മഴത്തുള്ളികള്‍ വീണ്ടും സ്‌കൂള്‍ മുറ്റത്ത് കലപില കൂട്ടുന്നു


മഴത്തുള്ളി കിലുക്കങ്ങള്‍ വീണ്ടും കേട്ടുതുടങ്ങി, വീടകങ്ങളിലെ കിലുക്കാംപെട്ടികള്‍ ഇനി സ്‌കൂള്‍മുറ്റത്ത് കിലുങ്ങും... കാലങ്ങള്‍ എത്രമാറിയാലും കുട്ടികള്‍ മാറിയാലും കുട്ടിക്കാലങ്ങള്‍ക്ക് മാത്രം മാറ്റമില്ല. അത്രമേല്‍ മനോഹരമായ കാലം ഒരാളുടെ ജീവിതത്തില്‍ പിന്നെയുണ്ടാവാനും സാധ്യതയേതുമില്ല. കുട്ടിക്കാലത്തിന് പഴയ മാധുര്യം നഷ്ടപ്പെട്ടെന്ന്, പുതുതലമുറയുടെ നിര്‍വികാരമുഖം നോക്കി ഭഓള്‍ഡ് ജനറേഷന്‍സ്ഭ പരിതപിക്കുന്നു. അവര്‍ക്ക് നഷ്ടമായ കുട്ടിക്കാലം മക്കള്‍ക്കെങ്കിലും കിട്ടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
നമ്മില്‍ പലരുടെയും ഉമ്മമാര്‍ മനസ്സില്ലാമനസ്സോടെ ആ നല്ല സന്തോഷങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നവരായിരിക്കാമെന്ന് നാമറിയാതെ പോകുന്നു. ഓത്തുപള്ളിയിലന്നു പോയിരുന്ന കാലത്തെ ഗൃഹാതുരയ്‌ക്കൊപ്പം തെല്ലാരു വേദനയോടെ കൂടി ഓര്‍ക്കുന്നവരായിരിക്കാം അവര്‍. ഇഷ്ടമില്ലാഞ്ഞിട്ടുകൂടി ആ നല്ലകാലത്തെ കൈവിടേണ്ടി വന്നവരായിരിക്കാം... കോന്തലയ്ക്കല്‍ കെട്ടിയ നെല്ലിക്കയുടെ മധുരം ഇന്നും അവരുടെ നാവ് മറന്നിട്ടുണ്ടാവില്ല...
ഉപ്പമാരും അങ്ങനെ തന്നെ...  മഴ പെയ്ത് നിറഞ്ഞ മാനം നോക്കി കുന്നിന്‍മുകളിലെ മരത്തണലില്‍ മരം പെയ്യുന്നതും കാത്ത് നില്‍ക്കാനുള്ള സമയം അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല... തൊടിയിലെ ചെളിയില്‍ കാലിട്ടടിക്കാനും തലകുത്തിമറിയാനും ആഗ്രഹമുണ്ടായിട്ടും അവര്‍ക്ക് സാധിച്ചിട്ടുണ്ടാവില്ല. സ്‌കൂളില്‍ പോകാനും പഠിക്കാനും ഉള്ള ആഗ്രഹം അവര്‍ക്ക് നാളേക്കുള്ള അന്നത്തിനുള്ള വഴി മാത്രമായിരുന്നു. എന്നാല്‍ ഭഇന്നത്തെഭ പട്ടിണിക്കുമുമ്പില്‍ പഠിപ്പ് ഒന്നുമല്ലല്ലോ..  വയറിന്റെ കത്തല്‍ അടയ്ക്കാന്‍ എന്തെങ്കിലും ജോലി ചെയ്യുകയല്ലാതെ അവര്‍ക്കുമുമ്പില്‍ മറ്റുവഴികളില്ലായിരുന്നു.  സ്വന്തം വയറിന്റെ കത്തല്‍ കാണാതിരിക്കാന്‍ അവര്‍ക്കു സാധിക്കും; പക്ഷേ, പ്രിയപ്പെട്ടവരുടെ വിശപ്പ് സഹിക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല.
നമ്മുടെ ഉമ്മക്ക് അവരുടെ കുട്ടിക്കാലത്ത് ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍ നിലം തുടയ്ക്കാന്‍ പോകണ്ടിവന്നിരിക്കാം. അല്ലെങ്കില്‍ ഉമ്മയുടെ ഉമ്മയ്ക്ക് അന്നംതേടി പുറത്തുപോകാന്‍ വേണ്ടി കൂടപ്പിറപ്പുകള്‍ക്ക് അവള്‍ കാവലിരിക്കേണ്ടി വന്നതാകാം... ഉപ്പാക്ക് ഏതെങ്കിലും ഹോട്ടലുകളില്‍ എച്ചില്‍പാത്രങ്ങളെടുക്കാനും മേശ തുടയ്ക്കാനും പോകേണ്ടിവന്നതായിരിക്കാം. കല്ലും മണ്ണും ചുമന്നിരിക്കാം... തങ്ങള്‍ക്ക് നഷ്ടമായ കുട്ടിക്കാലത്തിന്റെ മാധുര്യം തങ്ങളുടെ മക്കള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അതിലവര്‍ പരിതപിക്കാതിരിക്കുന്നതെങ്ങനെ? മാറിയത് കുട്ടിക്കാലമല്ലെന്നും കുട്ടിക്കാലത്തിന്റെ അവസ്ഥകളാണെന്നും അവര്‍ അതിനിടയില്‍ മറന്നു പോകുന്നു.
കുട്ടിക്കാലത്ത് നാട്ടിലെ കാശുള്ള വീട്ടിലെ കുട്ടികള്‍ കാണിക്കുന്ന പത്രാസുകള്‍ കണ്ട് അതാണ് ശരിയായ ജീവിതമെന്നും ജീവിതസുഖമെന്നും അവര്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു. തങ്ങളുടെ മക്കളെങ്കിലും ആ പത്രാസില്‍ ജീവിക്കണമെന്ന് അന്നേ അവര്‍ ആഗ്രഹിച്ചു. മക്കള്‍ മണ്ണിലിറങ്ങുന്നതിനെയും മഴ നനയുന്നതിനെയും അവര്‍ പേടിച്ചു. അതുകൊണ്ടുതന്നെ മഴക്കോട്ടുമിട്ട് കാറില്‍ അവര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സ്‌കൂളിലേക്കയക്കുന്നു.
മഴക്കാലത്തിനൊപ്പം സ്‌കൂളുകളിലേക്ക് ആരവമൊഴുകുന്ന ആ ദിനം വീണ്ടുമണയുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ പഴയ കുട്ടിക്കാല ഓര്‍മകള്‍ കടന്നുവന്നിട്ടുണ്ടാകും. ഇന്ന് സ്‌കൂള്‍ തുറക്കാനായി എന്ന് ഓര്‍മപ്പെടുത്തുന്നത് കുട കമ്പനികളുടെ പരസ്യങ്ങളാണ്. മഴക്കാലം നനയാനുള്ളതല്ല എന്ന് പരസ്യങ്ങള്‍ പറയാതെ പറയുന്നു. കൂട്ടത്തില്‍ നിങ്ങള്‍ വില്ലനാകൂ, എന്നാല്‍ സ്‌കൂളില്‍ ഹീറോയാകാം എന്നും. മണ്ണില്‍ കളിക്കുമ്പോഴുള്ള രോഗാണുക്കളെ കുറിച്ചും പത്ത് ഹൈജിനിക് പ്രോംബ്ലങ്ങളെ കുറിച്ചും സോപ്പിന്റെ പരസ്യങ്ങള്‍ പേടിപ്പിക്കുന്നു... ബെഞ്ചില്‍ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ തോളില്‍ കയ്യിട്ടതിന് ഉച്ചഭക്ഷണത്തിന് മുമ്പ് കൈകള്‍ ഹാന്റ് വാഷിട്ടുതന്നെ കഴുകണമെന്നും പരസ്യങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ക്ലാസിലെ നീളമുള്ള കുട്ടിയാകാന്‍ അമ്മ കോംപ്ലാന്‍ തന്നെ കലക്കിതരണം. ഷാര്‍പറും സ്‌ട്രോങറുമാക്കാന്‍ ഹോര്‍ലിക്‌സ്, യൂണിഫോമില്‍ ഉജാലയും കംഫര്‍ട്ടും മുക്കിയില്ലെങ്കില്‍ ക്ലാസ്സിലെ കുട്ടികള്‍ കളിയാക്കുമെന്ന് നമ്മുടെ മക്കള്‍ പേടിച്ചിരിക്കുന്നു. ഞങ്ങളുടെ സ്‌കൂളില്‍ ചേര്‍ന്നാല്‍ നിങ്ങളുടെ മകന്‍ ഡോക്ടറായിരിക്കുമെന്ന് കെജി ക്ലാസുകള്‍ മാത്രമുള്ള സ്‌കൂളുകളുടെ വാഗ്ദാന പരസ്യങ്ങള്‍ റോഡരികില്‍ സ്ഥായിയായി നിലനില്‍ക്കുന്നു. നമ്മുടെ കുട്ടികളുടെ കുട്ടിക്കാലങ്ങളുടെ മേല്‍ ആരൊക്കെയോ അധീശത്വം പ്രാപിച്ചിരിക്കുന്നു.
സമൂഹത്തിനെ പിടികൂടിയ ലൈംഗിക അരാജകത്വവും നമ്മുടെ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. അധ്യാപകനെ, പ്യൂണിനെ, ഓട്ടോ ഡ്രൈവറെ വിശ്വസിക്കരുതെന്ന് ഓരോ ഉമ്മമാരും മക്കളെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അവനവനിലേക്ക് ചുരുങ്ങാന്‍, ഒറ്റപ്പെട്ട് ഒരു തുരുത്തായി ജീവിക്കാന്‍ നാം മക്കളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു... ജീവിത സാഹചര്യങ്ങളോട് പ്രതിരോധിച്ചാണ് നമ്മള്‍ വളര്‍ന്നതെന്ന് നാം മറന്നു പോകുന്നു... ആവശ്യമുള്ളിടത്ത് പ്രതിരോധിക്കാനാണ് ഓര്‍ത്തുവെക്കേണ്ടതെന്ന് പറയാതെ വിലക്കുകളുടെ മതില്‍ക്കെട്ടുകള്‍ അവരെക്കാളുയരത്തില്‍ നമ്മള്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്നു. അതുവരെ ഉമ്മയും കുഞ്ഞും എന്ന അവസ്ഥയില്‍ നിന്ന് അവന്റെ/ അവളുടെ ലോകം വികസിക്കാന്‍ പോകുകയാണ്. അതിനെ ഹൈജിനിക്കിന്റെയും ആരോഗ്യത്തിന്റെയും സദാചാരത്തിന്റെയും പേര് പറഞ്ഞ് വിലക്കുമ്പോള്‍ അനാരോഗ്യമുള്ള തലമുറയെയാണ് നമ്മള്‍ സൃഷ്ടിക്കുന്നത്.
എന്തിനാണ്, നമ്മള്‍ അവരെ സോക്‌സും ടൈയും കെട്ടിച്ച് 10 മണിക്കാരംഭിക്കുന്ന സ്‌കൂളിലേക്ക് 7 മണിക്കുതന്നെ വണ്ടിയില്‍ കയറ്റിവിടുന്നത്? നഗരത്തിലേക്കുള്ള സ്‌കൂളുകളുടെ സ്‌കൂള്‍ ബസ്സുകള്‍ക്ക് ഓരോ സ്ഥലത്തും അവരുടെ സമയമുണ്ട്. ആ സമയത്ത് കുട്ടികള്‍ റെഡിയായി നിന്നുകൊള്ളണം. തൊട്ടുമുമ്പിലുള്ള, ബെല്ലടിച്ചാല്‍ ഓടി ക്ലാസില്‍ കയറാവുന്ന ദൂരത്തില്‍ ഒരു സ്‌കൂള്‍ ഉള്ളപ്പോഴാണ് പലരും മക്കളെ അഭിമാനത്തിന്റെ പേരില്‍ നഗരത്തിലെ സ്‌കൂളിലേക്ക് നേരത്തെ കയറ്റി അയയ്ക്കുന്നത്. ഇല്ലാത്ത കാശുകള്‍ കടം വാങ്ങി ചെലവാക്കുന്നത്...   കുഞ്ഞുക്ലാസ്മുറിയില്‍... സ്‌കൂള്‍ബസ്സില്‍ തിങ്ങിനിറഞ്ഞ് ഇരിക്കേണ്ടിവരുന്ന അവന്റെ കുട്ടിക്കാലത്തെ കുറിച്ചാണ് ഇനി രക്ഷിതാക്കള്‍ ചിന്തിച്ചു തുടങ്ങേണ്ടത്. ആ ബസ്സ് യാത്രയില്‍, ക്ലാസ്മുറിയില്‍ അവനാവശ്യമായ ഓക്‌സിജന്‍ കിട്ടുന്നുണ്ടോ?...  അപ്പോള്‍ അവനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെകുറിച്ച് ചിന്തിച്ചുണ്ടോ?  
കുഞ്ഞുങ്ങള്‍ വളരട്ടെ, അവര്‍ അവരുടേതായ സന്തോഷങ്ങള്‍  കണ്ടെത്തട്ടെ.... തിന്മയില്‍ നിന്ന് നന്മയേതെന്ന് അവര്‍ തന്നെ വേര്‍തിരിച്ച് മനസ്സിലാക്കട്ടെ... ഒരു കുഞ്ഞാടിന്‍കുട്ടിയെ കഴുത്തിലൊരു നീളമുള്ളകയറുകെട്ടി, മേയാന്‍ വിടുന്ന ഇടയനെപോലെയാവണം രക്ഷിതാക്കള്‍... അരുതാത്ത ഇലതുമ്പു കടിക്കാന്‍ ആ ആട്ടിന്‍കുട്ടി തല നീട്ടുമ്പോള്‍ കയ്യിലെ കയര്‍ ഒന്നു വലിച്ചാല്‍ മതി.. ശാസനകളോ, അടികളോ ഒന്നും വേണ്ട. അത് വിലക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിക്കൊള്ളും. അവരെ കണ്ണിന്റെ കണ്‍മണിയായി കാത്തുസൂക്ഷിക്കുക... മഴ നനഞ്ഞ് പനിപിടിക്കട്ടെ... മണ്ണില്‍ കളിച്ച് രോഗാണുക്കള്‍ നിറയട്ടെ പക്ഷേ, കോംപ്ലാനും ന്യൂഡില്‍സുമൊക്കെ കഴിച്ച് അവര്‍ രോഗികളായി മാറാതിരിക്കട്ടെ. പ്രകൃതിയില്‍ നിന്ന് അവര്‍ പഠിക്കട്ടെ... കളിച്ച് വളരട്ടെ... വിശാലമായ മുറ്റങ്ങളുള്ള സ്‌കൂളിലേക്ക് നമുക്കവരെ യാത്രയയക്കാം... മഴവെള്ളം തെറിപ്പിച്ച്, വഴിയരികില്‍ കുട്ടിക്കുറുമ്പുകാട്ടി കൂട്ടുകാര്‍ക്കൊപ്പം അവര്‍ യാത്രയാകട്ടെ... സമയമില്ലാത്ത ലോകത്ത് ഒന്നു വിചാരിച്ചാല്‍ ആര്‍ക്കും പ്രായോഗികമാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ