വരന്...
എനിക്ക് അജ്ഞാതനായവനെ....
എനിക്ക് മുന്തിരിത്തോപ്പുകളില്‍ ചെന്ന് രാപ്പാര്‍ക്കേണ്ട....
അങ്ങകലെ സ്വര്‍ഗത്തില്‍വച്ച്
നീയെന്നെ താലിയണിയിക്കുകയും വേണ്ട..
ഇതാ, ഇവിടെ ഈ പരുപരുത്ത ഭൂമിയിലാണ്
എനിക്ക് ജീവിക്കേണ്ടത്...
പട്ടുചേലയും പൊന്പണ്ടങ്ങളുമല്ല എനിക്ക് വേണ്ടത്......
ചിറകുകളാണ്....
കാടകങ്ങളും തെരുവിടങ്ങളും തേടി നമുക്ക് നടക്കാം...
നമുക്കൊരുമിച്ച് പറക്കാം...
എന്നെയെന്ന പോലെ നീയെന്റെ
സ്വപ്നങ്ങളെയും പ്രണയിക്കുക..
കാരണം,
പ്രിയമുള്ളവനെ... നീയറിയുക.....
മഴനൂലുകള്‍ പോലെ സുതാര്യമായ കിനാവുകള്‍ കൊണ്ട് നെയ്തെടുക്കപ്പെട്ടവളാണ് ഞാന്‍ ....
(കടപ്പാട്-ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി മഞ്ജുഷ തോട്ടുങ്കലിന്റെ എഫ്ബി പോസ്റ്റ്)
അതെ, മഴനൂലുകള്‍ പോലെ സുതാര്യമായ കിനാവുകള്‍ കൊണ്ട് നെയ്തെടുക്കപ്പെട്ടവളാണ് ഓരോ പെണ്‍കുട്ടിയും.... തന്റെ കിനാവുകള്‍ നഷ്ടപ്പെടുത്താനായി ഒരിക്കല്‍ ഒരു വരന് വരുമെന്ന ഭീതി അവളുടെ ഉള്ളില്‍ അതുകൊണ്ടുതന്നെ വല്ലാതെ തിളച്ചുവേവുന്നുണ്ട്.
വിദ്യാഭ്യാസരംഗത്തെ പുരോഗതിയും തത്ഫലമായി വിവാഹരംഗത്തുണ്ടായ അധോഗതിയും പെണ്‍കുട്ടികളെ വീണ്ടും ശൈശവവിവാഹത്തിലേക്ക് കൈ പിടിച്ചു താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞാലും പഠനം തുടരാലോ എന്ന ന്യായം പറച്ചില്, ന്യായം പറച്ചിലായി മാത്രം തുടരുകയും, ഗര്‍ഭം, പ്രസവം, കുഞ്ഞ്, വീണ്ടും ഗര്‍ഭം, പ്രസവം, അടുത്ത കുഞ്ഞ്,പിന്നെ മാതാപിതാക്കളുടെ ശ്രുശ്രൂഷ എന്നിങ്ങനെ അവള് മറ്റ് ജോലിത്തിരക്കുകളിലായിപ്പോകുകയും പഠനവും ജോലിയും മറക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം ഒരുനല്ല വിവാഹബന്ധത്തിനുള്ള മാര്‍ക്കറ്റ് ആവുകയും മറുവശത്ത് വിദ്യാഭ്യാസത്തിനൊപ്പം പെണ്ണിന് കൂടുന്ന പ്രായം അവളുടെ വിവാഹകമ്പോളത്തിലെ മാര്‍ക്കറ്റ് ഇടിക്കുകയും ചെയ്യുന്നു.
പലപ്പോഴും ഒരു ആണ്‍കുട്ടിയുടെ വിവാഹം നേരം വൈകുന്നതിന് കാരണമായി പറയുന്നത് അവന് പഠനം പൂര്‍ത്തിയാക്കണമെന്നും ജോലി വേണമെന്നും ഒരു കുടുംബം നടത്തിക്കൊണ്ടുപോകാനുള്ള പക്വത ഉണ്ടാവണമെന്നുമൊക്കെയാണ്. എന്നാല്‍ പെണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ ഈ ഘടകങ്ങളൊന്നും പരിഗണിക്കപ്പെടുന്നില്ല. ഫെയര്‍നെസ് ക്രീമിന്റെ പരസ്യം പോലെ പെര്‍ഫെക്ട് മാച്ച് ആകണമെങ്കില്‍ എല്ലാം ഈക്വല്‍ ആവട്ടെയെന്ന് ആരും ചിന്തിക്കുന്നില്ല..
ബിരുദ കോഴ്സുകളിലായാലും പ്രൊഫഷണല്‍ കോഴ്സുകളിലായാലും 90 ശതമാനവും ഇപ്പോള്‍ പെണ്‍കുട്ടികള്‍ കയ്യടക്കിക്കഴിഞ്ഞ സംസ്ഥാനത്തു നിന്നാണ് വിവാഹവും കുടുംബവും കരിയറില്‍ ഇന്നും പെണ്‍കുട്ടികള്‍ക്ക് തടസ്സം തന്നെയാണ് എന്ന ചര്‍ച്ച ഉയര്‍ന്നുവരുന്നത്. എംഎസ്സി ബിരുദധാരികള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ നിന്ന് ഒരു ശാസ്ത്രജ്ഞ ഉയര്‍ന്നുവരാത്തത് എന്തുകൊണ്ടാണ്?... ബിടെക്കിന് പഠിക്കുന്ന മിടുക്കികളൊക്കെ നല്ല എഞ്ചിനീയര്‍മാര്‍ ആവുന്നതിന് പകരം കറതീര്‍ത്ത ഒന്നാതരം ബിടെക് കുക്കുകളായി മാറുന്നത് എന്തുകൊണ്ടാണ്?....
പെണ്ണ് അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിയ കാലത്തോളംതന്നെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്കും. ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഉത്തരമില്ലാത്ത ചോദ്യങ്ങളായി അവ അവസാനിക്കുകയും ചെയ്യുന്നു.
‘‘പഠിപ്പിക്കോ’’
‘‘ഓ പഠിപ്പിക്കും, അവിടെ പെങ്ങന്മാരൊക്കെ പഠിപ്പുള്ളവരാ...’’
‘‘ജോലിക്ക് പോണ കുട്ടിയാ... അവര്‍ക്ക് അതിനൊന്നും എതിര്പ്പുണ്ടാകില്ലാലോ ലേ...’’
‘‘ഏയ് അവര്‍ അങ്ങനത്തെ ആള്‍ക്കാരൊന്നുമല്ല, അതൊക്കെ അവര്‍ക്ക് സമ്മതാവും...’’
ഇന്ന് ഒരു പെണ്‍കുട്ടിക്ക് കല്യാണം ആലോചിക്കുമ്പോള്‍ പെണ്‍വീട്ടുകാരുടെ ഭാഗത്ത് നിന്നുയരുന്ന ചോദ്യങ്ങളും അവയ്ക്ക് ചെറുക്കന്റെ വീട്ടുകാരോ ഇടനിലക്കാരോ നല്കുന്ന മറുപടിയുടെ പൊതുസ്വഭാവത്തെയും ഇങ്ങനെ ചുരുക്കി വിവരിക്കാം...
മറുപടി അനൂകൂലമാണല്ലോ എന്ന സമാധാനത്തില്‍ മകളെ കെട്ടിച്ചുവിടുന്ന വീട്ടുകാര്‍ ആദ്യത്തെ വിരുന്നിന് തന്നെ മകളോട് വിവരം തിരക്കും...
‘‘അല്ല മോളെ, അവര്‍ നിന്നെ ജോലിക്ക് പറഞ്ഞയക്കുന്ന കാര്യം എന്തെങ്കിലും പറഞ്ഞോ?...’’
‘‘ഏട്ടത്തിയമ്മ വീട്ടിലില്ലേ അമ്മേ... അവരും പിജിയൊക്കെ കഴിഞ്ഞതാണത്രെ... അവരെ ജോലിക്ക് വിടാന്‍ ഏട്ടന് ഇഷ്ടമില്ലായിരുന്നു... ഇനി ഇപ്പോ ഞാനായിട്ട് ജോലിക്ക് പോയാല്‍ ഏട്ടത്തിക്ക് വിഷമാവൂലേ ന്നാ അവിടുത്തെ അമ്മ ചോദിക്കുന്നത്... അമ്മക്ക് മക്കളും മരുമക്കളും ഒക്കെ ഒരുപോലെയല്ലേന്ന്... ചേച്ചി ഇത്രയും കാലം അവിടുത്തെ പണിയൊക്കെ ഒറ്റക്ക് എടുത്ത് തളര്‍ന്നിട്ടുണ്ട് പോലും.. അനിയന്റെ കല്യാണം കഴിഞ്ഞാല്‍ ഒരാളൂടെ വരൂലോ എന്ന് സമാധാനിച്ചു നില്ക്കുമ്പോ ഞാന്‍ ജോലിക്ക് പോയാല്‍ ഏടത്തി തെറ്റോന്നാ ചേട്ടനും പേടി... ഇത്രയും കാലം ചേട്ടന്റെ കാര്യമൊക്കെ നോക്കിയത് അവരല്ലേ....’’
‘‘എന്തൊക്കെയുണ്ട് സുഖമാണോ... അമ്മായിഅമ്മപ്പോരും നാത്തൂന്‍പോരും ഒക്കെയുണ്ടോ’’ എന്ന് ചോദിച്ചപ്പോള്‍ വിഷാദത്തില്‍ ചാലിച്ച ചിരിയായിരുന്നു മറുപടി.... ‘‘ജോലിക്ക് പോയിത്തുടങ്ങിയോ’’ എന്ന് ചോദ്യത്തിന് ‘‘നിര്‍ത്തി’’ എന്ന് അവള് പറഞ്ഞത് ചുണ്ടനക്കത്തില്‍ നിന്ന് മനസ്സിലാക്കുകയായിരുന്നു... സങ്കടത്താല്‍ അവളുടെ ശബ്ദം പുറത്തേക്ക് വന്നതേയില്ല.... ‘‘എന്തേ’’ എന്ന് തെല്ലൊരു നടുക്കത്തോടെയാണ് ചോദിച്ചത്...
‘‘എന്തായാലും ജോലിക്ക് പോകണം ഇത്ത, എന്നാലേ എന്റെ കല്യാണത്തിന്റെ കടം വീട്ടാന്‍ ഉപ്പയെ സഹായിക്കാന്‍ പറ്റൂ’’ -എന്നായിരുന്നു അവള് കല്യാണത്തിന്റെ തലേന്ന് പോലും ആര്‍ജ്ജവത്തോടെ പറഞ്ഞത്...
ഇവിടെ വില്ലനായത്, അവളുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠനായിരുന്നു... തന്റെ ഭാര്യ ഇവിടെ പണിയെടുത്ത് കഷ്ടപ്പെടുമ്പോള്‍ അനിയന്റെ ഭാര്യ അങ്ങനെ ജോലിക്ക് പോയി സുഖിക്കേണ്ട എന്ന് അയാള്‍ ഉത്തരവിട്ടു... ഇക്ക പറഞ്ഞാല്‍ മറുവാക്കില്ലാത്ത അനിയന് അത് അനുസരിച്ചു.
*** *** *** ***
‘‘ഇത്രയും വര്‍ഷത്തെ എക്സ്പീരിയന്‍സുണ്ടായിട്ടും എന്തേ നീ ചാനല്‍ വിട്ടു’’വെന്ന് നേരിട്ടുകണ്ടപ്പോള്‍ ചോദിച്ചുപോയി...
‘‘മോളായി.... അവളെ വളര്‍ത്തുന്നതിന്റെ പേരില്‍ ഞങ്ങള്‍ സ്ഥിരം വഴക്കായി...’’
കുട്ടികളായാല്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ചു വീട്ടിലിരിക്കല്‍ സാധാരണയാണ് എന്ന പക്ഷക്കാരന്‍ തന്നെയായിരുന്നു അവളുടെ ഭര്‍ത്താവായ മാധ്യമപ്രവര്‍ത്തകനും...
‘‘ഉപേക്ഷിച്ചു.... വീട്ടിലിരുന്നു.... ഇപ്പോള്‍ മോള് സ്കൂളില്‍ പോയിത്തുടങ്ങി... അവള് കൂടി വീട്ടിലില്ലാതെ ഇനിയും വീടടച്ചിട്ടിരുന്നാല് ഇനി എന്നെ എനിക്ക് തിരിച്ചു കിട്ടില്ലെന്ന് ബോധ്യമായപ്പോള്‍ ഇറങ്ങി... ചാനല്ജോലിക്ക് ഇനി പോയാല്‍ മകള്‍ സ്കൂള്‍ വിട്ട് എത്തുമുമ്പ് തിരിച്ചെത്തില്ലെന്ന് ബോധ്യമുള്ളതിനാല്‍ പാരലല്‍ കോളേജ് എങ്കില്‍ പാരലല്‍ കോളേജ് എന്ന് തീരുമാനിച്ചു... ഇത്ര ദിവസവും പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞതിനാല്‍ ഒട്ടും അപ്റ്റുഡേറ്റ് അല്ല ഞാന്‍... അതുകൊണ്ടുതന്നെ ഇനി ചാനലില്‍ ട്രൈ ചെയ്യാന്‍ ധൈര്യവുമില്ലെനിക്ക്....’’ അവള് കൂട്ടിച്ചേര്‍ത്തു.
അവാര്‍ഡുകള്‍ വരെ നേടിയ നിരവധി റിപ്പോര്‍ട്ടുകളുടെ അമരക്കാരിയായ പെണ്‍കുട്ടിയാണ് ഇപ്പോള്‍ നിസംഗമായി ഇങ്ങനെ സംസാരിക്കുന്നത് എന്നോര്‍ത്തപ്പോള്‍ കണ്ണുനിറഞ്ഞുപോയി....
*** *** *** ***
നാലുപെണ്കുട്ടികളും ഒരു മകനുമാണ് സക്കീന-ഉസ്മാന് ദമ്പതികള്‍ക്ക്. മകനെ പഠിപ്പിച്ച് എംബിഎക്കാരിയാക്കി. മൂത്തമകള്‍ പിജിക്കാരി, രണ്ടാമത്തെയാള്‍ ബിടെക്, മൂന്നാമത്തെ പെണ്‍കുട്ടി സിഎ, നാലാമത്തവള്‍ ഇപ്പോള്‍ ബിഫാമിന് പഠിക്കുന്നു.... മൂന്നു പെണ്‍കുട്ടികളുടെയും വിവാഹം കഴിഞ്ഞു...
‘‘മൂത്തവള്‍ ഇപ്പോള്‍ വീട് അടി-തുടയില്‍ ഗവേഷണം നടത്തുന്നു... രണ്ടാമത്തവള്‍ ബിടെക് കുക്കായി എന്നോ ജോലിയില്‍ പ്രവേശിപ്പിച്ചു കഴിഞ്ഞു.. മൂന്നാമത്തവള്‍ അടുക്കള ബജറ്റിന്റെ കാണാപ്പുറങ്ങളെ ഒരു ചാര്‍ട്ടേട് അക്കൗണ്ടിന്റെ പാടവത്തോടെ വിശകലനം ചെയ്യുന്നു... ഇനിയിപ്പോള്‍ ഒരാളും കൂടിയുണ്ട്... അവളും വിവാഹം കഴിഞ്ഞാല്‍ കുട്ടികള്‍ക്കും ഭര്‍ത്താവിനും മാത്രം മരുന്നുകളൊക്കെ കൊടുത്ത് അങ്ങനെ ജീവിക്കും....’’
-ഉസ്മാന് ഇടയ്ക്ക് തന്റെ കൂട്ടുകാരോട് തമാശയായി പറയും... വളരെ പ്രതീക്ഷയോടെ പെണ്മക്കളെ പഠിപ്പിച്ച് വിവാഹപ്രായമായാല്‍ വിവാഹം കഴിപ്പിച്ചയക്കുന്ന പിതാക്കന്മാരുടെ പ്രതിനിധിയാണ് അയാള്‍....
*** *** *** ***
‘‘എസ്എസ്എല്‍സി മുതല്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയാണ് തുടര്‍ന്നുള്ള പരീക്ഷകളെല്ലാം അവള് വിജയിച്ചത്. ഫിസിക്സിലായിരുന്നു പിജി... പിജി കഴിഞ്ഞയുടനെ വിവാഹം. വിവാഹം ഉറപ്പിക്കുമ്പോള്‍ ജോലിക്ക് പറഞ്ഞയക്കണമെന്ന ആഗ്രഹം അവളുടെ അച്ഛനുമമ്മയും പറഞ്ഞിരുന്നതുമാണ്. അതില്‍ രണ്ടാമതൊരു അഭിപ്രായം എന്റെ അച്ഛനുമമ്മയ്ക്കും ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഗര്‍ഭിണിയായി, അപ്പോള്‍ അവള് തന്നെയാണ് പറഞ്ഞത് ഇനി പ്രസവം കഴിഞ്ഞിട്ട് പോകാമെന്ന്... പ്രസവം കഴിഞ്ഞപ്പോള്‍, തന്റെ അമ്മ ആവുന്നതും പറഞ്ഞതാണ്, ആറുമാസമായാല്‍ മറ്റ് ഭക്ഷണമൊക്കെ കൊടുത്തു തുടങ്ങാം... നീ ജോലിക്ക് പോയിക്കോ, കുഞ്ഞിനെ ഞാന്‍ നോക്കാം എന്ന്... കുഞ്ഞിനെ തനിച്ചാക്കി പോകാന്‍ മനസ്സുവരുന്നില്ലെന്നും കുറച്ചുകൂടെ വലുതാകട്ടെ എന്നും പറഞ്ഞ് അവള് ഒഴിഞ്ഞുമാറി... എനിക്കൊപ്പം നില്‍ക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ അവളെയും കുട്ടിയേയും വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലേക്ക് കൊണ്ടുവന്നു... അവിടെ വെച്ച് രണ്ടാമത്തെ കുട്ടിയെയും ഗര്‍ഭം ധരിച്ചു... തിരിച്ച് നാട്ടിലെത്തിയെങ്കിലും അവളുടെ ഡിമാന്റ് അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അവിടെ ഗള്‍ഫില്‍ നിന്നാല്‍ മതിയെന്നാണ്... എങ്കില്പിന്നെ ഗള്‍ഫില്‍ എന്തെങ്കിലും ജോലി ശരിയാക്കി കൊടുക്കാമെന്നു കരുതി അതിനും ശ്രമിച്ചു.. ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അവള് അതില്‍ നിന്നും ഊരിപ്പോന്നു... അവള് ജോലിക്കൊന്നും ശ്രമിക്കാത്തതില്‍ അമ്മയ്ക്കാണ് വിഷമം... ഇത്രയും മാര്‍ക്ക് വാങ്ങി പഠിച്ച പെണ്‍കുട്ടിയെ കെട്ടിക്കൊണ്ടുവന്ന് വീട്ടിലിരുത്തിയാല്‍ നാട്ടുകാര്‍ അമ്മയെ അല്ലേ കുറ്റം പറയുക എന്ന വിഷമമാണ് അമ്മയ്ക്ക്...’’ ഹേമന്ത് പറയുന്നു..
.
‘‘ഇപ്പോള്‍ മക്കളൊക്കെ മുതിര്‍ന്നില്ലേ... സ്കൂളില്‍ പോകാനായില്ലേ... ഇനിയെങ്കിലും നീ എന്തെങ്കിലും ശ്രമിക്ക്... പി എസ്സിയെങ്കിലും ഒന്ന് എഴുത്... അല്ലെങ്കില്‍ കോച്ചിംഗിന് പോ.... എന്നൊക്കെ പറഞ്ഞു നോക്കി... അപ്പോള്‍ പറയുന്നത്.... നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്... മക്കളെ രണ്ടാളെയും സ്കൂളില്‍ വിടാനും... വിട്ടുവന്നാല്‍ പഠിപ്പിക്കാനും അവരുടെ കാര്യം നോക്കാനും തന്നെ സമയം തികയുന്നില്ല... അപ്പോഴാണ് ഇനി ഞാന്‍ ജോലിക്ക് പോകുന്നത് എന്ന്....
ഇനി നിര്‍ത്തി... ഇനി ഒരു ജോലിയൊക്കെ കിട്ടാനുള്ള പ്രായമൊക്കെ കഴിഞ്ഞു... ഒരു ജോലി എന്നൊക്കെ പറഞ്ഞാല്‍ ഒന്നുകില്‍ ഫ്രെഷേഴ്സ് ആവണം... അല്ലെങ്കില്‍ എക്സ്പീരിയന്‍സ് വേണം... ഇതും രണ്ടും അല്ലാതെ വെറുതെ വീട്ടിലിരുന്ന് സമയം കളഞ്ഞവരെ ആര് ജോലിക്കെടുക്കാനാണ്...’’
ഹേമന്തിന്റെ വാക്കുകളില്‍ അമര്‍ഷം പുകയുന്നു....
*** *** *** ***
ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ഇഷ തനിക്ക് തന്റെ ഉപ്പയെ ഒട്ടും ഇഷ്ടമില്ലെന്ന് എപ്പോഴും പറയും... 24 വര്‍ഷം മുമ്പുള്ള പിജിക്കാരിയായ തന്റെ ഉമ്മയെ ജോലിക്കൊന്നും പറഞ്ഞയക്കാതെ വീട്ടിലിരുത്തിയതിന്റെ അമര്‍ഷമാണ് അവള്‍ക്ക് ഉപ്പയോട്.. കഴിഞ്ഞില്ല, നാലു പെണ്മക്കളാണ് എന്ന കാരണം പറഞ്ഞ് മൂത്ത ഇത്താത്തയെ പത്താംക്ലാസ് കഴിഞ്ഞ ഉടനെ കെട്ടിക്കുകയും ചെയ്തു. എസ്എസ്എല്‍സിക്ക് 80 ശതമാനത്തിലധികം മാര്ക്കുണ്ടായപ്പോഴാണ് ഉപ്പ ഇത്താത്തയോട് ഈ കണ്ണില്‍ച്ചോരയില്ലായ്മ ചെയ്തത്.
‘‘എന്റെ വീട്ടില്‍ ഉമ്മാക്ക് സഹായത്തിന് വരുന്ന റംലത്താത്ത എപ്പോഴും പറയും, കെട്ടിയോന് സുഖമില്ലാതായതുകൊണ്ടാ മോളെ ഞാന്‍ ഈ പണിക്ക് ഇറങ്ങേണ്ടി വന്നതെന്ന്... പഠിച്ചിരുന്നെങ്കില്‍ എന്തെങ്കിലും നല്ല പണി കിട്ടില്ലായിരുന്നോന്ന് ഞാനെപ്പോഴും ആലോചിക്കാറുണ്ട്.. എന്റെ പെണ്മക്കളെ എന്തായാലും പഠിപ്പിക്കാതെ ഞാന്‍ കെട്ടിക്കില്ല.... അവരുടെ ഭാവി എന്താവും എന്ന് അറിയില്ലാലോ.... ഭാവിയില്‍ ഒരു ജോലിക്ക് പോകേണ്ട അവസ്ഥ വന്നാല്‍ പഠിപ്പുണ്ടായാല്‍ എന്റെ മക്കള്‍ക്ക് വീട്ടുജോലിക്ക് ഇറങ്ങേണ്ടിവരില്ലല്ലോ...’’
റംലത്താത്തയ്ക്കുള്ള ബുദ്ധിപോലും ഇക്കാര്യത്തില്‍ എന്റെ ഉപ്പയ്ക്കില്ലാതെ പോയല്ലോ എന്ന സങ്കടമാണ് തനിക്കെന്നാണ് ഇഷ പറയുന്നത്.
*** *** *** ***
താന്‍ കഷ്ടപ്പെട്ട് എംബിബിഎസ് പഠിച്ച് ഡോക്ടറായത് തന്റെ ഭര്‍ത്താവിന് അമേരിക്കയില്‍ചെന്ന് പൈനാപ്പിള്‍ പുളിശ്ശേരിവെച്ചു കൊടുക്കാന്‍ മാത്രമാണെന്ന് തിരിച്ചറിയുന്ന നിമിഷം, തന്റെ പഠനത്തിനായി അച്ഛന് ചെലവഴിച്ച തുക സ്ത്രീധനത്തില്‍ നിന്ന് കുറയ്ക്കാന്‍ സന്മനസ്സുണ്ടാകണമെന്നും, ഭര്‍ത്താവിന് പുളിശ്ശേരിയൊക്കെ വെച്ചുകൊടുക്കുന്ന വേലക്കാരിക്ക് കൊടുക്കേണ്ടിവരുന്ന അത്ര കാശ് വേണ്ടെങ്കിലും 25000 രൂപ മാസം തരണമെന്നും വരന്റെ അമ്മയുടെ മുഖത്ത് നോക്കി പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നവളാണ് ഇതിലെ നായിക.
വിദ്യാഭ്യാസം ഒരിക്കലും വിവരത്തിന്റെ മാനദണ്ഡമല്ല. വ്യക്തിത്വമുള്ള, പരിഗണിക്കാന്‍ മനസ്സുള്ള ഒരു പുരുഷനെ അംഗീകരിക്കാന്‍ അവനേക്കാള്‍ വിദ്യാസമ്പയായ സ്ത്രീകള്‍ക്ക് മടിയുണ്ടാകില്ല. തിരിച്ച് ഭാര്യയ്ക്ക് തന്നേക്കാള്‍ വിദ്യാഭ്യാസയോഗ്യതയുണ്ട് എന്നത് ഇഗോയും കോംപ്ലക്സും മനസ്സില്‍ നിറയ്ക്കുന്നതിന് പകരം അത് അഭിമാനമായികാണുന്ന ഒരു മനസ്സ് പുരുഷന് ഉണ്ടാകണം. എങ്കില്‍ വിദ്യ നേടിയിട്ടും ഒരു ജോലിയെന്ന സ്വപ്നം അടിച്ചമര്‍ത്തേണ്ടിവരുന്ന ഒരുപാട് പെണ്മനസ്സുകള്ക്ക് അത് ആശ്വാസമാകും..
അവളായിട്ട് എന്തും വേണ്ടെന്ന് വെക്കും.... പക്ഷേ, മറ്റൊരാളുടെ നിര്‍ബന്ധത്തിന് വേണ്ടി അവളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടിയാല്‍ അത് ഇടയ്ക്ക് മണ്ണുമാന്തി തനിയെ പുറത്തുവന്ന് ദുര്‍ഗന്ധം വമിപ്പിച്ചുകൊണ്ടേയിരിക്കും....
വിദ്യയ്ക്കും വരനുമൊപ്പം വേലകൂടിയുണ്ടെങ്കില് മാത്രമേ പെണ്ണേ നിനക്ക് വിലയുണ്ടാകൂ എന്ന് തിരിച്ചറിയുക.... പൊട്ടിനും പൊന്നിനും വാശിപിടിക്കുന്നതിന് പകരം, വിദ്യയ്ക്കും ജോലിക്കും വേണ്ടി വാശിപിടിക്കുക... അത് നേടിയെടുക്കുംവരെ കലഹിക്കുക...

well said Dear
മറുപടിഇല്ലാതാക്കൂwell said Dear
മറുപടിഇല്ലാതാക്കൂനന്ദി സ്മിതേച്ചി
ഇല്ലാതാക്കൂനന്നായി എഴുതി
മറുപടിഇല്ലാതാക്കൂനന്ദി
ഇല്ലാതാക്കൂനന്നായി എഴുതി
മറുപടിഇല്ലാതാക്കൂതാങ്ക്യൂ
ഇല്ലാതാക്കൂwell said..
മറുപടിഇല്ലാതാക്കൂതാങ്ക്യൂ
ഇല്ലാതാക്കൂDear
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂreally, you said it...but who care, that is the attitude of the society
മറുപടിഇല്ലാതാക്കൂഅതെ.. വയസ്സുകൂടിയാല് കിട്ടുന്നത് രണ്ടാംകെട്ടുകാരനാകുമെന്ന് പറഞ്ഞും, വിദ്യാഭ്യാസം കൂടിയാല്‍ പറ്റിയ ചെറുക്കനെ കിട്ടില്ലെന്ന് പറഞ്ഞും ഇന്ന് പെണ്‍കുട്ടികള്‍ക്ക് 18 വയസ്സിന് മുന്നേതന്നെ വിവാഹം കഴിപ്പിച്ചയക്കുകയാണ്.. അതിനെ എതിര്‍ക്കുന്ന പെണ്ണാണെങ്കില്‍ അവള് കിസ്സ് ഓഫ് ലവ് ന്റെ ആളാണെന്ന കുറ്റപ്പെടുത്തലും
ഇല്ലാതാക്കൂI completed biotechnology nd MBA
മറുപടിഇല്ലാതാക്കൂPennu kanan vanna annu njn chodichu jolik vidan thalparym anonn
Ys paranju, urapichu kalyanam kazinju
Job nu kure offers vannu
Apo amayapan paranju pondann
Nalla makan enea paranju vitila 2 years kazinju ipo njn veetil ottak irikunu
Enik ipo mental depression karanm pala disease varunu
Dr paranju enea engaged akanksha nthilwnkilm
Enitm vitila
Ipo veetil financial problems ayapo enod poykolan
Am waiting fr a good job nw
ഇതൊക്കെ തന്നെയാണ് പല കുടുംബങ്ങളിലും നടക്കുന്നത്.. പെണ്‍കുട്ടിക്ക് സ്വന്തമായി ജോലിക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാല്‍ പെണ്ണ് നയിച്ച് കുടുംബം പുലരേണ്ട ഗതികേടില്ലെന്നും, തറവാട്ടിലെ പെണ്‍കുട്ടികള്‍ ജോലിക്ക് പോകില്ലെന്നും മറുപടി... ജോലിക്ക് പോയിരുന്ന പുരുഷന് മരണമോ അസുഖമോ സംഭവിച്ചാല്‍ സ്ത്രീ ജോലിക്കിറങ്ങേണ്ടി വരുമ്പോള്‍ ഈ തറവാട്ടുമഹിമ എവിടെപ്പോകുന്നു
ഇല്ലാതാക്കൂThis happens in so many muslim families. to overcome this problem the muslim girls should be very bold . If the husbend or mother in law does not allow the girl to go for job , divorce the husbend cut off the relation and go for job . job is more important than marriage shereef 9911107525
മറുപടിഇല്ലാതാക്കൂഅങ്ങനെ മുസ്ലിം കുടുംബത്തെ മാത്രം അടച്ചാക്ഷേപിക്കേണ്ട സുഹൃത്തേ.. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതോടെ അമുസ്ലിം പെണ്‍കുട്ടികള്‍ക്ക് ജോലിക്ക് പോകാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നുണ്ട്
ഇല്ലാതാക്കൂDear muslim sisters Give more importance to job than husbend or mother in law . shereef 09911107525
മറുപടിഇല്ലാതാക്കൂനല്ല ലേഖനം
മറുപടിഇല്ലാതാക്കൂതാങ്ക്യൂ
ഇല്ലാതാക്കൂnadannillelum vaayikan nalla sugam...... nalla ezhuthum...... at least continue your reading and writting :)
മറുപടിഇല്ലാതാക്കൂ:(
ഇല്ലാതാക്കൂനന്നായി, ഇനിയും എഴുതുക ആശംസകൾ
മറുപടിഇല്ലാതാക്കൂതാങ്ക്സ്
ഇല്ലാതാക്കൂവീട്ടു ജോലി സ്ത്രീകൾക്കു മാത്ര൦ എന്ന ചിന്തയാണു വില്ലൻ. പ്രസവ൦ എന്തായാലു൦ ഒരു പെന്ണിനല്ലെ സാധിക്കു? അപ്പൊൾ ചെയ്യെണ്ടതു രണ്ടു പേരു൦ ചെര്‍ന്നു തീരുമാന൦ എടുക്കുകയാണു.
മറുപടിഇല്ലാതാക്കൂരണ്ടു പേരു൦ ജോലിക്കു പൊകുന്നെന്കിൽ എങ്ങനെ വീട്ടു കാര്യങ്ങള്‍? അല്ല ഭാര്യ മാത്ര൦ ജൊലിക്കു പൊയാൽ എങ്ങനെ? ഇക്ക മാത്ര൦ പൊയാൽ എങ്ങനെ? ഇതെല്ലാ൦ അവര്‍ക്കു വിടൂ. ശരിയാവു൦.
തറവാടു നാട്ടുനടപ്പു .... ഒക്കെ പൊട്ടെ.