
ഉറ്റ സുഹൃത്ത് സമീര്‍ ബാബു പേങ്ങാട്ടിന്റെ 'അവസ്ഥാനം' ത്തിന് നിദാനമായത് എന്റെ രണ്ടു കുഞ്ഞിക്കവിതകളാണെന്ന് സംവിധായകനായ അവന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡയറിയില്‍ കുറിച്ചിട്ട ഉടനെ അവന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ ഫോണിലൂടെതന്നെ വായിച്ചു കേള്‍പ്പിച്ച രണ്ടു കുഞ്ഞിക്കവിതകള്‍.. അതില്‍ ഒളിഞ്ഞിരുന്ന ദൃശ്യത്തെ കണ്ടുപിടിച്ച് തിരക്കഥ ഒരുക്കിയത് അവനിലെ സംവിധായക മനസ്സ്. എന്നാലും അഭിമാനം തോന്നുന്നു.. കവിതകളിലൊന്ന് - 'പെണ്‍കുട്ടിയുടെ മുറി' പിന്നീട് ഗള്‍ഫില്‍ നിന്നിറങ്ങിയ ഒരു സുവനീറില്‍ പ്രസിദ്ധീകരിച്ചു വന്നു. 'കണ്ണാടിപ്രണയം' ഇപ്പോഴും ഡയറിത്താളുകളില്‍ വിശ്രമിക്കുന്നു. സ്‌ക്രിപ്റ്റ് സപ്പോര്‍ട്ട് ഖാസിദ കലാമെന്ന് ഫിലിമിന്റെ ക്രെഡിറ്റ്‌സില്‍ കണ്ടപ്പോള്‍ പലരും കവിത വായിക്കാന്‍ താത്പര്യപ്പെട്ടു. അവര്‍ക്കാണിത്....
പെണ്‍കുട്ടിയുടെ മുറി*
ചെത്തിതേച്ചിട്ടില്ല-
നിലം ചാണകം മെഴുകിയിട്ടുമില്ല.
പാതിപൊളിഞ്ഞ വാതില്‍,
കാറ്റ് കടക്കാന്‍
നാലുപാളി മരജനാലയുമുണ്ട് കൂട്ടിന്.
അതിന്മേല്‍ പല്ലുകൊഴിഞ്ഞ ഒരു ചീര്‍പ്പ്,
ഒരു കുട്ടിക്കൂറ പൗഡര്‍ടിന്ന്,
ഒരു കണ്‍മഷിപ്പെട്ടി.
ചുമരില്‍ പൊട്ടിയ കണ്ണാടിച്ചീള്
ഒരുഭാഗത്ത് പുകയുന്ന അടുപ്പ്
മറുഭാഗത്ത് ഒരു പായക്കട്ടില്‍,
പഴന്തുണിക്കെട്ടുകള്‍.
വേനലവധിയെ വരവേല്‍ക്കാനായി
എട്ടാംക്ലാസിലെ പാഠപുസ്തകങ്ങള്‍
പെട്ടിയില്‍ അടുക്കി വെക്കുമ്പോള്‍
ചിതല്‍ തിന്നു തുടങ്ങിയ
മേല്‍ക്കുരയെ നോക്കി
പെണ്‍കുട്ടി ചിന്തിച്ചു.
'ഇവിടെ എവിടെയാ തൊട്ടിലുകെട്ട്വാ?'
*ഒരു ബലാത്സംഗഇരയുടെ ഓര്‍മയ്ക്ക്
കണ്ണാടിപ്രണയം
പ്രണയം മനസ്സില്‍ നിറയുമ്പോള്‍
പെണ്‍കുട്ടികള്‍
നിന്നെ കൂടുതലായി സ്‌നേഹിച്ചു തുടങ്ങും
കാമുകനോടെന്ന പോലെ നിന്നോട് സംസാരിക്കും
ഗോഷ്ഠി കാണിക്കും,
ഒളിപ്പിച്ചു നിര്‍ത്തും
ഇടയ്ക്കിടയ്ക്ക് വന്നൊന്ന് പാളിനോക്കും
മുടിയൊന്ന് കോതി, ചാഞ്ഞു ചിരിക്കും
താടിക്ക് കൈ കൊടുത്ത്
ചുമ്മാ കണ്ണിറുക്കി കാണിക്കും
അവളുടെ തലോടലുകളും
ചുടുചുംബനങ്ങളും
നിറഞ്ഞ മാറിന്‍ സ്പര്‍ശനങ്ങളും
ഏറ്റുവാങ്ങി...
ഒരു കള്ളച്ചിരിയോടെ
നീ അങ്ങനെ നില്‍ക്കും
അവസാനം
എറിഞ്ഞുടയ്ക്കപ്പെടും വരെ.
അവസ്ഥാനം സംവിധായകന്റെ വാക്കുകളില്‍:
സ്ത്രീയവസ്ഥകള്‍ വ്യവസ്ഥകള്‍ക്കപ്പുറം ഒറ്റപ്പെട്ടതാണ്. കാലാനുഗതമായ അവളുടെ അത്തരം അനുഭവങ്ങളെ നിഴലും വെളിച്ചവും ചേര്‍ത്ത് പ്രതീകാത്മക ദൃശ്യാഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുകയാണ് 'അവസ്ഥാനം'.പട്ടുപാവാട നിവര്‍ത്തിയിടുന്ന ഉത്സാഹഭരിതമായ കൗമാരവും അണിഞ്ഞൊരുങ്ങുന്ന യൗവനവും അവള്‍ക്ക് സ്വപ്‌നാത്മാകമായ അനുഭവമാകുന്നു.
കണ്ണാടിയും സ്ത്രീയും പരസ്പരം ഉടല്‍ പങ്കിടുമ്പോള്‍ തീര്‍ത്തും സ്വകാര്യമായ മനഃതൃപ്തി അവളറിയുന്നു.
യൗവനത്തിന്റെ ഭാവഭേതങ്ങളില്‍ മാതൃത്വത്തിന്റെ മനസ്സ് അവളിലെത്തുന്നു.
സൗന്ദര്യാത്മകതയുടെ സ്വകാര്യാസ്വാദനത്തിന്റെ ഇടക്ക് വെച്ചാണ് അവളിലേക്ക് വെളിച്ചത്തിലൂടെ ആരോ കയറി വന്നത്.
അപരിചിതത്വത്തിന്റെ നിഴല്‍ അവളിലെത്തുമ്പോള്‍ സ്വപ്‌നവും സൗഹൃദവും പങ്കുവെച്ച കണ്ണാടി വീണുടയുന്നു.
ചിതറി വീണ കണ്ണാടിചില്ലിലൂടെ പരുത്ത ജീവിതാവസ്ഥയിലേക്ക് അവള്‍ നടന്നു നീങ്ങുന്നു.
വിധേയത്തിന്റെ ഭാവതലങ്ങളില്‍ നടുനിവര്‍ത്താനാകാത്ത അവളുടെ തീര്‍ത്തും സ്വകാര്യമായ പെണ്‍വേദനകള്‍ മാതൃത്വത്തിന്റെ കൂടി നൊമ്പരമാകുന്നു.
കണ്ണാടിച്ചില്ലുകള്‍ക്കൊപ്പം നിറമുള്ള വളപ്പൊട്ടുകളും മാലമുത്തുകളും കൂടി അവശേഷിക്കുന്നു.
പട്ടുപാവാടയില്‍ നിന്ന് അടിപ്പാവാടയിലേക്ക് വളരുന്ന നിഴലും വെളിച്ചവും പകരുന്ന പെണ്ണവസ്ഥകള്‍ വീണ്ടും സങ്കീര്‍ണ്ണതയുടെ അടയാളങ്ങളായി തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ