അസ്തിത്വ ദുഃഖം പേറുന്ന കുഞ്ഞുങ്ങള്‍



''ശരിക്കും പറയാണെങ്കില്‍ ന്റെ ഇമ്മെം ഇപ്പേം ഡൈവേഴ്‌സ് ആണ്. ഞാന്‍ ഈ അനിയത്തി അനിയന്‍ന്നൊക്കെ പറയുന്നത് ഇപ്പേം ഇമ്മേം വേറെ കല്ല്യാണം  കഴിച്ചതിലുള്ളതാ''
പരിചയപ്പെട്ടിട്ട് ഒരു വര്‍ഷത്തിലേറെയായ എന്റെ കൂട്ടുകാരി ഇന്നലെയാണ് മനസ്സു തുറന്നത്. ഒന്നു നടുങ്ങിയെങ്കിലും ആ നടുക്കം അവളെ അറിയിക്കാതെ ഞാന്‍ വിദഗ്ദ്ധമായി ഒളിപ്പിച്ചു. ''അതു ശരിയാ.... മലപ്പുറത്ത് ഇങ്ങനെ ഒരുപാട് ആളുണ്ട്'' എന്നും പറഞ്ഞ് ഞാന്‍ അവളുടെ സങ്കടത്തെ പൊതുവത്കരിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാകാം അവള്‍ കുറച്ചുകൂടി എനര്‍ജെറ്റിക് ആയി.
ചികിത്സ തേടി ഉപ്പ കോട്ടക്കല്‍ ആര്യവൈദ ആശുപത്രിയില്‍ കിടക്കുന്ന സമയം. സഹരോഗികള്‍ക്കും ബന്ധുക്കള്‍ക്കും ഉപ്പ ഒരു അത്ഭുതമായിരുന്നു. പലരും തങ്ങളുടെ സംശയം നേരിട്ടു തന്നെ തീര്‍ത്തു. ''അല്ല. കലാംക്ക, ഇങ്ങക്ക് ഒരു ഭാര്യന്നെ ള്ളൂ...?  ചോദ്യത്തിലെ ആശയം ഉപ്പാക്ക് പെട്ടെന്ന് പിടികിട്ടിയില്ല. അതുകൊണ്ട്, ''എന്തേയ്'' എന്ന മറുചോദ്യമായിരുന്നു ഉപ്പാന്റെ ഉത്തരം. ''അതല്ല കലാംക്ക, ഇങ്ങള് ഒന്നെന്നെ കെട്ടീട്ടുള്ളൂ?''  ചോദ്യത്തിന്റെ ഗതി എങ്ങോട്ടാണ് എന്ന് ഉപ്പാക്ക് കൃത്യമായി പിടികിട്ടി. 'ഒന്നിനെ തന്നെ സഹിക്കാന്‍ പെടുന്ന പാട് ഇനിക്കേ അറിയൂ മോനെ''  എന്നു പറഞ്ഞ് ഒന്നു ചിരിച്ച് ഉപ്പ തഞ്ചത്തില്‍ മുങ്ങി.
വാര്‍ഡില്‍ പലരും മലപ്പുറം ജില്ലക്കാര്‍. മുസ്ലീം സമുദായക്കാര്‍. പലരും, ആണാവട്ടെ പെണ്ണാവട്ടെ ചെറുപ്രായത്തില്‍ വിവാഹിതരായവര്‍. മൊഴിച്ചൊല്ലിയവര്‍, ചൊല്ലപ്പെട്ടവര്‍... കുട്ടികള്‍ ഉള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ വീണ്ടും വിവാഹിതരായവര്‍., നിലവില്‍ ഭാര്യയുണ്ടായിരിക്കെ വീണ്ടും വീണ്ടും വിവാഹിതരായവര്‍...
സ്വരചേര്‍ച്ചയില്ലാത്തവര്‍ മരണം വരെ ഒരു കുരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിയേണ്ടി വന്നാല്‍ അതിനേക്കാള്‍ വലിയ ശിക്ഷയില്ല. നിലവില്‍ പെരുകി കൊണ്ടിരിക്കുന്ന വിവാഹമോചനത്തിന്റെ ഏറ്റവും വലിയ പോസിറ്റീവായി പലരും ഉയര്‍ത്തിക്കാട്ടുന്നതും ദാമ്പത്യത്തിന്റെ ഈ വശം തന്നെ. അങ്ങനെ നോക്കുമ്പോള്‍ ആരംഭകാലം മുതല്‍ തന്നെ മുസ്‌ലീം സമുദായം അഡ്‌വാന്‍സ്ഡ് ആണെന്നു പറയേണ്ടി വരും. ദാമ്പത്യത്തെ ദൃഢമാക്കുന്ന കുഞ്ഞുകുഞ്ഞു പിണക്കങ്ങളുടെ തുടക്കത്തില്‍ തന്നെ ഒന്നും രണ്ടും മൂന്നും ചൊല്ലി വേര്‍പിരിക്കലും പിരിയലും സാധാരണയായിരുന്നു. ശരാശരിയില്‍ കുറവ് വന്നിട്ടുണ്ടാകാമെങ്കിലും സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. അത്തരം ദാമ്പത്യത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍ പല പ്രായത്തില്‍ ആണ്‍പെണ്‍ ഭേദമന്യേ തന്റെ അസ്തിത്വം തേടി നടക്കുന്നു.
പരസ്പരം വേര്‍പിരിഞ്ഞു കഴിഞ്ഞാലും ജീവിതം വിശാലമായി മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ആഗ്രഹിക്കാതെ ലഭിച്ച കുഞ്ഞ് പല ഉമ്മയ്ക്കും ഉപ്പയ്ക്കും ബാധ്യതയാകുന്നു...  മറ്റൊരു ബന്ധം തേടി പോകാന്‍ ഭാര്യയും മക്കളുമൊന്നും ഒരിക്കലും മുസ്ലീം സമുദായത്തിലെ പുരുഷന് തടസ്സമാവുന്നില്ല. ബന്ധുക്കള്‍ക്ക് സ്വയമൊരു ബാധ്യതയാകാതിരിക്കാന്‍ ഒരുപക്ഷേ, മധുരപതിനേഴ് പോലും പിന്നിട്ടിട്ടില്ലാത്ത ഉമ്മയ്ക്കും മറ്റൊരു ജീവിതം സ്വീകരിക്കേണ്ടി വന്നിരിക്കാം. ഉമ്മയുടെയോ ഉപ്പയുടെയോ ഹണിമൂണിന് ഈ കുഞ്ഞിളം പൈതല്‍ തടസ്സമാവരുതല്ലോ.. എന്തായാലും പിന്നെ ആ കുഞ്ഞു ജീവിതം ഉമ്മായുടെയോ ഉപ്പയുടെയോ വീട്ടുകാരുടെ, അല്ലെങ്കില്‍ ഏതെങ്കിലും യത്തീംഖാനയുടെ കാരുണ്യത്തില്‍...  ഇടയ്ക്ക് രണ്ടു വീട്ടുകളിലേക്കും വിരുന്നുപോക്ക്. കഴിഞ്ഞു,  ജീവിതത്തിലെ മാതാപിതാക്കളെന്ന അനുഗ്രഹം.
നമ്മുടെ നാട്ടിലെ യത്തീംഖാനകളിലെ അനാഥമക്കളില്‍ ഭൂരിഭാഗവും ബാപ്പയും ഉമ്മയും ജീവിച്ചിരിക്കെ യത്തീമായി ജീവിക്കേണ്ടി വരുന്നതിന്റെ പ്രധാന കാരണവും മതത്തെ സ്വാര്‍ത്ഥതാത്പര്യത്തിന് കൂട്ട് പിടിക്കുന്ന ഇത്തരക്കാരുടെ പിടിവാശിയാണ്.
മനുഷ്യന്‍ തന്നെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതിന്റെ പഴി മതത്തിന്റെ പേരില്‍ കെട്ടിവെക്കുന്നതും അവന്‍ തന്നെ. വിരലിലെണ്ണിയാല്‍ തീരാത്ത മതസംഘടനകള്‍ നാട്ടിലുണ്ട്. കാക്കത്തൊള്ളായിരം തൊപ്പിക്കാരും താടിക്കാരും ഉണ്ട്. ഇവരൊക്കെ സമുദായ നവീകരണമെന്നു പറഞ്ഞ് ചെയ്യുന്നതെന്താണെന്ന സംശയം മാത്രം എപ്പോഴും മനസ്സില്‍ നിറയുന്നു. പരസ്പരം ചളി വാരിയെറിയുന്ന ചൊറിയുന്ന വര്‍ത്തമാനങ്ങള്‍ പറയാനല്ലാതെ, ഭൂമിക്ക് ഭാരമായി മതത്തിന്റെ പേരില്‍ കോണ്‍ക്രീറ്റ് കാടുകള്‍ പണിയുകയല്ലാതെ, സമുദായത്തിനും മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും പടച്ചവനെ പേടിച്ച് ജീവിക്കുന്നവര്‍ക്കും എന്ത് ഉപകാരമാണ് ഇവര്‍ ചെയ്യുന്നത്? എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍, രാഷ്ട്രീയക്കാരെപ്പോലെ അതിന് ചെലവാക്കുന്നതില്‍ കൂടുതല്‍ പബ്ലിസിറ്റിക്കായി പൊടിക്കുന്നുമുണ്ട്. ആരെങ്കിലും തിരുത്താന്‍ ശ്രമിച്ചാലോ, സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് പടച്ചവന്‍ ഞങ്ങളെയാ ഏല്‍പിച്ചിരിക്കുന്നത്, ഞങ്ങളോട് കളിക്കാന്‍ നില്‍ക്കണ്ട. സ്വര്‍ഗം കിട്ടില്ല എന്ന ഭീഷണിയും. പാവം വിശ്വാസി, പടച്ചവനെയും സ്വര്‍ഗത്തെയും വിട്ട് ഒരു കളിക്കും അവരില്ല. സ്വന്തം സമുദായത്തിലെ ഇത്തരം ജീര്‍ണതകളെന്നും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റും കയ്യില്‍ പിടിച്ചു നില്‍ക്കുന്നവര്‍ കാണില്ല. മതേതരവാദികളും ഇതര സമുദായങ്ങളും മുസ്ലീം സമുദായത്തെ കുറ്റപ്പെടുത്താന്‍ പൊലിപ്പിച്ചു കാട്ടുന്ന ഭീകരസത്വമാണ് ഇതെല്ലാം എന്നു പറഞ്ഞ് അവര്‍ കൈ കഴുകും. ഇതര സമുദായക്കാരിലും അപവാദത്തിന് ചിലരുണ്ട്. പക്ഷേ, അവര്‍ക്ക് മതത്തിന്റെ പേരില്‍ ചാര്‍ത്താന്‍ സാധിക്കാത്തതിനാല്‍ പേര് മറ്റൊന്ന്- ലിവിംഗ് ടു ഗെദര്‍. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ സെറ്റപ്പ്!!
ചുറ്റുപാടുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒരുപാട് പേരുടെ സമാന അനുഭവങ്ങള്‍ കേട്ടറി്ഞ്ഞിരുന്നു. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ കൂടുതല്‍ അസ്തിത്വ ദുഃഖം പേറുന്നുണ്ടാകുക എന്ന് പലതവണ മനസ്സില്‍ കണക്കു കൂട്ടിയിരുന്നു. വ്യത്യസ്ത തലത്തില്‍ വ്യത്യസ്ത ദുഃഖങ്ങള്‍ എല്ലാവരും പേറുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ''ആണ്‍കുട്ടിയല്ലെ, പ്രശ്‌നമില്ല, അവനെങ്ങനെയെങ്കിലും വളര്‍ന്നോളും'' എന്ന് പറയും ചിലര്‍. അതെ, അവന്‍ വളരുന്നത് 'എങ്ങനെയെങ്കിലും' തന്നെയാണ്.. പക്ഷേ, വളര്‍ന്നു കഴിഞ്ഞാലാണ് പ്രശ്‌നം. ഉമ്മാക്കും ഉപ്പാക്കും തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയക്കാന്‍ അവന്റെ സഹായം വേണം. അവന്‍ ചോര നീരാക്കി അധ്വാനിക്കുന്ന അവന്റെ വിയര്‍പ്പിന്റെ വില വേണം. പക്ഷേ, എല്ലാം ഒന്ന് ശാന്തമാക്കി, അവന്‍ ഒരു സ്വസ്ഥ ജീവിതം ആഗ്രഹിച്ചാലോ... കെട്ടികൊണ്ടു വരുന്ന പെണ്ണിനൊന്നിച്ച് അവന്‍ എവിടെ പൊറുക്കും? നാട്ടിലെ സമ്പ്രദായം അനുസരിച്ച് അച്ചി വീട്ടിലെ പൊറുതി നാണക്കേടാണ്...
ഇത് അവന്റെ അവസ്ഥ.. അവളോ...?  ''പെണ്‍കുട്ടീന്റെ കാര്യമാണ് കഷ്ടം. കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ പ്രശ്‌നമില്ല.'' ഇതാണ് അവളുടെ കാര്യത്തില്‍ നാട്ടുസംസാരം.. വളര്‍ച്ചയുടെ പല ഘട്ടത്തിലും പെണ്‍കുട്ടികള്‍ ഉമ്മയുടെ സാന്നിധ്യം ആഗ്രഹിക്കും.. പലതും അവള്‍ക്ക് ഉമ്മയോട് തുറന്നു പറയാനുണ്ടാകും. പക്ഷേ, പറയാന്‍ കഴിയാതെ അവളത് മനസ്സിലടക്കി തേങ്ങും... പറഞ്ഞാല്‍ ഉമ്മ അത് അവരുടെ ഭര്‍ത്താവിനോട് പറഞ്ഞാലോ? അയാള്‍ തന്നെപ്പറ്റി എന്തു വിചാരിക്കും... ഇങ്ങനെ പോകും അവളുടെ ചിന്തകള്‍...
എന്റെ കൂട്ടുകാരി അവളുടെ ബാക്കി കഥ കൂടി പറഞ്ഞു.  പത്താം ക്ലാസുകഴിഞ്ഞതോടെ വിവാഹത്തിന് പലഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം കൂടി. ഒരുവിധത്തിലാണ് പിടിച്ചുനിന്നത്. ജീവിതം നല്‍കിയ അനുഭവങ്ങള്‍ വിവാഹത്തില്‍ വിശ്വാസമില്ലാതാക്കിയിരുന്നു. പഠിക്കണം, ജോലി നേടണം. അല്ലാതെ കല്ല്യാണത്തിന് എന്നെയാരും നിര്‍ബന്ധിക്കണ്ട. തീര്‍ത്തു പറഞ്ഞു. ബി എഡ് നേടി. ഇപ്പോള്‍ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപിക.  ഉമ്മയിലുള്ള അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അവള്‍ക്ക് നല്‍കിയ സ്വര്‍ണത്തില്‍ ഒരുതരി പോലും ഇപ്പോള്‍ ബാക്കിയില്ലെന്ന് അവള്‍ ഒരു ചെറുചിരിയോടെ കൂട്ടിച്ചേര്‍ത്തു... സമാനദുഃഖിതനായ ഒരു സൗഹൃദം ഇപ്പോള്‍ പ്രണയത്തിന് വഴിമാറിയിട്ടുണ്ട്. ഉമ്മയിലും ഉപ്പയിലുമായി അര ടസണ്‍ പെങ്ങന്മാരുണ്ട് അവന്. അവരുടെ വിവാഹം കഴിയാതെ അവന് ഒരു ജീവിതം തുടങ്ങാന്‍ സാധിക്കുകയുമില്ല. ചിലപ്പോള്‍ തോന്നും പഴയ തീരുമാനമായിരുന്നു നല്ലതെന്ന്. മരണം വരെ തനിച്ച് മതിയെന്ന്. പക്ഷേ, ഒറ്റപ്പെടല്‍ വല്ലാതെയാകുമ്പോള്‍, അറിയാതെ അവന്റെ കൂട്ട് ആഗ്രഹിച്ചു പോകും...
ഇപ്പോള്‍ അവളുടെ താമസം ഉമ്മയുടെ ഉമ്മയുടെ കൂടെ. ''എനിക്ക് ജോലിയുണ്ടല്ലോ, അതുകൊണ്ട് അമ്മാവന്മാര്‍ക്ക് പോലും വല്യുമ്മയുടെ വിവരം അന്വേഷിക്കാന്‍ നേരമില്ലാതെയായി....'' അവളുടെ വാക്കുകളിലുളളത് വിലാപമല്ലായിരുന്നു.. ജീവിതത്തെ ഒറ്റയ്ക്ക് കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുന്ന, എല്ലാവരുമുണ്ടായിട്ടും അനാഥയായി വളരേണ്ടി വന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ ഉറച്ച ശബ്ദമായിരുന്നു...
''പാഠം ഒന്ന്, ഒരു വിലാപം പറയാന്‍ ഒരു ആര്യാടന്‍ ഷൗക്കത്ത് എങ്കിലും ഉണ്ടായി മതസംഘടനകള്‍ അയാളെയും അയാളുടെ സിനിമയെയും അംഗീകരിച്ചില്ലെങ്കിലും. ഇവരുടെ മനസ്സിന്റെ വിലാപം കേള്‍ക്കാന്‍ ഇനിയെന്നെങ്കിലും ആരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാം.

2 അഭിപ്രായങ്ങൾ:

  1. വിവാഹമോചിതയായ മാതാപിതാക്കളുടെ മക്കള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എല്ലാ സമൂഹങ്ങളിലും നില നില്‍ക്കുന്നതും ചര്‍ച്ച ചെയപ്പെടെണ്ടതും തന്നെ. വിഷയാവതരണത്തിന്റെ 'ഒറിജിനാലിറ്റി'ക്ക് വേണ്ടി ചേര്‍ത്തതാകാമെങ്കിലും ഒന്നിലധികം കെട്ടാത്തതിനാല്‍ താങ്കളുടെ പിതാവിനെ മലപ്പുറം ജില്ലയിലെ ഒരു ആസ്പത്രിയില്‍ വെച്ച് കണ്ട മറ്റുള്ളവര്‍ അദ്ഭുതത്തോടെ വീക്ഷിച്ചു (????!!!) എന്നത് അത്യന്തം അതിശയോക്തി കലര്‍ന്ന ഒരു കളവാകാനെ തരമുള്ളൂ എന്ന് പറയാതിരിക്കാന്‍ വയ്യ.

    മറുപടിഇല്ലാതാക്കൂ
  2. ഒന്നിലധികം കെട്ടാത്തത്തിന്റെ പേരില്‍ ഒരാളെ ആളുകള്‍ അത്ഭുതത്തോടെ വീക്ഷിക്കണമെങ്കില്‍ ആ നാട്ടിലെ ഭൂരിഭാഗം പുരുഷന്മാരും ഒന്നിലധികം കെട്ടിയവരാകണമല്ലോ. ചുരുങ്ങിയത് ഒരു അമ്പത് ശതമാനമെങ്കിലും. പോകട്ടെ ഒരു നാല്പതു ശതമാനമെങ്കിലും. ഇത്രയും വ്യാപകമായി ബഹുഭാര്യത്വം നിലവിലുള്ള മലപ്പുറം ജില്ലയിലെ ഏതെന്കിലും ഒരു പഞ്ചായത്തിന്‍റെ പേര് പത്ര പ്രവര്‍ത്തക കൂടിയായ താങ്കള്‍ക്കു അറിയാമോ ?

    മറുപടിഇല്ലാതാക്കൂ