ഇവര്‍ നമ്മുടെ കൂടി കുഞ്ഞുങ്ങളാണ്...



കുഞ്ഞുങ്ങളെ സ്‌നേഹിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല... അത്രമേല്‍ നിഷ്‌കളങ്കരാണവര്‍... ഓരോ കുഞ്ഞും ദൈവത്തിന്റെ വരദാനങ്ങളാണ്... അവര്‍ വളരേണ്ടത് മാതാപിതാക്കള്‍ക്കൊപ്പമാണ്...  കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ നിമിഷവും തങ്ങള്‍ക്കനുഭവിക്കാന്‍ കഴിയണമെന്നാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്... ആദ്യമായി കണ്ണു തുറന്നു നോക്കിയത്... സങ്കടപ്പെട്ട് കണ്ണു നിറഞ്ഞത്... പല്ലില്ലാ മോണ കാട്ടി ചിരിച്ചത്... ചുണ്ടുകള്‍ വിതുമ്പിയത്... കുഞ്ഞുകൈവിരലുകള്‍ മുഷ്ടി ചുരുട്ടിവെച്ചത്... കമിഴ്ന്നത്.. മുട്ടിലിഴഞ്ഞത്... ആദ്യമായി പിടിക്കാതെ നിന്നത്.. പിച്ചവെച്ചുനടന്നത്.... എല്ലാം നമ്മള്‍ ആസ്വദിച്ചിട്ടുണ്ട്... അക്ഷരങ്ങള്‍ കൂട്ടിച്ചൊല്ലാന്‍ തുടങ്ങുന്ന പ്രായമാകുമ്പോള്‍ മുതല്‍ കുഞ്ഞുപറയുന്ന എന്താഗ്രഹങ്ങളും നമ്മള്‍ സാധിച്ചുകൊടുത്തിട്ടുണ്ട്... പരാതികള്‍ പരിഹരിച്ചുകൊടുത്തിട്ടുണ്ട്... എത്ര ഭാഗ്യവാന്മാരാണല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍?...
പിറന്നു വീണ ഉടനെ മാതാവില്‍ നിന്നും ഒരു കുഞ്ഞിനെയും ദൈവം അകറ്റാതിരിക്കട്ടെ... അവര്‍ വളരേണ്ടത് മുലപ്പാലിലൂടെ ഉമ്മയുടെ സ്‌നേഹം ആവോളം നുണഞ്ഞാണ്... അനുഭവിച്ചാണ്... ദൈവശക്തന്‍ അത്തരമൊരു ക്രൂരത എപ്പോഴെങ്കിലും കാണിച്ചാല്‍ അവന്റെ സൃഷ്ടികളായ നമ്മള്‍ മനുഷ്യര്‍തന്നെ അവനെ പഴിക്കും... പിണങ്ങും... പരിഭവം പറയും... എങ്കിലും അവനിടയ്ക്ക് അതിക്രൂരമായ തമാശകള്‍ കാണിച്ചുകളയും...
യുദ്ധത്തിന്റെ, കലാപത്തിന്റെ, അപകടത്തിന്റെ, അസുഖത്തിന്റെ... അതിനെ തുടര്‍ന്നുള്ള മരണത്തിന്റെ എല്ലാം ഇരകള്‍ ഈ കുഞ്ഞുങ്ങളാണ്.... ഓരോ യുദ്ധവും കലാപവും സൃഷ്ടിക്കുന്ന അനാഥമക്കളുടെ എണ്ണവും വളരെയേറെയാണ്... ഉറ്റവരും ഉടയവരും ഇല്ലാതെ വീടുപോലും നഷ്ടപ്പെട്ട് തെരുവില്‍ പകച്ചുനില്‍ക്കുന്ന ഒരുപാട് കുഞ്ഞിക്കണ്ണുകളെ നാം കണ്ടിട്ടുണ്ട്... അനാഥകളെ സംരക്ഷിക്കാത്തവര്‍ നമ്മില്‍പ്പെട്ടവനല്ല എന്നുദ്‌ഘോഷിച്ച മതത്തിന്റെ വക്താക്കളാണ് നാം... നമസ്‌കാരത്തോളം പ്രാധാന്യം തന്നെ അനാഥസംരക്ഷണത്തിന് പടച്ചവന്‍ കല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും തെരുവില്‍ അലയുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നു... അവരില്‍ ഭാഷ അറിയാത്തവര്‍, ദേശമേതെന്ന് അറിയാത്തവര്‍... ഉറ്റവരും ഉടയവരും ഇല്ലാത്തവര്‍...
കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. 2008-2010 കാലയളവിനുള്ളില്‍ 2116 കുട്ടികളെ സംസ്ഥാനത്തുനിന്ന് കാണാതായെന്നും ഇതില്‍ 216 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സംഘടനയുടെ പഠനം പറയുന്നു. എന്നാല്‍ 197 കുട്ടികളെ മാത്രമേ കണ്ടെത്താനുള്ളൂവെന്നാണ് നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോ പറയുന്നത്. കേരളത്തില്‍ നിന്ന് 1997 മുതല്‍ 2007 വരെയുള്ള പത്തുവര്‍ഷത്തിനുള്ളില്‍ കാണാതായത് 12000 ത്തിലധികം കുട്ടികളെന്നാണ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗിന്റെ കണക്ക്. 2011 ജൂണ്‍ വരെ കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ എണ്ണം 698 ആണ്. പഠനങ്ങളിലെ കണക്കുകളെല്ലാം വ്യത്യസ്തങ്ങളാണ്. യാഥാര്‍ത്ഥ്യം അതിനും എത്രയോ മീതെയാണ്.
ദേശീയ  ശരാശരി കണക്കാക്കിയാല്‍ ഓരോ മണിക്കൂറിലും 11 കുട്ടികളെ കാണാതാകുന്നു എന്നാണ് കണക്ക്. ഇതില്‍ നാലു പേരെ കണ്ടെത്താനുമാവുന്നില്ല. മറ്റൊരു പഠനം പറയുന്നത് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം രാജ്യത്ത് നിന്ന് കാണാതാകുന്നുവെന്നാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍വരെ കാണാതായത് 700 കുട്ടികളെയാണ്. കാണാതാകുന്നതില്‍ 60 ശതമാനവും പെണ്‍കുട്ടികളുമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി 5000 വീതം ആളുകളുള്ള 815 ഗുണ്ടാസംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ആറുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.
മൈസൂരില്‍ 2009-2011 വരെയുള്ള കാലത്ത് കാണാതായത് 1612 കുട്ടികളെയാണ്. ഇതില്‍ 843 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവരില്‍ 418  കുട്ടികളെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്നും 2 ലക്ഷം കുട്ടികളെ കാണാതായി. ഇന്ത്യയില്‍ മൊത്തം 33 ലക്ഷം കുട്ടികളെ ഈ കാലയളവില്‍ കാണാതായിട്ടുണ്ട്. ലോകത്തൊട്ടാകെ വര്‍ഷം തോറും 12 ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നു എന്ന ഐക്യരാഷ്ട്ര സഭയുടെ കണക്കു നോക്കുമ്പോഴാണ് രാജ്യത്തെ അവസ്ഥ എത്ര ഭീകരമാണ് എന്നാലോചിക്കേണ്ടത്.
അന്‍പത് രൂപ മുതല്‍ ഇരുന്നൂറ്റമ്പത് രൂപ വരെ വിലയില്‍ കുട്ടിലൈംഗികത്തൊഴിലാളികള്‍ കേരളത്തില്‍ ലഭ്യമാകുന്നുവെന്നാണ് ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റുന്നത് ഇവിടെ വളര്‍ന്നുവരുന്ന സെക്‌സ് ടൂറിസമാണ്. സുരക്ഷിത ലൈംഗിക ബന്ധത്തിലേര്‍പ്പെടാം എന്ന വാഗ്ദാനമാണ് വിദേശികള്‍ക്കായി നമ്മുടെ ഏജന്റുമാര്‍ നല്‍കുന്നത്. വാഗ്ദാനം നിറവേറ്റാനായി അവരുടെ മുമ്പിലേക്ക് പറഞ്ഞയക്കപ്പെടുന്നത് നമ്മുടെ കുഞ്ഞുമക്കളെയാണ്. നമ്മുടെ പെണ്‍മക്കള്‍ മാത്രമല്ല ഇതില്‍ ഇരയാകുന്നത്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ നമ്മുടെ ആണ്‍കുട്ടികളും ചെന്നുപെടുന്നത് ഈ മാംസക്കച്ചവടത്തിലേക്കാണ്. ചോദിക്കാനും പറയാനും ആരുമില്ലാത്തവരുമാണവര്‍. അവരെ ഉപയോഗപ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്ന് ഏജന്റുമാര്‍ക്കും അറിയാം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് സമൂഹത്തില്‍ ഒളിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിലേക്ക് മാത്രമല്ല, അവയവ കച്ചവടത്തിനും മരുന്നുപരീക്ഷണത്തിനും വരെ അവര്‍ ഇരയാകുന്നു. ഭിക്ഷാടന മാഫിയ അതിശക്തമായി വേരുറപ്പിച്ചിട്ടുണ്ട് നമ്മുടെ സമൂഹത്തില്‍. തട്ടിയെടുക്കുന്ന, തങ്ങളുടെ കൈകളിലെത്തപ്പെടുന്ന കുട്ടികളെ അംഗഭംഗം വരുത്തി യാചകവേഷത്തില്‍ പറഞ്ഞയച്ച് വന്‍ വരുമാനമുണ്ടാക്കുന്നു അവര്‍.
ഭിക്ഷാടനത്തിനേക്കാള്‍ ഭീകരമാണ് ബാലവേല. എട്ടും ഒമ്പതും വയസ്സായ കുട്ടികളെ ഒരു ദയയുമില്ലാതെ പണിയെടുപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണവര്‍. നല്ല വസ്ത്രങ്ങളോ നല്ല ഭക്ഷണമോ അവര്‍ക്കില്ല. അസുഖം വന്നാല്‍ മരുന്നു നല്‍കാനും ആരുമില്ല. നമുക്കു ചുറ്റും കാണുന്ന, നാം ഭക്ഷണം കഴിക്കാനിരിക്കുന്ന ഹോട്ടലില്‍ നമ്മുടെ ഉച്ഛിഷ്ടം വൃത്തിയാക്കാനെത്തുന്നവരില്‍ എത്രയോ ഒമ്പതുവയസ്സുകാരനെ നമ്മള്‍ കണ്ടിട്ടില്ലേ? അവന്‍ പറയുന്ന ഭാഷ മലയാളമല്ല എന്നതുകൊണ്ടു മാത്രം നമ്മള്‍ അവനെ അവഗണിച്ചില്ലേ?
നമ്മുടെ നാട്ടില്‍ നടക്കുന്ന അവയവ വ്യാപാരത്തിന്റെയും ഇരകള്‍ ഈ കുഞ്ഞുമക്കളാണ്. ലക്ഷങ്ങള്‍ വിലയുള്ള തന്റെ കിഡ്‌നി അടിച്ചുമാറ്റാനാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അവര്‍ അറിയുന്നില്ല. തുന്നിക്കെട്ടിയ മുറിവുമായി ഏതോ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാകും അവന്‍. അവളോ, തന്റെ ഇടപാടുകാരനേയും കാത്ത് ഏതെങ്കിലും ചേരിയില്‍ അന്തിയുറങ്ങുന്നുമുണ്ടാകും. മയക്കുമരുന്നു കടത്താനും കുട്ടികളെക്കാള്‍ നല്ല വാഹകരില്ലായെന്ന് ആ രംഗത്തു പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളും തിരിച്ചറിഞ്ഞു. ആരും സംശയിക്കില്ല. പരിശോധിക്കില്ല. സാധനം ഭദ്രമായി എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. കുട്ടികളായതുകൊണ്ട് കമ്മീഷന്‍ കാശ് കുറയുകയുമില്ല.
ഈ കുഞ്ഞുങ്ങളെ നാം ഇങ്ങനെ അലയാന്‍ വിടുന്നത് എന്തിനാണ്? അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തിനാണ്? ഇവര്‍ക്കെല്ലാം ഒരു തണല്‍ നല്‍കുകയല്ലേ നാം ചെയ്യേണ്ടത്? അവര്‍ക്ക്  വിശക്കുമ്പോള്‍ വയറുനിറയ്ക്കാനുള്ള അന്നം വേണം, രാത്രിയില്‍ ഒന്നു തലചായ്ക്കാന്‍ ഒരിടം വേണം, അറിവുനേടുക എന്നതും അവന്റെ/ളുടെ അവകാശമാണ്... വല്ല അസുഖവും വന്നാല്‍ അത് സുഖപ്പെടാനുള്ള പ്രതിക്രിയകള്‍ ചെയ്യണം.... തെരുവിലലയുന്ന അവനെ/ളെ സംരക്ഷിക്കാന്‍ ആരെങ്കിലുമുണ്ടാകണം. ഇല്ലെങ്കില്‍ കാരുണ്യവാന്റെ ചോദ്യത്തിന് മറുപടി നല്‍കാന്‍ സമൂഹം ഒന്നടക്കം ബാധ്യസ്ഥരാണ്. അവന്റെ/ളെ ഹനിക്കപ്പെടുന്ന അവകാശങ്ങള്‍ നേടി കൊടുക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അവരെ സംരക്ഷിക്കാനായി ആരും ഇല്ലാത്തതുകൊണ്ടാണ്, അവരെ ഏറ്റെടുക്കാന്‍ വ്യക്തികളോ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഇല്ലാത്തതു കൊണ്ടാണ് അവരെല്ലാം നമ്മുടെ മുമ്പില്‍ നിന്ന് മാഞ്ഞുപോകുന്നത് എന്ന് നാം എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ? അവര്‍ എങ്ങോട്ടാണ് മറയുന്നതെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? അല്‍പമെങ്കിലും ചില സ്‌നേഹക്കൂടാരങ്ങള്‍ ഉള്ളതുകൊണ്ടാണ് നമ്മില്‍ പലരും പടച്ചവന്റെ കോപത്തിന്റെ ചൂടില്‍ നിന്നും രക്ഷപ്പെട്ടുപോകുന്നതെന്നും നാം അറിയാതെ പോകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ