പീഡനകാലം സൃഷ്ടിക്കുന്ന അയിത്തങ്ങള്‍











വൈകീട്ട് എട്ടുമണിക്ക് കയറിയാല്‍, ഷിഫ്റ്റ് കഴിയുക പുലര്‍ച്ചെ നാലുമണിക്ക്. പിക്ക് ചെയ്യാനും ട്രോപ്പ് ചെയ്യാനും കമ്പനി വക ട്രാവലര്‍. ഒരു പേടിയും ഇതുവരെ തോന്നിയിരുന്നില്ല നയനയ്ക്ക്. രാത്രി ഏറെ വൈകി കിടന്ന്, രാവിലെ ഏറെ വൈകി എഴുന്നേല്‍ക്കുന്നതാണ് അല്ലെങ്കിലും അവള്‍ക്കിഷ്ടം. ഇപ്പോള്‍ രാത്രിയിലെ ജോലിയും ട്രാവലര്‍ യാത്രയും ആലോചിക്കുമ്പോള്‍ തന്നെ ജോലിക്ക് പോകാന്‍ മടിയാണ്. സഹപ്രവര്‍ത്തകരില്‍ ഏറെയും പുരുഷന്മാര്‍. സുഹൃത്ത് ഹിബ മറ്റൊരു കമ്പനിയിലേക്ക് ജോലി മാറിപ്പോയി... ലയയുടെ വിവാഹമായതിനാല്‍ അവളും ലീവിലാണ്. ഇരുപതോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ആ ട്രാവലറില്‍ അവള്‍ മാത്രമാണ് ഏക പെണ്‍കുട്ടി. ജോലി സ്ഥലത്തും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ. ഏതു നിമിഷവും താന്‍ ആക്രമിക്കപ്പെട്ടേക്കുമോ എന്ന ചിന്ത അവളുടെ ജോലിയുടെയും ഉറക്കത്തിന്റെയും സൗഹൃദത്തിന്റെയും താളം തെറ്റിച്ചിരിക്കുന്നു. നയനയുടെ പെരുമാറ്റത്തിലെ അരക്ഷിതാവസ്ഥ അവളുടെ സഹപ്രവര്‍ത്തകരെയും അസ്വസ്ഥതപ്പെടുത്തുന്നു...


*** *** ***

രണ്ടാംക്ലാസ്സുകാരി തന്‍ഹ സ്‌കൂള്‍ വിട്ടുവരാന്‍ അല്‍പം വൈകിയാല്‍ തലകറങ്ങുന്ന പോലെയാണ് തസ്‌ലീനയ്ക്ക്. ആരായിരിക്കും, എവിടെ തിരഞ്ഞാലായിരിക്കും, എന്തായിരിക്കും എന്നൊക്കെ ആലോചിച്ചാലോചിച്ച് അവള്‍ക്ക് ഭ്രാന്തുവരും. ദാമ്പത്യജീവിതത്തിലെ ആ നല്ല നിമിഷങ്ങളെ അത്രമേല്‍ മനോഹരമാക്കുന്നത് പലപ്പോഴും സലീമിക്കായുടെ സ്‌നേഹപൂര്‍ണമായ പെരുമാറ്റമാണ്. അപ്പോള്‍, ജീവനും മാനത്തിനും വേണ്ടി ചെറുത്തുനില്‍ക്കുന്ന ഓരോ പെണ്‍മേനിയിലേക്കും എത്ര ക്രൂരമായും മൃഗീയമായും കാടത്തപരമായും ആയിട്ടായിരിക്കും തന്റെ പൗരുഷത്തെ അവന്‍' ആഴ്ത്തിയിറക്കുന്നുണ്ടാകുക? ആറുവയസ്സുകാരിയുടെ സ്ത്രീത്വത്തിലേക്ക്, ആറുമാസക്കാരിയുടെ വിരിഞ്ഞുപോലും തുടങ്ങിയിട്ടില്ലാത്ത സ്ത്രീത്വത്തിലേക്ക് എത്രമാത്രം ദയയില്ലാതെയായിരിക്കും ആ നരാധമന്മാര്‍ തങ്ങളുടെ പൗരുഷത്തെ ആഴ്ത്തിയിറക്കിക്കൊണ്ടിരിക്കുന്നത്? കഴിഞ്ഞ കുറേ ദിവസങ്ങളായി സലീമിക്കയെ പോലും വിശ്വാസമില്ലാതെയായിരിക്കുന്നു. തന്‍ഹ മോളെ, ഇക്ക കുളിപ്പിക്കുമ്പോള്‍, രാത്രിയില്‍ മോളെ മാറത്ത് കിടത്തി ഉറക്കുമ്പോള്‍ അറിയാതെ താന്‍ ഒളിഞ്ഞുനോക്കിപ്പോകുന്നു. അവള്‍ക്കാണെങ്കില്‍ എന്തിനുമേതിനും പപ്പയെ മതി. തനിക്കെന്താണ് സംഭവിച്ചത് എന്നോര്‍ത്ത് ഇപ്പോള്‍ ആഹാരവും ഉറക്കവും ഇല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു തസ്‌ലീന. അവളെ ഒരുനല്ല സൈക്കോളജിസ്റ്റിനെ കാണിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു ഇന്ന് സലീം.

**** ***** ****

നയനയും തസ്‌ലീനയുമെല്ലാം സമൂഹത്തിലെ പെണ്‍മനസ്സിന്റെ പ്രതിനിധികള്‍.... മനസ്സില്‍ ഒരു തുരുത്തുകെട്ടി ഒറ്റയ്ക്ക് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍... ചോര പൈതലിന്റെ മേനിയില്‍ വരെ കാമം തീര്‍ക്കാന്‍ ആണൊരുങ്ങുമ്പോള്‍, പിറന്നുവീഴുന്ന ഓരോ ആണ്‍കുട്ടിയെ 'ഭയക്കുന്നിടത്തേക്ക് പെണ്‍സമൂഹവം എത്തിയിരിക്കുന്നു. പെണ്ണിനെ പുരുഷന്‍ വെറുമൊരു ലൈംഗിക ഉപകരണമായി മാത്രം കാണുമ്പോള്‍, പെണ്ണിനെ സംബന്ധിച്ചിടത്തോളം പുരുഷന്‍, പേടിക്കേണ്ട, അകന്നുമാറി നില്‍ക്കേണ്ട, അകറ്റി നിര്‍ത്തപ്പെടേണ്ട ഒരു ഭീകരസത്വമായി മാറിയിരിക്കുന്നു.
പണ്ട് ജാതിവ്യവസ്ഥ ഏതവസ്ഥയിലാണോ തൊട്ടുകൂടായ്മയും അയിത്തവും ആചരിച്ച് സമൂഹത്തെ വിഭജിച്ച് നിര്‍ത്തിയത്, അതേ അവസ്ഥയിലേക്കാണ് പീഡന വാര്‍ത്തകള്‍ സമൂഹത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. വ്യത്യസ്ത ജാതിക്കാര്‍ക്കിടയിലായിരുന്ന അയിത്തവും തൊട്ടുകൂടായ്മയും ഇന്ന്, ആണിനും പെണ്ണിനുമിടയില്‍ എന്നായി മാറിയിരിക്കുന്നു. പരസ്പരമുള്ള വിശ്വാസം ആണിനും പെണ്ണിനുമിടയില്‍ ഇല്ലാതായി. വീടിനകത്ത്, പഠനസ്ഥത്ത്, ജോലിയിടങ്ങളില്‍, പൊതു ഇടങ്ങളില്‍- താന്‍ കാണുന്ന ഓരോ ആണിനെയും അവള്‍ സംശയത്തോടെ നോക്കുന്നു. വീട്ടില്‍ അച്ഛനോ ആങ്ങളയ്‌ക്കോ ഒപ്പം തനിച്ചാകുന്ന പെണ്‍കുട്ടിയുടെ ഉള്ള് ആളുന്നു. പ്രായപൂര്‍ത്തിയായ മകനൊപ്പം തനിച്ചായിപ്പോകുന്ന അമ്മയുടെ നെഞ്ചിലെ ആളലിന്റെ തീവ്രതയും തെല്ലും കുറവല്ല. ചിലപ്പോള്‍ അമ്മയെപ്പോലും അവള്‍ സംശയിക്കുന്നു. എപ്പോള്‍, ആര്‍, എങ്ങനെ.... അവളുടെ മനസ്സ് ചോദിച്ചു കൊണ്ടേയിരിക്കുന്നു.

പെണ്ണെന്നാല്‍ പുരുഷന് വെറും ശരീരമായി മാറിയ കാലത്ത് തന്നെത്തന്നെ അവള്‍ വെറുത്തു തുടങ്ങുന്നു. എന്നിട്ടും അവള്‍ക്കു ചുറ്റുമുള്ള വേലിക്കെട്ടുകളുടെ വീതി വീണ്ടും വീണ്ടും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. ലക്ഷ്മണരേഖകള്‍ മാറ്റിവരയ്ക്കപ്പെടുന്നു. പത്തു തലയുള്ള ഒരു രാവണന് പകരം, ഒരായിരം രാവണന്മാര്‍ ആ ലക്ഷ്മണരേഖ കടന്ന് അവളുടെ ജനനേന്ദ്രിയത്തിലേക്ക് കയറ്റാനുള്ള ഇരുമ്പുകമ്പിയുമായ പറന്നുവരുന്നു... എന്നിട്ടും സദാചാരത്തിന്റെ മൂര്‍ച്ചയുള്ള ഒരായിരം കുന്തമുനകള്‍ രാവണക്കോട്ടയുടെ രക്ഷാകവചം തീര്‍ക്കുന്നത് ഈ രാവണന്മാര്‍ക്കാകുന്നു എന്നത് വിരോധാഭാസം.
നിയമങ്ങളും പദ്ധതികളും ഒരുപാടുണ്ട് അവളുടെ സുരക്ഷയ്ക്കായി. ഇനിയും വരും ഒരുപാടൊരുപാട്... പക്ഷേ, ഇനിയും കേള്‍ക്കാം ഇത്തരം വാര്‍ത്തകള്‍ ഒരുപാടൊരുപാട്.... അതിനനുസരിച്ച് പേരറിയാത്ത മാനസികരോഗങ്ങളും കണ്ടുപിടിച്ചെന്നുവരാം. അവയ്‌ക്കെല്ലാം വായില്‍ക്കൊള്ളാത്ത പല പേരുകളും ശാസ്ത്രം നല്‍കിയെന്നും വരാം... സമൂഹത്തിന്റെ ഈ രോഗത്തിനുള്ള മരുന്നോ പ്രതിവിധിയോ മാത്രം കണ്ടുപിടിക്കപ്പെടുന്നില്ലെന്നു മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ