍. ഹാജി.കെ.പി ഉസ്മാന്‍ ഹാജി, ഗോവിന്ദസ്വാമി, പി. രമേശന്‍ തുടങ്ങി പലരും കച്ചവടം അവസാനിപ്പിച്ചിരിക്കുന്നു.


മാന്‍മാര്‍ക്ക് കുട എന്ന ലേബലില്‍ കോഴിക്കോടന്‍ കുടകളുടെ പ്രശസ്തി ലോകമെങ്ങും എത്തിച്ചത് ഇബ്രാഹിം കരീം ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനമായിരുന്നു. കുടനിര്‍മ്മാണകമ്പനികളും കുടക്കാല്‍നിര്‍മ്മാണകമ്പനികളും വലിയങ്ങാടിയില്‍ ഒരുകാലത്ത് സജീവമായിരുന്നു. ഇബ്രാഹിം കരീം കുടക്കമ്പനിക്ക് അടുത്തായി പുരുഷന്മാര്‍ അളവുകൊടുത്ത് ഷൂ പണിയിപ്പിച്ചിരുന്ന ഒരു ഷൂ നിര്‍മാണക്കമ്പനിയും ഉണ്ടായിരുന്നു. കിഴക്കുഭാഗത്തായിരുന്നു വസ്ത്രവ്യാപാരം. വട്ടക്കോളികള്‍ എന്ന് വിളിച്ചിരുന്ന തെക്കന്‍ കര്‍ണാടകത്തിലെ ബഡ്ക്കലില്‍നിന്നും വന്നവരായിരുന്നു പ്രധാനമായും വസ്ത്രവ്യാപാരികള്‍. തയ്യല്‍യന്ത്രങ്ങളുടെ ശബ്ദവും അത്തറിന്റെ സുഗന്ധവും ഒരുകാലത്ത് ഇവിടെ നിറഞ്ഞു നിന്നിരുന്നു. തുണിക്കടകളോടനുബന്ധിച്ച് കല്ലുകളും വളകളും വില്‍ക്കുന്ന കടകളുമുണ്ടായിരുന്നു. എസ്.എം ബാഷാ സാഹിബ് ആന്‍ഡ് സണ്‍സ്, കെ.എം മൗലാസാഹിബ് ആന്‍ഡ് ബ്രദേഴ്‌സ്, എസ്. എം സയ്യിദ് ഹുസൈന്‍, എസ്.എം സണ്‍സ്, എസ്. എം. സയിദ് അബ്ദുള്‍ സമദ്, എസ്. എം. സയിദ് മുഹമ്മദ് ആന്‍ഡ് സണ്‍സ് തുടങ്ങിയ തുണിക്കടകളെല്ലാം ഓര്‍മയില്‍ മറഞ്ഞു. എസ്.എം. ബാഷാ സാഹിബ് ആന്‍ഡ് സണ്‍സിന്റെ മിഠായിത്തെരുവിലെ കൊളംബോ സ്റ്റോഴ്‌സ് പോലെ പലരുടെയും പിന്‍തലമുറ മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റുകയുണ്ടായി.


മലബാര്‍ പല ജില്ലകളായി വിഭജിക്കപ്പെടുംവരെ പ്രധാന വാണിജ്യകേന്ദ്രമെന്ന പേര് വലിയങ്ങാടിക്ക് സ്വന്തമായിരുന്നു. കൊല്ലം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അരിവിതരണത്തിന്റെ മുഴുവന്‍ സംഭാവനയും ഇവിടെ നിന്നായായിരുന്നു. വലിയങ്ങാടിയുടെ തകര്‍ച്ചയ്ക്ക് പ്രധാനമായും ആക്കം കൂട്ടിയത് നികുതി നിരക്കുകളിലെ അന്തരവും അടിക്കടിയുള്ള സമരങ്ങളും ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയുമാണെന്ന് നിരീക്ഷിക്കുന്നു കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ മുന്‍ പ്രസിഡണ്ടും ബിസിനസ്സുകാരനുമായ ഷെവലിയര്‍ സി.ഇ ചാക്കുണ്ണി. വികസനത്തിന്റെ പേരില്‍ കോഴിക്കോട്ടെ ഗുഡ്‌സ് ഷെഡ് വെസ്റ്റ്ഹില്ലിലേക്ക് മാറ്റിയതുമൂലം ചരക്കുനീക്കം വൈകിയതും ബേപ്പൂര്‍ തുറമുഖത്തുനിന്നുള്ള യാത്രാസൗകര്യത്തിന്റെ കുറവും വലിയങ്ങാടിയുടെ വ്യാപാരം കുറയാന്‍ കാരണമായി. തൊഴില്‍സമരം മൂലമുണ്ടായ നഷ്ടങ്ങള്‍ കച്ചവടത്തെ ക്ഷീണിപ്പിച്ചു. ട്രേഡ് യൂണിയന്‍ സമരം തീരുമ്പോഴേക്കും ലോറിസമരം തുടങ്ങും. അതുകഴിയുമ്പോഴേക്ക് ഗുഡ്‌സ് ഷെഡ് തൊഴിലാളികളുടെ സമരം. അങ്ങാടിയെന്ന സിനിമ തൊഴിലാളികളില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു എന്ന് ഇവിടെ നടന്ന തൊഴില്‍സമരങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കച്ചവടക്കാര്‍ക്ക് സ്വാഭാവികമായും പുതിയ കേന്ദ്രങ്ങള്‍ തേടേണ്ടി വന്നു.


നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളായി മാറിയതും നഗരങ്ങള്‍ പ്രധാന വാണിജ്യകേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടതും വലിയങ്ങാടിയുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചു. എന്തും ഏതും കിട്ടുന്ന മൊത്തവില്‍പ്പനശാലകള്‍ പ്രാദേശികമായി ഉയര്‍ന്നു വന്നു തുടങ്ങി. വലിയങ്ങാടിയിലെ വിലയ്ക്ക്, അല്ലെങ്കില്‍ അതിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ സ്വന്തം പ്രദേശത്ത് തന്നെ ലഭ്യവാകുമെന്ന സ്ഥിതി വന്നു.കോഴിക്കോട് ചെക്‌പോസ്റ്റ് വഴി കടന്നു പോകുമ്പോഴുള്ള ചെലവും അഴിമതിയും വേറെ. ലോഡിംഗ് അണ്‍ലോഡിംഗിനെ ഗതാഗത കുരുക്ക് ബാധിക്കുന്നതിനാല്‍ കോഴിക്കോടേക്ക് വിളിച്ചാല്‍ ലോറിക്കാര്‍ക്കും വരാന്‍ താത്പര്യമില്ലാതെയായി. കൂലിയിലും യാത്രാച്ചെലവിലും വന്‍ വ്യത്യാസത്തിന് ഇത് കാരണമായി. കച്ചവടക്കാര്‍ തമ്മില്‍ പരസ്പര മത്സരവും വെല്ലുവിളികളും ഉയര്‍ന്നതും നികുതികള്‍ പിടിമുറുക്കിയതും ലാഭത്തോതു കുറഞ്ഞതും വലിയങ്ങാടിയുടെ സമൃദ്ധിയുടെ കടയ്ക്കലാണ് കത്തിവെച്ചത്. ഇപ്പോഴും നെല്ലൂര്‍ ജില്ലയില്‍നിന്നുവരുന്ന ആന്ധ്രകുറുവയ്ക്കാണ് 80 ശതമാനവും ഡിമാന്റ്. തമിഴ്‌നാട്, കര്‍ണാടക ജില്ലകളില്‍ നിന്നുള്ള അരിക്ക് 10 ശതമാനത്തിലും കുറവാണ് വില്‍പന. ബംഗാളിലെ ബര്‍ഗ്മാന്‍ എന്ന സ്ഥലത്തു നിന്നുവരുന്ന കയമ അരിക്ക് നല്ല ഡിമാന്റ് ഉണ്ടെന്നും ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. കാന്‍വാഴ്‌സേസ് മുഖേന പര്‍ച്ചേസ് ചെയ്യുന്നവരും നേരിട്ട് പര്‍ച്ചേഴ്‌സ് ചെയ്യുന്നവരും കച്ചവടക്കാരിലുണ്ട്. ഹോള്‍സെയില്‍ കച്ചവടവും കമ്മീഷന്‍ ഏജന്റ് എന്ന അവസ്ഥയും ഒഴിവാക്കി റീട്ടെയില്‍ വ്യാപാരികളാണ് ഇന്നിവിടെയുള്ള ഭൂരിഭാഗം കച്ചവടക്കാരും. റെഡി കാഷ് കൊടുത്ത് ആന്ധ്രയില്‍ നിന്നും മറ്റും ചരക്ക് എടുത്താല്‍ വിലയില്‍ നല്ലൊരു ശതമാനം കിഴിവും, പീന്നീട് വിലവര്‍ധിക്കുമെന്നതിനാല്‍ വില്‍പന വഴി ആ ലാഭവും കച്ചവടക്കാര്‍ക്ക് ലഭിക്കുന്നു. ഇത്തരത്തില്‍ ചരക്ക് എടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിലയില്‍ ചെറിയ ഇളവുകള്‍ നല്‍കാന്‍ സാധിക്കുമെന്നതും അത്തരക്കാരുടെ ബിസിനസ്സ് പുരോഗതിക്ക് സഹായകമാകുന്നു. കച്ചവടക്കാര്‍ കമ്മീഷന്‍ ഏജന്റുമാരായി നിലനിന്നാല്‍ വില്‍പ്പനയ്ക്കായി എത്തുന്ന അരി, മില്ലുടമകളുടെ അനുവാദം കിട്ടിയശേഷമേ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതും അവര്‍ പറയുന്ന വിലയ്ക്ക് എന്നതും റീട്ടെയില്‍ വില്‍പ്പനക്കാരായി മാറാന്‍ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നു.


വലിയങ്ങാടിയില്‍ നിന്ന് ഇപ്പോഴും കോഴിക്കോടിനു ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് ചരക്കുമായി ലോറികള്‍ പോകുന്നുണ്ട്. കാസര്‍കോഡ്, വയനാട്, മലപ്പുറം ഭാഗങ്ങളിലേക്കായി ധാരാളം ലോറികള്‍ ചരക്ക് കയറ്റുന്ന കാഴ്ച ഇപ്പോഴും വലിയങ്ങാടിയില്‍ കാണാം. ചരക്ക് എടുക്കാനായി നേരിട്ട് വലിയങ്ങാടിയിലെത്തുന്ന പ്രാദേശിക കച്ചവടക്കാര്‍ക്കായി ബില്ലിനൊപ്പം നല്‍കുന്ന ഗേറ്റ്പാസ് അതാത് പ്രദേശത്തേക്ക് പോകുന്ന ലോറിക്കാരെ ഏല്‍പ്പിച്ചാല്‍ ചരക്ക് കൃത്യമായി സ്ഥലത്തെത്തുന്നതാണ്. ഭക്ഷ്യധാന്യവിപണനരംഗത്ത് 350 ലേറെ കച്ചവടക്കാര്‍ ഇപ്പോഴും വലിയങ്ങാടിയില്‍ സജീവമാണെന്ന് അനുഗ്രഹ പബ്ലിക്കേഷന്‍ പുറത്തിറക്കിയ വലിയങ്ങാടി ഡയറക്ടറി സൂചിപ്പിക്കുന്നു. ചായപ്പൊടി വ്യാപാരരംഗത്ത് പതിനഞ്ചോളം പേരും, ഹാര്‍ഡ്‌വെയര്‍, സാനിറ്ററിവെയര്‍, സിമന്റ്, കെമിക്കല്‍ വില്‍പനയുമായി നാല്‍പ്പതിലധികം സ്ഥാപനങ്ങളും സ്റ്റേഷനറി ക്രോക്കറി സാധനങ്ങളുമായി പതിനഞ്ചോളം കടകളും ഇപ്പോഴും വലിയങ്ങാടിയിലുണ്ടെന്ന് ഡയറക്ടറിയിലെ ഫോണ്‍നമ്പറുകള്‍ വഴി മനസ്സിലാക്കാം.

പഴയപ്രതാപം നഷ്ടമായെന്ന് പഴമക്കാര്‍ പറയുമെങ്കിലും പുതിയകാലത്തിന്റെ തുടിപ്പ് തിരിച്ചറിഞ്ഞ ഒരുകൂട്ടം യുവാക്കളുടെ കയ്യില്‍ ഭദ്രമാണിന്ന് വലിയങ്ങാടിയെന്ന് പുതുതലമുറ പറയുന്നു. അതുകൊണ്ടുതന്നെ കച്ചവടം കുറവാണെന്ന് ഇവര്‍ സമ്മതിച്ചു തരികയേ ഇല്ല. വലിയങ്ങാടി മേഖലയില്‍ നേരിട്ട് കച്ചവടം നടക്കുന്നില്ല എന്നേയുള്ളൂ, ഇപ്പോഴും കച്ചവടത്തിന് കുറവൊന്നും വന്നിട്ടില്ല. ചരക്ക് ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുകയാണ്. വാഗണില്‍ വരുന്ന ചരക്ക് ഇപ്പോള്‍ ഇറക്കുന്നത് വെസ്റ്റിഹില്‍ ഗുഡ്‌ഷെഡ്ഢിലാണ്. അവിടെ നിന്ന് വലിയങ്ങാടിയിലെത്തിച്ച് മറ്റുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ധനനഷ്ടത്തിനും സമയനഷ്ടത്തിനും കാരണമാവുന്നു എന്ന് ഹയാത്ത് റൈസ് ട്രേേഡഴ്‌സ് ഉടമ അസ്‌ലം പറയുന്നു. അസ്‌ലമിന്റെ സമപ്രായക്കാരാണ് അല്‍ഹംന്ദ്, മായിദ, പ്ലാസ, ക്രസന്റ് ട്രൈഡേഴ്‌സ്, അശ്‌റഫ് ആന്റ് കമ്പനി, അല്‍ഹിന്ദ്, ആശിഫ് ട്രൈഡേഴ്‌സ് തുടങ്ങി വലിയങ്ങാടിയിലെ പുതിയ ബിസിനസ്സുകാരില്‍ പലരും. റോഡിന് കിഴക്കും പടിഞ്ഞാറും രണ്ട് മുസ്‌ലീം പള്ളികളാണ് അതിര്‍ത്തി പങ്കിടുന്നത്. ഒന്നാം റെയില്‍വേ മേല്‍പ്പാലം ഇറങ്ങിവരുന്നിടത്താണ് പുഴവക്കത്തെ പള്ളിയുള്ളത്. ഇപ്പോള്‍ പള്ളിയുടെ പേരില്‍ മാത്രമേ പുഴയുള്ളൂ. കല്ലായിപ്പുഴയില്‍ ചെന്ന് ചേര്‍ന്നിരുന്ന പഴയ പുഴയുടെ സ്ഥാനത്ത് ഇന്നുള്ളത് റെയില്‍പ്പാളങ്ങള്‍ മാത്രം. മറുവശത്ത് കടലിന് അഭിമുഖമായി മിനി താജ്മഹല്‍ എന്ന് അറിയപ്പെടുന്ന ഖലീഫാ മസ്ജിദ്. അല്‍പം മാറി പാക്കിസ്ഥാന്‍കാരായ ഹലായി മേമന്മാര്‍ പണികഴിപ്പിച്ച മുദാക്കര പള്ളി. ഗുജറാത്തിത്തെരുവിലെ വൈഷ്ണവക്ഷേത്രം, ചെറൂട്ടിറോഡിലെ ഭദ്രകാളിക്ഷേത്രം, സേട്ട് നാഗ്ജി കോമ്പൗണ്ടിന് പിന്‍വശത്തെ ജൈനക്ഷേത്രം. വലിയങ്ങാടിയെ കാക്കാന്‍ ദൈവം പല ആരാധനാലയങ്ങളിലായി ചുറ്റും കാവല്‍ നില്‍പ്പാണ്.

പ്രവാസക്കാഴ്ചയിലെ കാണാക്കാഴ്ചകള്‍



നുഷ്യ ചിന്തകള്‍ക്ക് കടിഞ്ഞാണില്ല. അലക്ഷ്യമായി അടുക്കുംചിട്ടയുമില്ലാതെ അവയങ്ങനെ കുതിച്ചുകൊണ്ടിരിക്കും. ഉപജീവനം തേടിയുള്ള അവന്റെ യാത്രകളിലെ ചിന്തകള്‍ക്കാകട്ടെ തീക്ഷ്ണ സൗന്ദര്യമാണുള്ളത്. അക്ഷരങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ അതിന് മാറ്റ് കൂടും. അത്തരമൊരു വായനാസുഖം പകരുന്ന കൃതിയാണ് യത്തീമിന്റെ നാരങ്ങാമിഠായി.
അന്നം തേടി കടല്‍ കടന്നവന്റെ അനുഭവങ്ങള്‍ അക്ഷരങ്ങളാകുമ്പോള്‍ പുഴ തന്റെ നിതാന്തസാന്നിധ്യമായി ഒഴുകി പരക്കുന്ന അപൂര്‍വകാഴ്ച വരികളില്‍ തെളിഞ്ഞു കാണാം. കടലിനക്കരെയില്‍ തുടങ്ങി ഇങ്ങ് പുഴക്കക്കരെയില്‍ അവസാനിക്കുന്ന ഓര്‍മകളാണ് ഇതിലെ കുറിപ്പുകളില്‍ പലതും. പ്രവാസം തുടങ്ങുന്നതിനു മുമ്പുള്ള ഒരു ഗ്രാമത്തിന്റെ അവസ്ഥ, പ്രവാസം നാടിനെ മാറ്റിമറിച്ചതെങ്ങനെ, നാടിന്റെ സംസ്‌ക്കാരം മാറിമറിയുന്നതെങ്ങനെ എന്നൊക്കെ എഴുത്തുകാരന്‍ കുറിപ്പുകളില്‍ സൂചിപ്പിക്കുന്നുണ്ട്.
കുറിപ്പുകളില്‍ തെളിയുന്ന കുട്ടിക്കാലം ചിലര്‍ക്കെങ്കിലും തങ്ങളുടെ കുട്ടിക്കാലത്തെ തിരിച്ചു നല്‍കിയേക്കാം. മറ്റുചിലര്‍ക്കാകട്ടെ, കണ്ടു മറന്ന ഏതോ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകള്‍ ആയിരിക്കും ഓര്‍മയില്‍ വരിക. പുരകെട്ടല്‍, വെള്ളപ്പൊക്കങ്ങള്‍, ഓലപ്പുരയുടെ വിടവിലൂടെ വീട്ടിനകത്തെ വട്ടപ്പാത്രങ്ങളില്‍ വന്നു പതിക്കുന്ന മഴത്തുള്ളികളുടെ സംഗീതം, വെയില്‍കാലങ്ങളില്‍ വെളിച്ചപ്പൊട്ടുകളായി അകത്ത് ഒളിച്ചുകളിക്കുന്ന സൂര്യനെ കൈക്കുമ്പിളിലൊതുക്കാന്‍ പായുന്ന കുഞ്ഞിക്കൈകള്‍, വക്കുകീറിയ പായ, മധുരമില്ലാത്ത ചായക്ക് പലഹാരമായി ശര്‍ക്കര കടിച്ചുകൂട്ടിയത്, നാരങ്ങാമിഠായി, ജാതീയത, അയിത്തം...
പ്രവാസവും അതിജീവനും ഗൃഹാതുരമായ ഓര്‍മകളും ചേര്‍ന്ന കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം എന്ന് ഒറ്റ വായനയില്‍ വിലയിരുത്തപ്പെടുമെങ്കിലും അക്ഷരങ്ങളിലൂടെ തെളിയുന്നത് മറ്റൊരു ചിത്രമാണ്- കണ്ണീരിന്റെ നീര്‍ചാലുകള്‍ ഉണങ്ങിയിട്ടില്ലാത്ത കവിളുമായി ജീവിക്കുന്ന കുറേ പെണ്‍മുഖങ്ങള്‍... പതിമൂന്ന് വയസ്സുള്ളപ്പോള്‍ തന്നെ കെട്ടാന്‍ വരുന്ന ചെറുക്കനെ സ്വപ്നം കണ്ട, നാല്‍പത്തിനാലാം വയസ്സിലും അവിവാഹിതയായി തുടരുന്ന ഉമ്മുസല്‍മ. ഏതു നാട്ടുകാരിയാണെന്നതിന് യാതൊരു രേഖയുമില്ലാതെ, അഞ്ചു മക്കളുമായി എന്തു ചെയ്യണമെന്നറിയാതെ പതിനെട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം പകച്ചു നില്‍ക്കുന്ന ഹൈദരാബാദിലെ പ്രാന്തങ്ങളിലെവിടെയോ ജനിച്ചുവളര്‍ന്ന റസിയ.
മൊബൈല്‍ ഫോണിലൂടെ എന്നും രാത്രി ഭര്‍ത്താവ് ജമാലുദ്ദീന്റെ ഉമ്മകള്‍ക്കായി കാത്തുകിടക്കുന്ന സഫിയ, വിശന്ന ശരീരവുമായി തനിക്കടുത്തു വരുന്ന പുരുഷന് വശംവദയായി നില്‍ക്കവെ, വിശക്കുന്നു, രണ്ടുദിവസമായി ഒന്നും കഴിച്ചിട്ടില്ല എന്നു പറയുന്ന പേരില്ലാത്ത ഇന്തോനേഷ്യന്‍ പെണ്‍കുട്ടി. വിവാഹം കഴിഞ്ഞ് ആറുവര്‍ഷത്തിനിപ്പുറം ഒരുമിച്ച് ജീവിച്ചത് ഏഴുമാസവും 22 ദിവസവുമാണെന്ന ഓര്‍മയില്‍ ജീവിക്കുന്ന ആമിന. പ്രസവിച്ച് 36-ാം ദിവസം കുഞ്ഞിനെ ഉപേക്ഷിച്ച് റിയാദിലേക്ക് പറന്നിറങ്ങേണ്ടി വന്ന എലിസബത്ത്.
തനിക്ക് ഒരു നേരത്തെ മരുന്നിനും ഭക്ഷണത്തിനുമായി കടല്‍ കടന്ന മകന്‍, ഇഖാമയും പാസ്‌പോര്‍ട്ടും ഒരു നേരത്തെ ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുകയാണെന്ന് അറിയാതെ സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പുകട്ടിലില്‍ കിടന്ന് മരണത്തെ പുല്‍കിയ നാഗമ്മ. കുട്ടിക്കാലങ്ങളില്‍ വലിയ പെട്ടികളുമായി വന്നു പോകുന്ന ഗള്‍ഫുകാരി ഉമ്മയെ കണ്ടതിനാല്‍ മനസ്സിന്റെ താളം തെറ്റിയ ഷൗക്കത്ത.് എതോ പിണക്കത്തിനു ശേഷം ഫൈനല്‍ എക്‌സിറ്റ് അടിച്ച് മറുനാട്ടുകാരിയായ ഉമ്മയെ ബാപ്പ കയറ്റിവിട്ടത് ഏതു നാട്ടിലേക്കാണെന്ന് അറിയാതെ, കാത്തിരിക്കുന്ന മുഹമ്മദ് സാലിഹ്... ഈ അനുഭവങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു സൗദി അറേബ്യന്‍ വനിതയായ ഫര്‍യല്‍ മസ്‌രിയുടെ ആത്മായനങ്ങളും പ്രവാസവും അടങ്ങിയ ജീവിതയാത്രകള്‍. ഒന്നരനൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാര്‍ നാടുകടത്തിയ മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ പിന്‍ഗാമികള്‍ തിരിച്ചുവരാന്‍ ഇവിടെ പലരും ആഗ്രഹിക്കുന്നില്ല എന്ന ഓര്‍മപ്പെടുത്തലാണ് 'മമ്പുറം തങ്ങന്മാര്‍ മടങ്ങിവരുമ്പോള്‍' എന്ന ലേഖനം.
ഒരു പ്രവാസിയുടെ ഓര്‍മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ ഈ സമാഹാരത്തിന്റെ പ്രസക്തി പ്രവാസത്തിന്റെ രാഷ്ട്രീയമാണ്, അതിജീവനത്തിന്റെ നിയോഗങ്ങളാണ് എന്ന് അവതാരകന്‍ പറയുന്നുണ്ടെങ്കിലും അതിലും വലിയ ചില നിയോഗങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ദാരിദ്ര്യം വിധിക്കുന്ന ഏറ്റവും വലിയ ശിക്ഷ പട്ടിണിയല്ലെന്ന് ഉമ്മുസല്‍മയെ ഓര്‍ക്കുമ്പോഴൊക്കെ എഴുത്തുകാരന് തോന്നുന്നത് അതുകൊണ്ടാണ്. പാവപ്പെട്ട പെണ്‍കുട്ടികളുടെ മംഗല്യസ്വപ്നങ്ങളെ തല്ലിക്കൊഴിച്ചും ചുട്ടെരിച്ചും കളയുന്ന ക്രൂരമായ വിധിയാണ് ദാരിദ്ര്യം. പട്ടിണിയെ മുണ്ടു മുറുക്കിയുടുത്തു തോല്‍പ്പിക്കാന്‍ നോക്കാം. സ്വപ്നങ്ങള്‍ കരിഞ്ഞുവീണ മനസ്സിന്റെ ഭാരം താങ്ങി ഒരു പെണ്‍കുട്ടിക്ക് ജീവിക്കാന്‍ പറ്റില്ല.
ആരാണ് നമ്മുടെ പെണ്‍മക്കള്‍ക്ക് ഇത്തരം വിധികള്‍ നിശ്ചയിച്ചു നല്‍കുന്നത്? വാണിഭകേന്ദ്രങ്ങളില്‍ വിറ്റഴിക്കേണ്ട വില്‍പനച്ചരക്കായി പെണ്‍കുട്ടികള്‍ മാറാന്‍ തുടങ്ങിയത് എന്നാണ്? ചുമലിലെ ഭാരം തത്ക്കാലത്തേക്കെങ്കിലും ഒന്നൊഴിഞ്ഞു കിട്ടുമെങ്കില്‍ ഏതു കടലിനക്കരേക്കും അവരെ കപ്പലേറ്റി വിടാന്‍ നമുക്ക് നെഞ്ചുറയ്ക്കുന്നതെങ്ങനെയാണ്? ഒരു ജീവിതം കൊടുക്കേണ്ടി വരുമ്പോള്‍ മാത്രം എങ്ങനെയാണ് നമ്മള്‍ അവര്‍ക്കു മുന്നില്‍ വലിയ സംശയാലുക്കളായി മാറുന്നത്?
റേഷന്‍കടയിലെ ക്യൂവില്‍ നിന്നാണെങ്കില്‍ അടിയില്‍ കിടക്കുന്ന അവളുടെ കാര്‍ഡ് ക്രമം തെറ്റി മുകളിലെത്തും. പാല്‍സൊസൈറ്റിയിലാണെങ്കില്‍ അവളുടെ പാലില്‍ ഒളിച്ചിരിക്കുന്ന വെള്ളം പരാതികളില്ലാതെയളന്നു കിട്ടും. റോഡുപണിക്കിടയിലാണെങ്കില്‍ ഭാരിച്ച ജോലിയും വെയിലും അവളോടു മിണ്ടാതെ മാറി നടക്കും. പക്ഷേ, അണിഞ്ഞൊരുങ്ങി മുന്‍പേക്കാളും ഭംഗിയില്‍ ഒന്ന് ചുണ്ടില്‍ ചേര്‍ത്തുവെച്ചു തന്നെ പെണ്ണുകാണാന്‍ വരുന്നവര്‍ക്കിടയില്‍വെച്ചാണെങ്കില്‍ ഇല്ല, പുതുതായിട്ട് ഒന്നും സംഭവിക്കുന്നില്ല. എല്ലാം പഴയപടിത്തന്നെ.
അതെ...

http://www.aramamonline.net/detail.php?cid=389&tp=1