ഇവര്‍ ഇനി ആരുടെ പേര്‍ വിളിച്ചുകരയും?



 ഒന്നു വീണാല്‍ വാരിയെടുത്ത് ഉമ്മ നല്‍കി, വേദനിക്കുന്ന ഭാഗത്ത് തടവി, കുഞ്ഞിന്റെ വേദനയില്‍ കൂടെ കരയുന്നവരാണ് എല്ലാവരുടെയും മനസ്സിലെ മാതാപിതാക്കള്‍. സ്വന്തം കുഞ്ഞുങ്ങളെ ശിക്ഷിക്കാനുള്ള അധികാരവും അവര്‍ക്കു തന്നെയാണ്. എന്നാലേ തിരിച്ചറിവില്ലാത്ത പ്രായത്തില്‍  ചീത്തയും തിരിച്ചറിഞ്ഞ്, കുഞ്ഞുമനസ്സ് ഈ ലോകത്തെ നേരിടാന്‍ പാകപ്പെടുകയുള്ളൂ...
കാണാതാകുന്ന കുട്ടികളുടെ, അനാഥബാല്യങ്ങളുടെ, ബലാത്സംഗത്തിനിരയാവുന്ന, ബാലവേലക്ക് നിര്‍ബന്ധിക്കപ്പെടുന്ന, ഭിക്ഷാടനത്തിലേക്കെറിയപ്പെടുന്ന, സെക്‌സ് ടൂറിസത്തിന്റെ ഇരകളായി വേശ്യവൃത്തിയിലെത്തപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനകളെകുറിച്ചൊക്കെ പലരും പലവുരു ചര്‍ച്ച ചെയ്തു കഴിഞ്ഞതാണ്. അത്തരം കുട്ടികളുടെ മാതാപിതാക്കളുടെ വേദനയെപ്പറ്റിയും നമ്മളൊരുപാട് ചര്‍ച്ച ചെയ്തു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രയൊന്നും മനസ്സന്തോഷം നല്‍കുന്നതല്ല. ആശ്വാസമാകേണ്ട മാതാപിതാക്കള്‍ അന്തകരാകുന്ന കാഴ്ചകളാണ് ഇപ്പോള്‍ നമ്മുടെ ചുറ്റും നിറയുന്നത്. മാതാപിതാക്കള്‍ തന്നെ മക്കളെ പീഡിപ്പിക്കുന്ന, വില്‍ക്കുന്ന, പിറന്നയുടനെയോ മുലപ്പാലൂറ്റിവളര്‍ത്തിയതിനുശേഷമോ ഉപേക്ഷിക്കുന്ന കഥകള്‍ വന്നു കൊണ്ടേയിരിക്കുന്നു.
ശഫീഖ് ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങുന്നുവെന്ന വാര്‍ത്ത സന്തോഷമുള്ളതുതന്നെ. എന്നാല്‍ അവനെ ഈ നിലയിലാക്കിയതില്‍ സ്വന്തം ഉപ്പയ്ക്കും ഉമ്മയ്ക്കുമുള്ള പങ്ക് ചെറുതല്ല. പരസ്പരം പൊരുത്തമില്ലാത്തവര്‍ തമ്മില്‍ കുടുംബജീവിതം ആരംഭിക്കുമ്പോള്‍ ബാക്കിയാകുന്നത് ഇത്തരം കുട്ടികളാണ്. മാതാപിതാക്കള്‍ പുനര്‍ വിവാഹത്തിനൊരുങ്ങുമ്പോള്‍ ഇത്തരം കുട്ടികളുടെ ഭാവി- ആണാവട്ടെ, പെണ്ണാവട്ടെ അനിശ്ചിതത്വത്തിലാകുന്നു. അവര്‍ എല്ലാവര്‍ക്കും ഭാരമായിത്തീരുന്നു.
ഭര്‍ത്താവായിരുന്ന ശരീഫുമൊത്തുള്ള ജീവിത്തിലെ സംഘര്‍ഷങ്ങളാകാം ജന്മം നല്‍കിയ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തുടങ്ങാന്‍ ശഫീഖിന്റെ ഉമ്മയെ പ്രേരിപ്പിച്ചിട്ടുണ്ട.ാകുക. തന്നെയും തന്റെ മക്കളെയും ഉപേക്ഷിച്ചു പോയ ഭാര്യയോടുള്ള അരിശം ശരീഫ് തന്റെ മക്കളിലും തീര്‍ത്തു.  രണ്ടാനമ്മമാരും രണ്ടാനച്ഛന്മാരും പലപ്പോഴും ഭീകരതയുടെ ആള്‍രൂപങ്ങളായാണ് കുട്ടികളുടെ മുന്നില്‍ അവതരിക്കുന്നത്. ശഫീഖിന്റെ കാര്യത്തിലും സംഭവിച്ചത് ഇതൊക്കെയാണ്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലെ അദിതിയെ ഈ ലോകത്തിന് നഷ്ടപ്പെടുത്തിയതും അദിതിക്ക് ലോകത്തെ നഷ്ടപ്പെടുത്തിയതും ഇതേ ക്രൂരതകളും മാനസികാവസ്ഥകളുമാണ്. മൂന്നു വയസ്സുമാത്രമുള്ള ആരോമല്‍ എന്ന സ്വന്തം മകനെ വളത്തുനായയ്‌ക്കൊപ്പം ചങ്ങലക്കിട്ട അച്ഛനമ്മമാരെ കുറിച്ചുള്ള വാര്‍ത്ത വന്നതും ഇടുക്കിയില്‍ നിന്നായിരുന്നു. അഞ്ചുവര്‍ഷം മുമ്പ്.
സ്വന്തം ഭാര്യയേയും നാലര വയസ്സും രണ്ടും വയസ്സുമുള്ള പെണ്‍കുഞ്ഞുങ്ങളേയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് മറ്റൊരു ശരീഫാണ്. എത്രയെത്രതവണ ആ കുഞ്ഞുങ്ങള്‍ ഉപ്പായെന്ന് വിളിച്ച് ഉമ്മകള്‍ നല്‍കിയിട്ടുണ്ടാകും. വെള്ളം കുടിച്ച് ശ്വാസംമുട്ടുമ്പോള്‍ പോലും ആ മക്കള്‍ വിളിച്ചു കരഞ്ഞിരിക്കുക പടച്ചവനെയായിരിക്കില്ല, ഉപ്പാ എന്നാകില്ലേ.... എന്നിട്ടുപോലും, രണ്ട് മക്കളെ തന്ന ഭാര്യയെ ഒഴിവാക്കാന്‍, പുതിയ ദാമ്പത്യജീവിതത്തിന് മക്കള്‍ തടസ്സമാവാതിരിക്കാന്‍ പെരുന്നാള്‍ കോടി ആ ഉപ്പ മക്കള്‍ക്ക് നേരത്തെ വാങ്ങിക്കൊടുത്തു... മരണസമ്മാനമായി.... കൂടുതലൊന്നും സംഭവിക്കാന്‍ പോകുന്നില്ല, ജാമ്യത്തിലിറങ്ങുന്ന ആ മക്കളെക്കൊല്ലിയെ കെട്ടിക്കാന്‍ നാട്ടുകാര്‍ തന്നെ മുന്‍കൈ എടുക്കുകയും പാവം പിടിച്ച ഏതോ പെണ്ണ് വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്റെ ഭാര്യയായെന്നും വരാം.  നമ്മുടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും അവസ്ഥ അതാണല്ലോ?
ഈ മാസമാദ്യം ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട വാര്‍ത്ത കാസര്‍കോട് ബദിയടുക്കയില്‍ നിന്നാണ്. പെറ്റമ്മ തന്നെയാണ് 12 കാരിയായ സ്വന്തം മകളോട് ക്രൂരത കാട്ടിയതെന്ന് വാര്‍ത്തകള്‍ പറയുന്നു. ഭക്ഷണം നല്‍കാതെ, പഠിക്കാന്‍ അനുവദിക്കാതെ, വസ്ത്രങ്ങള്‍ അലക്കിനല്‍കാതെ എല്ലാം അമ്മ മകളെ വര്‍ഷങ്ങളായി ദ്രോഹിക്കുകയായിരുന്നുപോലും.
കുട്ടികളെ ശാരീരികമായോ ലൈംഗികമായോ മാനസികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയാണ് ബാലപീഡനം അല്ലെങ്കില്‍ ചൈല്‍ഡ് അബ്യൂസ് എന്നു പറയുന്നത്. കുട്ടികളോട് കാണിക്കുന്ന അവഗണന പോലും ബാലപീഡനമായാണ് കണക്കാക്കുന്നത്. ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയില്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യരക്ഷ, മേല്‍നോട്ടം എന്നിവ ഉത്തരവാദിത്വപ്പെട്ടവര്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുമ്പോഴാണ് അവര്‍ അവഗണിക്കപ്പെടുന്നു എന്ന് സാധാരണ പറയാറ്. കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് സുരക്ഷിതബോധം, സ്‌നേഹം, പരിഗണന, ലാളന എന്നീ ഘടകങ്ങള്‍ നിര്‍ബന്ധമാണ്. അതുപോലെ ഭക്ഷണം, പാനീയം, വിശ്രമം എന്നീ ഘടകങ്ങള്‍ ഒത്തുചേര്‍ന്നാലേ കുട്ടികളുടെ ശാരീരിക വളര്‍ച്ച പൂര്‍ത്തിയാവുകയുമുള്ളൂ.
പലതരത്തിലുള്ള ചൂഷണത്തിന് വിധേയരായ കുട്ടികളില്‍ ഏറെയും 5-12 വയസ്സിനുള്ളിലുള്ളവരാണെന്നാണ് 2007ല്‍ ഇന്ത്യയിലെ വുമണ്‍ ആന്റ് ചൈല്‍ഡ് മന്ത്രാലയം വെളിപ്പെടുത്തിയത്. മൂന്നില്‍ ഓരോ രണ്ട് കുട്ടികളും ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു മൂന്നില്‍ ഒരു കുട്ടി മാനസിക പീഡനത്തിന് ഇരയാക്കപ്പെടുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പഠനം കാണിക്കുന്നു. ശാരീരികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുടെ ശതമാനം 69 ആണ്. ഇതില്‍ 54.68 ശതമാനവും ആണ്‍കുട്ടികളാണ്. ശാരീരികമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളില്‍ 88.6 ശതമാനം രക്ഷിതാക്കളില്‍ നിന്നാണ്  പീഡനമനുഭവിക്കുന്നത് എന്നാണ് പഠനത്തില്‍ വെളിവായ മറ്റൊരു വസ്തുത. മാത്രമല്ല, കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതില്‍ 83 ശതമാനം രക്ഷിതാക്കളാണെന്നും പഠനം പറയുന്നു. 53.22 ശതമാനം ലൈംഗിക ചൂഷണത്തിനോ പീഡനത്തിനോ ഇരയാവുന്നു. ഇതില്‍ 56 ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. വീട്ടകങ്ങളില്‍ പീഡനത്തിന്റെ തോത് വര്‍ധിക്കുന്നുവെന്നതും ആരെയും ഭയപ്പെടുത്തുന്നു. അന്യന്റെ സ്വകാര്യതയിലേക്ക് കടന്നുകയറാനില്ലെന്ന് അവകാശപ്പെട്ട് മതിലുകള്‍ കെട്ടിയുയര്‍ത്തുമ്പോള്‍ അയല്‍ക്കാരന്റെ ദുഃഖം കൂടി നാം അറിയാതെ പോകുകയാണ്. അടുത്ത വീട്ടില്‍ നിന്നുയരുന്ന കുഞ്ഞിക്കരച്ചിലുകള്‍ കേള്‍ക്കാതെ പോകുകയാണ്.
2008 നും 2013 മാര്‍ച്ചിനുമിടയില്‍ കേരളത്തില്‍ 214 പിഞ്ചുകുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1695 കുട്ടികള്‍ മാനഭംഗത്തിനിരയായി. 590 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഈ വര്‍ഷം ആദ്യത്തെ മൂന്നുമാസത്തിനുള്ളില്‍ 159 കുട്ടികള്‍ പീഡനത്തിനിരയായിയെന്നാണ് കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത 2042 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചത് കഴിഞ്ഞ മാസമാണ്. എന്നാല്‍ ലഭിച്ച പരാതികള്‍ 1797 മാത്രമാണെന്നാണ് മന്ത്രി, സഭയില്‍ പറഞ്ഞത്. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയോളമാണ് കേരളത്തിലെ ശരാശരി. ദേശീയ ശരാശരി 2.7 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 4.3 ആണ്.
2012 നവംബറിലാണ് ഇന്ത്യന്‍ ദമ്പതികളെ നോര്‍വെ കോടതി മകനെ ശിക്ഷിച്ചതിന്റെ പേരില്‍ തടവുശിക്ഷയ്ക്ക് വിധിച്ചത്. അച്ഛന്‍ ചന്ദ്രശേഖറിന് 18 മാസവും അമ്മ അനുപമയ്ക്ക് 15 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചത്. വിവരമറിഞ്ഞ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെയധികം ഒച്ചപ്പാടുണ്ടാക്കുകയും കുട്ടികളെ ശിക്ഷിക്കാനുള്ള മാതാപിതാക്കളുടെ അധികാരത്തെ കുറിച്ച് ചര്‍ച്ചകള്‍ വരെ സംഘടിപ്പിക്കുകയും ചെയ്തു. അവസാനം നോര്‍വെ നിയമത്തിന്റ പ്രശ്‌നമല്ല, കുട്ടിയെ ശരിക്കും മാതാപിതാക്കള്‍ ഉപദ്രവിക്കുകയായിരുന്നു എന്നു തെളിഞ്ഞതോടെ ഇന്ത്യന്‍മാധ്യമങ്ങള്‍ അതിവിദഗ്ധമായി മൗനം പാലിച്ചു. യുഎഇയുടെ പുതിയ ശിശുസംരക്ഷണ നിയമത്തിന് നല്‍കിയ പേര് വുഡീമ ലോ എന്നാണ്. പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനമേറ്റ് മരിച്ച കുഞ്ഞു വുഡീമയുടെ ഓര്‍മയ്ക്കാണ് രാജ്യം നിയമത്തിന് ഈ പേര് നല്‍കിയത്.
1977ലാണ് ഇന്ത്യ ദേശീയ ശിശുനയത്തിന് രൂപം നല്‍കിയത്. ക്രൂരതയില്‍ നിന്നും അവഗണനയില്‍ നിന്നും ചൂഷണത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ മുദ്രാവാക്യംപോലും. 1956 ലെ ബാലാധ്വാന നിരോധന നിയമം- ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്റ് റെഗുലേഷന്‍) ലോ, 1986 ല്‍ നിലവില്‍ വന്നതും പിന്നീട് പരിഷ്‌കരിക്കപ്പെട്ടതുമായ  ബാലനീതി (ശ്രദ്ധയും സംരക്ഷണവും) നിയമം, ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട് 1956, 2006 ലെ ദേശീയ ബാല്യാവകാശ കമ്മീഷന്‍ നിയമം,  ദി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രെം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012 എന്നീ നിയമങ്ങള്‍ കുട്ടികളുടെ സുരക്ഷിതത്വവും അവകാശവും ഉറപ്പാക്കുവാന്‍ നിലവിലുണ്ട്. 1989 ല്‍ ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഒരു പ്രമേയം പാസ്സാക്കിയിരുന്നു. 1992 ല്‍ ഇന്ത്യ അത് അംഗീകരിച്ചു.
കുട്ടികള്‍ക്ക് ആരോഗ്യവും സ്വാതന്ത്ര്യവും അന്തസ്സുമുള്ള പരിതസ്ഥിതികളിലും വളരുവാന്‍ അവസരവും സൗകര്യവും നല്‍കുകയും ചൂഷണത്തില്‍ നിന്നും സാന്മാര്‍ഗികവും ഭൗതികവുമായ പരിത്യജനങ്ങളില്‍ നിന്നും ബാല്യത്തെയും യൗവനത്തെയും സംരക്ഷിക്കുകയും ചെയ്യുക എന്നും ഭരണഘടനയുടെ 39(എഫ്) അനുച്ഛേദം ഉറപ്പുവരുത്തുന്നുമുണ്ട്.
സംസ്ഥാനത്ത് കുട്ടികളുടെ അവകാശസംരക്ഷണത്തിനായി ഒരു അവകാശസംരക്ഷണകമ്മീഷന്‍ തന്നെ നിലവിലുണ്ട്. റിട്ടയേര്‍ഡ് ഐഎഎസ് നീല ഗംഗാധരനാണ് ഇതിന്റെ ചെയര്‍പേഴ്‌സണ്‍. കുട്ടികളോട് അതിക്രമം കാണിക്കുന്ന കുറ്റവാളികളെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യുന്നതിനായി സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്.
നിയമങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയില്‍ അച്ഛനുമമ്മയും നല്‍കുന്ന ശിക്ഷകള്‍ കുഞ്ഞിനെ പീഡിപ്പിക്കല്‍ എന്ന വകുപ്പില്‍ വരാനും ബുദ്ധിമുട്ടുണ്ട്. ജനവികാരം കൂടി കണക്കിലെടുത്താണ് ഇത്തരം സംഭവങ്ങളില്‍ പോലീസ് കേസ് എടുക്കുന്നതും നിയമനടപടികള്‍ക്ക് മുതിരുന്നതും.
ഒരൊറ്റ ചോദ്യമാണ് ഇനി ബാക്കിയാകുന്നത്- ആരാണ് ഇനി കുഞ്ഞുങ്ങള്‍ക്ക് കാവല്‍. ദൈവം കഞ്ഞുങ്ങളെ കാവലിനേല്‍പ്പിക്കുന്നത് മാതാപിതാക്കളുടെ കയ്യിലേക്കാണ്. ആ കൈകള്‍ പട്ടികയേന്തുപ്പോള്‍, വെള്ളക്കുഴിയിലേക്ക് തള്ളിയിടുമ്പോള്‍ ഇനി എന്തു പ്രതീക്ഷയിലാണ് നമ്മുടെ ഇടയിലേക്ക്  കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത്?
നിങ്ങളുടെ കുട്ടികള്‍  നിങ്ങളെപ്പോലെ ആകണമെന്നല്ല, നിങ്ങള്‍ നിങ്ങളുടെ കുട്ടികളെപോലെ ആകണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കേണ്ടതെന്ന് പാടിയത് ഖലീല്‍ ജിബ്രാനാണ്... കുട്ടികള്‍ മാതാ പിതാക്കളുടെ മാത്രം സ്വത്തല്ല, അവര്‍ സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ പൊതുസ്വത്താണ്. രാഷ്ട്രങ്ങള്‍ തന്നെയും വരുംകാലത്തില്‍ ഇന്നത്തെ കുട്ടികളുടേതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ