ഒരു വിവാഹപരസ്യത്തിന്റെ ഓര്‍മയ്ക്ക്‌


http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-322405

പരിചയത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് യോജിച്ച വരനെ കിട്ടാന്‍ പത്രപരസ്യം നല്‍കിയതും പരസ്യത്തില്‍ തന്റെ മൊബൈല്‍ നമ്പര്‍ നമ്പര്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അനുഭവവും ലേഖിക മുന്‍പൊരിക്കല്‍ വിശദമായി എഴുതിയത് വായിച്ചിരുന്നു. സമാനമായ അനുഭവം അതിനുശേഷം എനിക്കുമുണ്ടായി.
ഉപ്പയുടെ സുഹൃത്തിന്റെ സഹോദരി. എഴ് ആങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങള്‍. എട്ടുവര്‍ഷത്തെയോ മറ്റോ ദാമ്പത്യം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനപരമ്പരകള്‍.  ഒന്നുമവള്‍ വീട്ടിലറിയിച്ചില്ല. അവസാനം സഹിക്കെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയിടത്തുനിന്ന് തിരിച്ചുപിടിച്ച ജീവിതം. വിവാഹമോചനം.
ആങ്ങളമാര്‍ എല്ലാവരും ഗള്‍ഫില്‍. തുണയ്ക്ക് ആരുമില്ല. എട്ടുവര്‍ഷത്തെ ദാമ്പത്യജീവിതം ദുരിതമല്ലാതെ ഒരു കുഞ്ഞിനെപ്പോലും നല്‍കിയില്ല. സഹോദരിക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ഒരു കൂട്ടുവേണം. അവര്‍ പത്രപരസ്യം നല്‍കി.
ആകെ പറ്റിയ അബദ്ധം 'നിലവില്‍ ഭാര്യമാരുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല'  എന്നൊരു വരി ചേര്‍ക്കാന്‍ മറന്നു.
നല്‍കിയ ഫോണ്‍ നമ്പര്‍ ഞങ്ങളുടെ ലാന്‍ഡ് ഫോണിന്റെ. പിന്നെ ഒരു സഹോദരന്റെ ഗള്‍ഫിലെ ഫോണ്‍ നമ്പറും.
ഉപ്പ സംസാരിച്ച് അനുയോജ്യമാണെ് തോന്നുകയാണെങ്കില്‍ ഗള്‍ഫിലുള്ള ആങ്ങളമാര്‍ക്ക് അവരുടെ നമ്പര്‍ കൊടുക്കും. അവര്‍ വിളിച്ചു സംസാരിച്ച് ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. ഇതൊക്കെയായിരുന്നു പത്രപരസ്യത്തില്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ മനസ്സിലെ കണക്കുക്കൂട്ടല്‍. ലേഖികയ്ക്ക് ഉണ്ടായതിലും കടുപ്പമേറിയ അനുഭവമായിരുന്നു പിന്നെ ഉണ്ടായത്.
കൃത്യം ഏഴുമണിമുതല്‍ തന്നെ ഫോണ്‍ വരാന്‍ തുടങ്ങി. അധികവും ഗള്‍ഫുകാര്‍. പുനര്‍വിവാഹിതയായതുകൊണ്ട് അവളെ വിവാഹം കഴിക്കുക എത് അവരുടെ ബാധ്യതയായി ഏറ്റെടുത്തവര്‍. ഒരുപടികൂടികടന്ന് പറയുകയാണെങ്കില്‍ പുനര്‍വിവാഹിതയായിട്ടും നിലവില്‍ ഭാര്യയുള്ളവര്‍ക്ക് വിവാഹം കഴിച്ചു നല്‍കാന്‍ തയ്യാറല്ല എന്ന ഞങ്ങളുടെ ഭാഗം ഒരുവല്ലാത്ത തെറ്റായിവരെ വിളിക്കുന്നവര്‍ ചിത്രീകരിച്ചു.
ഇക്കാലഘട്ടത്തിലും സമുദായത്തില്‍ ബഹുഭാര്യത്വം ഇത്ര ശക്തമായി തുടരുന്നുവല്ലോ എന്ന ചിന്ത ഉണ്ടാക്കിയ നടുക്കം കുറച്ചൊന്നുമല്ലായിരുന്നു.
തന്നെ സ്‌നേഹിച്ച്, തനിക്കുവേണ്ടി മാത്രം ജീവിച്ച്, തന്റെ മക്കളെ പെറ്റുപോറ്റി സ്വന്തം സൗന്ദര്യം ആര്‍ക്കും വേണ്ടാതെ ഹോമിച്ചു ജീവിച്ച പ്രിയതമയോട്, സ്വന്തം ചോരയില്‍ പിറന്ന മക്കളോട് ഈ പുരുഷന്മാര്‍ കാണിക്കുന്ന നീതികേടിനെക്കുറിച്ചോര്‍ത്ത് ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് ആ രാത്രികളില്‍...
ഗള്‍ഫുകാരാണ് വിളിച്ചവരിലധികവും. ഭാര്യയറിയാതെയുള്ള വിവാഹമാണ് എല്ലാവരുടെയും ആവശ്യം.
''ശരി, അപ്പോള്‍ നിങ്ങളെങ്ങനെ ഇവളുടെ കൂടെ ജീവിക്കും? ഗള്‍ഫില്‍ നിന്ന് വന്നാല്‍ കുറച്ചുകാലമല്ലേ നാട്ടില്‍ ഉണ്ടാവുകയുള്ളൂ?''
മറുപടി പെട്ടെന്നായിരുന്നു. ''നാട്ടില്‍ വന്നാല്‍ ഞാന്‍ കൂട്ടുകാരുടെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ കൊണ്ടുക്കൊടുക്കാന്‍ പോകാറുണ്ട്. അതുകൊണ്ട് പ്രശ്‌നമില്ല. ഭാര്യ അറിയില്ല...''
ഇതും ഇതിനുസമാനമായ മറുപടിയും ഞങ്ങള്‍ക്കുകിട്ടി.
''ഇത്ര കഷ്ടപ്പെട്ട് രണ്ടാമതൊരു കല്ല്യാണം കഴിക്കണോ'' എന്ന് ചോദിച്ചുപോയി പലരോടും.
പിന്നെ പലരോടും വീടെവിടെയാ, നാടെവിടെയാ എന്ന് ചോദിക്കുന്നതിനു മുമ്പ്, ഭാര്യ നിലവിലുണ്ടോ എന്നായി ഞങ്ങളുടെ ചോദ്യം. അപ്പോള്‍ ഒരു വിദ്വാന്‍ തിരിച്ചു ചോദിച്ചു. '' എന്താ ഭാര്യ നിലവിലുള്ളവര്‍ക്ക് നിങ്ങള്‍ കുട്ടിയെ കൊടുക്കില്ലേ?''
''ഇല്ല''
''അതെന്താ?'' അടുത്ത ചോദ്യം.
ആ ഫോണ്‍ എടുത്തു സംസാരിച്ചത് ഉമ്മയായിരുന്നു.
''നിലവിലുള്ള ഭാര്യയെ തന്നെ നല്ലോണം നോക്കാന്‍ നോക്ക്'' എന്നു പറഞ്ഞ് ഉമ്മ ഫോണ്‍ വെച്ചു.
അത്ഭുതപ്പെട്ടുപോയി ശരിക്കും. മുസ്ലീം പുരുഷന്റെ ലൈംകിക തൃഷ്ണയുടെ തീവ്രതയെക്കുറിച്ചോര്‍ത്ത്....
  പ്രവാസികളുടെ അടക്കിവെച്ച ലൈംഗികദാഹത്തെക്കുറിച്ച് പലരും പലവുരു ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്.  ഗള്‍ഫുഭാര്യമാരുടെ സദാചാരലംഘനത്തെക്കുറിച്ചോര്‍ത്ത് ഉറക്കം കളയുന്ന നാട്ടുകാരാരും ഇത്തരക്കാരായ ഗള്‍ഫുഭര്‍ത്താക്കന്മാരെ 22 ഫീമെയില്‍ കോട്ടയത്തെക്കുറിച്ച് ഓര്‍പ്പെടുത്താത്തതെന്താണെ് തെല്ലൊരു കുറുമ്പോടെ ചിന്തിച്ചുപോകുന്നു.
വിളിയുടെ എണ്ണം ദിവസത്തില്‍ തന്നെ നൂറുകടക്കുന്ന അവസ്ഥയിലെത്തി. ഒരുമാസം വരെ ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു.
വീട്ടിലാണെങ്കില്‍ ഫോണെടുക്കാന്‍ ഉമ്മ മാത്രം. ജോലി, സ്‌കൂള്‍ ആവശ്യാര്‍ത്ഥം ഞാനും അനിയനും അനിയത്തിയും ഉപ്പയും വീടിനു പുറത്ത്. ഉമ്മായ്ക്ക് വീട്ടിലെ ജോലികളൊന്നും നടക്കില്ല എന്ന അവസ്ഥയായിരുന്നു. ഫോണ്‍ എടുത്ത് എടുത്ത് ഉമ്മാക്ക് തലവേദനയിളകി. അവസാനം ഉമ്മ റിസീവറെടുത്ത് താഴെ വെച്ചു. ഒരത്യാവശ്യത്തിന് ഉമ്മയെ കിട്ടണമെങ്കില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയായി.
ഒരു ദിവസം സഹിക്കെട്ട്  ''ഇതിറ്റുങ്ങളുടെ അതൊക്കെ വല്ല തോക്കും കിട്ടിയെങ്കില്‍ വെടിവെയ്ക്കാനാ തോന്നുന്നത് എന്ന് പറഞ്ഞു പോയി.'' ( അന്ന് 22 ഫീമെയില്‍ കോട്ടയം ഇറങ്ങിയിട്ടില്ല). അതുകേട്ട അന്ന് പത്തുവയസ്സുപോലും പൂര്‍ത്തിയായിട്ടില്ലാത്ത അനിയത്തി പ്രതികരിച്ചത് പെട്ടെന്നായിരുന്നു. ''ശരിയാ താത്ത, നല്ല രസായിരിക്കും ബലൂണു പൊട്ടുന്നപോലെ അങ്ങനെ പൊട്ടുന്നത് കാണാന്‍''. അവള്‍ എന്തറിഞ്ഞിട്ടാണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഇന്നും എനിക്കറിയില്ല.
സമുദായത്തിലെ എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കുകയല്ല ഞാനും. പക്ഷേ ആ ഒരുമാസം വിളിച്ച മനുഷ്യന്മാരുടെ എണ്ണം അത്രയധികമായിരുന്നു.. ബഹൂഭാര്യത്വത്തില്‍ മാത്രം ചില പുരുഷന്മാര്‍ മത അനുയായികളായി മാറുന്നതെന്തേ? ലേഖിക ചോദിച്ചപോലെ ഈ ഒരു വലിയ വിഭാഗത്തെ എങ്ങനെ യഥാര്‍ത്ഥ ഇസ്ലാം പഠിപ്പിച്ചെടുക്കാം എന്ന ചോദ്യത്തോടെ ഞാനും ഈ കുറിപ്പും അവസാനിപ്പിക്കുന്നു.


പിന്‍കുറിപ്പ്:  ആ പത്രപ്പരസ്യം വന്ന ഏകദേശം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. ഫോണെടുത്തത് ഉമ്മയായിരുന്നു. മറുതലയ്ക്കലുള്ളയാള്‍ പറഞ്ഞൊപ്പിക്കുന്നു. ''കുറച്ചുകാലം മുമ്പ് ഒരു പത്രപ്പരസ്യം കൊടുത്തിരുന്നില്ലേ? ആ കുട്ടിയുടെ കല്ല്യാണം...'
''ആ അവളുടെ കല്ല്യാണം കഴിഞ്ഞു. ഓളിപ്പം പെറ്റു കിടക്കാ''  എന്നും പറഞ്ഞ് ഉമ്മ ഫോണ്‍ അവിടെവെച്ചു. അവിടെ നിന്നും മാസങ്ങള്‍ കഴിഞ്ഞാണ് അവരുടെ വിവാഹം ശരിയായത്.



2 അഭിപ്രായങ്ങൾ:

  1. ഒന്നിലേറെ പെണ്ണുങ്ങളെ കെട്ടിയിടല്‍ വലിയ 'ഇബാദത്ത്' ആണെന്നും ഒരു പെണ്ണിനെ(ഭാര്യയെ)യും സ്‌നേഹിക്കണമില്ലെന്നും 'പഠിപ്പിച്ച്' ആണ്‍മാപ്പിളമാരെ ആവേശംകൊള്ളിക്കുന്ന ഒരു കിതാബുണ്ട് മലയാളത്തില്‍. 'ബഹുഭാര്യത്വം ആശക്കും ആശങ്കക്കും മധ്യേ' എഴുതിയത് സുഹൈര്‍ ചുങ്കത്തറ. അത് വായിച്ചു സ്വഭര്‍ത്താവിനെക്കൊണ്ട് മൂന്നു കെട്ട് കെട്ടിച്ച് കൂലി കൂടുതല്‍ നേടണം ഖാസിദ.

    മറുപടിഇല്ലാതാക്കൂ
  2. സ്വപുരുഷനെ പങ്കുവെക്കാന്‍ നീ തയ്യാറായില്ലെങ്കില്‍ സ്വര്‍ഗപ്രവേശനം നിനക്ക് അസാധ്യമെന്ന ഉമ്മാക്കി പറഞ്ഞ് പേടിപ്പിച്ചാണ് സമുദായത്തിലെ പെണ്ണിനെ മതത്തിന്റെ വിധിവിലക്കുകളില്‍ കെട്ടിയിടുന്നത്. മതപണ്ഡിതന്മാര്‍ അതിനുവേണ്ട ഒത്താശയും ചെയ്ത്, മാതൃകയും കാട്ടുന്നു. കൂട്ടത്തില്‍ പുസ്തകങ്ങളും എഴുതിയിറക്കുന്നു. ബഹുഭാര്യത്വം മതം പറഞ്ഞതും വിമര്‍ശകര്‍ ജല്‍പിക്കുന്നതും എന്നൊരു പുസ്തകം കൂടിയുണ്ട്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ.
    ഇസ്ലാമതത്തെക്കുറിച്ചറിഞ്ഞ്, ഇസ്‌ലാംമതം സ്വീകരിക്കാന്‍ തയ്യാറായ യുവതിയെ വിവാഹം കഴിക്കാന്‍ അനുമതിച്ചില്ലെങ്കില്‍ അത് പടച്ചവനെ നിഷേധിക്കലാണെന്നാണ് എന്റെ സുഹൃത്തിനോട് അവളുടെ ഭര്‍ത്താവ് പറഞ്ഞത്. രണ്ടുപെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് എല്ലാം പടച്ചവന് വേണ്ടി ഞാന്‍ സഹിക്കുന്നു എന്നാണ് അവള്‍ അന്ന് പറഞ്ഞത്. തന്റെ പേരില്‍ മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന പേക്കുത്തുകള്‍ക്ക് പടച്ചവന്‍ തിരിച്ചടി കൊടുക്കുന്നുണ്ട് എന്നതിന് തെളിവായി തുടര്‍ന്നുള്ള അവരുടെ ജീവിതം. സുന്ദരിയായ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അവന്‍ മതത്തെ കൂട്ടുപിടിച്ചപ്പോള്‍ പടച്ചവന്‍ അവന് മറുപടി കൊടുത്തു. രണ്ടാം വിവാഹത്തിന് ശേഷം വൈദ്യശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ പറ്റാത്ത കാരണത്താല്‍ അവന്റെ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ചയില്ലാത്ത അവന്റെ ജീവിതത്തിന് വെളിച്ചം പകരാന്‍ ആദ്യ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ