88 വയസ്സിലും ഖദീജ മറന്നിട്ടില്ല, 1971 ലെ ആ ഹജ്ജ് യാത്ര



മാങ്കാവിനടുത്ത് കാളൂര്‍ റോഡില്‍ ലവ് ഡെയ്‌ലിലെ എം സി ബീരാനാജിയും ഭാര്യ ഖദീജയും 1971 ലാണ് ഹജ്ജിന് പോകുന്നത്. ബോംബെ വഴി... അന്നത്തെ തന്റെ ഹജ്ജ് യാത്രയുടെ ഓര്‍മകള്‍ 45 വര്‍ഷത്തിന് ശേഷം കദീജ ഉമ്മ ഓര്‍ത്തെടുക്കുകയാണ്..
ഇപ്പോള്‍ 88 വയസ്സായി ഖദീജയുമ്മയ്ക്ക്.. ഒമ്പതുവര്‍ഷം മുമ്പ് കാലിന് ചെറിയൊരു ഓപ്പറേഷന്‍ കഴിഞ്ഞതിനാല്‍ ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്.. ഒരുവര്‍ഷം മുമ്പുണ്ടായ ഇളയമകളുടെ വിയോഗം ഇപ്പോഴും മാനസികമായി അലട്ടുന്നുണ്ട് എന്നതൊഴിച്ചാല്‍ പറയത്ത ആരോഗ്യപ്രശ്‌നങ്ങളോ ഓര്‍മക്കുറവോ ഒന്നുമില്ല.. ആരോഗ്യത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ബിരിയാണിയും പത്തിരിയും ഇറച്ചിയും കോഴിക്കോടന്‍ പലഹാരങ്ങളുമെല്ലാം വെച്ചുവിളമ്പാന്‍ ഇഷ്ടമാണെങ്കിലും, കഴിക്കാന്‍ ഇഷ്ടം പച്ചക്കറിയാണെന്ന് മറുപടി.


ഉമ്മ എത്ര വയസ്സുള്ളപ്പോഴാണ് ആദ്യായിട്ട് ഹജ്ജിന് പോയതെന്ന് ഓര്‍മയുണ്ടോ?
അത് 71 ലാണ്.. ആ കൊല്ലാണ് ഞാന്‍ ആദ്യായിട്ട് ഹജ്ജിന് പോണത്.. അത് ബോംബെ വഴി. പിന്നെ പോയത് 95ലാണ്, മദ്രാസില്‍ നിന്നാ അന്ന് പോയത്.. 71 ല് പോകുമ്പോ ഇനിക്ക് 43 വയസ്സാണ്.. ഇളയ മോളെ വയറ്റിലും.. ആറുമാസം ആയിട്ടുണ്ടാകും..

ഉമ്മാന്റെ പാസ്‌പോര്‍ട്ട് പ്രകാരം ജനനവര്‍ഷം 1935 ആണല്ലോ.. അപ്പോ ഹജ്ജിന് പോകുമ്പോ 36 വയസ്സല്ലേ ഉണ്ടാവുകയുള്ളൂ..?
അത് പാസ്‌പോര്‍ട്ട് എടുക്കാന്‍ വേണ്ടി അന്ന് അങ്ങനെയൊക്കെയാ.. വയസ്സൊക്കെ തോന്നിയപോലെയാ ആള്‍ക്കാര് പറയുക.. 15 വയസ്സിലാ ഇന്റെ കല്യാണം കഴിഞ്ഞത്. ഹജ്ജിന് പോകുമ്പോ ഇളയ മോളെ എനിക്ക് വയറ്റിലാണെന്ന് പറഞ്ഞില്ലേ. അത് ഇന്റെ പതിനൊന്നാമത്തെ പ്രസവമായിരുന്നു. അതോണ്ട് ഇനിക്ക് വയസ്സ് തെറ്റില്ല.

ഹജ്ജിന് പോകുമ്പോ വയറ്റിലോ.. അതും ആ കാലത്ത്, അത്രയും ദൂരം... ഉമ്മ എങ്ങനെ പോയി?
പോയി.. പോണംന്നായിരുന്നു മനസ്സിലെ നിയ്യത്ത്. അതുവരെ പത്തു പ്രസവിച്ചിട്ടും രണ്ടാമത്തെ പ്രസവത്തിലുള്ള മകളെ മാത്രമേ എനിക്ക് ജീവനോടെ കിട്ടിയിരുന്നുള്ളൂ. ബാക്കിയുള്ള കുട്ടികളൊക്കെ ജനിക്കും, ഒരാഴ്ചയോ രണ്ടാഴ്ചയോ ജീവിക്കും.. മരിക്കും.. അതായിരുന്നു ഇന്റെ വിധി... ഇങ്ങനെ പള്ളേലാവലും കുട്ട്യോള് മരിക്കലും ഒക്കെ ആയതോണ്ട് അതുവരെ ഹജ്ജിന് പോകാന്‍ എനിക്ക് സാധിച്ചില്ല... ഈ കുട്ടിനെങ്കിലും ഇനിക്കും കിട്ടണം ന്റെ പടച്ചോനെ ന്ന്, ആ മണ്ണില് പോയി തേടാലോന്നായിരുന്നു അപ്പോ മനസ്സില്.

ഉമ്മാക്കൊപ്പം യാത്രയ്ക്ക് ആരൊക്കെയുണ്ടായിരുന്നു?
അതിന് മുമ്പ് കോഴിക്കോടിന് പുറത്ത് എവിടേയും പോയിട്ടില്ല ഞാന്‍. ആദ്യ യാത്രയാണ്. കൂടെ ഭര്‍ത്താവുണ്ട്. അപ്പോഴേക്കും മകളുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ട് മരുമകന്റെ ഉമ്മയും ഉപ്പയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. മംഗലാപുരത്ത് നിന്ന് വിമാനത്തില്‍ പോകാനായിരുന്നു വിചാരിച്ചത്. കോഴിക്കോട് നിന്ന് ട്രെയിനില്‍ മംഗലാപുരത്തേക്ക്. പക്ഷേ അവിടെ എത്തിയപ്പോഴേക്കും നേരം വൈകി, വിമാനം പോയി. പിന്നെ മരുമോന്‍ കാറുമായി വന്നു. ആ കാറില് അവിടുന്ന് ബോംബെയ്ക്ക് പോകുകയായിരുന്നു. കുറച്ചുദിവസം ബോംബെയില്‍ നിന്നു. ബോംബെയില്‍ നിന്നാണ് വിമാനം കയറിയത്.

ബോംബെയില്‍ അത്രയും ദിവസം താമസിച്ചത് എവിടെയായിരുന്നു?
ബോംബെയില്‍ മരത്തിന്റെ കച്ചോടാണ് എളാപ്പാക്ക്- അന്‍സാരി ബ്രദേഴ്‌സ്. അന്ന് ബോംബെയിലെത്തുന്ന മലയാളികളുടെ ഒരു അത്താണിയാണ് അന്‍സാരി ബ്രദേഴ്‌സ്. ഹജ്ജ് സീസണായാല്‍ പ്രത്യേകിച്ചും. ഞങ്ങളുടെ താമസം അവിടെയായിരുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല...
ഹജ്ജിന് പോകുന്നവര്‍ക്ക് അന്ന്് ബോംബെയില്‍ വഖ്ഫ് ബോര്‍ഡിന്റെ സ്ഥലത്ത് ഒരു മുസാഫര്‍ ഖാന ഉണ്ടായിരുന്നു. അവിടെയായിരുന്നു അധികം പേരും അക്കാലത്ത് താമസിച്ചിരുന്നത്.. ഒരു സത്രം പോലെയുള്ള ഒരു സ്ഥലമാണ് അത്.

ആദ്യായിട്ട് വിമാനത്തിലും ട്രെയിനിലും ഒക്കെ കയറേണ്ടി വന്നപ്പോള്‍ പേടി തോന്നിയോ?
ഇനിക്കന്ന് ഭയങ്കര ധൈര്യാണ്.. പത്തുപെറ്റ് ഒമ്പതുകുട്ടികളെയും നഷ്ടായ ഒരു പെണ്ണ്. നേരത്തെ എനിക്ക് ടൈഫോയിഡ് വന്നിരുന്നു... അന്ന് മരിച്ചെന്ന് ഉറപ്പിച്ചതാ എല്ലാരും.. ടൈഫോയിഡ് വന്ന് മാറിയ എന്റെ മുലപ്പാല്‍ കുടിച്ചിട്ടാണ് കുട്ടികള്‍ മരിച്ചുപോകുന്നത് എന്നൊക്കെ പറഞ്ഞിരുന്നു എല്ലാരും.. അങ്ങനെയൊക്കെ ജീവിതത്തെ നേരിട്ട ഞാനെന്തിന് വിമാനത്തില്‍ കയറുമ്പോള്‍ പേടിക്കണം.. തീവണ്ടി അന്ന് കരിവണ്ടിയാണ്.. ആകെ കറുത്തുപോയി..(ചിരിക്കുന്നു).

അന്ന് എത്ര വന്നു യാത്രാചെലവ്?
അങ്ങോട്ടും ഇങ്ങോട്ടും കൂടിയുള്ള യാത്ര ചെലവ്, 40-45 ദിവസത്തെ അവിടുത്തെ താമസം എല്ലാം കൂടി ഞങ്ങള്‍ നാലുപേര്‍ക്കും കൂടി 10,000 രൂപയാണ് അന്ന് ആകെ ചെലവായത്. അതായത് ഒരാള്‍ക്ക് 2500 രൂപ. പിന്നെ  പത്തോ ഇരുന്നോറോ രൂപയ്ക്ക് എന്തോ വാങ്ങിയിട്ടുണ്ടാകും.

അവിടെയെത്തിയിട്ടുള്ള കാര്യങ്ങളൊക്കെ ഉമ്മാക്ക് ഓര്‍മയുണ്ടോ?
അവിടെ വിമാനം ഇറങ്ങിയ ഉടനെ ഞങ്ങളുടെ കെയര്‍ടേക്കര്‍ വന്നു. ഒരു ഫക്ക്ര്‍ ജമാല്‍.. ബസ്സില്‍ വേറെയും ആള്‍ക്കാര്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് ഞങ്ങളെ നേരെ ത്വവാഫ് ചെയ്യാനാണ് കൊണ്ടുപോയത്. അതിന് ശേഷമാണ് പിന്നെ താമസസ്ഥലത്ത് എത്തിക്കുന്നത്.. മദീനയിലും പോയിരുന്നു.. മൂന്നുദിവസം അവിടെ താമസിച്ചു.

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വയറ്റിലായിരുന്നിട്ടും ഉമ്മാക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ലേ..?
നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാലും നമ്മളത് ആരോടും പറയാന്‍ പാടില്ല.. പറഞ്ഞാല്‍ ഹജ്ജിന്റെ ഫലം കിട്ടില്ലെന്നാണ് പറയുക... ഞാന്‍ ഗര്‍ഭിണി ആയതോണ്ട് കൂടെയുള്ളവര്‍ പറയും അതുചെയണ്ട, ഇത് ചെയ്യണ്ട, അങ്ങോട്ട് പോണ്ട, ഇവിടെ ഇരുന്നാല്‍ മതി എന്നൊക്കെ... ഞാനതൊന്നും കേട്ടിട്ടില്ല... കൂടെയുള്ളവര്‍ ചെയ്ത എല്ലാ കര്‍മ്മങ്ങളും ഞാനും ചെയ്തു...

വേറെ സ്ത്രീകള്‍ ആരെങ്കിലുമുണ്ടായതായി ഓര്‍ക്കുന്നുണ്ടോ?
കൂടെ മരുമകന്റെ ഉമ്മ ഉണ്ടായിരുന്നു.. പിന്നെ പുറക്കാട്ടിരിന്നോ മറ്റോ രണ്ട് പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു.. പിന്നെ ഏതൊക്കെയോ നാട്ടുകാര്, ഭാഷക്കാര്... അങ്ങനെ കുറേ പെണ്ണുങ്ങളൊക്കെ ഉണ്ടായിരുന്നു...

പോയിക്കഴിഞ്ഞ ശേഷം നാട്ടിലെ എന്തെങ്കിലും വിവരം അറിഞ്ഞിരുന്നോ... 
എന്ത് വിവരം അറിയാന്‍... എങ്ങനെ അറിയാന്‍... ആകെയുള്ള വഴി കത്ത് അയയ്ക്കുക എന്നതാണ്.. കത്ത് ഇവിടെ കിട്ടി, ഇവിടുന്നുള്ള മറുപടി അവിടെ എത്തുമ്പോഴേക്കും ഹജ്ജിന് പോയ ആള്‍ നാട്ടിലെത്തിയിട്ടുണ്ടാകും.. അങ്ങനത്തേത്, ഇപ്പോ ഹജ്ജ് ചെയ്യുന്നത് നാട്ടില്‍ മൊബൈലില്‍ കാണാം എന്നാണ് കുട്ടികളൊക്കെ പറയുന്നത്... കാലം അത്രയും മാറിയില്ലേ...

95 ല്‍ പിന്നെയും പോയില്ലേ, എന്തുമാറ്റമാണ് അപ്പോഴേക്കും അവിടെ വന്നത്?
ആദ്യം പോകാതെ പോയതല്ലേ ഞാന്‍.. അതിന്റെ ഭയങ്കര സന്തോഷമുണ്ടായിരുന്നു പോയപ്പോള്‍.. രണ്ടാമത്തെ തവണ പോയത് മദ്രാസില്‍ നിന്നാണ്.. അന്ന് അത്രയധികം ദിവസമൊന്നും നിന്നിട്ടില്ല.. ആദ്യത്തേതിലും തിരക്ക് കൂടി, അതുതന്നെ രണ്ടാം തവണ പോയപ്പോള്‍ തോന്നിയ മാറ്റം..  ഇപ്പം അതിലും തിരക്കാണെന്നാണ് മക്കളൊക്കെ പറയുന്നത്..

ഉമ്മാന്റെ കുട്ടിക്കാലത്തെപ്പറ്റി?
ഇനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് ഉപ്പ മരിക്കുന്നത്. മാഹിക്കാരനായിരുന്നു. പിന്നെ ഉമ്മയും ഞാനും ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു താമസിച്ചത്. മൂത്താപ്പക്ക് മരത്തിന്റെ കച്ചോടായിരുന്നു. അതില്‍ മൂത്താപ്പക്ക് സഹായത്തിന് ഒരാളുണ്ടായിരുന്നു.. മൂപ്പരാണ് പിന്നെ ഉമ്മാനെ കല്യാണം കഴിക്കുന്നത്. ഇനിക്കത്ത് ഏഴാം വയസ്സാണ്.. അതില്‍ എനിക്ക് മൂന്ന് അനിയന്മാരും ഒരു അനിയത്തിയുമുണ്ട്. മൂത്താപ്പന്റെ ആവശ്യത്തിന് അന്നേ എളാപ്പ ബോംബെയിലൊക്കെ പോകാറുണ്ടായിരുന്നു. അങ്ങനെയാണ് പിന്നെ ബോംബെയില്‍ മരക്കച്ചവടം തുടങ്ങുന്നത്.. അന്‍സാരി ബ്രദേഴ്‌സിന്റെ തുടക്കം അങ്ങനെയാണ്.

അന്നത്തെ അഞ്ചാംക്ലാസ് വിദ്യാഭ്യാസം ഉണ്ട് എനിക്ക്. അന്നേയുണ്ട് പെണ്‍കുട്ടികളെ ചെറുപ്പത്തിലേ കെട്ടിക്കാന്‍ പാടില്ലാന്നുള്ള നിയമമൊക്കെ.. ബാപ്പല്യാത്ത കുട്ടിയായോണ്ട് ഇന്റെ കല്യാണസമയത്ത് അങ്ങനത്തെ എന്തൊക്കെയോ പുകിലും ഉണ്ടായിരുന്നു.. പിന്നെ ഉപ്പാന്റെ വീട്ടില് വെച്ച് 15 വയസ്സില് തന്നെയാ ഇന്റെ കല്യാണം കഴിഞ്ഞത്. ഉപ്പാന്റെ ജ്യേഷ്ഠനാണ് അന്ന് കൈ കൊടുത്തത്.
23 കൊല്ലായി ഇപ്പം ഭര്‍ത്താവ് മരിച്ചിട്ട്... മൂപ്പരിക്ക്് ഒരു ഹജ്ജേ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ... ഞാന്‍ രണ്ടെണ്ണം ചെയ്തു.. ഇനി പോകാന്‍ വിധിയുണ്ടോ എന്നറിയില്ല. പോകാന്‍ തന്നെയാണ് പൂതി... പറ്റാണെങ്കില്‍ ഒന്ന് ഉംറയ്‌ക്കെങ്കിലും പോകണം....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ