അടുക്കളയില്ലാത്ത വീടുകള്‍ അടുപ്പ് പുകയാത്ത അടുക്കളകള്‍

അടുക്കളയില്ലാത്ത വീടുകളും അടുപ്പു പുകയാത്ത അടുക്കളകളും സൃഷ്ടിച്ചുകൊണ്ട് മള്‍ട്ടിബ്രാന്റ് റെസ്റ്റോറന്റുകള്‍ നാട്ടിന്‍പുറങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നു...



ഭാര്യയും ഭര്‍ത്താവും ജോലിക്കാര്‍, മക്കള്‍ സ്‌കൂളില്‍... ആര് ആദ്യം വരുന്നോ അവര്‍ വാതില്‍ക്കല്‍ കാത്തുനില്‍ക്കേണ്ടി വരില്ല... എല്ലാവരുടെ കയ്യിലും വേറെ വേറെ താക്കോലുണ്ട്. അല്ലെങ്കില്‍ സിറ്റൗട്ടിലെ ചവിട്ടിക്കടിയില്‍, ചെടിച്ചട്ടിയില്‍, പട്ടിക്കൂട്ടില്‍.. തുടങ്ങി വീട്ടുകാര്‍ക്ക് മാത്രമറിയാവുന്ന രഹസ്യസ്ഥാനങ്ങളില്‍ ഒളിച്ചുവെക്കും... ഇതാണ് ഇന്നത്തെ അണുകുടുംബങ്ങളുടെ ശരാശരി അവസ്ഥ.
മുമ്പും കുടുംബങ്ങള്‍ വീടു പൂട്ടി യാത്ര പോയിരുന്നു.. അന്ന് താക്കോലുകള്‍ സൂക്ഷിക്കാനേല്‍പ്പിച്ചത് അടുത്ത വീടുകളിലായിരുന്നു. ഇന്ന് അയല്‍പ്പക്കങ്ങളില്ലാതെയായി. അവര്‍ പരിചമില്ലാത്തവരായി. പരിചയമുണ്ടെങ്കില്‍തന്നെ അവരും ജോലിക്കു പോകുന്നവരായി. അയല്‍പ്പക്കത്ത് ആളുണ്ടെങ്കില്‍ തന്നെ അവരെ വിശ്വാസമില്ലാതെയായി...
എങ്ങനെയാണ് നമ്മള്‍ ഇങ്ങനെ മാറിയത്... പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളും സ്‌നേഹവും വിശ്വാസവും ഇല്ലാതെയായത്. കുട്ടിയായിരിക്കുമ്പോള്‍ എത്രയോ തവണ അടുത്ത വീടുകളിലുണ്ടാക്കുന്ന സ്‌പെഷ്യല്‍ വിഭവങ്ങള്‍ ''ഇത് മോള്‍ക്ക്'' എന്ന് പറഞ്ഞ് കിട്ടിയിട്ടുണ്ടെന്നോ... ഒരു നെയ്‌ച്ചോറോ ബിരിയാണിയോ വെച്ചാല്‍ ചോറുതിന്നാനായി അവര്‍ വിളിച്ചുകൊണ്ട് പോയിട്ടുമുണ്ട്. വീട്ടിലുണ്ടാക്കുന്ന സ്‌പെഷ്യല്‍ പലഹാരവും കറികളും അടുത്ത വീടുകളിലെ കൂട്ടുകാരികള്‍ക്ക് കൊടുക്കെന്ന് പറഞ്ഞ് ഉമ്മ തന്നു വിട്ടിട്ടുമുണ്ട്. ഇന്ന് എത്ര ഉമ്മമാര്‍ എന്തെങ്കിലും പലഹാരവും കറികളും തന്ന് തങ്ങളുടെ പെണ്‍മക്കളെ സന്തോഷത്തോടെ അടുത്ത വീടുകളിലേക്ക് പറഞ്ഞയയ്ക്കും. പീഡനകഥയിലെ ഇരയാകാനുള്ള ആഗ്രഹക്കുറവ് മാത്രമല്ല, നമുക്ക് കൈമോശം വന്നിരിക്കുന്ന പരസ്പര സ്‌നേഹവും ഈ കൊടുക്കല്‍ വാങ്ങലുകള്‍ അവസാനിപ്പിച്ചു.
ഉപ്പില്ലെങ്കില്‍, അരിയില്ലെങ്കില്‍, അടുത്തവീടുകളിലേക്ക് ഓടുന്ന അവസ്ഥയും ഇന്നില്ല. വാങ്ങാന്‍ പോകാന്‍ ആളില്ലെങ്കില്‍ ഒരു ഫോണ്‍കോളില്‍ സൂപ്പര്‍ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഹോം ഡെലിവര്‍ സാധനം വീട്ടിലെത്തിക്കും... ഇല്ലെങ്കില്‍ പ്രിയപ്പെട്ടവന് ഒരു ഫോണ്‍ കോള്‍, ഒന്നുകില്‍ ഒരു പാര്‍സല്‍ വാങ്ങി വരാന്‍. അല്ലെങ്കില്‍ ഇന്ന് പുറത്തുനിന്ന് ഭക്ഷണം കഴിക്കാമെന്ന ഉറപ്പുവാങ്ങാന്‍, അവിടെ തീര്‍ന്നു അയല്‍പ്പക്കത്തേക്കുള്ള ഓട്ടം.
പുറത്തുനിന്ന് ഭക്ഷണം കഴിക്കുക എന്നുവെച്ചാല്‍ ഒരു ചായകുടിയും ഒരല്‍പ്പം പരദൂഷണം പറച്ചിലും രാഷ്ട്രീയവും പത്രവായനയും മാത്രമായിരുന്നു പഴയ തലമുറയ്ക്ക്. അല്ലെങ്കില്‍ വിശക്കണം..... ഇന്ന് മനുഷ്യന് വിശക്കാതെയായി... എന്നാലും റെസ്റ്റോറന്റുകള്‍ കണ്ടാല്‍ അവന് കഴിക്കണം. ഭക്ഷണമെന്നത് ആഘോഷമാണ്... കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പരസ്പരം സംസാരിക്കാന്‍ പാടില്ല... സംസാരം നീണ്ടാല്‍ ഭക്ഷണം കഴിച്ചുകഴിയാന്‍ വൈകും.. ഹോട്ടലിലേക്ക് വരുന്ന അടുത്ത ഫാമിലി തിരക്ക് കണ്ട് മറ്റ് ഹോട്ടലുകള്‍ തേടിപോകും. കടയുടമ അസ്വസ്ഥനാകും, വെയിന്റര്‍ അസ്വസ്ഥനാകും. ഭക്ഷണം കഴിക്കല്‍ സാവധാനത്തിലാക്കിയാലും സംസാരിക്കാതിരിക്കാന്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കും. പ്ലെയിറ്റിന്റെയും സ്പൂണിന്റേയും  ശബ്ദം മാത്രമായിരിക്കും അവിടെ നിറയുക.
ആഗോളവത്കരണം നമ്മുടെ അടുക്കള എന്ന സംസ്‌കാരത്തിന് മേല്‍ പിടിമുറുക്കിയത് നമ്മള്‍ അറിയാതെ പോയി... യന്ത്രങ്ങള്‍ മനുഷ്യന്റെ അധ്വാനത്തെ ലഘൂകരിച്ചപ്പോള്‍ നമുക്ക് നഷ്ടമായത് പരസ്പരം സഹകരണമെന്ന നല്ല കഴിവാണ്. നെല്ലും അരിയും മുളകും മല്ലിയും ഉരലിലും അമ്മിയിലും ഇട്ട് വീട്ടിലെ സ്ത്രീകള്‍ പൊടിയാക്കിയെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു... സഹായിക്കാന്‍ അടുത്ത വീട്ടിലെ സ്ത്രീകളും കാണും. അല്ലെങ്കില്‍ വീട്ടുമുറ്റത്ത് കാണുമ്പോള്‍ വേലിക്കരികിലെത്തി കുശലം പറയും.. അടുത്ത വീട്ടിലെ സന്തോഷങ്ങളും സങ്കടങ്ങളും ദുരിതങ്ങളും അങ്ങനെ വരികള്‍ക്കിടയിലും കണ്ണുകളില്‍ നിന്നും നമ്മുടെ പൂര്‍വികര്‍ വായിച്ചെടുത്തു... തങ്ങളാലാവുന്ന ആശ്വാസവാക്കുകളുമായെത്തി.... വെറും അഞ്ചു രൂപ മതി നമ്മുടെ വലിയൊരു അധ്വാനത്തെ ലഘൂകരിക്കാന്‍ എന്ന തിരിച്ചറിയുമായി ആദ്യമെത്തിയത് ഫ്‌ളോര്‍ മില്ലുകളാണ്. മിക്‌സിയുടെയും ഗ്രൈന്‍ഡറിന്റെയും മുരള്‍ച്ചയില്‍ പിന്നെ അടുത്ത വീട്ടിലെ ദുരിതങ്ങളൊന്നും നമ്മുടെ ചെവിയിലെത്താതെയായി...
കുടുംബത്തിന്റെ അടിത്തറ മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക അടിത്തറ കൂടി സ്ത്രീകള്‍ മെച്ചപ്പെടുത്തണമെന്നത് സ്റ്റാറ്റസ് സിംമ്പലായി മാറിയപ്പോള്‍ അവളെ സഹായിക്കാന്‍ വീണ്ടുമെത്തി പലതും പല രൂപത്തില്‍. നാളത്തെ കറിക്കുള്ളത് രാത്രി തന്നെ അരിഞ്ഞുവെച്ചാല്‍ കേടായി പോകാതിരിക്കാന്‍ ഫ്രിഡ്ജ്,  ഒരാഴ്ചത്തേക്കുള്ള കറികളും മറ്റും ഒരുമിച്ച് ഉണ്ടാക്കി സൂക്ഷിക്കാനും അത് ഉപയോഗിക്കാം. ചോറും കറിയും ഉണ്ടാക്കുന്നതിനിടയില്‍ തന്നെ അലക്കാന്‍ വാഷിംങ്‌മെഷീന്‍... തുടങ്ങി ജോലിക്കുപോകുന്ന സ്ത്രീ വീട്ടിലുണ്ടാകുന്ന സമയമത്രയും വീട്ടുജോലികളില്‍ തന്നെ മള്‍ട്ടിടാസ്‌കുകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഉപകരണങ്ങള്‍ അവളെ പഠിപ്പിച്ചു.
വീട്ടിലെ പുരുഷന്മാര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കാമെങ്കില്‍ നിങ്ങള്‍ക്കും അതാകാമെന്ന് അവളെയും പഠിപ്പിച്ചുകൊണ്ട് മള്‍ട്ടിപ്ലസ് റെസ്റ്റോറന്റുകളും വന്നു.  ചായക്കടകളിലെയും ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും സ്ത്രീസാന്നിധ്യം കൂടി... ജോലി സ്ഥലത്താണെങ്കില്‍ കൂട്ടുകാര്‍ക്കൊപ്പം, ജോലി കഴിഞ്ഞിറങ്ങിയാല്‍ പ്രിയപ്പെട്ടവനൊപ്പം, വീട്ടമ്മയാണെങ്കില്‍ പ്രിയപ്പെട്ടവന്‍ കൊണ്ടുവരുന്ന പാര്‍സലും കാത്ത്, അല്ലെങ്കില്‍ ഭര്‍ത്താവ് ജോലി കഴിഞ്ഞു വരുമ്പോഴേക്കും പുറത്തുപോകാന്‍ റെഡിയായി... സ്‌കൂള്‍ വിട്ടു വരുന്ന കുഞ്ഞുങ്ങളെയും കാത്ത് ഫ്രഡ്ജില്‍ ഷവര്‍മയും ബെര്‍ഗറും പിസയും പെപ്‌സിയും വിശ്രമിക്കുന്നു. ഇതോടെ അനാഥമാകുന്നത് നമ്മുടെ അടുക്കളകളായി. അവ ആള്‍പെരുമാറ്റമില്ലാത്ത ഭാര്‍ഗവി നിലയങ്ങളായി. ആഹാരം പാകം ചെയ്തു കഴിക്കാനുള്ള സ്ഥലമല്ലാതെയായി... ആളുകളെ കാണിക്കാനുള്ള പൊങ്ങച്ചത്തിന്റെ വിളനിലങ്ങള്‍ മാത്രമായി...

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ