കുട്ടികളുടെ ഈ വീട് എന്‍റേയും

 

കോഴിക്കോട് വെള്ളിമാട്കുന്നില്‍ കുട്ടികള്‍ക്കായി ഒരു വീടുണ്ട്. ആ വീടിനു പുറത്തുള്ളവര്‍ അതിനെ ജുവനൈല്‍ ഹോം എന്നോ അനാഥമന്ദിരമെന്നോ ഒക്കെയാണ് പറയാറ്. അത് അവരുടെ അറിവില്ലായ്മ. വികൃതി കാണിക്കുന്ന കുട്ടികളെ കൊണ്ടിടുന്ന സ്ഥമാണതെന്നും കുരുത്തക്കേട് കാണിച്ചാല്‍ അവിടെ കൊണ്ടിടുമെന്നും പറഞ്ഞ് പേടിപ്പിച്ച് രക്ഷിതാക്കള്‍തന്നെ മക്കളുടെ കുറുമ്പുകളെ അടിച്ചമര്‍ത്തും. കുട്ടികളെ അനുസരണ പഠിപ്പിക്കാന്‍ കൊമ്പന്‍ മീശയും ചൂരല്‍ വടിയുമായി അവിടെ വലിയ വലിയ രാക്ഷസന്‍മാര്‍ ഉണ്ടെന്നും കണ്ടാല്‍ തന്നെ പേടിയാകുമെന്ന് പറഞ്ഞ് കുഞ്ഞു വാ നിറച്ച് വയറ് നിറയ്ക്കും.
    സംരക്ഷിക്കാനാരുമില്ലാതെ പോയ കുട്ടികള്‍ക്ക് തണലാകുന്നവരെ, മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ശാസനയും പകര്‍ന്നുകൊടുക്കുന്നവരെ  ഒരുകാലം മുമ്പുവരെ നമ്മുടെ സിനിമയും സാഹിത്യവും രാക്ഷസരൂപം നല്‍കിത്തന്നെയാണ് ചിത്രീകരിച്ചിരുന്നത്.  ഭാഷയും ദേശവും പോലുമറിയാതെ എത്തുന്ന കുരുന്നുകള്‍ക്ക് പോലും കാവല്‍ക്കാരാകുന്ന കാവല്‍മാലാഖമാരാണവരെന്ന് പറയാന്‍ എല്ലാവരും മനപൂര്‍വ്വം മറന്നു.
    കഴിഞ്ഞ മഴക്കാലത്താണ് കാക്കക്കുഞ്ഞുങ്ങള്‍ക്ക് ആരോ കുടച്ചൂടിക്കൊടുത്ത ഫോട്ടോ ചന്ദ്രിക പ്രസിദ്ധീകരിക്കുന്നത്. അന്നുതന്നെ ചന്ദ്രികയുടെ പത്രാധിപകര്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. കോഴിക്കോട് മടവൂര്‍ സ്വദേശി അബൂബക്കറിന്റെ.
    ''എന്റെ മക്കളാണ് ആ കാക്കക്കുട്ടികള്‍ക്ക് കുട ചൂടി കൊടുത്തത്.''
    കുട്ടികളുടെ പേര് ചോദിച്ചപ്പോള്‍ അബൂബക്കര്‍ പറഞ്ഞു, ''ലിമിനേഷും അഖിലും.''
    നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്കേ ഇത്തരമൊരു നല്ല മനസ്സുണ്ടാകൂ എന്ന് ആ ഫോട്ടോ കണ്ടവരെല്ലാം മനസ്സില്‍ പറഞ്ഞു. അതേ നല്ല കുടുംബത്തില്‍ വളരുന്ന കുട്ടികളായിരുന്നു അവര്‍. നല്ല മാതാപിതാക്കളുടെ തണലില്‍ വളരുന്നവര്‍. കോഴിക്കോട്ടെ കുട്ടികളുടെ വീട്ടിലെ അന്തേവാസികള്‍. അവരുടെ കാവല്‍ക്കാരനായിരുന്നു ചന്ദ്രികയിലേക്ക് വിളിച്ച് അതെന്റെ മക്കളാണെന്ന് അഭിമാനത്തോടെ പറഞ്ഞ അബൂബക്കര്‍.
    കഴിഞ്ഞ പത്തുവര്‍ഷത്തിലധിമായി അബൂബക്കര്‍ ഈ കുട്ടികള്‍ക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട്. വെള്ളിമാടുകുന്നിലെ കുട്ടികളുടെ വീട്ടിലെത്തിയിട്ട് നാലുവര്‍ഷവും. ഈ കുട്ടികള്‍ക്കൊപ്പം ജീവിക്കാനായതിന്റെ സന്തോഷം മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സുനിറയെ.
    ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൈമാറുന്ന കുട്ടികളെ സംരക്ഷിക്കുകയെന്നത് കെയര്‍ടേക്കറായി ജോലി ചെയ്യുന്ന ഒരാളുടെ ഉത്തരവാദിത്വമാണ്. അത് ഭംഗിയായി ചെയ്യുക. കുട്ടികളെ മാനസികമായും ശാരീരികമായും വേദനിപ്പിക്കാതിരിക്കുക. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണെങ്കിലും കുട്ടികള്‍ക്ക് വികൃതിയുണ്ടാകും. അത്തരം കുട്ടികള്‍ കാണിക്കുന്ന വികൃതികളും അനുസരണക്കേടുകളും മാത്രമേ ഓരോരോ പ്രായത്തിലും ഇവിടെയുള്ള കുട്ടികള്‍ക്കുമുള്ളൂ. അത് മനസ്സിലാക്കി അവരോട് പെരുമാറിയാല്‍ മാത്രം മതി അവര്‍ ജീവിത്തില്‍ ശരിയായ ദിശയിലെത്തിച്ചേരാനെന്ന് ഉറപ്പിച്ചു പറയുന്നു അബൂബക്കര്‍.
    5 വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ സംരക്ഷണ ചുമതലയാണ് അബൂബക്കറിന്. അബൂബക്കറടക്കം 7 പേര്‍ക്കാണ് ഇവിടെ കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളത്. 18 വയസ്സായാല്‍ ആണ്‍കുട്ടികളെ തലശേരിയിലെ ആഫ്റ്റര്‍ കെയര്‍ഹോമിലേക്ക് മാറ്റും. ആണ്‍കുട്ടികളെ ആ പ്രായത്തിലും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുന്നു അബൂബക്കര്‍. തെറ്റിലേക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള പ്രായം അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആ പ്രായത്തില്‍ ആഫ്റ്റര്‍ കെയര്‍ ഹോമിലേക്ക് മാറ്റുമ്പോള്‍ അവരുടെ മേലുള്ള കടിഞ്ഞാണ്‍ പെട്ടെന്ന് നഷ്ടമാകുകയാണ്. അത് കുട്ടികളെ സംബന്ധിച്ചിടത്തോളം ദോഷം തന്നെയാണ്. തലശ്ശേരിയിലെ ആഫ്റ്റര്‍ കെയര്‍ ഹോമില്‍ കെയര്‍ടേക്കറും ആയയും പാചകക്കാരനും വാര്‍ഡനും എല്ലാം ഒരാള്‍ മാത്രമെന്ന സര്‍ക്കാര്‍ തീരുമാനവും കാര്യങ്ങള്‍ ചിലപ്പോള്‍ വഷളാക്കുന്നുവെന്ന് അബൂബക്കര്‍ പറയുന്നു.
    തെരുവില്‍ സംശയാസ്പദമായ നിലയില്‍ അലഞ്ഞുതിരിയുന്ന കുട്ടികളെ കണ്ടെത്തി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോ പോലീസോ സന്നദ്ധ സംഘടനകളോ ജുവനൈല്‍ ഹോമില്‍ എത്തിക്കുന്നതോടെ കുട്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഈ കാവല്‍ക്കാര്‍ക്കാണ്. ഭാഷയറിയാത്ത കുട്ടികളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് അവരെ മാതാപിതാക്കളെ  കണ്ടെത്താന്‍ സഹായിക്കണം. ഭാഷയറിയുന്നവരാണെങ്കില്‍ വീടുവിട്ടിറങ്ങാനിടയായ സാഹചര്യം അറിയണം. വളര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാതാപിതാക്കള്‍  കൊണ്ടുവന്നാക്കിയ കുട്ടികള്‍ക്ക് വീടുവിട്ടു നില്‍ക്കുന്നതിന്റെ സങ്കടങ്ങളില്ലാതെ നോക്കണം. വിദ്യാഭ്യാസം നല്‍കണം, ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം, ദുശ്ശീലങ്ങളില്‍പ്പെട്ട് വഴി തെറ്റാതെ നോക്കണം ഈ കാവല്‍ക്കാരന്റെ ഉത്തരവാദിത്വങ്ങള്‍ പലതാണ്.
    കുട്ടികളിലെ സര്‍ഗവാസനകളെ വളര്‍ത്തിക്കൊണ്ടുവരാനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട് അബൂബക്കര്‍. കാക്കക്കുട്ടികള്‍ക്ക് കുട ചൂടിക്കൊടുത്ത ലിമിനേഷിന്റെയും അഖിലിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ചുമര്‍മാഗസിന്‍ പ്രവേശന കവാടത്തില്‍ തന്നെ കാണാം. പേര് കിളിക്കൂട് എന്നുതന്നെ... ഒരു കിളിക്കൂടിന്റെ മാതൃകയും തയ്യാറാക്കി അതില്‍ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ജുവനൈല്‍ ഹോം പരിസരത്തെ 27 ഏക്കറില്‍ പക്ഷിനീരീക്ഷണത്തിനായി കുട്ടികളെ നിയോഗിച്ചിരുന്നു. നീരീക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയ പൂത്താക്കിരിയെ അവര്‍ തങ്ങളുടെ ഏരിയയിലെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചിരിക്കുന്നു ഈ ചുമര്‍മാഗസിനിലൂടെ. നല്ല കലാകാരന്മാരുമാണ് ഇവരില്‍ പലരും. പരസ്പരം അവര്‍ വരച്ച ഛായാചിത്രങ്ങളും ചുമര്‍മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ചിത്രകാരന്‍ വാന്‍ഗോഗിന്റെ ജീവചരിത്രവും വായിക്കാം ആ മാഗസിനില്‍... അതിങ്ങനെയാണ് തുടങ്ങുന്നത്, 11-ാം വയസ്സില്‍  സെവന്‍ ബെര്‍ഗെനിന്‍യാന്‍ പ്രൊവിലി എന്നയാള്‍ നടത്തിയിരുന്ന കുട്ടികള്‍ക്കായുള്ള കെയര്‍ഹോമില്‍ അന്തേവാസിയായിരുന്നു വാന്‍ഗോഗ്....' ഈ കുട്ടികളുടെ ഉള്ളില്‍ പ്രത്യാശയുടെ കിരണങ്ങളെ, പുതിയ പ്രതീക്ഷകളെ നാളെയെ കുറിച്ചുള്ള സ്വപ്നങ്ങളെ കൃത്യമായി വരച്ചിടാന്‍ ഈ സൂക്ഷിപ്പുകാരന് സാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ചുമര്‍ മാഗസിന്‍...
    നല്ലൊരു കോല്‍ക്കളി ടീമിനെക്കൂടി ഇവരുടെ ഇടയില്‍ നിന്ന് വാര്‍ത്തെടുത്തിട്ടുണ്ട് അബൂബക്കര്‍. കഴിഞ്ഞ   വര്‍ഷം മലപ്പുറത്ത് നടന്ന സാമൂഹ്യ നീതി ദിനത്തില്‍ വിജയികളായതും അബൂബക്കറിന്റെ ശിഷ്യന്മാരായ പ്രിയ മക്കള്‍ തന്നെ. കഴിഞ്ഞില്ല, ജുവനൈല്‍ ഹോമില്‍ ക്യാമ്പിന് വന്ന 18 വയസ്സിന് മുകളിലുള്ളവരുടെ 'ടീമിനെ ഫുട്‌ബോളിനെ തോല്‍പ്പിച്ചു ഇവിടെ കാല്‍പ്പന്ത് തട്ടി നടക്കുന്ന കുട്ടിപ്പട്ടാളങ്ങള്‍... കുട്ടികളല്ലേ, ഒരു സൗഹൃദമത്സരം നടത്തിക്കളയാം എന്നായിരുന്നു അതിഥികളുടെ മനസ്സില്‍. തോറ്റുതുന്നംപാടി നില്‍ക്കുന്ന അവരെ ക്രിക്കറ്റ് മത്സരത്തിന് കൂടി ക്ഷണിച്ചപ്പോള്‍, അയ്യോ ഞങ്ങളില്ലേയെന്ന് അവര്‍, അബൂബക്കര്‍ ചിരിക്കുന്നു.
    പലരേയും തെരുവില്‍ നിന്ന് കിട്ടുമ്പോഴേക്കും പത്തും പന്ത്രണ്ടും വയസ്സ് കുറഞ്ഞത് ആയിട്ടുണ്ടാകും. ജുവനൈല്‍ ഹോം പരിസരത്തുതന്നെയുള്ള സ്‌കൂളില്‍ ഏഴാംക്ലാസ് പാസ്സാകുമ്പോഴേക്കും പലരും മുതിര്‍ന്ന പയ്യന്മാരായിട്ടുണ്ടാകും. പിന്നെ തുടര്‍ പഠനത്തിന് പുറത്തു പോകാന്‍ അവര്‍ മടിക്കും. കുട്ടികളുടെ ഭാവി ജീവിതത്തിന് ഇത് വലിയ വില്ലനാകാറുണ്ടെന്ന് അബൂബക്കര്‍ പറയുന്നു.
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ജോലിയുള്ള ശ്രീലേഷ് ഇപ്പോഴും തന്നെ കാണാന്‍ വരാറുണ്ടെന്ന് പറയുമ്പോള്‍ അബൂബക്കറിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെ പൂത്തിരികള്‍...
    ജാതി, വികലാഗ സംവരണം പോലെ ഇത്തരം കുട്ടികള്‍ക്കും ജോലിക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് അബൂബക്കറിന്റെ പക്ഷം. ഏക്കറു കണക്കിനുള്ള പരിസരത്തെ ചക്ക, പുളി പോലുള്ള സീസണ്‍  വിഭവങ്ങളെങ്കിലും സംസ്‌കരിച്ച് നല്ല ഉല്‍പ്പന്നങ്ങളാക്കി മാറ്റാനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് അതൊരു വരുമാന മാര്‍ഗമാകുമായിരുന്നുവെന്നും അബൂബക്കര്‍ പറയുന്നു. സര്‍ക്കാര്‍ ഫണ്ടിന് കാത്തുനില്‍ക്കുന്നതില്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കുട്ടികളുടെ കാര്യങ്ങള്‍ ഫണ്ട് കിട്ടാത്തതുകൊണ്ട് മുടങ്ങരുതെന്നും അബൂബക്കറിന് നിര്‍ബന്ധമുണ്ട്.
    കുട്ടികള്‍ ചാടിപ്പോയാല്‍ എല്ലാവരും കെയര്‍ ടേക്കര്‍മാരെയാണ് കുറ്റപ്പെടുത്താറ്. അത്തരം സംഭവങ്ങളെന്തെങ്കിലുമുണ്ടായാല്‍ മാത്രമാണ് മാധ്യമങ്ങളെയും ഈ വഴിക്ക് കാണാറ്. കുട്ടികളുടെ ചുമര്‍മാഗസിനിന്റെ പ്രകാശനത്തിന് ക്ഷണിച്ചിട്ട് ആകെയുണ്ടായ മാധ്യമസാന്നിധ്യം ചന്ദ്രിക മാത്രമാണ്. സുരക്ഷയെ കുറിച്ചാണ് എല്ലാവരും പറയുക. അതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ഞങ്ങളല്ല. ഞങ്ങള്‍ മാത്രം വിചാരിച്ചാല്‍ അത് സാധ്യവുമല്ല. പിന്നെ സുരക്ഷയുടെ പേരും പറഞ്ഞ് ഈ കുട്ടികളെ ജയിലിലടയ്ക്കാന്‍ അതും ഞാന്‍ സമ്മതിക്കില്ല.. അവര്‍ സ്വാതന്ത്ര്യവും സ്‌നേഹവും അറിഞ്ഞുതന്നെ വളരണം... അവിചാരിതമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി സ്ഥാപനത്തിനും ഇവിടത്തെ ജോലിക്കാര്‍ക്കും മാനഹാനി ഉണ്ടാക്കുന്ന വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അത് കുട്ടികള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ വീര്യം തകര്‍ക്കാനാണ് കാരണമാകുക. ദയവുചെയ്ത് അത്തരം വിലയില്ലാത്ത വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി മാധ്യമങ്ങള്‍ ഒഴിവാക്കണം... അബൂബക്കര്‍ പറഞ്ഞുനിര്‍ത്തി...
   വിദ്യാഭ്യാസ അവകാശത്തിനായി കേരളത്തിലെത്തപ്പെട്ട ഉത്തരേന്ത്യയിലെ കുട്ടികളുടെ മനുഷ്യാവകാശത്തിനായി മാധ്യമങ്ങള്‍ ഒച്ചപ്പാടുണ്ടാക്കിയത് കുറച്ചൊന്നുമല്ല ഈ സ്ഥാപനത്തേയും ഇവിടുത്തെ അന്തേവാസികളെയും വിഷമിപ്പിച്ചത്. സര്‍ക്കാര്‍ ഗ്രാന്റില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനടനകളുടെ അനാഥശാലകള്‍ മാത്രമല്ല, സര്‍ക്കാരിന് കീഴിലെ ഈ തണല്‍ക്കൂട് പോലും സംശയത്തിന് നിഴലിലായി. ഇത്തരത്തിലുള്ള ആശ്രയകേന്ദ്രങ്ങളുടെ നന്മയെ അല്‍പം പോലും പരിഗണിക്കാതെ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്തകളാവേണ്ടതില്ലാത്ത സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി ഭാഷയും ദേശവുമറിയാതെ വന്നുപെട്ട കുട്ടികളെ ദ്രോഹിക്കുന്നത് എന്ന അബൂബക്കറിന്റെ ചോദ്യത്തിന് മറുപടി പറയേണ്ടത് കേരളത്തിലെ ദൃശ്യ-അച്ചടി-സോഷ്യല്‍ മാധ്യമങ്ങളാണ്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ