ഈ കുഞ്ഞുങ്ങളെ നമുക്ക് വേണം




പണ്ട്, ചാനല്‍യുദ്ധങ്ങള്‍ തുടങ്ങുന്നതിനു മുമ്പ്... മലയാളിക്ക് ദൃശ്യലോകമായുണ്ടായിരുന്നത് ദൂരദര്‍ശന്‍ മാത്രമായിരുന്നു. ദൂരദര്‍ശനിലെ 'കാണ്മാനില്ല' പരസ്യത്തില്‍ ഫോട്ടോ വരാന്‍ വേണ്ടി മാത്രം നാട്ടിലെ കുട്ടികള്‍ അന്ന് നാടുവിട്ടുപോയിരുന്നു... ചിലര്‍ക്ക് നാടുവിട്ടു പോകാന്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ഉണ്ടായിരുന്നു. ആണ്‍കുട്ടികളാണെങ്കില്‍ പരീക്ഷയിലെ തോല്‍വി, മുമ്പ് നാടുവിട്ടുപോയി പണക്കാരനായി തിരിച്ചുവന്ന ആരോടെങ്കിലുമുള്ള ആരാധന, വീട്ടിലെ വഴക്ക്, അസ്വാരസ്യങ്ങള്‍, വഴിവിട്ട ജീവിതത്തിനായുള്ള എളുപ്പവഴി, പെണ്‍കുട്ടികളാണെങ്കില്‍ പ്രേമം, ഒളിച്ചോട്ടം.... കാലം അവിടെ നിന്നെല്ലാം ഒരുപാട് യാത്ര ചെയ്തു...
നമ്മുടെ കുട്ടികളെ ഇന്നും കാണാതാകുന്നു. കാണാതാകുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമായി ഉയര്‍ന്നിരിക്കുന്നു. കുടുംബവും സമൂഹവും അധികാരികളും നിയമവും നീതിയും ഒരുപോലെ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു. നമ്മുടെ കുട്ടികള്‍ എങ്ങോട്ട് പോകൂന്നു? ആരാണ് അവരെ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്? എന്തിനാണ് അവര്‍ നമ്മുടെ കുഞ്ഞുങ്ങളെ നമ്മില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്? എന്നിട്ട്, എന്താണ് അവര്‍ക്ക് കിട്ടുന്നത്?
കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ രാജ്യത്ത് ഒന്നാമത് മഹാരാഷ്ട്രയാണ്. കേരളത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. 2008-2010 കാലയളവിനുള്ളില്‍ 2116 കുട്ടികളെ സംസ്ഥാനത്തുനിന്ന് കാണാതായെന്നും ഇതില്‍ 216 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സംഘടനയുടെ പഠനം പറയുന്നു. എന്നാല്‍ 197 കുട്ടികളെ മാത്രമേ കണ്ടെത്താനുള്ളൂവെന്നാണ് നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോ പറയുന്നത്. കേരളത്തില്‍ നിന്ന് 1997 മുതല്‍ 2007 വരെയുള്ള പത്തുവര്‍ഷത്തിനുള്ളില്‍ കാണാതായത് 12000 ത്തിലധികം കുട്ടികളെന്നാണ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗിന്റെ കണക്ക്. 2011 ജൂണ്‍ വരെ കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ എണ്ണം 698 ആണ്. പഠനങ്ങളിലെ കണക്കുകളെല്ലാം വ്യത്യസ്തങ്ങളാണ്. യാഥാര്‍ത്ഥ്യം അതിനും എത്രയോ മീതെയാണ്.
ദേശീയ  ശരാശരി കണക്കാക്കിയാല്‍ ഓരോ മണിക്കൂറിലും 11 കുട്ടികളെ കാണാതാകുന്നു എന്നാണ് കണക്ക്. ഇതില്‍ നാലു പേരെ കണ്ടെത്താനുമാവുന്നില്ല. മറ്റൊരു പഠനം പറയുന്നത് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം രാജ്യത്ത് നിന്ന് കാണാതാകുന്നുവെന്നാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍വരെ കാണാതായത് 700 കുട്ടികളെയാണ്. കാണാതാകുന്നതില്‍ 60 ശതമാനവും പെണ്‍കുട്ടികളുമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി 5000 വീതം ആളുകളുള്ള 815 ഗുണ്ടാസംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ആറുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്.
മൈസൂരില്‍ 2009-2011 വരെയുള്ള കാലത്ത് കാണാതായത് 1612 കുട്ടികളെയാണ്. ഇതില്‍ 843 പേര്‍ പെണ്‍കുട്ടികളുമാണ്. ഇവരില്‍ 418  കുട്ടികളെ കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്നും 2 ലക്ഷം കുട്ടികളെ കാണാതായി. ഇന്ത്യയില്‍ മൊത്തം 33 ലക്ഷം കുട്ടികളെ ഈ കാലയളവില്‍ കാണാതായിട്ടുണ്ട്. ലോകത്തൊട്ടാകെ വര്‍ഷം തോറും 12 ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നു എന്ന ഐക്യരാഷ്ട്ര സഭയുടെ കണക്കു നോക്കുമ്പോഴാണ് രാജ്യത്തെ അവസ്ഥ എത്ര ഭീകരമാണ് എന്നാലോചിക്കേണ്ടത്.
അന്‍പത് രൂപ മുതല്‍ ഇരുന്നൂറ്റമ്പത് രൂപ വരെ വിലയില്‍ കുട്ടിലൈംഗികത്തൊഴിലാളികള്‍ കേരളത്തില്‍ ലഭ്യമാകുന്നുവെന്നാണ് ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റുന്നത് ഇവിടെ വളര്‍ന്നുവരുന്ന സെക്‌സ് ടൂറിസമാണ്. സുരക്ഷിത ലൈംഗിക ബന്ധത്തിലേര്‍പ്പെടാം എന്ന വാഗ്ദാനമാണ് വിദേശികള്‍ക്കായി നമ്മുടെ ഏജന്റുമാര്‍ നല്‍കുന്നത്. വാഗ്ദാനം നിറവേറ്റാനായി അവരുടെ മുമ്പിലേക്ക് പറഞ്ഞയക്കപ്പെടുന്നത് നമ്മുടെ കുഞ്ഞുമക്കളെയാണ്. നമ്മുടെ പെണ്‍മക്കള്‍ മാത്രമല്ല ഇതില്‍ ഇരയാകുന്നത്. നല്ലതും ചീത്തയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തില്‍ നമ്മുടെ ആണ്‍കുട്ടികളും ചെന്നുപെടുന്നത് ഈ മാംസക്കച്ചവടത്തിലേക്കാണ്. എന്തായാലും, അച്ഛനുമമ്മയും അറിഞ്ഞാവില്ല അവര്‍ ഈ പണിക്ക് വരുന്നത്. അവരിലെല്ലാവരും അച്ഛനുമമ്മയും ഇല്ലാത്തവരുമല്ല. അങ്ങനെയുള്ളവരും ഈക്കൂട്ടത്തിലുണ്ടെന്ന് ഉറപ്പ്. അങ്ങനെയാണെങ്കില്‍ കാണാതായ കുട്ടികളുടെ കണക്കില്‍ അനാഥബാല്യങ്ങള്‍ പെട്ടിട്ടുണ്ടാവില്ല. കാരണം അവരെ കാണാനില്ലെന്ന് പരാതികൊടുക്കാന്‍ ആരാണുള്ളത്?
ധാരാളം അനാഥാലയങ്ങളുള്ള നാടാണ് നമ്മുടേത്. അന്തേവാസികളില്‍ പലരും അവിഹിത ഗര്‍ഭത്തിന്റെയും പെണ്ണുകെട്ടി മൊഴിചൊല്ലല്‍ പ്രക്രിയയുടെയും സന്തതികളാണ്. അതുകൊണ്ടുതന്നെ അനധികൃ ദത്തെടുക്കല്‍ കൂടിവരികയാണിന്ന്. കാരണം, ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണവര്‍. അവരെ ഉപയോഗപ്പെടുത്തിയാല്‍ വന്‍ലാഭം കൊയ്യാമെന്ന് ഏജന്റുമാര്‍ക്കും അറിയാം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ ആര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് സമൂഹത്തില്‍ ഒളിച്ചിരിക്കുന്നത്. ലൈംഗിക ചൂഷണത്തിലേക്ക് മാത്രമല്ല, അവയവ കച്ചവടത്തിനും മരുന്നുപരീക്ഷണത്തിനും വരെ അവര്‍ ഇരയാകുന്നു.
പണ്ടു കാലത്തെ അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാനായി പറഞ്ഞു കൊടുക്കുന്ന കഥകളിലെല്ലാം ഈ 'കുട്ടികളെ പിടിത്തക്കാര്‍' ഒരു പ്രധാന കഥാപാത്രമായിരുന്നു. ഭക്ഷണം കഴിക്കാഞ്ഞാല്‍, വികൃതി കാട്ടിയാല്‍, ഉറങ്ങാതിരുന്നാല്‍ എല്ലാം അമ്മമാര്‍ മക്കളെ പറഞ്ഞു പേടിപ്പിച്ചിരുന്നു. കൂട്ടികളെ പിടിത്തക്കാര്‍ വന്ന് പിടിച്ചുകൊണ്ടുപോകുമെന്നും കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും കൈയ്യോ കാലോ മുറിച്ചുമാറ്റുമെന്നും പിച്ച തെണ്ടാന്‍ പറഞ്ഞയക്കുമെന്നും അമ്മമാരും മുത്തശ്ശിമാരും കുട്ടികളെ പറഞ്ഞു പേടിപ്പിക്കും. ഇതൊന്നും മുത്തശ്ശിക്കഥ മാത്രമല്ല, ഇന്നും നമ്മുടെ നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ അതിശയോക്തി കലരാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. ഭിക്ഷാടന മാഫിയ അത്രമേല്‍ വേരുറപ്പിച്ചിട്ടുണ്ട് നമ്മുടെ സമൂഹത്തില്‍. തട്ടിയെടുക്കുന്ന കുട്ടികളെ അംഗഭംഗം വരുത്തി യാചകവേഷത്തില്‍ പറഞ്ഞയച്ച് വന്‍ വരുമാനമുണ്ടാക്കുന്നു അവര്‍. വഴിയില്‍ വച്ചു കണ്ടാല്‍ സ്വന്തം അമ്മ പോലും തന്റെ കുഞ്ഞിനെ തിരിച്ചറിഞ്ഞെന്നുവരില്ല. അത്രയ്ക്ക് വൈരൂപ്യാവസ്ഥയിലാക്കിയിട്ടുണ്ടായിരിക്കും.
ഭിക്ഷാടനത്തിനേക്കാള്‍ ഭീകരമാണ് ബാലവേല. എട്ടും ഒമ്പതും വയസ്സായ കുട്ടികളെ ഒരു ദയയുമില്ലാതെ പണിയെടുപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളുള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണവര്‍. നല്ല വസ്ത്രങ്ങളോ നല്ല ഭക്ഷണമോ അവര്‍ക്കില്ല. അസുഖം വന്നാല്‍ മരുന്നു നല്‍കാനും ആരുമില്ല. നമുക്കു ചുറ്റും കാണുന്ന, നാം ഭക്ഷണം കഴിക്കാനിരിക്കുന്ന ഹോട്ടലില്‍ നമ്മുടെ ഉച്ഛിഷ്ടം വൃത്തിയാക്കാനെത്തുന്നവരില്‍ എത്രയോ ഒമ്പതുവയസ്സുകാരനെ നമ്മള്‍ കണ്ടിട്ടില്ലേ? അവന്‍ പറയുന്ന ഭാഷ മലയാളമല്ല എന്നതുകൊണ്ടു മാത്രം നമ്മള്‍ അവനെ അവഗണിച്ചില്ലേ? ഏതോ നാട്ടില്‍ അവനെ കാണാതെ ഒരമ്മ കരഞ്ഞു തളര്‍ന്ന് കിടപ്പുണ്ടാകുമെന്ന് നമ്മളെപ്പോഴെങ്കിലും ആലോചിച്ചോ?പകരം, ഇവനെപ്പോലത്തെ ഒരുത്തനെ സഹായത്തിന് കിട്ടിയാല്‍ എത്ര നന്നായിരുന്നു എന്നല്ലേ ആലോചിച്ചിട്ടുണ്ടാകുക. മുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കാണാതായ, സ്‌കൂള്‍ വിട്ട് തിരിച്ചെത്താതെയായിപ്പോയ നമ്മുടെ മക്കളും ഇതുപോലെ ഭാഷയും ദേശവും ഒന്നുമറിയാതെ ഏതെങ്കിലും ഹോട്ടലിന്റെ ഉച്ഛിഷ്ടം വാരുന്നുണ്ടാകില്ലേ? ആലോചിച്ചോ നമ്മളത്?
നമ്മുടെ നാട്ടില്‍ നടക്കുന്ന അവയവ വ്യാപാരത്തിന്റെയും ഇരകള്‍ ഈ കുഞ്ഞുമക്കളാണ്. ലക്ഷങ്ങള്‍ വിലയുള്ള തന്റെ കിഡ്‌നി അടിച്ചുമാറ്റാനാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അവര്‍ അറിയുന്നില്ല. തുന്നിക്കെട്ടിയ മുറിവുമായി ഏതോ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാകും അവന്‍. അവളോ, തന്റെ ഇടപാടുകാരനേയും കാത്ത് ഏതെങ്കിലും ചേരിയില്‍ അന്തിയുറങ്ങുന്നുമുണ്ടാകും. മയക്കുമരുന്നു കടത്താനും കുട്ടികളെക്കാള്‍ നല്ല വാഹകരില്ലായെന്ന് ആ രംഗത്തു പ്രവര്‍ത്തിക്കുന്ന റാക്കറ്റുകളും തിരിച്ചറിഞ്ഞു. ആരും സംശയിക്കില്ല. പരിശോധിക്കില്ല. സാധനം ഭദ്രമായി എത്തേണ്ടിടത്ത് എത്തുകയും ചെയ്യും. കുട്ടികളായതുകൊണ്ട് കമ്മീഷന്‍ കാശ് കുറയുകയുമില്ല.
നമ്മുടെ മക്കളെ കാണാതാകുന്നത് എന്തിനൊക്കെയാണെന്ന് അറിയാത്തവര്‍ ആരും ഇല്ല. എന്നിട്ടും പരിഹാരമാര്‍ഗങ്ങള്‍ കണ്ടുപിടിക്കപ്പെടുന്നില്ല. കുട്ടികളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും അന്വേഷണത്തിനും നിലവില്‍ കാര്യക്ഷമമായ സംവിധാനമില്ല. കുട്ടികളെ കാണാതാകുന്ന പരാതികള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള സംവിധാനമുണ്ടാകണം.  പരാതി നല്‍കാന്‍ ഉറ്റവരോ ഉടയവരോ ഇല്ല എന്ന കാരണത്താല്‍ ഒരു കുഞ്ഞിനെയും സമൂഹത്തിന് നഷ്ടമാവാന്‍ പാടില്ല. അവര്‍ ഭാവി സമൂഹത്തിന്റെ വരദാനമാണ്. അവരെ നമുക്ക് നഷ്ടമാവാന്‍ പാടില്ല. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും പലരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നുവെന്ന് മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഉറപ്പുനല്‍കുന്നു. വോട്ടുബാങ്കല്ല എന്നതിന്റെ പേരില്‍ മാത്രം എന്തിനാണ് ഈ കുഞ്ഞുമക്കളുടെ സങ്കടങ്ങള്‍ നാം കേള്‍ക്കാതെ പോകുന്നത്?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ