ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ തന്നെ അവനെ 'കടലു കടത്താനുള്ള' സമ്മര്‍ദ്ദവും വളരും. അസുഖക്കാരനായ ബാപ്പ, നിലം പൊത്താറായ വീട്, വിവാഹപ്രായമെത്തിനില്‍ക്കുന്ന സഹോദരികള്‍ - 'പോ" നാടു മുഴുവന്‍ ആക്രോശിക്കുകയാണ്. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി, കടം വാങ്ങിക്കൂട്ടി, പിന്നെ ഒരു സാഹസമാണ്. അക്കരപ്പച്ച പറിക്കാന്‍. അവിടെയെത്തിയാലോ? ആദ്യം കടം വീട്ടല്‍, പിന്നെ പുരപ്പണി, പെങ്ങന്‍മാരെ കെട്ടിച്ചയക്കല്‍, ഇതിനിടയിലെപ്പോഴോ സ്വന്തം വിവാഹം. നടു നിവര്‍ത്താനാവുമ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്മക്കള്‍, 3 വര്‍ഷത്തേക്കെന്നു കരുതിവരുന്ന പ്രവാസജീവിതം 30-ലെത്തിയിട്ടും അവസനിച്ചില്ലെങ്കിലല്ലേ അത്‌ഭുതമുള്ളൂ.
ഇക്കൂട്ടത്തില്‍ ഭാഗ്യവാന്‍മാര്‍ പ്രവാസികളായ എഴുത്തുകാരാണ്, തങ്ങളുടെ സങ്കടങ്ങളെ, ആശങ്കകളെ, ചിന്തകളെ, കാഴ്ചകളെ പങ്കുവെക്കാനുള്ള ഒരു വരദാനം - ഭാഷ- അവരുടെ കൈയിലുണ്ട്. പക്ഷേ എന്നിട്ടും ഗള്‍ഫുകാരന്‍ മലയാളി കാണുന്നത്, ചിന്തിക്കുന്നത്, ജീവിക്കുന്നത്, അരികു മാത്രം സ്പര്‍ശിച്ചുപോയതായി തോന്നിയത് അതില്‍ ജീവിതം വന്നില്ല എന്നതുകൊണ്ടുതന്നെയാണ്. ഇവയൊക്കെയും ആണ്‍നൊമ്പരവും ആണ്‍കാഴ്ചയുമായി ഒതുങ്ങിപ്പോയതുകൊണ്ടുമായിരിക്കാം.
ഇത്രയും കാലം നീണ്ട പ്രവാസജീവിതത്തിനിടയില്‍ പ്രധാനപ്പെട്ട ഒരു കാഴ്ച അവര്‍ കണ്ടില്ല. കുടുംബം പോറ്റാന്‍ 'തന്നിഷ്ടപ്രാകാരം പ്രവാസികളായ' സ്‌ത്രീകളെ. അവരിലുമുണ്ട് 3 വര്‍ഷത്തെ പ്രവാസജീവിതം 30-ലെത്തി നില്‍ക്കുന്നവര്‍. ഇത് ബിരുദവും ഡിപ്ലോമയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റുകളുമായി ഉന്നതജോലി തേടി കടലുകടന്ന വനിതാരത്നങ്ങളുടെ കഥയല്ല. കുറച്ചുകാലം മുന്‍പുവരെ, പെണ്ണുപഠിച്ചാല്‍ പ്രണയലേഖനങ്ങള്‍ ഭൂമിക്കു ഭാരമാകുമെന്ന് വിശ്വസിച്ച്, സഹോദരന്‍മാരുടെ നല്ലൊരു വിദ്യാഭ്യാസഭാവി സ്വപ്നം കണ്ട്, സ്വന്തം പഠനം ഉപേക്ഷിച്ച് ത്യാഗം ചെയ്ത സ്ത്രീകളുടെ കഥയാണ്. "Uneducated" എന്നാണ് ഇവരുടെ പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഋതുമതിയാകുമ്പോഴേക്ക്, അല്ലെങ്കില്‍ അതിനുമുന്നേ തന്നെ വീട്ടുകാര്‍ യോഗ്യനായ ' പുയ്യാപ്ലയെ' അവള്‍ക്കുവേണ്ടി കണ്ടെത്തിയിരുന്നു. പ്രിയപ്പെട്ടവന്റെ മരണമോ, അസുഖമോ അവാം ഒരു പക്ഷേ അവളെ മരുഭൂമിയിലെത്തിച്ചത്. അല്ലെങ്കില്‍ വിവാഹം കഴിഞ്ഞ് ഒരു തമാശക്ക് ' മൂന്നും ചൊല്ലു' നടത്തി അടുത്ത പെണ്ണിനെ തേടിപ്പോയ കെട്ടിയവനെ ഓര്‍ത്ത് കരഞ്ഞിരിക്കാന്‍ മനസ്സില്ലാത്തതിനാലാവാം. അതുമല്ലെങ്കില്‍ 'ചിന്താവിഷ്ടയായ ശ്യാമളയിലെ' വിജയന്‍ മാഷിനെപ്പോലെ ജോലിക്കു പോകാന്‍ മടിയനായ ഭര്‍ത്താവു കാരണമാകാം. എന്തായാലും മരുഭൂമിയിലെ ചൂടിലേക്ക് അവള്‍ യാത്രയായത് തന്റെ കുഞ്ഞുങ്ങളുടെ ഭാവി ഒന്നുമാത്രം ഓര്‍ത്തതുകൊണ്ടായിരുന്നു.
തനിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിസ ഏജന്റിന്റെ കറുത്ത മുഖത്തെ വെളുത്ത ചിരിയില്‍ സത്യം മാത്രമാണെന്നു വിശ്വസിച്ച് അവള്‍ കടല്‍ കടക്കാന്‍ തയ്യാറാകുന്നു. തന്റെ മാനം, ജീവന്‍, ഇതൊന്നും അതില്‍ നിന്ന് അവളെ പിന്തിരിപ്പിക്കാനുള്ള ഘടകങ്ങളായിരുന്നില്ല. അറബിയുടെ കക്കൂസ് കഴുകിയും വെച്ചുവിളമ്പിയും അടുത്ത അവധിക്കു നാട്ടിലെത്തുമ്പോള്‍ ചിലപ്പോള്‍ അസുഖക്കാരനായ പുയ്യാപ്ലയും , വിജയന്‍ മാഷായ പുയ്യാപ്ലയും 'പുത്തന്‍ പുയ്യാപ്ല' ആയിട്ടുണ്ടാകും. മാസാമാസം പണം അയച്ചു കിട്ടുന്നുണ്ടെങ്കിലും രാത്രിയില്‍ പെണ്ണിന്റെ ചൂടറിയാതെ എങ്ങനെ കിടന്നുറങ്ങും?
ആണ്‍ പ്രവാസി മൂന്നും അഞ്ചും വര്‍ഷം കഴിഞ്ഞിട്ടും നാട്ടിലെത്തിയില്ലെങ്കില്‍ 'അവനു ലീവു കിട്ടിയില്ലെന്നേ' എന്നു പറഞ്ഞ് പരസ്‌പരം സമാധാനിക്കും നാട്ടുകാര്‍ . എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും 'അവള്‍ക്ക്' നാട്ടിലെത്താനായില്ലെങ്കില്‍ ഈ സമാധാനിപ്പിക്കലിന്റെ സ്വരം മാറും. "അവള്‍ക്കവിടെ പരമസുഖമാണെന്നേ, അറബി സ്വന്തം ഭാര്യയെപ്പോലെയാ അവളെ നോക്കുന്നേ..' ഇങ്ങനെ പോകും സംസാരങ്ങള്‍. ചിലപ്പോള്‍ അടുത്തിടെ നാട്ടിലെത്തിയ ഏതെങ്കിലും പ്രവാസിയുടെ 'ദൃക്‌സാക്ഷി വിവരണ' വുമുണ്ടാകും അടിക്കുറിപ്പായിട്ട്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ, സൂര്യപ്രകാശം പോലും കാണാതെ, ഒന്നു കുളിക്കുവാനോ, മനസ്സ് തുറന്ന് ഒന്നു പ്രാര്‍ത്ഥിക്കുവാനോ സമയം കിട്ടാതെ ഉരുകിയുരുകിത്തീരുന്ന അവളുടെ സങ്കടങ്ങളെ ആരും കേട്ടില്ല...അറിഞ്ഞില്ല.
ഒരു പുരുഷ പ്രവാസിക്ക് ചെയ്തു തീര്‍ക്കാനുള്ള ഉത്തരവാദിത്വങ്ങള്‍ സ്വന്തം കുടുംബത്തോടുമാത്രമാണ്. എന്നാല്‍ ഈ ഗള്‍ഫുകാരിയുടെ കാര്യമോ? തനിക്കും മക്കള്‍ക്കും ഭര്‍ത്താവിനും ഒരു വീട്. പെറ്റുവളര്‍ത്തിയവര്‍ക്കും സഹോദരങ്ങള്‍ക്കും ഒന്ന്. ഭര്‍ത്താവിന്റെ കുടുംബത്തിന് ഒന്ന്. ഇങ്ങനെ മിനിമം മൂന്നു വീടുകളുടെയെങ്കിലും 'പുരപ്പണി' പ്രവാസ ജീവിതകാലത്തിനിടയ്ക്ക് കഴിഞ്ഞിരിക്കണം. സ്വന്തം സഹോദരന്‍മാര്‍ക്കും ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കും വിസ, സ്വന്തം സഹോദരിമാരുടേയും ഭര്‍ത്താവിന്റെ സഹോദരിമാരുടേയും വിവാഹം, അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും വിസ. അപ്പോഴേക്കും വളര്‍ന്നുവരുന്ന പെണ്‍മക്കള്‍. പ്രവാസജീവിതം 30-ലും 50-ലും നില്‍ക്കില്ല.
ഈ സ്ത്രീകള്‍ ഇപ്പോഴുമുണ്ട്. ഇങ്ങ് ദൈവത്തിന്റെ നാട്ടിലല്ല. അവിടെ, അതേ മണല്‍പരപ്പില്‍. പക്ഷേ ഇവരാരെയും തന്നെ ഇതുവരെ ഗള്‍ഫിന്റെ ചരിത്രത്തില്‍ എഴിതിയിട്ടില്ല. വായിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ ഇവരെ പ്രവാസികളായി ആരും കണക്കാക്കിയിട്ടില്ല. ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയിലെ ഇരുട്ടും പെട്ടികെട്ടല്‍ എന്ന കലയും ഇവര്‍ക്കും പരിചിതമാണ്. ദയവു ചെയ്ത് പ്രവാസികളായ സാഹിത്യകാരന്‍മാര്‍ ഈ സ്ത്രീകളെ കൂടി തങ്ങളുടെ കാഴ്ചയില്‍ ഉള്‍പ്പെടുത്തിയേക്കുക. ഒരു നിമിഷം അവരെക്കുറിച്ച് ചിന്തിക്കുക. സാധിക്കുമെങ്കില്‍ ഒരു വരിയിലൂടെയെങ്കിലും
'അവളെ' ഒന്നു സമാശ്വസിപ്പിച്ചേക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ