നാട്ടിലെ മരച്ചില്ലകളില്‍ കിളികള്‍ കൂടുകൂട്ടാതെയാകുന്നുണ്ടോ എന്നൊരു സംശയം.... സ്ഥായിയല്ലാത്ത കൂട്.... കഷ്ടപ്പെട്ട് കമ്പും ചില്ലയും പഞ്ഞികളും സ്വരൂക്കൂട്ടീ, പെറുക്കിക്കൊണ്ടുവന്ന് കൂടാക്കി, വീടാക്കി എടുത്തിട്ട് എന്തുകാര്യമെന്ന് അവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇര തേടി കൂട്ടില്‍ നിന്ന് പറന്നാല്‍, അന്തിമയങ്ങി തിരിച്ചെത്തിയാല്‍ കൂടുപോയിട്ട് കൂടിരുന്ന മരം പോലും ഇല്ലാത്ത അവസ്ഥ.
കുറച്ചുകാലം മുമ്പുവരെ തിരക്കേറിയ ജങ്ഷനുകളില്‍, ബസ്‌റ്റോപ്പുകളില്‍ എല്ലാം ഒരു വലിയ തണല്‍മരം ഉണ്ടായിരുന്നു... ധാരാളം ചില്ലകള്‍ ഉള്ളത്.... ചില്ല നിറച്ചും കൂടുള്ളത്... കൂടുനിറച്ചും കുഞ്ഞു കുഞ്ഞു കിളിമുട്ടകളുള്ളത്... കുഞ്ഞു കൊക്കുള്ള കുഞ്ഞിക്കിളികളുള്ളത്.... . ചിറകുവിരിയാത്ത.... കൊക്കു തുറക്കാത്ത... കണ്ണു പൂക്കാത്ത കുഞ്ഞിക്കിളികള്‍... താഴെ നില്‍ക്കുന്ന നമ്മള്‍ മനുഷ്യര്‍ ഏതു നിമിഷവും മുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള ഒരു ബോംബും പ്രതീക്ഷിച്ച് ഇടയ്ക്ക് മുകളിലേക്ക് നോക്കിനോക്കി അങ്ങനെ നിന്നിരുന്ന കാലം....
ഒരു മരം വെട്ടുമ്പോള്‍.... ഒരു മരം മുറിയുമ്പോള്‍ ഒരു തേങ്ങല്‍ കേട്ടുവോ നിങ്ങള്‍... എന്ന ചോദ്യവുമായി മുറിച്ചുവീഴ്ത്തിയ മരച്ചില്ലകളുടെയും മുറിഞ്ഞുവീണ കിളിക്കൂടുകളുടെയും ഫോട്ടോയുമായി പത്ര-ചാനല്‍ കാമറകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്തു.... ആ കാമറയ്ക്കുള്ളില്‍ പതിഞ്ഞ കരളുരുകുന്ന ദീനദയനീയമുഖം കണ്ട് നമ്മളെല്ലാം സങ്കടപ്പെട്ടു. 'പാവം...' 'കഷ്ടം...' എന്നെല്ലാം പറഞ്ഞ് റിമോര്‍ട്ടില്‍ വിരല്‍ പതുക്കെ ഒന്നമര്‍ത്തും. ചിലപ്പോള്‍ അടുത്തുള്ള ആരെയെങ്കിലും ഒന്നു വിളിച്ച് 'നോക്ക് കഷ്ടം തന്നെ ലേ' എന്നൊന്ന് പറഞ്ഞെന്ന് വരാം. ചിലപ്പോള്‍ റിമോട്ടില്‍ വിരലമര്‍ത്തുന്നതിന് പകരം പത്രത്തിന്റെ പേജ് മറയ്ക്കുകയാകാം. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സ്‌ക്രോള്‍ ചെയ്യുന്നതിന് മുമ്പ് ഒരു ലൈക്ക്, ഷെയര്‍.... ചിലപ്പോള്‍ ഒരു സാഡ് കമന്റ്... കഴിഞ്ഞു ലേ നമ്മുടെ പ്രകൃതി-പക്ഷി-ജന്തുസ്‌നേഹം. വര്‍ഗസ്‌നേഹം പോലും ഇല്ലാത്തവനാണ് മനുഷ്യന്‍. എന്നിട്ടല്ലേ, പക്ഷി സ്‌നേഹം?
കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയില്‍ പെട്ട തണല്‍മരങ്ങളിലൊന്നും ഒരൊറ്റ കിളിക്കൂടു പോലും കണ്ടില്ല. എന്തേ അങ്ങനെ എന്നു ചിന്തിച്ചുപോകുന്നു... സന്ധ്യ മയങ്ങിയ നേരം... കിളികള്‍ ചേക്കേറുന്ന സമയം. അവരെല്ലാം ചില്ലകളിലേക്ക് ചേക്കേറിയിരിക്കുന്നു. കൂടൊന്നുമില്ലാത്ത മരച്ചില്ലകളില്‍ ചേക്കേറാനെത്തിയ ഒരു പറ്റം കിളികള്‍. വ്യത്യസ്ത ജാതിയിലുള്ളവര്‍, മതത്തിലുള്ളവര്‍, പ്രായത്തിലുള്ളവര്‍, സ്ത്രീകള്‍, പുരുഷന്മാര്‍... അവരുടെ ഇടയിലും ബലാത്സംഗങ്ങളൊക്കെ ഉണ്ടോ ആവോ?
വികസനത്തിന്റെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലലയുന്നവരെപ്പോലെ.... സ്വന്തമായി വീടില്ലാത്തതിന്റെ പേരില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നവരെപ്പോലെ, ഒരു പറ്റം കിളികള്‍..... അല്ല, അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കഷ്ടപ്പെട്ട് കൂടുക്കൂട്ടുന്നത് വികസനത്തിന്റെ പേരില്‍ മനുഷ്യര്‍ക്ക് മുറിച്ചുമാറ്റാനാണെന്ന്. കൂടുണ്ടെങ്കിലല്ലേ കൂടുനഷ്ടപ്പെട്ടവന്റെ സങ്കടം പേറേണ്ടതുള്ളൂവെന്ന്.... കൂടില്ലാതെ... കൂട്ടില്ലാതെ..... ആകാശവും ഭൂമിയും തൊടാതെ പാറീപ്പറക്കാന്‍ ആരുടെയും വികസനം വഴിമുടക്കില്ലല്ലോ എന്ന്. ചിറകു കുഴയുമ്പോള്‍ പറന്ന് തളര്‍ന്ന വാടിവീഴാന്‍ ആരുടെയും അനുവാദം ആവശ്യമില്ലല്ലോയെന്ന്............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ