അയാളും ഞാനും തമ്മില്‍ - പേരു കേട്ടപ്പോഴെ തോന്നിയിരുന്നു ഒരാള്‍ക്ക് മറ്റൊരാളോടുള്ള ആത്മബന്ധമാകാം സിനിമയുടെ കഥയെന്ന്.... അത് എന്തായാലും പ്രണയമാകാന്‍ വഴിയില്ല എന്നും മനസ്സു പറഞ്ഞു... സിനിമ കുറച്ചെല്ലാം നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. എവിടെയൊക്കെയോ ക്ലാസ്‌മേറ്റ്‌സിന്റെ പ്രേതം ലാല്‍ ജോസിനെ വിട്ടു പോകാത്ത പോലെ... തട്ടത്തിന്‍ മറയത്തിന്റെ ഫ്രെയിമുകള്‍ ജോമോന്‍ ടി ജോണിനെയും വിട്ടുമാറിയിട്ടില്ല. ചിലപ്പോള്‍, ചില സീനുകള്‍ ബോറടിപ്പിച്ചെങ്കിലും കണ്ടിരിക്കാം. പ്രത്യേകിച്ച്, കലാഭവന്‍ മണിയുടെ മകള്‍ക്ക് ചികിത്സ നിഷേധിച്ച രവി തരകനെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമ്പോള്‍, എന്നെ ഒന്നു പിടിച്ചോണെ അല്ലെങ്കില്‍ ഞാനിപ്പോ ഇടപെട്ടു കളയും എന്ന നിലയിലുള്ള സുപ്രിയ(രമ്യ നമ്പീശന്‍) യുടെ നില്‍പും, കാമുകിയെ നഷ്ടപ്പെട്ട സങ്കടത്തില്‍ രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ വെച്ചുള്ള നായകന്റെ കരച്ചിലും. പക്ഷേ, ആരെങ്കിലും കഥ ചോദിച്ചാലോ? കുടുങ്ങിയതുതന്നെ. സീന്‍ ബൈ സീനായി കഥ പറഞ്ഞു തരണമെന്ന് പറഞ്ഞാല്‍ പെട്ടുപോകുകയോ ഉള്ളൂ... ഫഌഷ്ബാക്കിനുള്ളില്‍ ഫഌഷ്ബാക്കായി, ഒരു കാലഘട്ടത്തില്‍ നിന്ന് പെട്ടെന്ന് അടുത്ത സീനില്‍ മറ്റൊരു കാലഘട്ടത്തിലേക്ക് മാറി ആകെ പാടെ കഥ പറഞ്ഞ രീതി കൊള്ളാം... ഏസിയുടെ തണുപ്പില്‍ മൂന്നാറിന്റെ സൗന്ദര്യം പകരുന്ന മാസ്മരികത മറ്റൊരു അനുഭവമായി...
മെഡിക്കല്‍ രംഗത്തെ കൊള്ളരുതായ്മകള്‍ തുറന്നു പറയുന്നുണ്ട് സിനിമയില്‍. അധികൃതര്‍ ലക്ഷങ്ങള്‍ കോഴ വാങ്ങി നിര്‍ബന്ധ ഗ്രാമീണസേവന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതിനെ ആരോ സിനിമയുടെ റിവ്യൂവില്‍ പരാമര്‍ശിച്ചു കണ്ടു. അതിലും വലിയ പ്രശ്‌നമായിരുന്നു എക്‌സ്‌പെയറി ഡേറ്റു കഴിഞ്ഞ മരുന്നുകള്‍ സ്വകാര്യ ആശുപത്രികള്‍ പര്‍ച്ചേസ് ചെയ്യുന്നതും അത്തരം മരുന്നും ഉപകരണങ്ങളും ഉപയോഗിക്കുന്നതുമൂലം രോഗികള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങളും. അത്തരം രംഗങ്ങള്‍ ശരിക്കും ഞെട്ടിച്ചുവെന്ന് പറയാതെ വയ്യ.
ഒരു നടന്‍ നല്ല നടനാകുന്നത് ഒരു സംവിധായകന്‍ എങ്ങനെ അയാളെ ഉപയോഗപ്പെടുത്തി അയാളുടെ കഴിവുകള്‍ പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും... ജേര്‍ണലിസം പഠനകാലങ്ങളിലൊന്നില്‍ (?!!) ക്ലാസ്‌മേറ്റിന്റെ ലൊക്കേഷനില്‍ പോകാന്‍ ഒരവസരം കിട്ടിയിരുന്നു. സിനിമയുടെ കാമറമാന്‍ രാജീവ് രവിയുമായുള്ള ഞങ്ങളുടെ അധ്യാപകന്റെ സൗഹൃദമാണ് അതിന് വഴി വെച്ചത്. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ലാബില്‍ തനിച്ചാകുന്ന നായകനും നായികയും... കാത്തിരുന്ന പെണ്ണല്ലേ എന്ന ഗാനത്തിന്റെ തൊട്ടുമുമ്പുള്ള സീന്‍... കാവ്യ മാധവന്റെ മേക്കപ്പ് തുടങ്ങിയിട്ടേയുള്ളൂ. കാവ്യയുടെ ചുണ്ട് അടിപിടിയില്‍ പൊട്ടിയിരിക്കുന്നു. ചുണ്ടില്‍ പറ്റിയ ചോര തുടയ്ക്കണം. മരുന്നു വെക്കണം. പൃഥ്വിരാജിനു മുമ്പില്‍ കാവ്യയ്ക്കു പകരം കാമറ. സജഷന്‍ ഷോട്ട്. പൃഥ്വിരാജ് കാമറയില്‍ നോക്കി ശ്രദ്ധാപൂര്‍വം തന്റെ കൈ കാമറയ്ക്കു നേരെ.. പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ല. മുഖത്തുള്ള ഭാവം പേടിയാണ് എന്നു വേണമെങ്കില്‍ പറയാം. ഉടനെ വന്നു ലാല്‍ജോസിന്റെ പ്രതികരണം,'' എടാ, നീ തൊടുന്നത് സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചുണ്ടിലാണ്. ആ ഒരു വികാരം ഒന്നും വരണമെന്നില്ല... എന്നാലും'' - ആ ഒരൊറ്റ വാക്ക് മതിയായിരുന്നു, സംവിധായകന് ആവശ്യമുള്ള കൃത്യമായ ഭാവം നടന്റെ മുഖത്ത് വരാന്‍.... സിനിമ കണ്ടിറങ്ങുമ്പോള്‍ നടീനടന്മാര്‍ മോശമാക്കിയില്ല എന്നൊരു അഭിപ്രായം മനസ്സില്‍ പറഞ്ഞു.
ന്യൂ ജനറേഷന്‍ സിനിമയുടെ തട്ടകത്തിലേക്ക് ലാല്‍ജോസും മാറിയോ എന്ന സംശയം ഡയമണ്ട് നെക്ലേസ് നല്‍കിയിരുന്നു... ആ സംശയം പൂര്‍ണമായി ഇല്ലാതാക്കുന്ന സിനിമയാണ് അയാളും ഞാനും തമ്മില്‍ എന്നൊന്നും പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. പൃഥ്വിരാജിന് ഫാന്‍സ് കുറവാണ് എന്ന് തീയേറ്ററിലെ അവസ്ഥ കണ്ടപ്പോള്‍ ഏറെക്കുറെ ഉറപ്പായി. അധികവും സ്ത്രീകളും കുട്ടികളും. ന്യൂ ജനറേഷന്‍ സിനിമകളിലെ തെറി അഭിഷേകങ്ങള്‍ക്കിടയില്‍ കുടുംബസമേതം കാണാന്‍ പറ്റിയ ഒരു സിനിമ ഇറങ്ങിയ സന്തോഷം തീയേറ്ററില്‍ കണ്ടു. പക്ഷേ, സിനിമ കാണാനായി കോഴിക്കോട് രാധ തീയേറ്ററില്‍ എത്തിയപ്പോഴേക്കും ഫുള്‍ ബോര്‍ഡ് തൂങ്ങുന്നു. സിനിമ തുടങ്ങാന്‍ അരമണിക്കൂറിലധികം ഇനിയും. ബ്ലാക്കിന് ടിക്കറ്റ് കിട്ടി. തിയേറ്ററില്‍ കയറിയപ്പോള്‍ സീറ്റുകളിലേറെയും ഒഴിഞ്ഞു കിടക്കുന്നു. അപ്പോള്‍ ഫുള്‍ എന്ന ബോര്‍ഡ്? എത്രയേറെ ടിക്കറ്റുകളാണ് ഓരോ ഷോയ്ക്കും കരിഞ്ചന്തയില്‍ വിറ്റു പോകുന്നത് എന്ന് ഓര്‍ത്തപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. തീയേറ്റര്‍ വ്യവസായം നഷ്ടത്തിലാണെന്ന് ഇനി ആരെങ്കിലും പറഞ്ഞാല്‍ അവനെ ചവിട്ടണം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ