ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത്


ഇത് ഒരു നിര്‍മ്മാതാവിന്റെ ജീവിത കഥ... പത്തൊമ്പത് വയസ്സില്‍ സിനിമാനിര്‍മ്മാതാവായ ഒരാളുടെ ജീവിതാനുഭവങ്ങളുടെ കഥ.... ഇക്കാലയളവില്‍ അയാള്‍ ആകെ ചെയ്തത് രണ്ട് സിനിമകള്‍. രണ്ടും മലയാള സിനിമയിലെ ക്ലാസിക് സൃഷ്ടികള്‍. നീലത്താമരയും നവംബറിന്റെ നഷ്ടവും. കാലങ്ങള്‍ ശേഷം പറയാന്‍ ബാക്കി വെച്ചതുമായി അയാള്‍ തിരിച്ചുവരുന്നു.... താന്‍ ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത് അബ്ബാസ് മലയില്‍ Saj Mediaയയുമായി പങ്കുവെക്കുന്നു...
 
കയ്യിലല്‍പ്പം കുറുമ്പും കൂട്ടിന് പാര്‍ട്ടിപ്രവര്‍ത്തനവുമുള്ള പതിനഞ്ച് വയസ്സുകാരന്‍... കുറുമ്പല്‍പ്പം കടന്നുപോയപ്പോള്‍ ബസ്സിന്റെ ചില്ലെറിഞ്ഞു പൊട്ടിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. പിന്നെ വീട്ടുകാര്‍ക്ക് അവനെ കടലുകടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.... അങ്ങനെ ചരഷ്മ വീട്ടിലെ അബ്ബാസെന്ന കൗമാരക്കാരന്‍ കടലുകടന്നു... എഴുപതുകളാണ് കാലം. അതുകൊണ്ടുതന്നെ യാത്ര കപ്പലില്‍.... ജീവിതം തേടി കപ്പലില്‍ മറുകര താണ്ടിയ തലമൂറ ഇന്നീ കേരളത്തിലെ കാണാക്കാഴ്ചയായിരിക്കുന്നു... ഇത്രയും കാലം പറയാന്‍ ബാക്കിവെച്ചത് അബ്ബാസ് പറഞ്ഞു തുടങ്ങുമ്പോള്‍ അത് കപ്പല്‍യാത്രാവിശേഷങ്ങളീലൂടെയായത് വെറും യാദൃശ്ചികമായിരുന്നു. 
 

'പത്താംക്ലാസ് തോറ്റു നില്‍ക്കുന്ന സമയം. ഒന്നൂകൂടി എഴുത് പാസ്സാകണം എന്നൊക്കെ വിചാരിച്ചു നില്‍ക്കുമ്പോഴാണ് നാട്ടില്‍ ചില പ്രശ്‌നങ്ങളില്‍ പെടുന്നത്. പാസ്‌പോര്‍ട്ട് എടുക്കാനുള്ള പ്രായമൊന്നുമായിട്ടില്ല. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വന്ന പോലീസുകാരന് തെങ്ങിന്മേല്‍ കയറി കരിക്കിട്ട് കൊടുത്തത് ഞാന്‍ തന്നെയാണ്. അന്ന് കൈക്കൂലി അങ്ങനൊക്കെയാണ്. കൈമടക്കൊന്ന്ുമല്ല. എന്തായാലും ഞാന്‍ ഗള്‍ഫില്‍ പോകാന്‍ തയ്യാറായി. കപ്പലിലാണ് യാത്ര. ഏതോ തെറ്റിന് ശിക്ഷിക്കപ്പെട്ട് ജയിലിടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു ആ യാത്രയ്ക്ക്. ഭക്ഷണത്തിന് ഓരോരുത്തര്‍ക്കും ഒരോ പാത്രം തരും. അതുമായി വരി നില്‍ക്കണം. മുകളില്‍ കയറി നില്‍ക്കുമ്പോള്‍ ദൂരെ എവിടെയെങ്കിലും ഒരു വെളിച്ചത്തിന്റെ കീറ് കണ്ടാല്‍ സന്തോഷിക്കും. ദുബായ് എത്തി എന്ന് എല്ലാവരും കൂടി ആര്‍ത്തുവിളിക്കും. ആ വെളിച്ചം അടുത്തെത്തി മറ്റൊരു കപ്പലായി കടന്നു പോകും. ഉപ്പുകാറ്റേറ്റ് പലര്‍ക്കും ശര്‍ദ്ദി തുടങ്ങി. പത്തു ദിവസമെടുത്തു എന്നാണ് ഓര്‍മ.'

പത്തൊമ്പത് വയസ്സുകാരന്‍ ഒരു സിനിമയുടെ നിര്‍മ്മാതാവാകുക എന്നത് എഴുപതുകളില്‍ മാത്രമല്ല, ഇന്നും കേട്ടാല്‍ ആര്‍ക്കും അത്ഭുതമുണ്ടാക്കുന്ന ഒരു കാര്യമാണ്. 'നീലത്താമര' അബ്ബാസിനു മുമ്പില്‍ വിടരുന്നത് എങ്ങനെയാണ്?

1979 ലാണ് നീലത്താമര ഇറങ്ങുന്നത്. അക്കാലത്തെ മനസ്സിലെ സിനിമാ മോഹം എന്നാല്‍ നടീനടന്മാരെ ഒന്നു നേരില്‍ കാണുക എന്നതുമാത്രമായിരുന്നു. ഗള്‍ഫിലെ ഒരു സുഹൃത്ത് ഹംസ, യൂസഫലി കേച്ചേരിയുടെ ബന്ധുവാണ്. നാട്ടില്‍ വന്നപ്പോള്‍ ഹംസ തന്നുവിട്ട കത്തു കൊടുക്കാനായി ഞാന്‍ യൂസഫ്ക്കാനെ കാണാന്‍ പോയിരുന്നു. ആ കൂടിക്കാഴ്ചയില്‍ സിനിമയെക്കുറിച്ചൊക്കെ യൂസഫ്ക്ക സംസാരിച്ചു. കേള്‍ക്കാനുള്ള എന്റെ താത്പര്യം കണ്ടപ്പോള്‍ അദ്ദേഹം ഇങ്ങോട്ടു ചോദിക്കുകയായിരുന്നു, 'എന്താ, നിനക്ക് സിനിമ എടുക്കാന്‍ താത്പര്യമുണ്ടോ'യെന്ന്. ആളുകള്‍ ഇഷ്ടപ്പെടുന്ന, ഒരു നല്ല സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു എന്റെ മറുപടി. ആ സമയത്ത് അദ്ദേഹം എം.ടിയുമായി ഒരു സിനിമയുടെ ചര്‍ച്ചയിലായിരുന്നു. വീട്ടുജോലിക്ക് പെണ്‍കുട്ടികളെ അയയ്ക്കാന്‍ വീട്ടുകാര്‍ മടിക്കുന്ന കാലമാണ്. അങ്ങനെയൊരു കഥ എം.ടി തനിക്ക് വേണ്ടി തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയങ്ങനെ ഞങ്ങള്‍ രണ്ടുപേരും ആ സിനിമയെ കുറിച്ചൊക്കെ ഒരുപാട് ചര്‍ച്ച ചെയ്തു. നായികയുടെ വേഷം ജയഭാരതിയെ ഏല്‍പ്പിക്കാമെന്നായിരുന്നു ആദ്യത്തെ തീരുമാനം. പിന്നെ തോന്നി പുതിയ ആര്‍ട്ടിസ്റ്റാണ് നല്ലതെന്ന്. കവീയൂര്‍ പൊന്നമ്മയാണ് പറഞ്ഞത് അംബികയെ കുറിച്ച്. സിനിമ ഇറങ്ങിയതിനുശേഷം അക്കാലത്തൊക്കെ അംബിക അറിയപ്പെട്ടത് തന്നെ നീലത്താമര നടി എന്നാണ്.

നിര്‍മാതാവിന്റെ ആധിപത്യം അവസാനിക്കുന്ന കാലമായിട്ടില്ല താങ്കള്‍ നിര്‍മാതാവാകുമ്പോള്‍. എങ്ങനെ ആസ്വദിച്ചു ആ ഒരു അവസ്ഥ?

അത് ശരിയാ, അന്നത്തെ അപ്പച്ചന്‍, ചെറുപുഷ്പം, കുഞ്ചാക്കോ ബോബന്‍ എന്നീ നിര്‍മാതാക്കളുടെ അടുത്ത് അന്നത്തെ സൂപ്പര്‍സ്റ്റാര്‍ ആയ പ്രേംനസീര്‍ പോലും ഇരിക്കില്ല. അത്രയ്ക്ക് ബഹുമാനമായിരുന്നു. ഇന്ന് കാലം മാറി. മമ്മുട്ടിയുടെയൊക്കെ മുമ്പില്‍ ഇന്ന് ചില നിര്‍മ്മാതാക്കള്‍ ഇരിക്കില്ല. മറിച്ചുമുണ്ട്. മമ്മുട്ടി പോലും വളരെയധികം ബഹുമാനിക്കുന്ന നിര്‍മ്മാതാക്കളും ഇന്നുണ്ട്. ഞാനെന്ത് ഒരു പയ്യന്‍ പ്രൊഡ്യൂസര്‍. ഷൂട്ടീംഗ് ലോക്കേഷനിലെത്തിയ പലര്‍ക്കും എന്നെ പലരും പരിചയപ്പെടുത്തി. 'ഇത് നീലത്താമരയുടെ പ്രൊഡ്യൂസര്‍, അബ്ബാസ്.' എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. കൊമ്പന്‍ മീശയൊക്കെയുള്ള മറ്റൊരു അബ്ബാസ് എന്ന് സിനിമാഫീല്‍ഡില്‍ ഉണ്ടായിരുന്നു. പേരു കേട്ടപ്പോള്‍ എല്ലാവരുടെയും മനസ്സില്‍ അങ്ങനൊരു രൂപമായിരുന്നു.

ലാല്‍ജോസ് പറഞ്ഞത് പഴയ നീലത്താമര താന്‍ കണ്ടിട്ടില്ല എന്നാണ്. അബ്ബാസ് പുതിയ നീലത്താമര കണ്ടോ?

ലാല്‍ജോസ് പറഞ്ഞത് കളവാണ്. അയാള്‍ എന്റെ സിനിമ കണ്ടിട്ടുണ്ട്. ആദ്യത്തെ പടം തന്നെയാണ് നല്ലത്. അങ്ങനെയാണ് സിനിമ കണ്ട ഉടനെ വിളിച്ചവരും പറഞ്ഞത്. ആകെ ആ പാട്ടുമാത്രമേ ഉള്ളൂ കൊള്ളാവുന്നത്. ഫഌഷ്ബാക്കിലും മറ്റുമായി കഥ പറഞ്ഞ് ആകെക്കൂടി ഒന്നും മനസ്സിലാകാത്ത അവസ്ഥയുണ്ട് പുതിയ സിനിമയ്ക്ക്. പിന്നെ എം.ടിയുടെ തിരക്കഥയ്ക്ക് ഒരു സംവിധായകന്റെ ആവശ്യമില്ല. ആര്‍ട്ടിസ്റ്റ് എവിടെ നില്‍ക്കണം, ഫ്രെയിം എവിടെ വെക്കണം എന്നെല്ലാം തിരക്കഥയിലുണ്ടാകും. ഫ്രെയിം ടു ഫ്രെയിം. ഒരു സാധാരണ ചെറിയ കുട്ടിക്കുവരെ എം.ടിയുടെ തിരക്കഥ കിട്ടിയാല്‍ സംവിധാനം ചെയ്യാം. അത്ര പെര്‍ഫക്ട് ആയിരിക്കും.

പുതിയ നീലത്താമര വിരിയുന്നത് എങ്ങനെയാണ്?

ലാല്‍ജോസ് കുറെക്കാലമായി എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു. 'നിനക്കങ്ങനെയൊരു താത്പര്യമുണ്ടെങ്കില്‍ പുതിയതൊന്നുമില്ല. പഴയത്, വന്നത് ഒന്നുണ്ട്. താത്പര്യമുണ്ടെങ്കില്‍ അതൊന്ന് രണ്ടാമത് എടുത്തോ' എന്നായിരുന്നു എം.ടിയുടെ മറുപടി. 'എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ്. പക്ഷേ, ഇതിന്റെ ക്രെഡിറ്റ്‌സ് മുഴുവനും അബ്ബാസിനാണ്' എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഏതൊക്കെയോ വഴികളിലൂടെ ലാല്‍ജോസ് എന്റെ നമ്പര്‍ തപ്പിപ്പിടിച്ച് എന്നെ വിളിച്ചു.

'അബ്ബാസ് സാറല്ലേ?' എന്നാണ് ലാല്‍ജോസ് ആദ്യം ചോദിച്ചത്.
'ഞാന്‍ ലാല്‍ജോസാണ്' എന്നും പറഞ്ഞു. എനിക്ക് എന്തു പ്രായം ഉണ്ടാകും, എന്ത് വിളിക്കണം, എന്തു ചോദിക്കണം എന്നൊരു ആശയകുഴപ്പം ലാല്‍ജോസിന്റെ ശബ്ദത്തിലുണ്ടായിരുന്നു. പിന്നെ, 'അബ്ബാസ്‌ക്ക എവിടെയാണ്. എം.ടി പറഞ്ഞതാണ് സാറിനെ വിളിക്കാന്‍. നീലത്താമര വീണ്ടും എടുക്കാന്‍ ആഗ്രഹിക്കുന്നു. സമ്മതം തരണം. എന്താണെന്നു വെച്ചാല്‍ ചെയ്യാം. സുരേഷ് (മേനകസുരേഷ്) ആണ് നിര്‍മ്മാതാവ്. സുരേഷുമായി സംസാരിച്ചിട്ട് തിരിച്ചുവിളിക്കാം' എന്നൊക്കെ പറഞ്ഞ് അന്ന് ഫോണ്‍ വെച്ചു. അടുത്ത ദിവസം തന്നെ ലാല്‍ജോസ് എന്നെ വിളിച്ചു. പുതിയ പടത്തിന്റെ പൂജയ്ക്ക് പഴയ സിനിമ ക്രൂവിനെ ആദരിക്കുന്നുണ്ട്. പരിപാടിക്ക് വരണമെന്നു പറയാന്‍ കൂടിയായിരുന്നു അത്. ഞാന്‍ എത്താമെന്നും പറഞ്ഞു. അപ്പോഴും പറഞ്ഞു, 'നമുക്ക് എന്താണ് എന്നുവെച്ചാല്‍ ചെയ്യാമെന്ന്.' ഞാന്‍ പിന്നെ അതിനെകുറിച്ചൊന്നും സംസാരിക്കാന്‍ പോയില്ല. അവര്‍ ടിക്കറ്റ് ബുക്കു ചെയ്തു. എയര്‍പോര്‍ട്ടില്‍ നിന്ന് എന്നെ കൂട്ടിക്കൊണ്ടുപോയി. അന്നാണ് ഞാന്‍ ലാല്‍ജോസിനെ നേരില്‍ പരിചയപ്പെടുന്നത്. പുതിയ ആളുകള്‍ പഴയ ക്രൂവില്‍ നിന്നും ദക്ഷിണ വാങ്ങിക്കുന്ന പരിപാടിയൊക്കെ ആയിരുന്നു അന്ന്. പഴയ ആളുകളൊക്കെ അന്നു വന്നിരുന്നു. ഭവാനി ഒഴിച്ച്. എം.ടിയുണ്ടായിരുന്നു. യൂസഫ്ക്കായെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ എത്തുമെന്നാണ് പറഞ്ഞത് എന്നായിരുന്നു ലാല്‍ജോസിന്റെ മറുപടി. കാലങ്ങള്‍ക്കുശേഷമാണ് പലരേയും കാണുന്നത്. അന്നും ഇന്നും സത്താര്‍ എനിക്ക് ഒരു സിനിമ നടനല്ല, അടുത്ത കുടുംബ സുഹൃത്താണ്. വരുന്നതിന് മുമ്പ് അതുകൊണ്ട് തന്നെ ആകെ വിളിച്ചത് സത്താറിനെ മാത്രമാണ്. മുമ്പ് മദ്രാസില്‍ പോകുമ്പോള്‍ സത്താറിന്റെയും ജയഭാരതിയുടെയും കൂടെയാണ് ഞങ്ങള്‍ താമസിച്ചിരുന്നതൊക്കെ. ലാല്‍ജോസുമായുണ്ടായ എന്തോ പഴയ ഉടക്കിന്റെ പേരിലാണ് യൂസഫ്ക്ക പൂജയ്ക്ക് വരാതിരുന്നത് എന്ന് പിന്നെയാണ് അറിഞ്ഞത്. കുറച്ചുകാലത്തേക്ക് യൂസഫ്ക്കായ്ക്ക് ഇതിന്റെ പേരില്‍ എന്നോട് പരിഭവമായിരുന്നു. 'എന്നോട് പറയാതെ അബ്ബാസ് ഫങ്ഷന് പോയില്ലേ' എന്നൊക്കെ പറഞ്ഞ്. അന്ന് വൈകീട്ടത്തെ ഫ്‌ളൈറ്റിന് തന്നെ ഞാന്‍ തിരിച്ചു പോകുകയും ചെയ്തു.

നമ്മള്‍ കുറെ വര്‍ഷം മുന്നോട്ടു വന്നുപോയി. ഒന്നു തിരിച്ചു പോകാം നവംബറിന്റെ നഷ്ടത്തിലേക്ക്?

നവംബറിന്റെ നഷ്ടം സംഭവിക്കുന്നത് 1984 ലാണ്. പത്മരാജനെ കോഴിക്കോട് കല്‍പ്പക ടൂറിസ്റ്റ് ഹോമില്‍വെച്ച് യാദൃശ്ചികമായി കാണുകയായിരുന്നു. ഇനി ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒന്നുകില്‍ പത്മരാജനൊപ്പം അല്ലെങ്കില്‍ ഭരതനൊപ്പം എന്നൊരു മോഹവും മനസ്സിലുണ്ടായിരുന്നു. പത്മരാജനെ കണ്ടു. സംസാരിച്ചു. എനിക്ക് ഒരു പടം ചെയ്യണമെന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. എനിക്കു വേണ്ടി അദ്ദേഹം ഒരു പടം സംവിധാനം ചെയ്യാമെന്നേറ്റപ്പോള്‍തന്നെ അമ്പരപ്പായിരുന്നു മനസ്സില്‍. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ തന്നെ എനിക്ക് അത്ഭുതമായിരുന്നു. അന്നും ഞാന്‍ ചെറുപ്പമാണല്ലോ! എനിക്ക് പറയാനുള്ളതൊക്കെ അദ്ദേഹം ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ഒരു തിരക്കും കാണിച്ചില്ല. ഞാന്‍ പറയുന്നതിന് ഇടയ്ക്കു കയറി പറഞ്ഞില്ല. അത്രയും അദ്ദേഹം എന്നെ പരിഗണിച്ചു. പിന്നെ സിനിമയുടെ ഷൂട്ടിംഗ് ഒക്കെ നടക്കുമ്പോള്‍, അദ്ദേഹവുമായി അല്‍പം കൂടി അടുത്തപ്പോള്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, 'എനിക്കു വേണ്ടി ഒരുപടം ചെയ്യുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എന്താണ് പെട്ടെന്ന് സമ്മതിച്ചതെ'ന്ന്. 'അബ്ബാസ് ചെയ്ത പടം ചെറിയ പടമൊന്നുമല്ലല്ലോ? സാധാരണ ഒരാള്‍ ചെയ്യുന്ന പടവുമല്ല. എം.ടി വാസുദേവന്‍ നായര്‍ എന്നു പറഞ്ഞാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ഞാന്‍ വായിക്കുന്ന, ആരാധിക്കുന്ന ഒരാള്‍. എംടിയുടെ പടം ചെയ്ത പ്രൊഡ്യൂസറെ എനിക്ക പടം ചെയ്യാന്‍ കിട്ടുക എന്നു വെച്ചാല്‍ അതൊരു വലിയ കാര്യമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എനിക്ക് ജീവിതത്തില്‍ കിട്ടിയ വലിയ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ആ മറുപടി. കെ.എസ് ചിത്ര ആദ്യമായി പാടിയത് നവംബറിന്റെ നഷ്ടത്തിനുവേണ്ടിയായിരുന്നു. അവര്‍ ഈ അടുത്ത് ഒരഭിമുഖത്തില്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അത് ഓര്‍ക്കുന്നത് തന്നെ. 22 ഫീമെയില്‍ കോട്ടയം ഇറങ്ങിയപ്പോള്‍ അത് നവംബറിന്റെ നഷ്ടത്തിന്റെ കോപ്പിയടിയാണെന്ന് പറഞ്ഞ് പലരും എന്നെ വിളിച്ചിരുന്നു. ശരിയാണ്, നവംബറിന്റെ നഷ്ടത്തിന്റെ കഥ തന്നെ പ്രതികാരമാണ്. പ്രതാപ് പോത്തനെ കൊല്ലുന്ന രംഗം പോലും 22 ഫീമെയില്‍ കോട്ടയം അനുകരിക്കുകയായിരുന്നു. രണ്ടിലും ആ സീനില്‍ വരുന്നത് പ്രതാപ് പോത്തനുമാണ്.

നവംബറിന്റെ നഷ്ടം ഒരു നഷ്ടമായിരുന്നോ?

ലാഭമായിരുന്നില്ല എന്ന് പറയാം. പതിനാലു ലക്ഷത്തോളം രൂപയാണ് അന്ന് പ്രൊഡക്ഷന്‍ കോസ്റ്റ് വന്നത്. നാലു വര്‍ഷത്തെ പ്രവാസജീവിതത്തിന്റെ സമ്പാദ്യമാണ് നീലത്താമരയ്ക്കു വേണ്ടി ചെലവഴിച്ചത്. അന്ന് ആ പടത്തിന് മുഴുവന്‍ ചെലവായ തുകയിലധികം കൊടുക്കണം ഇന്നത്തെ ഒരു നടന്. സൂപ്പര്‍സ്റ്റാറുകളുടെ കഥയല്ല. സ്വഭാവ വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക്. പ്രൊഡക്ഷന്‍ കോസ്റ്റ് അത്രയ്ക്കും കുറവായിരുന്നു. അഞ്ചുലക്ഷത്തില്‍ താഴെ മാത്രമേ നീലത്താമരയ്ക്ക് മുടയ്ക്കു മുതല്‍ വേണ്ടി വന്നുള്ളൂ.

ഇപ്പോള്‍ ഒന്നരക്കോടി മുടക്കുമുതലിലാണ് പറയാന്‍ ബാക്കിവെച്ചതുമായി വരുന്നത്?

നവംബറിന്റെ നഷ്ടത്തിനുശേഷം പത്മരാജന്റെ സംവിധാനത്തില്‍ ഒരു മമ്മുട്ടിച്ചിത്രം പ്ലാന്‍ ചെയ്തിരുന്നു. മമ്മുട്ടിക്ക് അഡ്വാന്‍സും കൊടുത്തു. പക്ഷേ, സിനിമ നടന്നില്ല. അപ്പോഴേക്കും പത്മരാജനും മരിച്ചു. പിന്നെ കുറക്കാലം കുടുംബസമേതം ഗള്‍ഫിലായിരുന്നു. ബിസിനസ്സിന്റെ തിരക്കുകളില്‍ അങ്ങനെ മുന്നോട്ടുപോയി. പുതിയ നീലത്താമരയുടെ പൂജയ്ക്ക് എത്തിയതാണ് സിനിമയിലേക്ക് രണ്ടാംവരവിന് നിമിത്തമായതെന്നും വേണമെങ്കില്‍ പറയാം. നാട്ടിലെത്തി സെറ്റില്‍ഡായത് ആറുമാസത്തിനു മുമ്പാണ്. പുതിയ സിനിമയെ കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. നാട്ടിലെത്തിയതറിഞ്ഞ് പലരും കഥ പറയാനൊക്കെ വന്നു. കരീം അങ്ങനെ വന്നതാണ്. മൂന്ന് പടം ചെയ്തിട്ടുണ്ട്. ഒരു വലിയ ഗ്യാപ്പിനുശേഷമാണ് കരീം സംവിധായകനാകുന്നത്. ഭരതനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന എന്റെ ആഗ്രഹം നടന്നില്ല. ഭരതന്റെ ശിഷ്യനിലൂടെ ആ ആഗ്രഹം പൂര്‍ത്തികരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. തിരക്കഥാകൃത്ത് സതീഷ്, പത്മരാജന്റെ ബന്ധുവാണ്. സിനിമ കൂടുതല്‍ നന്നാകണമെന്ന എന്റെ ആഗ്രഹമാണ് ക്യാമറ മധു അമ്പാട്ടിന്റെ കൈകളിലെത്തിച്ചത്. നല്ല ക്യാമറാമാന്‍ ഉണ്ടാവുക എന്നതും സിനിമയുടെ വിജയമാണ്. നവംബറിന്റെ നഷ്ടത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചത് ഛായാഗ്രഹണത്തിനാണ്. രണ്ടു സിനിമകളിലൂം പുതുമുഖത്തെ കൊണ്ടുവന്നിരുന്നു. നീലത്താമരയിലൂടെ അംബികയെയും, നവംബറിന്റെ നഷ്ടത്തിലൂടെ രാമചന്ദ്രനെയും. പറയാന്‍ ബാക്കി വെച്ചതിലും പുതുമുഖങ്ങളെയാണ് അവതരിപ്പിക്കുന്നത്. മഖ്ഭൂല്‍ സല്‍മാനാണ് ചിത്രത്തിന്റെ നായകന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ