പ്രവാസത്തിന്റെ സുവര്‍ണജൂബിലി കാലഘട്ടത്തിലാണ് ഇപ്പോള്‍ ഗള്‍ഫ് മലയാളികളുള്ളത്. ദിവസങ്ങള്‍ തന്നെ എടുത്തായിരുന്നു, 1970 കളിലും അതിനുമുമ്പും ഒരുപാട് പ്രതീക്ഷകള്‍ മാത്രം ബാക്കിയാക്കി അവന്‍ കടലുകടന്നത്. ചിലപ്പോള്‍ ലോഞ്ചില്‍, മറ്റു ചിലപ്പോള്‍ കപ്പലില്‍, അല്ലെങ്കില്‍ `ബോംബെ` വഴി... അവന്റെ യാത്രാദുരിതത്തിന് അവന്റെ യാത്രയേക്കാളും പഴക്കമുണ്ട്. കാലങ്ങള്‍ ഇത്ര മാറിയിട്ടും, `ദിവസങ്ങള്‍` മൂന്നോ നാലോ മണിക്കൂറിലെ ആകാശദൂരമായി മാറിയിട്ടും അവന്റെ യാത്രാദുരിതത്തിന് മാത്രം ഇന്നും ഒരു മാറ്റവുമില്ല. കപ്പല്‍യാത്രയും ഉത്തരേന്ത്യവഴിയുള്ള വിമാനയാത്രയുമെല്ലാം പ്രവാസി മലയാളികള്‍ വിസ്മൃതിയിലേക്ക് തള്ളിയിട്ട് കാലങ്ങളായി. എയര്‍ ഇന്ത്യയെന്ന പേരില്‍ രാജ്യത്തിന് സ്വന്തമായി ഒരു ഔദ്യോഗിക വിമാനസര്‍വ്വീസ്, സ്വകാര്യ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍, വിദേശ വിമാനകമ്പനികള്‍... പറയുമ്പോള്‍ കാക്കത്തൊള്ളായിരം വിമാനങ്ങള്‍ പ്രവാസികള്‍ക്കായി ചിറകുവിരിച്ചു പറക്കുന്നുണ്ട്. എന്നിട്ടും അവന്റെ യാത്രാദുരിതത്തിന് ഇനിയും അറുതിയായിട്ടില്ലെന്നുമാത്രം.
എയര്‍ ഇന്ത്യ സമം യാത്രാദുരിതം എന്നൊരു ചൊല്ലുതന്നെ പ്രവാസികള്‍ക്കിടയില്‍ പ്രചരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക വിമാനസര്‍വ്വീസ് ആയതിനാല്‍ പ്രവാസികള്‍ യാത്രയ്ക്ക് പ്രധാനമായും ആശ്രയിക്കുന്നതും എയര്‍ ഇന്ത്യയെയാണ്. വിമാനക്കൂലി കൂടുതല്‍, വിമാനം കുറവ്, ഉള്ളവ തന്നെ കൃത്യസമയം പാലിക്കുന്നുമില്ല, അതിനിടയില്‍ പൈലറ്റുമാരുടെ സമരവും - ഇതാണ് ഗള്‍ഫ് സെക്ടറിലെ എയര്‍ഇന്ത്യ സര്‍വീസിന്റെ യഥാര്‍ത്ഥ അവസ്ഥ. സേവനവകാശനിയമവും വിവരാവകാശ നിയമവും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റത്തെ വലിയൊരളവോളം കുറച്ചിട്ടുണ്ട്. എന്നാല്‍ ഒരു നിയമവും ബാധകമാവാത്ത എയര്‍ ഇന്ത്യ പ്രവാസികളോട് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നത് ധിക്കാരപരമായ നിലപാട് തന്നെയാണ്.
പ്രവാസികളായ യാത്രക്കാരോടുള്ള എയര്‍ഇന്ത്യ ജീവനക്കാരുടെ പെരുമാറ്റം തന്നെ ഇതിനുള്ള ഉദാഹരണം. കൊച്ചിയിലിറക്കേണ്ട അബൂദാബി-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയതും, പ്രതിഷേധിച്ച യാത്രക്കാരുടെ പേരില്‍ ജീവനക്കാര്‍ വിമാനറാഞ്ചികളെന്ന കുറ്റം ചുമത്തി കേസ് കൊടുത്തതും കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20 നായിരുന്നു. അതിനും മാസങ്ങള്‍ക്കു മുമ്പായിരുന്നു പൈലറ്റുമാരുടെ സമരം. പരമാവധി എട്ടുമണിക്കൂറാണ് ഒരു പൈലറ്റിന്റെ ജോലി സമയം. അതില്‍ താമസസ്ഥലത്തു നിന്നിറങ്ങുന്ന സമയം മുതല്‍ തിരിച്ച് ഹോട്ടലില്‍ എത്തുന്ന വരെയുള്ള സമയം ഡ്യൂട്ടിടൈമായാണ് കണക്കാക്കുന്നത്. വിമാനം പറന്നാലും ഇല്ലെങ്കിലും അവരുടെ ശമ്പളത്തിലും അലവന്‍സിലും ഒന്നും കറവുവരാറില്ല. എന്നിട്ടും ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്ന ഒരാള്‍ അതിന്റെ ദേഷ്യം മുഴുവന്‍ മറ്റുള്ളവരുടെ മേല്‍ തീര്‍ക്കുന്നപോലെയാണ് യാത്രക്കാരോടുള്ള അവരുടെ പെരുമാറ്റം.
അന്യായമായ ടിക്കറ്റ് നിരക്കാണ് എയര്‍ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ആകാശദൂരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കണക്കാക്കുന്നതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ദുബൈയില്‍ നിന്ന് അഞ്ചര മണിക്കൂര്‍ യാത്രയുള്ള മുംബൈയിലേക്കുള്ള ചാര്‍ജജിനേക്കാള്‍ കൂടുതലാണ് ദുബൈയില്‍ നിന്ന് മുന്നേമുക്കാല്‍ മണിക്കൂര്‍ യാത്രയുള്ള തിരുവനന്തപുരത്തേക്കോ കരിപ്പൂരേക്കോ ഉള്ള ടിക്കറ്റ് ചാര്‍ജ്ജ്. വിശേഷദിനങ്ങളോ മറ്റെന്തെങ്കിലും സീസണോ ആണെങ്കില്‍ ആകാശദൂരം കൂടിയില്ലെങ്കിലും ചാര്‍ജ്ജ് പിന്നെയും കൂടും. ടിക്കറ്റ് നിരക്ക് കൂട്ടുന്നതും തോന്നിയ പോലെയാണ്. മൂന്നുമാസത്തിലൊരിക്കല്‍ എന്നാണ് ഇപ്പോഴത്തെ കണക്കെന്ന് പ്രവാസികള്‍ പകുതി തമാശയായും കാര്യമായും പറയുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ യാത്രാനിരക്കൊന്നും എയര്‍ഇന്ത്യക്ക് ബാധകമല്ല. എയര്‍ ഇന്ത്യയ്ക്ക് ബാധകമാവാത്തതാണോ പിന്നെ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് ബാധകമാവുന്നത്? അവര്‍ക്കു തോന്നിയ നിരക്ക് അവരും ഈടാക്കും. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും വിമാനക്കൂലിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഭീമമായ അന്തരം പിന്നെയും പുറത്തുവരും.
മുന്നറിയിപ്പുകള്‍ ഒന്നുമില്ലാതെയാണ് പലപ്പോഴും എയര്‍ഇന്ത്യയുടെ പല സര്‍വീസുകളും റദ്ദാക്കപ്പെടുന്നത്. തക്ക കാരണങ്ങളും ചിലപ്പോള്‍ ഉണ്ടായെന്നുവരില്ല. പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണെങ്കിലും അത്തരമൊരു ബദല്‍ ഏര്‍പ്പെടുത്താറില്ലായെന്നതാണ് വാസ്തവം. ടൈം മാനേജ്‌മെന്റ് തന്നെയാണ് ഇത്തരം പ്രശ്‌നങ്ങളിലെ പ്രധാന വില്ലനാകുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് പൈലറ്റ് തിരിച്ചുപോയ സന്ദര്‍ഭങ്ങള്‍ പോലുമുണ്ട്. ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പോലും പലപ്പോഴും അവസാനനിമിഷം സീറ്റ് കിട്ടാറില്ല. ഓവര്‍ ബുക്കിംഗ് ആണ് ഇതിന് ഒരു പരിധിവരെ കാരണമാകുന്നത്. എയര്‍പോര്‍ട്ടിലെ അസൗകര്യങ്ങളും കസ്റ്റംസിലേയും എമിഗ്രേഷനിലേയും കാലതാമസങ്ങളും യാത്രക്കാരെ വലയ്ക്കുന്നു. മറ്റൊന്ന് ലഗേജുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒന്നുകില്‍ യാത്രക്കാരെത്തി മണിക്കൂറുകള്‍ക്ക് ശേഷമാകും ലഗേജ് എത്തുന്നത്. അല്ലെങ്കില്‍ ലഗേജ് എത്തിയില്ലെന്നുവരാം. അതുമൂലം പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചില്ലറയല്ല. നാട്ടില്‍ കാത്തിരിക്കുന്ന ബന്ധുക്കളും മിത്രങ്ങളും യഥാര്‍ത്ഥത്തില്‍ കാത്തിരിക്കുന്നത് തന്നെയല്ല, തന്റെ ലഗേജിനെയാണ് എന്ന് തിരിച്ചറിവ് പലപ്പോഴും പ്രവാസിക്ക് കിട്ടിയിട്ടുണ്ടാകുക ഇങ്ങനെ ലഗേജ് നഷ്ടപ്പെട്ടപ്പോഴായിരിക്കാം.
ഒരു വിമാനം പറന്നുയരുന്നതിന് മുമ്പ് എന്തായാലും കര്‍ശനമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. കാരണം വിലപിടിപ്പുള്ള ഒരുപാട് ജീവനുകള്‍ അതിനകത്തുണ്ട്. ഫ്‌ളൈറ്റ് എഞ്ചിനീയര്‍ പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാലും വിമാനം പുറപ്പെടുംമുമ്പ് പൈലറ്റ് വിമാനം പരിശോധിക്കണം. രണ്ടു പരിശോധനയില്‍ എന്തെങ്കിലും ഒന്നില്‍ തകരാറ് കണ്ടാല്‍ വിമാനം ഒന്നുകില്‍ പുറപ്പെടാന്‍ വൈകും, അല്ലെങ്കില്‍ റദ്ദാക്കപ്പെടും. പക്ഷേ, ഇത്തരം സംഭവങ്ങള്‍ മെഗാസീരിയലുപോലെയായാലോ? എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്. കേരളത്തിലെ ആനവണ്ടി കെഎസ്ആര്‍ടിസി കട്ടപ്പുറത്താണെങ്കിലും സര്‍വീസ് നടത്താറുണ്ട്. കേന്ദ്രത്തിന്റെ ആനവണ്ടി എയര്‍ഇന്ത്യ എയറുപോയി കിടക്കും.
വിമാനം റദ്ദാക്കിയാല്‍ വിമാനക്കമ്പനിക്ക് സാമ്പത്തികമായി വന്‍നഷ്ടവും ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരവുമുണ്ടാകുമെന്നാണ് പറയാറ്. പക്ഷേ അങ്ങനെ സംഭവിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മാത്രം. യാത്രക്കാരുടെ എക്‌സിറ്റ് വിസ റദ്ദ് ചെയ്യുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കണം, ഭക്ഷണം നല്‍കണം, താമസത്തിന് ഹോട്ടല്‍ സൗകര്യം ഏര്‍പ്പെടുത്തണം, റൂമുകളിലേക്ക് പോകാനായി ടാക്‌സി ചാര്‍ജ് നല്‍കണം തുടങ്ങി കമ്പനിയും ഉദ്യോഗസ്ഥരും ചെയ്യേണ്ട കാര്യങ്ങള്‍ അനവധിയാണ്. പക്ഷേ, യാത്രക്കാരെ വിമാനറാഞ്ചികളായി പ്രഖ്യാപിക്കുകയാണ് ഇവരെ സംബന്ധിച്ചിടത്തോളം ഏറ്റവുമെളുപ്പം.
ഗള്‍ഫ്‌സെക്ടറിലേക്ക് മാത്രം കേരളത്തിന്റെ സ്വന്തം വിമാനസര്‍വീസ് എന്ന ആശയം കേള്‍ക്കാന്‍തുടങ്ങിയിട്ട് വര്‍ഷം എട്ടാകുന്നു. എയര്‍ കേരള എന്ന പേരില്‍ ഒരു വിമാനസര്‍വ്വീസ്. 2005 ലെ യുഡിഎഫ് ഭരണകാലത്തെ പ്രൊജക്ടാണത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത്, എമര്‍ജിംഗ് കേരള മുളച്ചപ്പോള്‍, അതിന്റെ തടയ്ക്കല്‍ പിന്നെയും എയര്‍കേരളയുടെ വിത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നട്ടിരുന്നു. അടുത്ത (കഴിഞ്ഞ) വിഷുവിന് കായ്ക്കുമെന്നും പറഞ്ഞു. പക്ഷേ, എയര്‍കേരള മുളച്ചതുപോലുമില്ല. എയര്‍കേരള പറക്കുമെന്ന് കേരളസര്‍ക്കാരും, നടക്കുകപോലുമില്ലെന്ന് കേന്ദ്രവും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. കപ്പല്‍ഗതാഗതത്തെകുറിച്ചും എമേര്‍ജിംഗ് കേരളയില്‍ പ്രഖ്യാപനമുണ്ടായിരുന്നു. 2001 ജൂണില്‍ ദുബൈയില്‍നിന്ന് ദോഹ, ബഹ്‌റൈന്‍ വഴി 116 യാത്രക്കാരുമായി കൊച്ചിയിലെത്തിയ കപ്പല്‍യാത്രക്ക് പിന്നെ പച്ചക്കൊടിവീശിയില്ല. നാലുദിവസം കൊണ്ട് 4000 രൂപയ്ക്ക് നാട്ടിലെത്താമെന്ന പ്രവാസിയുടെ മോഹത്തിന് അതോടെ അന്ത്യമായി. അല്‍സലാം താബ എന്ന ആ കപ്പല്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമം ലംഘിക്കുന്നുവെന്ന് പറഞ്ഞാണ് കേരളസര്‍ക്കാര്‍ അന്ന് സര്‍വീസ് റദ്ദ് ചെയ്തത്.
പലപ്പോഴും എയര്‍ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാതരം പ്രശ്‌നങ്ങള്‍ക്കും ഇരയാവുന്നത് പ്രവാസി മലയാളികളാണ്. ഒരു മരണമോ, പെട്ടെന്നുള്ള മറ്റെന്തെങ്കിലും ആവശ്യമോ ഉണ്ടായാല്‍ നാട്ടിലെത്തണമെങ്കില്‍ പ്രവാസികള്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ട്. വിമാനങ്ങള്‍ കൃത്യസമയം പാലിക്കാത്തതിനാലും ഇടയ്ക്കിടയ്ക്ക് റദ്ദ് ചെയ്യുന്നതിനാലും അവധിക്കുവന്ന് തിരിച്ചുപോകുന്നവനും പുതിയ തൊഴില്‍ തേടി പോകുന്നവനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വേറെ. വിസ കാലാവധി കഴിഞ്ഞുപോയതിനാല്‍ മണലാരണ്യത്തില്‍ കാലുകുത്താന്‍പോലും കഴിയാതെ തിരിച്ചുവരേണ്ടിവന്നവര്‍ ഏറെ. പലപ്പോഴും എയര്‍പോര്‍ട്ടിലെ അവന്റെ പ്രതിഷേധവും കുടിവെള്ളം പോലും കിട്ടാതെ കരയുന്ന കൈക്കുഞ്ഞുങ്ങളുമായി തളര്‍ന്നിരിക്കുന്ന കുടുംബത്തിന്റെയും വിഷ്വലുകളും ചിത്രങ്ങളും വിറ്റ് ചാനലുകളും പത്രങ്ങളും ടാംറേറ്റിംഗ് കൂട്ടുന്നു എന്നതുകഴിച്ചാല്‍, എത്രമാത്രം അവന്റെ വേദനയില്‍, യാത്രാദുരിതത്തില്‍ മാധ്യമങ്ങള്‍ പങ്കുകൊള്ളുന്നുണ്ട്? കേരളത്തെ ഇതുവരെ വളര്‍ത്തിക്കൊണ്ടുവന്ന ഇവര്‍ ഇന്നുവരെ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരരംഗത്തേക്കിറങ്ങിയിട്ടില്ല. പകരം തങ്ങളോട് കാണിക്കുന്ന വിവേചനം അവസാനിക്കണമെന്നായിരുന്നു അവരുടെ സമരങ്ങളുടെയെല്ലാം ആവശ്യം. പക്ഷേ, ആ സമരങ്ങളെ ജനകീയമാക്കേണ്ടവര്‍ ഉപരോധസമരങ്ങള്‍ക്കു പിറകെ പോയാല്‍ ഈ പാവങ്ങള്‍ ഇനി എന്തുചെയ്യാന്‍?
എയര്‍ഇന്ത്യയുടെ ഉന്നതസ്ഥാനങ്ങളില്‍ നിരവധി പ്രമുഖരായ മലയാളികള്‍ അവരോധിതരായിട്ടുണ്ട്. ചെയര്‍മാനായിരുന്ന തുളസീദാസിന് ശേഷം പ്രമുഖ വ്യാപാരിയും പത്മശ്രീ ജേതാവുമായ എം എ യൂസഫലിയായിരുന്നു ഡയറക്ടര്‍മാരിലൊരാളായി വന്നത്. ഒരു പ്രവാസി എന്ന നിലയിലും വ്യാപാരരംഗത്തുള്ള അദ്ദേഹത്തിന്റെ മികവും പരിഗണിച്ചായിരുന്നു ഈ സ്ഥാനാരോഹണം. ആ സ്ഥാനത്തിരുന്ന് പ്രവാസിക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നും താന്‍ വെറുമൊരു കാഴ്ചക്കാരന്‍ മാത്രമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം നിരാശയോടെ പടിയിറങ്ങി. അപ്പോള്‍ കുടെയിറങ്ങിയത് ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷയും സ്വപ്‌നങ്ങളുമായിരുന്നു. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ എയര്‍ഇന്ത്യയെന്ന ദേശീയ സമ്പത്തിനെ നശിപ്പിക്കുന്നത് ആരെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പ്രതിക്കൂട്ടില്‍ വന്നു നില്‍ക്കുന്നത് എന്നും നിരുത്തരവാദ സമീപനം വെച്ചു പുലര്‍ത്തുന്ന ജീവനക്കാരാണെങ്കില്‍ ഇവര്‍ക്ക് മൂക്കു കയറിടാന്‍ ഈ രാജ്യത്ത് ആര്‍ക്കും ബാധ്യതയില്ലേ?
പ്രവാസധാര മാസിക ഒക്ടോബര്‍ ലക്കം
.jpg)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ