ഇന്നിനി എന്ത് പലഹാരമാണ് ഉണ്ടാക്കുക?

ഇന്നിപ്പോ എന്ത് പലഹാരണ്ടാക്ക?

നോമ്പ് തുടങ്ങിയേപ്പിന്നെ, അത്താഴത്തിനെണീറ്റാപ്പിന്നെ ചിന്ത വേറൊന്നുമില്ല...

എന്തൊക്കെയോ കാട്ടിക്കൂട്ടി മൂപ്പരും മക്കളും നോമ്പ് തുറക്കുമ്പം, കുറ്റൊന്നും പറയാതെ അതു തിന്നുകഴിഞ്ഞാ അത്താഴാവുന്നവരെ പിന്നെ ചിന്തയില്ല. ചിന്തിക്കാനെവിടെയാ പറ്റുന്നേ... പാത്രം ഒക്കെ കഴുകി, അടുക്കള വൃത്തിയാക്കുമ്പോഴേക്കും എവിടേലും ഒന്നു കിടന്നാ മതിയാവുന്നാവും മനസ്സില്‍.

മൂപ്പരും കണക്കാ... മക്കളും കണക്കാ... സമൂസയും പഴം നിറച്ചതും മുട്ട മറിച്ചതും ഒക്കെയാക്കിയാലും ചോദിക്കും, ഉന്നക്കായും കട്‌ലറ്റും ഉണ്ടാക്കിക്കൂടായിരുന്നോന്ന്... സമൂസാന്ന് പറഞ്ഞാ, തൊള്ളേല്ക്ക് ഇടാന്‍ ഇത്തിരിയേ ഉള്ളുവെങ്കിലും, തിന്നാന്‍ രസണ്ടെങ്കിലും അത് ഉണ്ടാക്കാനുള്ള നയിപ്പ് എത്രയാന്ന് ഓര്‍ക്കറിയില്ലല്ലോ... ആദ്യം ഇറച്ചി വേവിക്കണം. കുറച്ചു വലിയ കഷ്ണാണെങ്കില്‍ മിക്‌സിയിലടിക്കണം. ഉള്ളിയരിയണം, അതിലേക്ക് വേണ്ട പച്ചമുളക്, ഇഞ്ചി, വെള്ളുള്ളി, മല്ലിച്ചപ്പ് എല്ലാം റെഡിയാക്കണം. പിന്നെ അത് വാട്ടണം... മിക്‌സിയിലടിച്ചുവെച്ച ഇറച്ചി ഇതിലേക്ക് കൂട്ടിയോജിപ്പിക്കണം. അതിലേക്കുള്ള മൈദ കുഴക്കണം, ഉരുളയാക്കി പരത്തി നാലു കഷ്ണങ്ങളാക്കി മുറിച്ച് കുമ്പിള് കുത്തി അതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച കൂട്ട് നിറച്ച് മടക്കി ഒട്ടിക്കണം. പിന്നെ അത് പൊരിച്ചെടുക്കണം...

ഇതൊക്കെ ഉണ്ടാക്കിയാ മാത്രം മതിയോ. ബാങ്ക് കൊടുക്കുമ്പോഴേക്ക് എല്ലാം പാത്രത്തിലാക്കി മേശപ്പുറത്ത് എത്തിക്കണ്ടേ.. എന്നാലോ, ആയിലേ.. ആയിലേ എന്ന് ചോദിക്കല്ലാതെ ഒരിത്തിരി നാരങ്ങാവെള്ളമെങ്കിലും കലക്കി തന്നൂടെ മൂപ്പര്‍ക്ക്... ആ ഫ്രൂട്‌സെങ്കിലും ഒന്ന് കഴുകി തന്നൂടെ.. നോമ്പ് പിടിച്ച് തട്ടിപ്പെടയ്ക്കണം.. വിറകടുപ്പും ഗ്യാസും ഇന്‍ഡക്ഷന്‍ കുക്കറും മിക്‌സിയും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം... ഞാനൊരാളും ഇനിക്ക് രണ്ട് കൈയും അല്ലേ ഉള്ളൂ...

അതിനിടയ്ക്ക് അസറ് നിസ്‌കാരം പ്രഭുദേവയുടെ ഡാന്‍സ് പോലെ ഒരു കലാപരിപാടി.. ളുഹര്‍ ബാങ്ക് കൊടുക്കാന്‍ നേരല്ലാതെ നിസ്‌കരിച്ച് ഇറങ്ങിയതാ അടുക്കളലേക്ക്. തിരുമ്പലും തുടയ്ക്കലും കുളിയും കഴിയുമ്പോഴേക്ക് തന്നെ ളുഹര്‍ ബാങ്ക് കൊടുക്കും. നോമ്പല്ലെങ്കില്‍ ളുഹര്‍ കൊടുക്കുമ്പോഴേക്കും പണികളൊക്കെ കഴിഞ്ഞിരുന്നു... ഉച്ചയ്ക്ക് ശേഷം ഖുര്‍ആന്‍ ഓതാനുള്ള സമയമൊക്കെ കിട്ടിയിരുന്നു. പക്ഷേ നോമ്പായെ പിന്നെ ഒന്നിനും സമയം കിട്ടുന്നില്ല...

ചെറിയ നോമ്പ് തുറ കഴിഞ്ഞ് മേശപ്പുറത്തുള്ള പാത്രങ്ങളൊക്കെ അടുക്കളയില്‍ കൊണ്ടുവെച്ച് മേശ വൃത്തിയാക്കുമ്പോഴേക്കും മൂപ്പരും മക്കളും നിസ്‌കരിച്ച് വന്നിട്ടുണ്ടാകും. എങ്ങനെയോ മഗ്‌രിബ് നമസ്‌കരിച്ച് ഒരൊറ്റ ഓട്ടമാണ് അടുക്കളയിലേക്ക്.. നോമ്പായെ പിന്നെ മഗ്‌രിബിന് ശേഷം സുന്നത്ത് നിസ്‌കരിക്കാന്‍ പറ്റിയിട്ടില്ല...

അരിപ്പത്തിരി ചുട്ടാല്‍ പറയും അരച്ച്ചുട്ട പത്തിരിയായിരുന്നു വേണ്ടിയിരുന്നത്. മീന്‍ മുളകിട്ടാല്‍ പറയും അതിന് പറ്റിയത് പുട്ടായിരുന്നൂന്ന്. ഹോ, നോമ്പ് എങ്ങനേലും ഒന്ന് കഴിഞ്ഞു കിട്ടിയാ മതിയായിരുന്നു.. അല്ലാത്ത സമയത്ത് എന്ത് ഉണ്ടാക്കിയാലും കുറ്റം പറയാതെ തിന്നുപോകുമായിരുന്നു. ഇപ്പോ പറയും നോമ്പ് പിടിക്കുന്നതാണെന്ന് നിനക്കറിയില്ലേ.. വേണ്ടത് എന്താന്ന് വെച്ചാല്‍ മനസ്സറിഞ്ഞ് ഒന്ന് ഉണ്ടാക്കി തന്നൂടെയെന്ന്. ഞാനും നോമ്പും പിടിച്ചാ ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നതെന്ന് ആരും ചിന്തിക്കുന്നില്ലല്ലോ...

കാരക്കന്റെ ചീള് തിന്ന് നോമ്പ് മുറിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ അനുയായികളെ ആരാണ് സമൂസയും ഇറച്ചി കേക്കും ഉണ്ടാക്കാന്‍ പഠിപ്പിച്ചത്? നോമ്പ് തുറക്കാന്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ നിര്‍ബന്ധമാണെന്ന് ഖുര്‍ആന്റെ ഏത് അധ്യായത്തിലാണ് പറഞ്ഞുവെച്ചത്? നോമ്പ് പിടിച്ച് കാലിയായ വയറ്റിലേക്ക് ഇതൊക്കെ കൂടി ചെന്നാല്‍ പ്രശ്‌നാണെന്ന് മനസ്സിലാക്കണമെന്ന് കഴിഞ്ഞ തവണത്തെ നോമ്പ് കഴിഞ്ഞ് ചെക്കപ്പിന് ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാ... കാലിയായ വയറിലേക്ക് ഈ എണ്ണപ്പലഹാരങ്ങള്‍ ചെല്ലാന്‍ പാടില്ലത്രെ. വെള്ളമോ ജ്യൂസോ മറ്റോ കുടിക്കാനേ പാടൂള്ളൂന്നും അന്ന് ഡോക്ടറ് പറഞ്ഞതാ... പക്ഷേ, ഈ നോമ്പിനെങ്കിലും നന്നാവൂന്ന് കരുതി... അതും ഇല്ല...

നോമ്പ് തുറക്കുന്ന നേരം എല്ലാ വിഭവങ്ങളും കാണണം, എല്ലാം ഒരുക്കണം, ബാക്കിയാവല്ലോന്നു കരുതി തിന്നുതിന്ന് നോമ്പ് കഴിയുമ്പോഴേക്ക് ഇന്നെ ഡോക്ടറെ കാണിക്കേണ്ടിവരേന്ന് ഇനിക്ക് പേടിതുടങ്ങിയിട്ടുണ്ട്.
ശരീരത്തിന് കേടാണ്ന്ന് മാത്രാണോ പ്രശ്‌നം. എന്താ സാധനത്തിന്റെയൊക്കെ വെല? നോമ്പായാ ചെലവുള്ള പഞ്ചസാരന്റെയും വെളിച്ചെണ്ണന്റെയും ഉള്ളിന്റെം ഒക്കെ വെല കേട്ടാ തലകറങ്ങും... ബാക്കി ഒരുറുപ്പികയോ രണ്ടുറുപ്പികയോ ഉണ്ടായ, മല്ലിചപ്പും പൊതീനയും ഒക്കെ എത്രയോ വാങ്ങീക്കിണ്. ഇന്നലെ റസാക്കാ പറയാ രണ്ടുറുപ്പികക്ക് മല്ലിച്ചപ്പ് തന്നാ മൊതലാകൂലാന്ന്.. ന്നാലും ഈ കൊശിയാക്കല് നോമ്പിനല്ലെള്ളൂന്നു ഓര്‍ത്തു സമാധാനിക്ക ഞാന്‍.

ഇന്നലെ നോമ്പ് തുറക്കുമ്പം മൂപ്പര് മക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് കേട്ടു, ഗള്‍ഫിലൊക്കെ ഏറ്റവും കൂടുതല്‍ സാധനം ചെലവാകുന്ന മാസം നോമ്പിന്റെ മാസമാണെന്ന് പത്രത്തില് വാര്‍ത്ത കണ്ടെന്ന്. നോമ്പിന് കണക്കാക്കി സാധനങ്ങളൊക്കെ നേരത്തെ തന്നെ സ്റ്റോക്ക് ചെയ്യൂന്ന്... ഇവിടെ നമ്മുടെ നാട്ടില് നോമ്പിന് കണക്കാക്കി സാധനങ്ങള് സ്റ്റോക്ക് ചെയ്യും. വെല കൂട്ടും ചെയ്യും...

അല്ലേലും ഗള്‍ഫ് തന്നെയാ പ്രശ്‌നം. അവിടുന്നല്ലേ ഇങ്ങനത്തെ ആചാരങ്ങളൊക്കെ വന്നേ... പുയ്യാപ്ലമാരെ ഗള്‍ഫില്‍ പറഞ്ഞയച്ചതാണ് കൊഴപ്പായത്. അവിടെ നോമ്പ് തുറക്കുമ്പോ ഇങ്ങനെയൊക്കെയുണ്ടാകുമത്രെ... നാട്ടിലെത്തിയപ്പോ പിന്നെ അങ്ങനെയൊക്കെ വേണെന്ന് നിര്‍ബന്ധായി. അല്ലാതെ കല്യാണം കഴിഞ്ഞ ഉടനെയൊക്കെയുള്ള നോമ്പിനൊന്നും പലഹാരൊന്നും ഉണ്ടാക്കിയിട്ടില്ല.. നാരങ്ങവെള്ളവും കാരക്കയും തരിയും കുടിച്ച് നിസ്‌കാരം. പിന്നെ വലിയ തുറ. 'നോമ്പുതുറ'യുള്ള ദിവസം മാത്രം എന്തെങ്കിലുമൊക്കെ പലഹാരം.. ഇപ്പോ ടിവിലൊക്കെ കാണിക്കണ കിളിയും കിളിക്കൂടും പണസഞ്ചിയും ഒന്നും അന്നത്തെ പലഹാരല്ല. ബ്രെഡ് വാട്ടും സമൂസയുണ്ടാക്കും പഴം നിറയ്ക്കുകയോ പൊരിക്കുകയോ ചെയ്യും. പിന്നെ മുട്ട മറിയ്ക്കും.... ഇന്നിപ്പോ കട്‌ലെറ്റ്, ചിക്കന്‍ റോള്‍... ന്റമ്മേ...

വെറുതെ ഇന്നെ ഇങ്ങള് കരയിപ്പിക്കും. കൊളസ്‌ട്രോളും ഷുഗറും പ്രഷറും ഇങ്ങനെ പോയാല്‍ കൂടും ട്ടോ ന്ന് പറഞ്ഞ് മൂപ്പരെ ഒരു വിധം ഞാന്‍ പാട്ടിലാക്കിയിട്ടുണ്ട്. നാളെ മുതല്‍ നോമ്പ് തുറക്കാന്‍ ഫ്രൂട്‌സും കാരക്കയും മാത്രം മതിന്ന് സമ്മതിച്ചിട്ടുണ്ട് മൂപ്പര്. അത്രയും സമാധാനം...

ന്നാലും നോമ്പു തുറക്കാന്‍ നേരം എങ്ങനാ എന്തേലും മൂന്ന് പലഹാരെങ്കിലും ഇല്ലാതെ ശരിയാവ. ഫ്രൂട്‌സ് മാത്രം തിന്ന് നോമ്പ് തുറന്നാ നോമ്പ് തുറന്ന്ന്ന് അങ്ങോട്ട് തോന്നില്ല.
മൂപ്പര്‍ക്ക് കൊടുക്കണ്ടാന്ന്‌ല്ലേയുള്ളൂ,,

നാളെ ഇപ്പം എന്തൊക്കെ പലഹാരാണ്ടാക്കാ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ