പരസ്പരം പൊരുത്തമുള്ള സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്നതാണ് കുടുംബം. എന്തിന്റെ പേരിലായാലും പൊരുത്തമില്ലെങ്കില്‍പ്പിന്നെ ഒരുമിച്ച് ജീവിക്കേണ്ടതുണ്ടോ- കുടുംബത്തെ സംബന്ധിച്ച് ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു വലിയ ചോദ്യമിതാണ്. മുമ്പും പൊരുത്തമില്ലാത്തവര്‍ ഒരുമിച്ച് ജീവിച്ചിരുന്നു, അന്ന് എന്തൊക്കെയോ വിട്ടുവീഴ്ചകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മറ്റ് പലര്‍ക്കുംവേണ്ടി ദമ്പതിമാര്‍ പലതും സഹിച്ചിരുന്നു. പരസ്പരം കുറവുകളും കുറ്റങ്ങളും മനസ്സിലാക്കിയിരുന്നു. ഒഴിവാക്കപ്പെടുമെന്ന, മൊഴിചൊല്ലപ്പെടുമെന്ന ഭീതി ഒരുകാലം മുമ്പുവരെ പെണ്‍സമൂഹത്തെ വലച്ചിരുന്നു. ഒഴിവാക്കപ്പെടുന്നതിലുള്ള ഭീതിയല്ല, അതിനുശേഷമുള്ള ജീവിതമെങ്ങനെ എന്നതായിരുന്നു യാഥാര്‍ത്ഥ്യത്തില്‍ അവളുടെ ഭീതി. വീടുനിറച്ചുമുള്ള സഹോദരങ്ങളുടെ വയറുനിറക്കാന്‍ പാടുപെടുന്ന ബാപ്പായുടെ അടുത്തേക്ക് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി എങ്ങനെ കയറി ചെല്ലും? വീടിന്റെ നാലുചുവരുകളല്ലാതെ, ലോകം തിരിയാത്ത താനെങ്ങനെ തന്റെ മക്കളെ അന്നം നല്‍കി വളര്‍ത്തും. പഠിപ്പില്ല, ഒരു തൊഴിലറിയില്ല. ആകെ അറിയുന്നത് വീട്ടുജോലി മാത്രം. അതിന് തറവാടിത്തം സമ്മതിക്കുന്നില്ല. ഇതായിരുന്നു ഒരുകാലം മുമ്പുവരെ അവളുടെ ജീവിതാവസ്ഥകള്‍.
കുടുംബകോടതികളില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ പഴയ തലമുറകളെ അസ്വസ്ഥപ്പെടുത്തുന്നത് അതുകൊണ്ടുതന്നെയാണ്. ഒരുകാലത്ത് വിവാഹമോചനമെന്ന ഭീതിയില്‍ കഴിഞ്ഞിരുന്ന സ്ത്രീകള്‍ ഇന്ന് വിവാഹമോചനത്തിന് മുന്‍കൈ എടുക്കുന്നുവെന്നാണ് കുടുംബകോടതികളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാലം മാറുമ്പോള്‍ വന്ന ഈ കാഴ്ചപ്പാടുമാറ്റത്തിന്റെ കാരണമെന്തായിരിക്കും. വീട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് ഉറപ്പിക്കുന്ന, പരസ്പരം കാണാതെയുള്ള വിവാഹമെന്നത് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. ജാതിയോ, മതമോ വിഷയമാകാത്ത, ഒരേ സാമ്പത്തിക ക്ലാസ്സിലുള്ള രണ്ട് ഫാമിലികള്‍ തമ്മിലാണ് ഇന്ന് വിവാഹമെന്ന കരാര്‍ ഉറപ്പിക്കുന്നത്. അതും പരസ്പരം അറിഞ്ഞ്, കൂട്ടുകാരായി, പ്രണയിച്ചുള്ള വിവാഹം. എങ്കില്‍ പോലും എവിടെയാണ് പാളിച്ചകള്‍ പറ്റുന്നത്.
വിവാഹമോചനത്തിന് സ്ത്രീകള്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കില്‍ അതിനു പ്രധാന കാരണം അവള്‍ ആര്‍ജ്ജിച്ചെടുത്ത സാമ്പത്തിക സുരക്ഷിതത്വമാണ്. ജോലി ചെയ്ത് മക്കളെ പോറ്റാന്‍ തന്നെക്കൊണ്ട് സാധിക്കുമെന്ന ആത്മവിശ്വാസം, മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിക്കാന്‍ കഴിയുമെന്ന ചങ്കുറപ്പ്. അവളിന്ന് വിദ്യാസമ്പന്നയാണ്. അത് ജീവിതത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാടുകളെ മാറ്റിയിരിക്കുന്നു. പക്ഷേ, പുരുഷന്റെ കാഴ്ചപ്പാടുകള്‍ ഒട്ടും മാറിയിട്ടുമില്ല. ഇരുട്ടും മുമ്പ് വീട് എത്തണമെന്ന ധൃതിയിലല്ല ഇന്ന് അവളുടെ ജീവിതം. പഠനാവശ്യങ്ങളും ജോലിയും എല്ലാം അവളുടെ ജീവിതചക്രത്തെ മാറ്റിയിരിക്കുന്നു. ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ അവനെക്കൊണ്ട് സാധിക്കുന്നില്ല. മുമ്പ് വിട്ടുവീഴ്ചകള്‍ പെണ്ണിന്റെ ഡിക്ഷ്ണറിയിലെ മാത്രം വാക്കായിരുന്നു. ഇന്നത് എടുക്കപ്പെട്ടു. ഞാനായിട്ട് എന്തിന് വിട്ടുവീഴ്ച ചെയ്യണമെന്ന് അവള്‍ ചിന്തിക്കുന്നു.
മാതാപിതാക്കളുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നാണ് ഈ രംഗത്ത് പ്രവൃത്തിക്കുന്ന അഭിഭാഷകരുടെ വിലയിരുത്തല്‍. അനാവശ്യ ഉപദേശങ്ങളാണ് മാതാപിതാക്കള്‍ നല്‍കുന്നത്. മകളുടെ കൂടെ ഇഷ്ടമനുസരിച്ച് നിന്നില്ലെങ്കില്‍ അവള്‍ ജീവിതം അവസാനിപ്പിക്കുമോ എന്ന പേടിയിലാണ് രക്ഷിതാക്കള്‍.
ന്യൂ ജനറേഷന്‍ സിനിമകളിലൊന്നില്‍ വിവാഹമോചനത്തിന്റെ കാരണമായി ഭര്‍ത്താവ് പറയുന്നത്, എല്ലാ ദിവസവും ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ പോകുന്നത്, എപ്പോഴാ എത്തുന്നത് എന്നൊക്കെ, ഒരു ദിവസം അവള്‍ പുറത്തേക്ക് പോകുമ്പോള്‍ ഇതേ ചോദ്യം ഞാന്‍ ചോദിച്ചു. അതോടെ പ്രശ്‌നമായി എന്നാണ്. പഴയ തലമുറ എത്ര വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടും അവരുടെ തലയ്ക്കുമുകളില്‍ വിവാഹമോചനം ഡെമോക്ലിസിന്റെ വാളുപോലെ തൂങ്ങിനിന്നിരുന്നുവല്ലോ എന്ന ചിന്തയാകാം ഭര്‍ത്താവിന്റെ ചെറിയ ചെറിയ പെരുമാറ്റങ്ങള്‍ അവളെ അസ്വസ്ഥപ്പെടുത്തുന്നതിന് കാരണം.
ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലുള്ള ഭാര്യമാര്‍ മക്കളെ വളര്‍ത്തുന്നതിന്റെ പ്രശ്‌നങ്ങളെ സിംഗിള്‍ പാരന്റിംഗിന്റെ പ്രശ്‌നങ്ങളെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. എന്നാല്‍ വിവാഹമോചിതരുടെ കുട്ടികളുടെ പ്രശ്‌നങ്ങളെ അതേ അളവില്‍ ആരും ചര്‍ച്ചയ്‌ക്കെടുത്ത് കണ്ടിട്ടില്ല. ''എവിടെയെങ്കിലും'' വളരാന്‍ വിധിക്കപ്പെട്ടവരാണവര്‍... കാശുണ്ടെങ്കില്‍ ബോര്‍ഡിംഗുകള്‍ മാറി മാറി, ഇല്ലെങ്കില്‍ അനാഥശാലയില്‍. അല്ലെങ്കില്‍ ഏതെങ്കിലും വീടിന്റെ ഏതെങ്കിലും കോണില്‍ ''എങ്ങനെയെങ്കിലും'' വളരാന്‍ വിധിക്കപ്പെട്ടവര്‍. ആര് മുന്‍കൈ എടുത്താലും വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍.
പരിചയത്തിലുള്ള ഒരു കുട്ടിയെ ജോലിസ്ഥലത്തെ പയ്യനുവേണ്ടി ഒരിക്കല്‍ ആലോചിച്ചു. എനിക്കാരും പെണ്ണ് തരാന്‍ പോകുന്നില്ല എന്നായിരുന്നു അവന്റെ മറുപടി. സ്വഭാവദൂഷ്യങ്ങളൊന്നുമുള്ള പയ്യനല്ല, ചെറിയൊരു ജോലിയുമുണ്ട്. അത്യാവശ്യം പുരോഗമന ആശയവും കയ്യിലുണ്ട്. പെണ്‍കുട്ടികള്‍ പഠിക്കണം, ജോലിക്കു പോകണം എന്നൊക്കെയാണ് അവന്റെ കാഴ്ചപ്പാട്. പഠിക്കാന്‍ താത്പര്യമുള്ള ആ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ ചെറുക്കനെ അന്വേഷിക്കുന്നത് കേട്ടപ്പോള്‍ കെട്ടുന്നത് അവനാണെങ്കില്‍ ആ കുട്ടിക്ക് തുടര്‍ന്ന് പഠിക്കാലോ എന്ന ചിന്തയുമുണ്ടായിരുന്നു ആ കല്യാണാലോചനയ്ക്ക് പിന്നില്‍. രണ്ടു മൂന്നു വര്‍ഷത്തെ പരിചയമുണ്ട്. ഇടയ്ക്ക് നാട്ടില്‍ പോകും, ഉപ്പ ഗള്‍ഫില്‍ നിന്നു വന്നു. ഉമ്മാക്ക് സുഖമില്ല.. പെങ്ങള്‍ക്ക് ചില ആലോചനകള്‍ വരുന്നുണ്ട് അങ്ങനെ ചില വിശേഷങ്ങള്‍ പറയും.
നേരത്തെ സൂചിപ്പിച്ച വിവാഹമോചനത്തിന്റെ ഇരകളിലൊരാളായിരുന്നു ആ പയ്യന്‍. ഉമ്മയും ഉപ്പയും വേറെ വിവാഹം കഴിച്ചു. ബാപ്പ മൊഴിചൊല്ലുമ്പോള്‍ ഉമ്മാക്ക് 17 ഉം അവന് രണ്ടര വയസ്സും. ഉമ്മാന്റെ വീട്ടിലും ബാപ്പാന്റെ വീട്ടിലും ഹോസ്റ്റലിലും എല്ലാമായി പഠനകാലം കഴിഞ്ഞു. ജോലിയും നാട്ടില്‍ നിന്ന് ദൂരെയായതുകൊണ്ട് ഇപ്പോഴും പ്രശ്‌നമില്ല. പഠിപ്പിച്ചത് ബാപ്പയായതുകൊണ്ട് വരുമാനത്തില്‍ ഒരു ഓഹരി ബാപ്പയ്ക്ക് കൊടുക്കണം. ഉമ്മയുടെ ഭര്‍ത്താവ് മരിച്ചു പോയതുകൊണ്ട് മൂന്ന് പെങ്ങന്മാരുടെയും ഉമ്മയുടെയും കാര്യവും നോക്കണം. വിവാഹം കഴിച്ച് ഭാര്യയുമായി ഉമ്മാന്റെ അടുത്ത് നിന്നാല്‍ ബാപ്പ പഠിപ്പിച്ച കണക്ക് പറയും. ഇളയമ്മയുടെ അടുത്ത് നില്‍ക്കാന്‍ അതും പറ്റില്ല.
നമുക്ക് ചുറ്റുപാടും ഇതുപോലെ വ്യത്യസ്ത കഥകളുമായി ഒരുപാട് ജീവിതങ്ങളുണ്ട്. ഒന്നും തുറന്നുപറയാതെ നീറിനീറി കഴിയുന്നവര്‍. അവന്‍ ആണല്ലേ, എങ്ങനെയെങ്കിലും വളര്‍ന്നോളും എന്ന് ഈ പയ്യനെ കുറിച്ച് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിട്ടുണ്ടാകും. എങ്ങനെയൊക്കെയോ അവന്‍ വളര്‍ന്നു. വളര്‍ച്ചയെത്തിയപ്പോള്‍, സ്വന്തം സ്വത്വം തിരിച്ചറിഞ്ഞപ്പോള്‍ ബാക്കിയായത് അവന്റെ ഒറ്റപ്പെടല്‍ മാത്രമായിരുന്നു. ഇനി പെണ്ണായാലോ... പെണ്‍കുട്ടിയുടെ കാര്യമാണ് കഷ്ടമെന്ന് പറഞ്ഞ് മൂക്കത്ത് വിരല്‍വെക്കും നാട്ടുകാര്‍. കല്യാണം കഴിഞ്ഞാല്‍ സാരമില്ലെന്ന് പറഞ്ഞ് പരസ്പരം സമാധാനിക്കും. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഉമ്മയോട് മാത്രമായി പറയാന്‍ എന്തൊക്കെ കാര്യങ്ങള്‍ അവള്‍ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ടാകും. പക്ഷേ, ഉമ്മ അത് പുതിയ ഭര്‍ത്താവിനോട് പറഞ്ഞാലോ എന്ന പേടിയില്‍ അവളതു പറഞ്ഞിട്ടുണ്ടാവില്ല. ഉമ്മയും ഉപ്പയും പുനര്‍വിവാഹിതരായതിനാല്‍ ഉമ്മയുടെ ഉമ്മയ്‌ക്കൊപ്പം ജീവിക്കേണ്ടി വന്ന കൂട്ടുകാരി പറഞ്ഞത്, എനിക്ക് ജോലിയുള്ളതിനാല്‍ അമ്മാവന്മാര്‍ക്ക് വല്യുമ്മയുടെ കാര്യം നോക്കാന്‍പോലും നേരമില്ല എന്നാണ്.
ഇത് ഒരു തലമുറ മുമ്പത്തെ വിവാഹമോചനത്തിന്റെയും പുനര്‍വിവാഹത്തിന്റെയും ഇരകള്‍. പുതിയ ഇരകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പരസ്പരം മനസ്സിലാക്കുന്നതിന് മുമ്പുതന്നെ വഴക്കിട്ട് വഴിപിരിഞ്ഞുപോകുന്നു നമ്മുടെ ദാമ്പത്യങ്ങള്‍.
പുതിയ തലമുറയ്ക്ക് വിവാഹമോചനം നേടിയാലും പുനര്‍വിവാഹത്തില്‍ താത്പര്യമില്ല. ആഴ്ചകളെയോ, മാസങ്ങളെയോ രണ്ടായി പകുത്ത് കുഞ്ഞുങ്ങളെയും പങ്കുവെക്കുന്നു അവര്‍. മാതാപിതാക്കളുടെ സാമീപ്യം ആഗ്രഹിക്കുന്ന കുട്ടി പിതാവിനടുത്തെത്തുമ്പോള്‍ മാതാവിന്റെ കുറ്റങ്ങളും മാതാവിന്റെ അടുത്ത് നിന്ന് പിതാവിന്റെ കുറ്റങ്ങളും കേള്‍ക്കുന്നു. കുഞ്ഞിനെ തനിക്കനുകൂലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെങ്കിലും ഫലത്തില്‍ കുട്ടി രണ്ടുപേരെയും വെറുക്കുന്നു. വെറുപ്പ് പിന്നെ ശത്രുതയായി മാറും. ശത്രുവിനെ നശിപ്പിക്കുകയാകും പിന്നെ അവന്റെ/അവളുടെ ലക്ഷ്യം. അതിനായുള്ള വഴികള്‍ അവനെ/അവളെ തേടി എത്തും. ഇല്ലെങ്കില്‍ വഴികള്‍ തിരഞ്ഞ് അവന്‍/അവള്‍ പോകും. തീവ്രവാദങ്ങളും പീഡനങ്ങളും ഇനിയും വാര്‍ത്തകളില്‍ നിറയും. കാണാതാകുന്ന കുട്ടികളില്‍ രേഖപ്പെടുത്താതെ പോകുന്ന കണക്കുകളില്‍ അവനും/അവളും പെടും. പരസ്പരം ഒന്നിച്ചിരുന്നു സംസാരിക്കാന്‍ മനസ്സുവെച്ചാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നും നിങ്ങള്‍ക്കിടയിലില്ലെന്ന് അറിയുക. വിവാഹത്തില്‍ നിന്നുള്ള മോചനത്തിനായി കോടതി കയറും മുമ്പ് ഈ കുഞ്ഞുമുഖങ്ങളെയെങ്കിലും മനസ്സിലോര്‍മ്മിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ