പ്രവാസികളുടെ യാതൊരു കണക്കും സര്‍ക്കാരിന്റെ കയ്യിലില്ല എന്ന മുറവിളിക്കൊടുവില്‍ ഇതാ ഇപ്പോള്‍ പ്രവാസി സര്‍വെ നടന്നുകൊണ്ടിരിക്കുന്നു. പക്ഷേ, പ്രവാസജീവിതം നല്‍കിയ അസുഖവും പട്ടിണിയും മാത്രം സമ്പാദ്യമായുള്ളവരുടെ ആരുടെയും കണക്കുകള്‍ ഈ സര്‍വെയിലൂടെ സര്‍ക്കാരിന് ആവശ്യമില്ലെന്ന് മാത്രം.. വീട്ടുജോലിക്കായി യാത്ര തിരിച്ച് പീഡനവും ചൂഷണവും സഹിച്ച് ജീവിക്കുന്ന സാധാരണക്കാരായ സ്ത്രീകളുടെ കണക്കുകളും നമ്മുടെ ഗവണ്‍മെന്റിന് ആവശ്യമില്ല... പ്രവാസി സര്‍വെയില്‍ അടയാളപ്പെടാതെ പോകുന്ന ജീവിതങ്ങള്‍..............
ഇത് പ്രവാസജീവിതം ബാക്കിയാക്കിയ കോഴിക്കോട് നഗരപരിധിയിലെ മാത്രം ഏതാനും സ്ത്രീ ജീവിതങ്ങള്‍.. പലരും അനാരോഗ്യവും കടവും കാരണം ബുദ്ധിമുട്ടുന്നവര്‍... വിധവകള്‍, വിവാഹമോചിതകള്‍, അവിവാഹിതകള്‍ തുടങ്ങി പലരും സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്തവര്‍..
പ്രവാസത്തിന്റെ ചരിത്രത്തിലേക്കെറെയും ചേര്‍ത്തുവെക്കപ്പെട്ടത് അവന്റെ വേദനകള്‍ മാത്രമായിരുന്നു. പക്ഷേ, അന്നം തേടി കടലുകടന്നത് അവന്‍ മാത്രമായിരുന്നില്ല.
ഗള്‍ഫുനാടുകളില്‍ ഇവരനുഭവിക്കുന്ന പീഡനവും ചൂഷണവും ഏറെ വൈകിയാണെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടു. മനുഷ്യക്കടത്തുകളെകുറിച്ചുള്ള വാര്‍ത്തകളും തെല്ലും കുറവല്ല. പക്ഷേ, സ്വന്തം നാടും നാട്ടാരും വീട്ടുകാരും ഭരണകൂടവും ഇവര്‍ക്ക് നല്‍കുന്ന അവഗണന ഇതുവരെ ആരും ചര്‍ച്ച ചെയ്തിട്ടില്ല.
മെയ് 1 നാണ് പ്രവാസിസര്‍വെക്ക് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ചത്. കേന്ദ്ര സാമ്പത്തിക സര്‍വെയുടെ ഭാഗമായാണ് പ്രവാസികളുടെ കണക്കെടുപ്പ് ഇപ്പോള്‍ നടത്തുന്നത്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ കണക്കുകള്‍ മാത്രമേ സര്‍വേയുടെ ഭാഗമായി സര്‍ക്കാര്‍ ശേഖരിക്കുന്നുള്ളൂ...
പ്രവാസികളുടെ ഗണത്തില്‍ ഏറ്റവും കൂടുതല്‍ ചൂഷണമനുഭവിക്കുന്ന വിഭാഗമാണ് ഹൗസ് മെയ്ഡ് വിസയില്‍ ഗള്‍ഫിലേക്ക് ജോലി തേടി യാത്രതിരിക്കുന്ന സാധാരണക്കാരായ സ്ത്രീകള്‍. പ്രവാസികളുടെ കണക്കെടുപ്പുമായി, സര്‍ക്കാര്‍തന്നെ രംഗത്തുവരുമ്പോള്‍ അതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഐടിക്കാരും മുതല്‍ ഡ്രൈവര്‍മാരും സെയില്‍സ്മാന്‍മാരും വരെയുണ്ട്. എല്ലാ വിഭാഗത്തിന്റെയും ആണ്‍പെണ്‍ കണക്കുകള്‍ വേര്‍തിരിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വീട്ടുജോലിക്കായി കടലുകടക്കുന്ന സ്ത്രീകളുടെ എണ്ണം രേഖപ്പെടുത്താന്‍ സര്‍വെ ഫോമില്‍ ഒരു കോളം പോലുമില്ല. സര്‍വെ ഫോമിലെ, തൊഴിലാളികള്‍ എന്ന ഗണത്തിലെ പെണ്‍കോളത്തില്‍ ഒരു പക്ഷേ ഇവരുടെ കണക്കുകള്‍ രേഖപ്പെടുത്തപ്പെട്ടേക്കാം. കാലങ്ങളായി ഈ സ്ത്രീകളെ നമ്മുടെ സമൂഹവും ഭരിക്കുന്നവരും തുടര്‍ച്ചയായി അവഗണിക്കുന്നതിന്റെ ഒരു സൂചന മാത്രമാണ്, ഈ സര്‍വെ നാടകത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
എണ്‍പതുകളില്‍ ഗള്‍ഫുനാടുകളിലേക്ക് ഒഴുകിയതിലേറെയും അക്ഷരാഭ്യാസമില്ലാത്ത ഈ സ്ത്രീകളായിരുന്നു. സാമ്പത്തികമായും ശാരീരികമായും ഇവര്‍ ചൂഷണം ചെയ്യപ്പെട്ടു. പ്രവാസികള്‍ക്കായുള്ള കേരള പ്രവാസി ക്ഷേമനിധിയില്‍ 55 വയസ്സിനുമുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിയമം. 5 വര്‍ഷമെങ്കിലും അംശാദായം അടച്ചാല്‍ 60 വയസ്സിനുശേഷം ചെറിയ സംഖ്യ മാസം പെന്‍ഷന്‍ ലഭിക്കും. ഇവരില്‍ പലരും ഇപ്പോള്‍ തന്നെ 55 വയസ്സും അതിലധികവും പൂര്‍ത്തിയായവര്‍. ജീവിതച്ചെലവിനുതന്നെ ബുദ്ധിമുട്ടുന്നവര്‍ അസുഖവും കടവും തളര്‍ത്തുന്നവര്‍, ക്ഷേമനിധിയില്‍ മാസാമാസം നിശ്ചിത തുക അടയ്ക്കാന്‍ വരുമാനമില്ലാത്തവര്‍. 5വര്‍ഷം വരെ ജീവിച്ചിരിക്കുമെന്നതിന് ഒരു ഉറപ്പുമില്ലാത്തവര്‍.
ഇത്തരം സ്ത്രീകളുടെ അവസ്ഥയെകുറിച്ചാണ് 2010ല്‍ വനിതാകമ്മീഷന്‍ ഇവര്‍ക്കിടയില്‍ ഒരു സര്‍വെ നടത്തിയത്. കണക്കുകള്‍ പ്രകാരം 89 ശതമാനം പേരും കുടുംബത്തിന്റെ ദാരിദ്ര്യം സഹിക്കവയ്യാതെ ഗള്‍ഫില്‍ പോയവരാണ്. വിവാഹശേഷം ഗള്‍ഫില്‍ പോയത് 84.3 ശതമാനം പേരാണ്. തിരിച്ചെത്തിയിട്ടും 79ശതമാനത്തിന് ഇപ്പോഴും സാമ്പത്തികബാധ്യത തീര്‍ന്നിട്ടില്ല. വസ്തുപണയം വെച്ച ബാധ്യതയുള്ളത് പതിനാറരശതമാനത്തിനാണ്. 55 ശതമാനം പേര്‍ക്കും ഇനിയും കടം വീട്ടാന്‍ സാധിച്ചിട്ടില്ല. പലരുടെയും സമ്പാദ്യമെന്നത് ചെറിയൊരു വീടുമാത്രം. സര്‍വെയ്ക്കു ശേഷം കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. നാളിതുവരെയായിട്ടും ഇവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെട്ടിട്ടുപോലുമില്ല. ഇപ്പോള്‍ പ്രവാസി സര്‍വെയിലും ഇവര്‍ അവഗണിക്കപ്പെട്ടിരിക്കുന്നു.
കണ്ണീരും കടവും യാതനയും മാത്രമാണ് പ്രവാസജീവിതം ഈ സ്ത്രീകള്‍ക്കായി കരുതിവെക്കുന്നത് കയ്യില്‍ കിട്ടുന്ന ഓരോ തുണ്ടും സ്വരൂപിച്ച് നാട്ടിലേക്കയക്കുന്ന ഒരു വലിയ വിഭാഗം സ്ത്രീകള്‍ ഇപ്പോഴും ആ മണല്‍പ്പരപ്പിലെ ഏതൊക്കെയോ നാലുചുവരുകള്‍ക്കുള്ളിലുണ്ട്. അവരുടെ അധ്വാനത്തിന്റെ മഹത്വത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഇനിയുമായിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പ്രവാസി സര്‍വെ എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രഹസനങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ