മാമുക്കോയനെ പോലീസ് അറസ്റ്റുചെയ്യോ?


രണ്ടു ദെവസായിട്ട് മ്മളെ നടന്‍ മാമുക്കോയ തീവ്രവാദിന്റെ ബാപ്പാണ്. എന്താത് പ്പം കഥാന്നല്ലേ? മൂപ്പര് ഇങ്ങനൊക്കെ അഭിനയിക്കാന്‍ പോയാല് പിന്നെ മൂപ്പരെ പോലീസ് പിടിക്കൂലേ? എന്താ മൂപ്പര്ക്ക് ആ പേടി ഇല്ലാത്തത്?
മ്മളെ നാറ്റീവ് ബാപ്പന്റെ കാര്യന്നെ പറയ്ണത്.... മാപ്പിള ആയിപ്പോയതിന്റെ പേരില്, മുസ്‌ലീം പേര് ആയിപ്പോയതിന്റെ പേരീല് ബല്ല്യബെല്ല്യ ആള്‍ക്കാരെയൊക്കെത്തന്നെ പോലീസ് പിടിക്ക്ണ കാലാ... എയര്‍പോര്‍ട്ടിന്റെ അടുത്തൂക്കൂടൊന്നും പോകാന്‍ തന്നെ പറ്റൂല. മ്മളെ ഇന്ത്യാലേന്നല്ല, ഒരു നാട്ടിലും പറ്റൂല... അങ്ങനത്തെ ഇക്കാലത്ത് എന്തുകണ്ട്ട്ട ഈ ആണ്‍കുട്ടോള് ഇമ്മാതിരി ധൈര്യം കാട്ടീതെന്നാ മനസ്സിലാകാത്തത്..... അതും അവരുടെ സ്വന്തം പേരീല്.... മുസ്‌ലീം പേരീല്..... എന്തെങ്കിലും ഹിന്ദുപേര് സ്വീകരിച്ച് കള്ളപ്പേരില്‍ ഇറക്ക്യാപോരായിരുന്നോ അവര്‍ക്ക് ഈ വീഡിയോ? അക്കുട്ട്യേളേം ഇനി പോലീസ് പിടിക്കൂലേ?
നിയമവിരുദ്ധ പ്രവര്‍ത്ത നിരോധന നിയമബില്ല് എന്ന പേരില് ഒരു നിയമൊക്കെ ഉണ്ടുപോലും. അതില് പുതിയ ഭേദഗതിയൊക്കെ വന്ന സമയാണ്. ഒന്നുകൂടി ഭേദഗതിയൊക്കെ വരുത്തി ഇമ്മാതിരി വീഡിയോ എടുക്കണതും ഇമ്മാതിരി കവിത എഴുതുന്നതുമൊക്കെ ആ നിയമത്തിന്റെ പരിധിയില്‍ വരാണെങ്കില്‍ മാമുക്കോയനെം മൂഹ്‌സിനെന്ന സംവിധായകനെയും ഒക്കെ തൂക്കിക്കൊല്ലോ? കുറ്റം രാജ്യദ്രോഹാണെന്ന് പറഞ്ഞാല്‍ ഒരാളെ തൂക്കിക്കൊല്ലാന്‍ പറ്റൂം പോലും....
അടുത്ത വീട്ടിലെ റഹീംകാക്കയ്ക്ക് ചെരുപ്പിന്റെ കച്ചോടാ. മൂപ്പര് ബോംബെന്നാണ് ചരക്ക് എടുക്കാറ്. ഇന്നാള് ശരിക്കും ഒരു ഉമ്മ പറഞ്ഞില്ലോ, 'രാജ്യദ്രോഹ്യാണെങ്കില്‍ മോന്റെ മയ്യത്ത് ഇനിക്ക് കാണണ്ടാന്ന്', ആ അതിനുശേഷം മൂപ്പര് ബോംബേ പോയി ചരക്ക് എടുത്ത് മൂപ്പരെ അഡ്രസ്സില്‍ അയച്ചാല്‍ ഭയങ്കര പ്രശ്‌നായീന്ന്. എപ്പളും ആ പെട്ടി പൊട്ടിച്ചിട്ടാ കിട്ടുന്നേന്ന്. പോരാത്തതിന് കസ്റ്റംസും പോലീസും ഒക്കെക്കൂടി ഒരുമാതിരി വല്ലാത്ത ചോദ്യം ചെയ്യലും. ഇപ്പം കടേല് സെയില്‍സിന് ഒരു ചെക്കന്‍ വന്നിട്ടുണ്ട്. 'രവി' ഓന്റെ പേരിലാണത്രെ ഇപ്പോ ചരക്ക് അയക്കാറ്. ഒരു ചോദ്യോം ഇല്ല ഉത്തരോം ഇല്ല. പെട്ടി പൊട്ടിക്കലും ഇല്ല. പെട്ടി കൃത്യമായി കടയിലെ അഡ്രസ്സില്‍ എത്തും. സമാധാനവും തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം രാത്രി പൊരേല് വന്നപ്പോ റഹീം ക്ക ഉപ്പനോട് പറയണത് ഞാന്‍ കേട്ടതാ.. ഇങ്ങനൊക്കെ മനുഷ്യന്മാര് ഇവ്‌ടെ പേടിച്ച് കഴിയണ കാലത്ത് കുറച്ച് ചെറുപ്പക്കാര്‍ ഇമ്മാതിരി വീഡിയോ ആയൊക്കെ വന്നാല്... അവര്ക്ക് എപ്പം പണികിട്ടി ന്ന് ചോയിച്ചാ പോരെ?....
ന്നാലും വല്ലാത്തൊരു ധൈര്യം തന്ന്യായിപ്പോയി ആ കുട്ട്യോള് കാണിച്ചത്. അതും മാമുക്കോയന്റെം അയില് അഭിനയിച്ചിരിക്കണ മറ്റു കുട്ട്യോളേം പിറകിലുള്ള ചുമരിലുള്ളത് ആരുടെ ഫോട്ടാന്നറിയോ? മ്മളെ മഅ്ദനീന്റെ. ഇനിപ്പോ മാമുക്കോയെം മാമുക്കോയന്റെ കൂടെ അഭിനയിച്ചവരും സംവിധായകനും ഒക്കെക്കൂടി എപ്പളാ ബംഗ്ലൂരു ജയിലില്‍ പോകാ?  മഅ്ദനിനെ കാണാന്‍? മിക്കവാറൂം ഓലായിട്ട് പോകലായിരിക്കില്ല. കംപ്ലീറ്റ് പോലീസ് പ്രൊട്ടക്ഷനില്‍ കൂട്ടിക്കൊണ്ടോവാന്‍ വരൂലേ ഇനി പ്പോ പട്ടാളോം പോലീസും ഒക്കെക്കൂടി. ആലോചിച്ചിട്ട് തന്നെ പേടിയാവൂന്നു... ന്നാലൂം വല്ലാത്തൊരു ധൈര്യം തന്നെ ആ ആങ്കുട്ട്യോള് കാണിച്ചത്.
അല്ല, ഇനി പ്പോ ഇതൊക്കെ എയുതിപ്പോയതിന്റെ പേരില് ന്നെംം പോലീസ് പിടിച്ച് കൊണ്ടു പോകോ?.... ആ ആര്‍ക്കറിയാം?


http://www.youtube.com/watch?v=qy-IT6mMxr4

1 അഭിപ്രായം: